പിണറായിയുടെ ഗ്രാഫ് സീറോ; അജിത് കുമാര്‍ നൊട്ടോറിയസ്; ശശി കാട്ടുകള്ളന്‍; മുഖ്യമന്ത്രിക്ക് ഒന്നുമറിയില്ല; തന്റെ ആരോപണങ്ങളില്‍ ജ്യുഡീഷ്യല്‍ അന്വേഷണത്തിന് വെല്ലുവിളി; തന്റെ ലക്ഷ്യം പിണറായി എന്ന് പ്രഖ്യാപിച്ച് അന്‍വര്‍; കേരളത്തില്‍ ഒന്നും നടക്കുന്നില്ലെന്ന് നിലമ്പൂര്‍ എംഎല്‍എ

സമാനതകളില്ലാത്ത തരത്തിലാണ് അന്‍വര്‍ വാര്‍ത്താ സമ്മേളനം നടത്തിയത്

Update: 2024-09-26 12:14 GMT

മലപ്പുറം: സ്വര്‍ണ്ണ കടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണ്. സിറ്റിങ് ജഡ്ജിയെ കൊണ്ട് താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കണം. എഡിജിപി എഴുതിക്കൊടുത്ത വാറോല വായിക്കേണ്ട ഗതികേടിലേക്ക് മുഖ്യമന്ത്രി എത്തിയോ എന്ന് അദ്ദേഹവും പാര്‍ട്ടിയും ആലോചിക്കണം.സിറ്റിങ് ജഡ്ജിയെ വച്ച് സത്യസന്ധരായ ഉദ്യോഗസ്ഥരെ കൊണ്ട് 158 കേസുകള്‍ പുനരന്വേഷിക്കാന്‍ മുഖ്യമന്ത്രി തയാറാണോയെന്ന് വീണ്ടും ചോദിക്കുകയാണ്. പൊലീസ് പിടികൂടുന്ന സ്വര്‍ണത്തിന്റെ പകുതി പോലും കസ്റ്റംസിനു കിട്ടുന്നില്ല. 30 മുതല്‍ 50 ശതമാനം വരെ സ്വര്‍ണം വിഴുങ്ങുകയാണ്. മുഖ്യമന്ത്രി ഇത് മനസിലാക്കണം-അന്‍വര്‍ വെല്ലുവിളിച്ചത് ഈ വാക്കുകളിലൂടെയാണ്.

സമാനതകളില്ലാത്ത തരത്തിലാണ് അന്‍വര്‍ വാര്‍ത്താ സമ്മേളനം നടത്തിയത്. ഇനി അന്‍വറിനെ പിടിച്ചു നിര്‍ത്താന്‍ ആര്‍ക്കും കഴിയില്ല. സിപിഎം സഖാക്കളെ ചേര്‍ത്തു പിടിച്ച് മുഖ്യമന്ത്രിയെ തള്ളി പറഞ്ഞാണ് അന്‍വര്‍ പ്രതികരണം നടത്തിയത്. സിപിഎം അഭ്യര്‍ഥന തള്ളി രണ്ടും കല്‍പ്പിച്ച് അന്‍വര്‍ മാധ്യമങ്ങളെ കാണുന്നത്. പാര്‍ട്ടിക്കും സര്‍ക്കാരിനും ദോഷകരമാകുന്ന നടപടികളില്‍നിന്നും പരസ്യപ്രസ്താവനകളില്‍നിന്നും അന്‍വര്‍ പിന്മാറണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കഴിഞ്ഞദിവസം അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ഇതിനു ശേഷവും എഡിജിപിക്കെതിരായ പരസ്യപ്രസ്താവനകള്‍ ഒഴിവാക്കാന്‍ അന്‍വര്‍ തയാറായിരുന്നില്ല. ഇപ്പോള്‍ മുഖ്യമന്ത്രിയെ കടന്നാക്രമിക്കുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ശശിയെ കാട്ടുകള്ളനെന്നും വിളിച്ചു. ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത് കുമാറിനെ നോട്ടോറിയസ് ക്രിമിനല്‍ എന്നാണ് അന്‍വര്‍ പറഞ്ഞത്.

പാര്‍ട്ടി നേതാക്കന്മാര്‍ക്ക് സാധാരണക്കാരുടെ വിഷയത്തില്‍ പൊലീസ് സ്റ്റേഷനില്‍ പോകാന്‍ പറ്റുന്നില്ല. കമ്യൂണിസ്റ്റുകാരനെന്ന് പറഞ്ഞാല്‍ രണ്ടടി കൂടി പൊലീസ് സ്റ്റേഷനില്‍ നിന്നും കിട്ടുന്ന സാഹചര്യമാണ് കേരളത്തില്‍. ഇതിനു കാരണം പൊളിറ്റിക്കല്‍ സെക്രട്ടറിയാണ്. മുഖ്യന്ത്രിക്ക് എല്ലാം അജിത് കുമാര്‍ എഴുതി കൊടുത്തതാണ്. അല്ലാതെ അദ്ദേഹത്തിന് ഇതൊന്നും അറിയില്ലല്ലോ. അടുത്ത സ്റ്റെപ്പ് ഹൈക്കോടതിയിലേക്കാണ്. നീതിപൂര്‍വം ഒന്നും നടക്കുന്നില്ല.'' അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ചിരി അനുകരിച്ചായിരുന്നു അന്‍വറിന്റെ പരാമര്‍ശം. പ്രിയപ്പെട്ട സഖാക്കളെ എന്ന് ഇടയ്ക്കിടെ വിളിച്ചായിരുന്നു പത്രസമ്മേളനം. ഗുരുതര ആരോപണങ്ങളും അന്‍വര്‍ ഉന്നയിച്ചു. മുഖ്യമന്ത്രിയെ അങ്കിള്‍ എന്നാണ് എഡിജിപി അജിത് കുമാര്‍ വിളിക്കുന്നതെന്നും ആരോപിച്ചു.

''ഇന്ന് ഈ പത്രസമ്മേളനം നടത്താന്‍ കഴിയുമോയെന്ന് വിശ്വസിച്ചിരുന്നില്ല. ഇവിടെ നിന്ന് എന്നെ പിടിച്ചുകൊണ്ടു പോകുമോയെന്ന് അറിയില്ല. അജിത് കുമാര്‍ എന്ന നൊട്ടോറിയസ് പലതും ചെയ്യാം. മുഖ്യമന്ത്രി മലപ്പുറത്ത് പാര്‍ട്ടി സെക്രട്ടറിയെ വിളിച്ച് ചോദിക്കണ്ടേ. ഈ പറയുന്നതില്‍ വല്ല വാസ്തവവും ഉണ്ടോയെന്ന് മുഖ്യമന്ത്രി അന്വേഷിക്കേണ്ടേ. എന്റെ പിന്നാലെ പൊലീസുണ്ട്. ഇന്നലെ രാത്രി രണ്ടു മണിയ്ക്കാണ് കിടന്നത്. ശബ്ദുമുണ്ടാക്കാതെ വീടിനു പിന്നില്‍ കൂടി വന്നുനോക്കിയപ്പോള്‍ രണ്ടു പൊലീസുകാര്‍ വീടിനു മുന്നിലുണ്ട്. ഞാന്‍ സംസാരിക്കുന്നത് മുഴുവന്‍ പൊലീസ് കേള്‍ക്കുന്നുണ്ടായിരിക്കും. എന്നെ അറസ്റ്റ് ചെയ്ത് കുഴിയിലാക്കുന്നതിനു മുന്‍പ് ജനങ്ങളോട് കാര്യം പറയണം. മുഖ്യമന്ത്രിക്ക് അജിത് കുമാര്‍ എഴുതി കൊടുത്ത കഥയും തിരക്കഥയും വാസ്തവമല്ല. ആരാ നിങ്ങളുടെ പിന്നിലെന്ന് ചോദിക്കുന്നു. പടച്ചവനാണ് എന്നെ സഹായിച്ചത്. പടച്ചവന്‍ എന്റെ കൂടെയുണ്ട്.

ഞാന്‍ മുഖ്യമന്ത്രിയെ കണ്ടത് 5 മിനിറ്റെന്നാണ് അദ്ദേഹം പറഞ്ഞത്. ഞാന്‍ തള്ളാന്‍ വേണ്ടി ഇരുന്നതല്ല. പൊലീസിന്റെ ഏകപക്ഷീയമായ വര്‍ഗീയമായ നിലപാടുകള്‍ കുറേ കാലമായി ഞാന്‍ ചോദ്യം ചെയ്യുകയാണ്. ന്യൂനപക്ഷങ്ങള്‍ക്കും പാര്‍ട്ടി സഖാക്കള്‍ക്കും പൊലീസ് സ്റ്റേഷനുകളില്‍ നിന്നും നീതി കിട്ടുന്നില്ല. ഷാജന്‍ സ്‌കറിയ കേസുമായി ബന്ധപ്പെട്ട് ശശിയുമായി ഞാന്‍ പാടെ അകന്നിരുന്നു. നവകേരള സദസ് നടത്തിയെ കണ്‍വീനറെ പ്രതിയാക്കി പൊലീസ് കേസെടുത്തു. ഞാന്‍ ശശിയെ വിളിച്ചിട്ട് ഫോണ്‍ എടുത്തില്ല. എഡിജിപിയും എടുത്തില്ല. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കിട്ടുന്നിടത്ത് ചാമ്പാന്‍ വേണ്ടിയാണ് ഞാന്‍ നടന്നത്. അങ്ങനെയാണ് പൊലീസ് അസോസിയേഷന്റെ പരിപാടിയില്‍ പ്രസംഗം നടത്തിയത്.'' അന്‍വര്‍ പറഞ്ഞു.

സ്വര്‍ണം പൊട്ടിക്കലുമായി ബന്ധപ്പെട്ടും മലപ്പുറം എസ്പി ക്യാമ്പ് ഓഫീസിലെ മരം മുറി ആരോപണത്തിലും എഡിജിപിക്കെതിരായ അന്വേഷണത്തിലും കൃത്യമായ അന്വേഷണം നടക്കുന്നില്ല. സത്യസന്ധമായി അന്വേഷണം നടക്കുമെന്ന് തനക്ക് പാര്‍ട്ടി നല്‍കി ഉറപ്പ് പാടെ ലംഘിച്ചു.തന്റെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി നടത്തിയ പ്രതികരണത്തെയും പിവി അന്‍വര്‍ പരിഹസിച്ചു. സ്വര്‍ണം പൊട്ടിക്കല്‍ ആരോപണത്തില്‍ മുഖ്യമന്ത്രി നല്‍കിയ മറുപടി വലിയ ചിരിയായിരുന്നു. കള്ളക്കടത്തുകാരെ മഹത്വവത്കരിക്കരിക്കാനുള്ള ശ്രമമാണ് താന്‍ നടത്തുന്നതെന്നാണ് മുഖ്യമന്ത്രി പറയാതെ പറഞ്ഞത്. അത്രത്തോളം അദ്ദേഹം കടന്ന് പറയേണ്ടിയിരുന്നില്ലെന്നും പിവി അന്‍വര്‍ പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ച രീതി തെറ്റാണെന്ന് പിവി അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിയെ പാര്‍ട്ടിയും തിരുത്തിയില്ല. തന്നെ കള്ളകടത്തകാരുടെ ആളായി ചിത്രീകരിച്ചു. മുഖ്യമന്ത്രിയുടെ പ്രസ്താവന കടന്നുപോയി. മുഖ്യമന്ത്രിയുടെ പ്രസ്താവന തനിക്ക് വലിയ ഡാമേജ് ഉണ്ടാക്കി. ഇപ്പോഴും പാര്‍ട്ടിയെ തള്ളിപ്പറയാനില്ല.പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒപ്പമാണ് താന്‍.അജിത്ത് കുമാര്‍ പറഞ്ഞ രീതിയിലാണ് മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനം നടത്തിയത്. എ.ഡി.ജി.പി എം ആര്‍ അജിത്ത് കുമാര്‍ എഴുതി കൊടുക്കുന്നതാണ് മുഖ്യമന്ത്രി വായിക്കുന്നത്.

മുഖ്യമന്ത്രിക്ക് ഒന്നുമറിയില്ല. പൊലീസ് തന്റെ പിന്നാലെയുണ്ട് ഇന്ന് വാര്‍ത്താസമ്മേളനം നടത്താന്‍ കഴിയുമെന്ന് പോലും വിചാരിച്ചതല്ല. ഇന്ന് പുലര്‍ച്ചെ രണ്ടു മണിവരെ ഉറങ്ങിയിട്ടില്ല. ഇന്നലെ രാത്രിയും പൊലീസ് തന്റെ വീട്ടിലെത്തി. ഇനി പ്രതീക്ഷ കോടതിയിലാണെന്നും. താന്‍ ഉയര്‍ത്തി കാര്യങ്ങളില്‍ കൃത്യമായ അന്വേഷണം നടക്കാന്‍ ഇനി ഹൈക്കോടതിയെ സമീപിക്കുമെന്നും പിവി അന്‍വര്‍ പറഞ്ഞു. സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ട വീഡിയോയും വാര്‍ത്താസമ്മേളനത്തിനിടെ പിവി അന്‍വര്‍ പ്രദര്‍ശിപ്പിച്ചു.

Tags:    

Similar News