ആന്റണിയും കരുണാകരനും കാറുമായി നിന്നപ്പോള്‍ രാജീവ് ഗാന്ധി വന്നു കയറിയത് വാപ്പയുടെ കാറില്‍; രാഹുല്‍ ഗാന്ധിയോട് ഭയങ്കര ബഹുമാനം; ഞാന്‍ രാഹുല്‍ ഗാന്ധിക്കെതിരെ പറഞ്ഞത് വക്രീകരിച്ചു; പണ്ടു പറഞ്ഞത് തിരുത്തി അന്‍വര്‍; രാഹുല്‍ പ്രിയപ്പെട്ടവനാകുമ്പോള്‍

രാഹുല്‍ ഗാന്ധിയുമായി ബന്ധപ്പെട്ട അധിക്ഷേപ പരാമര്‍ശത്തില്‍ നിലപാട് മയപ്പെടുത്തി പിവി അന്‍വര്‍

Update: 2024-09-26 13:36 GMT

മലപ്പുറം: രാഹുല്‍ ഗാന്ധിയുമായി ബന്ധപ്പെട്ട അധിക്ഷേപ പരാമര്‍ശത്തില്‍ നിലപാട് മയപ്പെടുത്തി പിവി അന്‍വര്‍. ഗാന്ധി കുടുംബത്തോട് തനിക്ക് ബഹുമാനമാണുള്ളതെന്നും അന്‍വര്‍ പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്‌റു എന്ന മഹാവ്യക്തി കിടന്നുറങ്ങിയ വീടാണ് എന്റേത്. ഞാന്‍ രാഹുല്‍ ഗാന്ധിക്കെതിരെ പറഞ്ഞത് വക്രീകരിച്ചതാണ്. കോണ്‍ഗ്രസുകാര്‍ എന്റെ വാക്കുകളെ വക്രീകരിച്ചു. എന്നെ സംബന്ധിച്ച് രാഹുല്‍ കുടുംബം ബഹുമാനപ്പെട്ടതാണ്. രാജീവ് ഗാന്ധി മരിക്കുന്നതിനു മുന്നേ മഞ്ചേരിയില്‍ വന്നിരുന്നു. ആന്റണിയും കരുണാകരനും കാറുമായി നിന്നപ്പോള്‍ രാജീവ് ഗാന്ധി വന്നു കയറിയത് വാപ്പയുടെ കാറിലാണ്. രാഹുല്‍ ഗാന്ധിയോട് ഭയങ്കര ബഹുമാനമാണ്.'' അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

മുമ്പ് പറഞ്ഞ നിലപാടുകള്‍ക്ക് വിരുദ്ധമാണ് ഈ വാക്കുകള്‍. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന അന്‍വറിന്റെ പ്രതികരണം കോണ്‍ഗ്രസിന്റെ വിമര്‍ശനത്തിന് വഴിവച്ചിരുന്നു. ഒന്നിലധികം തവണ രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് പി.വി അന്‍വര്‍ പറഞ്ഞിരുന്നു. പിണറായിയെ രാഹുല്‍ വിമര്‍ശിച്ചിരുന്നു. ഇതിന് ശേഷമായിരുന്നു അന്‍വറിന്റെ ഡിഎന്‍എ പരാമര്‍ശം. നിലപാടില്‍ മാറ്റമില്ല, ഇത് ജനങ്ങള്‍ ആലോചിക്കേണ്ട വിഷയമാണ്. നെഹ്റു കുടുംബത്തില്‍പ്പെട്ട ഒരാള്‍ ഒരിക്കലും പറയാത്ത വാക്കുകളാണ് രാഹുല്‍ പറഞ്ഞത്. അദ്ദേഹത്തെ നെഹ്റു കുടുംബവുമായി ചേര്‍ത്തുപറയാന്‍ ഒരു അര്‍ഹതയുമില്ലെന്നും അന്‍വര്‍ പറഞ്ഞിരുന്നു.

കോണ്‍ഗ്രസുമായി അടുക്കാന്‍ അന്‍വറിന് രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശം വിനയാണ്. ഇത് മനസ്സിലാക്കിയാണ് മൃദുപ്പെടുത്തല്‍. മാപ്പു പറയാനുള്ള തീരുമാനം അവസാന ഘട്ടത്തില്‍ അന്‍വര്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നു. എംഎം ഹസനെ പോലുള്ള നേതാക്കള്‍ അന്‍വറിനെ പാര്‍ട്ടിയില്‍ എടുക്കുന്നതിനെ ഇപ്പോഴും എതിര്‍ക്കുന്നു. വാര്‍ത്താ സമ്മേളനത്തില്‍ ഹസനെ അന്‍വര്‍ പരിഹസിക്കുകയും ചെയ്തു. രാഹുല്‍ ഗാന്ധിയുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയില്‍ അന്‍വര്‍ മാറ്റം വരുത്തുമെന്ന് മറുനാടന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അടക്കം അന്‍വറുമായി ചര്‍ച്ച നടത്തിയെന്നും മറുനാടന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

രാഹുല്‍ ഗാന്ധിയുടെ ഡി.എന്‍.എ പരിശോധിക്കണം എന്നായിരുന്നു അന്‍വര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ പാലക്കാട്ട് പറഞ്ഞത്. മുഖ്യമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം അദ്ദേഹത്തിന്റെ പാരമ്പര്യത്തിന് ചേര്‍ന്നതല്ല. നെഹ്റു കുടുംബത്തില്‍പ്പെട്ട ആള്‍ പറയാന്‍ പാടില്ലാത്തതാണ് രാഹുല്‍ പറഞ്ഞതെന്നും അന്‍വര്‍ ആരോപിച്ചിരുന്നു. അന്‍വറിനെ പിന്തുണച്ച് മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. ഓരോന്ന് പറയുമ്പോള്‍ തിരിച്ചു കിട്ടുമെന്ന് രാഹുല്‍ ഗാന്ധിയും ഓര്‍ക്കണം എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. തിരിച്ചുകിട്ടാന്‍ പാടില്ലാത്ത വ്യക്തിയൊന്നുമല്ല രാഹുലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനാണ് മയപ്പെടുത്തുന്നത്.

പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാന്‍ പോലും യോഗ്യതയില്ലാത്ത ആളായി രാഹുല്‍ മാറിയെന്നാണ് അന്‍വര്‍ പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ജയിലില്‍ ആക്കാത്തത് എന്തുകൊണ്ടാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അന്‍വര്‍. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ താലിമാല പോലും പിടിച്ചെടുത്ത് വീതംവയ്ക്കുമെന്ന് ആവര്‍ത്തിച്ച് മോദി; പ്രതികരിക്കാതെ തിരഞ്ഞെടുപ്പു കമ്മിഷന്‍ രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്നും അന്‍വര്‍ ആരോപിച്ചു.

പാലക്കാട് എടത്തനാട്ടുകര എല്‍ഡിഎഫ് കമ്മറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പു റാലിയിലായിരുന്നു അധിക്ഷേപം. ''രാഹുല്‍ ഗാന്ധി, ആ പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടിവിളിക്കാന്‍ അര്‍ഹതയില്ലാത്ത ഒരു നാലാംകിട പൗരനായി രാഹുല്‍ മാറി. ഞാന്‍ മാത്രമല്ല ഇത് പറയുന്നത്. നെഹ്‌റു കുടുംബത്തിന്റെ ജെനിറ്റിക്‌സില്‍ ജനിച്ച ഒരു വ്യക്തിക്ക് അങ്ങനെ പറയാന്‍ കഴിയുമോ. എനിക്കാ കാര്യത്തില്‍ നല്ല സംശയമുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണം. രാഹുല്‍ ഗാന്ധി മോദിയുടെ ഏജന്റാണോ എന്ന് സംശയിക്കേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. '' അന്‍വര്‍ പറഞ്ഞത് ഇങ്ങനെയാണ്.

മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ജയിലില്‍ ആക്കാത്തത് എന്തുകൊണ്ടാണ് എന്നാണ് രാഹുല്‍ കേരളത്തില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ ചോദിച്ചത്. രാജ്യത്ത് ബിജെപിയെ എതിര്‍ക്കുന്ന രണ്ട് മുഖ്യമന്ത്രിമാര്‍ ജയിലിലാണ്. പക്ഷേ പിണറായി വിജയന് ഒന്നും സംഭവിക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു.

Tags:    

Similar News