പേരിനൊരു അനുശോചനസന്ദേശം മാത്രം; ജനങ്ങള്‍ ജീവനുവേണ്ടി നെട്ടോട്ടമോടിയിട്ടും വയനാട് എം പി തിരിഞ്ഞു നോക്കിയില്ലെന്ന ആക്ഷേപം; വിമര്‍ശനം കടുത്തതോടെ പ്രിയങ്ക ഗാന്ധി വയനാട്ടിലേക്ക്; നാളെ എന്‍ എം വിജയന്റെയും രാധയുടെയും കുടുംബത്തെ കാണും
വിമര്‍ശനം കടുത്തതോടെ പ്രിയങ്ക ഗാന്ധി വയനാട്ടിലേക്ക്
ന്യൂഡല്‍ഹി: വന്യമൃഗശല്യം കൊണ്ട് പൊറുതിമുട്ടി വയനാട്ടിലെ ജനങ്ങള്‍ ജീവനുവേണ്ടി നെട്ടോട്ടമോടിയിട്ടും വയനാട് എം പി തിരിഞ്ഞുനോക്കിയില്ലെന്ന ആക്ഷേപങ്ങള്‍ക്കിടെ പ്രിയങ്ക ഗാന്ധി എം.പി നാളെ വയനാട്ടിലെത്തും. കടുവ കൊന്ന പഞ്ചാരക്കൊല്ലി രാധയുടെ വീട് എം.പി സന്ദര്‍ശിക്കും. ആത്മഹത്യ ചെയ്ത ഡി.സി.സി ട്രഷറര്‍ എന്‍.എം. വിജയന്റെ കുടുംബത്തെയും സന്ദര്‍ശിച്ചേക്കും. നാളെ ഉച്ചക്ക് രണ്ട് മണിക്കായിരിക്കും പ്രിയങ്ക ഗാന്ധി ബത്തേരിയിലെ വിജയന്റെ വീട്ടിലെത്തുക.
വയനാട്ടിലെ നിരന്തര വന്യജീവി ആക്രമണത്തില്‍ ജനങ്ങള്‍ ഭീതിയിലാണെന്നും ആശങ്കയകറ്റി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ദീപ കെ.എസ്. ഐ.എഫ്.എസുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടിരുന്നു.
രാധ എന്ന 45കാരിയെ കടുവ കൊന്നിട്ട് 72 മണിക്കൂര്‍ കഴിഞ്ഞിട്ടും ഒരു അനുശോചനസന്ദേശം ഇറക്കിയതല്ലാതെ എംപി അവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്നായിരുന്നു ആക്ഷേപം. പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ എത്തിയപ്പോള്‍ എതിരാളികള്‍ ഉന്നയിച്ച പ്രധാന ആക്ഷേപവും ഇത് തന്നെയായിരുന്നു. മാവേലി വരുന്നതു പോലെ വര്‍ഷത്തിലൊരിക്കല്‍ വന്ന് കൈവീശി പോവുന്ന ഏര്‍പ്പാട് പാടില്ല എന്നായിരുന്നു ആ എതിര്‍പ്പിന്റെ സന്ദേശം.
തിരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം ആകെ ഒരു തവണയാണ് പ്രിയങ്ക മണ്ഡലസന്ദര്‍ശനം നടത്തിയത്. ഉരുള്‍പൊട്ടലുണ്ടായ പുഞ്ചിരിമട്ടം, ചൂരല്‍മല എന്നിവിടങ്ങളിലെ പുനരധിവാസ നടപടികള്‍ ഇഴഞ്ഞു നീങ്ങുകയാണ്. ഇതിലൊന്നും സ്ഥലം എംപിയായ പ്രിയങ്കയുടെ ഇടപെടലൊന്നും ഉണ്ടായതായി കാണുന്നില്ല. വയനാട്ടില്‍ വീടെടുത്ത് താമസിച്ച്, ജനങ്ങളുമായി മലയാളത്തില്‍ സംസാരിക്കും എന്നായിരുന്നു തിരഞ്ഞെടുപ്പ് കാലത്ത് വോട്ടര്‍മാര്‍ക്ക് നല്‍കിയ ഉറപ്പ്. താനും സഹോദരിയും അടക്കം വയനാടിന് ഇനി രണ്ട് എംപിമാര്‍ ഉണ്ടെന്ന് കരുതാം, എന്നായിരുന്നു രാഹുല്‍ ഗാന്ധി വക ഡയലോഗ്.
എന്നാല്‍ വന്‍ഭൂരിപക്ഷത്തില്‍ ജയം നേടി ഡല്‍ഹിക്ക് വണ്ടികയറിയ ശേഷം രണ്ട് പേരെയും ഈ പ്രദേശങ്ങളിലെങ്ങും കാണാനില്ല എന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസുകാര്‍ പോലും അടക്കം പറയുന്നത്. അതിലുമധികം കടുവ നാട്ടില്‍ എത്തുന്നുണ്ടെന്ന് ഈ ദിവസങ്ങളില്‍ നാട്ടുകാരും പറയുന്നു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിരക്കിലായതുകൊണ്ടാണ് പ്രിയങ്കയുടെ വയനാട് സന്ദര്‍ശനം നീളുന്നതെന്നാണ് പ്രാദേശിക കോണ്‍ഗ്രസുകാരുടെ ന്യായീകരണം. ലോക്‌സഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തശേഷം കഴിഞ്ഞവര്‍ഷം നവംബര്‍ 30നും ഡിസംബര്‍ ഒന്നിനുമാണ് വയനാട്ടില്‍ സന്ദര്‍ശനം നടത്തിയത്. രണ്ട് ദിവസങ്ങളിലായി വോട്ടര്‍മാരെ നന്ദി അറിയിക്കുന്ന യാത്രകളിലാണ് പങ്കെടുത്തത്.
വയനാട്ടില്‍ നിന്നുള്ള എംപിയായി ജയിച്ച രാഹുല്‍ ഗാന്ധി രാജിവെച്ച ഒഴിവിലാണ് പ്രിയങ്ക ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ചത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കന്നിയങ്കത്തിന് ഇറങ്ങിയ പ്രിയങ്കക്ക് മിന്നും വിജയമാണ് വയനാട്ടുകാര്‍ സമ്മാനിച്ചത്. 4.10 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തോടെ ആയിരുന്നു ജയം. ലോക്‌സഭാ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുല്‍ ഗാന്ധി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയ ഭൂരിപക്ഷവും മറികടക്കുന്ന ജയം. 2024 ജൂണില്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 6,47,445 വോട്ടുകള്‍ നേടി 3,64,422 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ഗാന്ധി വിജയിച്ചത്.