ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ വേദനയും പ്രതിഷേധവും; ഭരണഘടനയെ വെല്ലുവിളിക്കുന്ന നടപടി; ഭരണാധികാരികള്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കണമെന്ന് കെസിബിസി അധ്യക്ഷന്‍; വേണ്ടിവന്നാല്‍ സംഘടിത സ്വഭാവത്തില്‍ പ്രതികരിക്കുമെന്ന് പാലാ ബിഷപ് ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്; നടക്കുന്നത് ക്രൈസ്തവ വേട്ടയെന്ന് സിപിഎമ്മും
ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ വേദനയും പ്രതിഷേധവും
പാലാ: ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതിഷേഷിച്ചു കെസിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ക്ലിമ്മീസ്. കന്യാസ്ത്രീകളുടെ അറസ്റ്റില്‍ കെസിബിസി കടുത്ത വേദനയും പ്രതിഷേധവും രേഖപ്പെടുത്തുന്നതായി പറഞ്ഞു. ഭരണഘടനയെ വെല്ലുവിളിക്കുന്ന നടപടിയാണ് ഉണ്ടായിരിക്കുന്നത്. ഇതേക്കുറിച്ച് രാജ്യത്തെ ഭരണാധികാരികള്‍ സംസാരിക്കണം. ഭരണാധികാരികള്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കണമെന്നും കര്‍ദിനാള്‍ പറഞ്ഞു. സംഭവത്തില്‍ നമ്മുടെ കേരളീയ സഹോദരിമാരോടും അവരുടെ കുടുംബങ്ങളോടുള്ള അനുഭാവവും അറിയിക്കുന്നതായും ക്ലിമ്മിസ് പറഞ്ഞു. വിഷയത്തിലെ വസ്തുതകള്‍ പരിശോധിച്ച് നീതി ഉറപ്പു വരുത്തണമെന്നും ക്ലിമ്മീസ് ബാവ വ്യക്തമാക്കി.
അതേസമയം ഛത്തീസ്ഗഡില്‍ തീവ്രഹിന്ദുത്വവാദികളുടെ വിചാരണക്കിരയാക്കി മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടും രംഗത്തുവന്നിരുന്നു. ഈ ദുരനുഭവത്തിനെതിരെ വേണ്ടിവന്നാല്‍ വിപുലമായ സംഘടിത സ്വഭാവത്തില്‍ പ്രതികരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ദിനത്തില്‍ വിശുദ്ധ കുര്‍ബ്ബാനമധ്യേ സന്ദേശം നല്‍കുകയായിരുന്നു ബിഷപ്.
ഛത്തീസ്ഗഡിലെ ബജറംഗ്ദള്‍ പ്രവത്തരുടെ ഇടപെടലില്‍ സര്‍ക്കാരും റെയില്‍വേ പൊലീസും ചേര്‍ന്ന് കന്യാസ്ത്രീകള്‍ക്കെതിരെ സ്വീകരിച്ച നടപടി തികച്ചും നിയമവിരുദ്ധമാണ്. ഇത് മതേതരത്വത്തിന് എതിരെ മാത്രമല്ല. ഭരണഘടനയ്ക്ക് എതിരെ തന്നെയുള്ള കടന്നുകയറ്റമാണ്. മതേതരത്വം ദുര്‍ബലമാക്കപ്പെടുകയാണ്. ഭരണഘടനയെ ബലഹീനമാക്കുകയാണ്. ഇത്തരം നീക്കങ്ങള്‍ വികാരപരമായ വിഷയം മാത്രമല്ല, നിലനില്‍പ്പിന്റെ വിഷയമാണ്.
കന്യാസ്ത്രീകള്‍ക്കെതിരായ ഇത്തരം തുടര്‍ച്ചയായ നീക്കങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളല്ല. തികച്ചും സ്ത്രീ വിരുദ്ധമാണ്. ആദിവാസികള്‍ക്കും കന്യാസ്ത്രീകള്‍ക്കും കൈസ്തവ സമൂഹത്തിനും മനുഷ്യാവകാശത്തിനും ആത്യന്തികമായി സ്വാതന്ത്യത്തിനും എതിരായ നീക്കമാണ്. വിവിധ മതങ്ങളിലെ തീവ്ര സ്വഭാവമുള്ള സംഘടനകള്‍ മുന്‍വിധിയോടെയും ശത്രുതാഭാവത്തോടെയും വൈകാരികമായി ഇടപെടലുകള്‍ നടത്തുമ്പോള്‍ വലിയ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നുണ്ട്.
രാജ്യത്ത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 4316 ക്രൈസ്തവ പീഡനങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നാണ് കണക്ക്. ഇത്ര സമഗ്രമായ നിയമങ്ങള്‍ ഉള്ള രാജ്യത്ത്, ഭരണഘടനയുള്ള രാജ്യത്തിലെ പ്രൊവിഷന്‍സിന് വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അത് നമുക്ക് വികാരപരമായ വിഷയം മാത്രമല്ല നമ്മുടെ നിലനില്‍പ്പിന്റെ കാര്യം കൂടിയാണ്. കത്തോലിക്കരായ നാം ആരെയും തട്ടിക്കൊണ്ടുപോകുന്നവരല്ല. ആരെയും കടത്തിക്കൊണ്ടു പോകുന്നവരുമല്ല. മനുഷ്യക്കടത്ത് നടക്കുന്നുണ്ടെങ്കില്‍ അത് സ്വര്‍ഗ്ഗത്തിലേക്കാണ്.
ഈ ഭൂമിയിലെ മനുഷ്യര്‍ക്ക് സ്വര്‍ഗ്ഗം കാണിച്ചു കൊടുക്കാന്‍ വേണ്ടിയാണ് കന്യാസ്ത്രീകള്‍ അവിടെ പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ വിവിധ മതങ്ങള്‍ തമ്മില്‍ വഴക്കില്ല, ഒത്തൊരുമയുണ്ട് എന്നൊക്കെ എപ്പോഴും പറയുമ്പോഴും കേരളത്തില്‍ നിന്നുള്ള സഹോദരിമാര്‍ കേരളത്തിന് പുറത്ത് ആക്ഷേപിക്കപ്പെടുകയും കള്ളക്കേസില്‍ ജയില്‍വാസം അനുഭവിക്കേണ്ടിയും വരികയാണ്. ഭരണഘടന ആവശ്യപ്പെടുന്ന കാര്യങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ നമുക്ക് സ്വാതന്ത്ര്യം വേണമെന്നും ബിഷപ് കല്ലറങ്ങാട്ട് കൂട്ടിച്ചേര്‍ത്തു.
ഛത്തീസ്ഗഡിലെ ക്രൈസ്തവ
ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ വേദനയും പ്രതിഷേധവും; ഭരണഘടനയെ വെല്ലുവിളിക്കുന്ന നടപടി; ഭരണാധികാരികള്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കണമെന്ന് കെസിബിസി അധ്യക്ഷന്‍; വേണ്ടിവന്നാല്‍ സംഘടിത സ്വഭാവത്തില്‍ പ്രതികരിക്കുമെന്ന് പാലാ ബിഷപ് ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്; നടക്കുന്നത് ക്രൈസ്തവ വേട്ടയെന്ന് സിപിഎമ്മും
വേട്ട ഭരണഘടനാ വ്യവസ്ഥകളുടെയും ലംഘനമെന്ന് സിപിഎം
ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മലയാളികളായ രണ്ട് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച സംഭവത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രതിഷേധിച്ചു. ക്രിസ്ത്യന്‍ പ്രശ്നം എന്ന നിലയില്‍ മാത്രമല്ല, ഈ വിഷയത്തെ കാണേണ്ടത്. ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനവും ന്യൂനപക്ഷാവകാശങ്ങളിന്മേലുള്ള കടന്നുകയറ്റവുമാണ് സംഭവം. മതം അനുഷ്ഠിക്കാന്‍ മാത്രമല്ല പ്രചരിപ്പിക്കാനുള്ള അവകാശവും ഭരണഘടന നല്‍കുന്നുണ്ട്.
ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയാണ് കന്യാസ്ത്രീകളെ ജയിലില്‍ അടച്ചത്. കേന്ദ്ര സര്‍ക്കാരും ഛത്തീസ്ഗഡ് സര്‍ക്കാരും പിന്തുടരുന്ന ന്യൂനപക്ഷവിരുദ്ധ സമീപനത്തിന്റെ പശ്ചാത്തലത്തിലാണ് വിഷയം ഗൗരവതരമാകുന്നത്. ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍വച്ച് കന്യാസ്ത്രീകളായ പ്രീതി മേരി, വന്ദന ഫ്രാന്‍സിസ് എന്നിവരെ ബജ്രംഗദള്‍ പ്രവര്‍ത്തകര്‍ വളഞ്ഞ് പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. നിയമം കൈയിലെടുത്ത ബജ്രംഗ്ദള്‍ പ്രവര്‍ത്തകരെ തടയുന്നതിനു പകരം ഛത്തീസ്ഗഡ് പൊലീസും റെയില്‍വേ അധികൃതരും അവര്‍ക്കൊപ്പം നിന്നു എന്നതും ഞെട്ടലുളവാക്കുന്നതാണ്.
ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ രാജ്യത്ത് 2014ന് ശേഷം കുത്തനെ വര്‍ധിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മണിപ്പൂരില്‍ നിയമവാഴ്ച തകര്‍ത്ത് നടത്തിയ അക്രമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മൂകസാക്ഷിയായിരുന്നു. ഗ്രഹാം സ്റ്റെയിന്‍സും സ്റ്റാന്‍സ്വാമിയും മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന ക്രൂരമായ അക്രമങ്ങള്‍ നിര്‍ബാധം തുടരുകയാണെന്ന് ഈ സംഭവവും വ്യക്തമാക്കുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണമെന്നും സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.