അന്‍വറിനെ സ്വീകരിക്കാന്‍ സ്വര്‍ണക്കടത്ത്-കൊലക്കേസ് പ്രതി; സിപിഎമ്മിനേയും പോലീസിനേയും അന്‍വര്‍ പിണക്കിയതിന് പിന്നില്‍ സ്വര്‍ണ്ണ മാഫിയയുമായുള്ള ബന്ധമോ? വനവകുപ്പ് ഓഫീസ് ആക്രമണ കേസില്‍ ജാമ്യം കിട്ടിയപ്പോള്‍ വണ്ടി മാറി അന്‍വര്‍ കയറിയത് കൊളപ്പാടന്‍ നിസാം ഓടിച്ച മിനി കൂപ്പറിലേക്ക്; അന്‍വറിസത്തെ വിവാദത്തിലാക്കി ഫോട്ടോകള്‍

Update: 2025-01-15 07:46 GMT

മലപ്പുറം: വനംവകുപ്പ് ഓഫീസ് ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ പി വി അന്‍വര്‍ എംഎല്‍എയെ സ്വീകരിക്കാന്‍ സ്വര്‍ണക്കടത്ത്, കൊലക്കേസ് പ്രതിയെത്തിയത് വിവാദത്തില്‍. എടവണ്ണ റിദാന്‍ ബാസില്‍ വധക്കേസിലെ അഞ്ചാം പ്രതി എടവണ്ണ മുണ്ടേങ്ങര കൊളപ്പാടന്‍ വീട്ടില്‍ മുഹമ്മദ് നിസാം (33) ആണ് എംഎല്‍എയുടെ വാഹനമോടിച്ചത്. പത്തോളം കേസിലെ പ്രതിയായ നിസാമിനെ ഗുണ്ടാനിയമപ്രകാരം കാപ്പ ചുമത്തി റിമാന്‍ഡ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയാണ് അന്‍വറിന്റെ സ്വീകരണത്തില്‍ പങ്കെടുത്തത്. കേസിലെ ഒന്നാംപ്രതി ഷാനിന്റെ സഹോദരനാണ് നിസാം. റിദാന്‍ കൊല്ലപ്പെടുമ്പോള്‍ നിസാം ജയിലിലായിരുന്നു. പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കി, ജയിലിലിരുന്ന് കൊലപാതക ഗൂഢാലോചനയില്‍ പങ്കെടുത്തു എന്നീ കുറ്റങ്ങളാണ് നിസാമിനെതിരെ ചുമത്തിയത്.

ജാമ്യം ലഭിച്ച് തവനൂര്‍ ജയിലില്‍നിന്ന് ഇന്നോവ കാറില്‍ പുറപ്പെട്ട അന്‍വര്‍ വഴിയില്‍വച്ച് നിസാം ഓടിച്ച മിനി കൂപ്പറിലേക്ക് മാറിക്കയറുകയായിരുന്നു. റിദാന്‍ വധക്കേസിനുപുറമെ സ്വര്‍ണക്കടത്ത്, സ്വര്‍ണം പൊട്ടിക്കല്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് നിസാം. സ്വര്‍ണം തട്ടിയെടുത്തെന്ന് ആരോപിച്ച് കണ്ണൂര്‍ സ്വദേശിയായ യുവാവിനെ കരുവാരക്കുണ്ടിലെ വീട്ടില്‍ കെട്ടിയിട്ട് ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ചതിനും കേസുണ്ട്. സ്വര്‍ണം തട്ടിയെടുത്ത സംഘാംഗത്തെ വാഹനമിടിച്ച് വധിക്കാന്‍ ശ്രമിച്ചതിന് തൃശൂര്‍ കൊരട്ടി സ്റ്റേഷനിലും പൊലീസുകാരനെ വധിക്കാന്‍ ശ്രമിച്ചതടക്കം എടവണ്ണ സ്റ്റേഷനില്‍ അഞ്ചും പാണ്ടിക്കാട് രണ്ടും കരിപ്പൂരില്‍ ഒരു കേസുമുണ്ട്. അതായത് ഇയാള്‍ സ്വര്‍ണ്ണ കടത്ത് മാഫിയയുടെ ഭാഗമാണെന്ന വാദമാണ്.

2023 ഏപ്രില്‍ 22ന് പെരുന്നാള്‍ ദിവസമാണ് എടവണ്ണ ചെമ്പക്കുത്തില്‍ റിദാന്‍ ബാസില്‍ വീടിനുസമീപമുള്ള പുലിക്കുന്ന് മലയില്‍ വെടിയേറ്റ് മരിച്ചത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തറിയാതിരിക്കാനായിരുന്നു കൊലപാതകമെന്നാണ് പൊലീസ് കണ്ടെത്തിയത്. എന്നാല്‍, എസ്പി സുജിത് ദാസ് കള്ളക്കേസില്‍ കുടുക്കിയതാണെന്നും പ്രതികള്‍ കുറ്റക്കാരല്ലെന്നും പറഞ്ഞ് അന്‍വര്‍ രംഗത്തെത്തിയിരുന്നു. ഈ കേസിലെ പ്രതിയാണ് ഡ്രൈവറായത്. നേരത്തെ സര്‍ക്കാരിനേയും സിപിഎമ്മിനേയും പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിക്കുന്നത് സ്വര്‍ണ്ണ മാഫിയയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പറഞ്ഞിരുന്നു. ദേശാഭിമാനിയാണ് അന്‍വറിനെതിരായ നിര്‍ണ്ണായക ഫോട്ടോ പുറത്തു വിട്ടത്.


Full View

റിദാന്‍ കേസ് ഇങ്ങനെ

2023 ഏപ്രില്‍ 22-ന് പെരുന്നാള്‍ ദിവസമാണ് എടവണ്ണ ചെമ്പക്കുത്ത് അറയിലകത്ത് റിദാന്‍ ബാസിലി(27)നെ വീടിന് സമീപമുള്ള പുലിക്കുന്ന് മലയില്‍ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൂന്ന് വെടിയുണ്ടകളാണ് ഇയാളുടെ ശരീരത്തില്‍ തറച്ചിരുന്നത്. സംഭവത്തില്‍ റിദാന്റെ സുഹൃത്ത് എടവണ്ണ മുണ്ടേങ്ങര കൊളപ്പാടന്‍ മുഹമ്മദ് ഷാനെ(30) ഏപ്രില്‍ 24-ന് തന്നെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നാലെ കേസിലെ കൂട്ടുപ്രതികളായ ഏഴുപേരും അറസ്റ്റിലായി. കേസ് രജിസ്റ്റര്‍ ചെയ്ത് 88-ാം ദിവസം 4598 പേജുകളുള്ള കുറ്റപത്രം പോലീസ് സമര്‍പ്പിച്ചു. മുഹമ്മദ് ഷാന്‍ അടക്കം ആകെ എട്ട് പ്രതികളും 169 സാക്ഷികളുമാണ് കേസിലുണ്ടായിരുന്നത്

ആസൂത്രിതമായിരുന്നു കൊലപാതകം. പ്രതി ഷാന്‍ റിദാനു നേരം ഏഴ് റൗണ്ട് വെടിവെച്ചെങ്കിലും ശരീരത്തില്‍ തറച്ചത് മൂന്ന് എണ്ണമാണ്. നെഞ്ചില്‍ തറച്ച മൂന്നുവെടിയുണ്ടകള്‍ ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയതോടെയാണ് കൊലപാതകമെന്ന് കണ്ടെത്തിയത്. കേരളത്തിന് പുറത്തുനിന്നാണ് തോക്ക് സംഘടിപ്പിച്ചത്. പെരുന്നാള്‍ ദിവസം രാവിലെ 8 മണിയോടെയാണ് റിദാന്‍ ബാസിലിനെ വീടിനു സമീപമുള്ള പുലിക്കുന്ന് മലയില്‍ വെടിയേറ്റു മരിച്ച നിലയില്‍ സഹോദരന്‍ റാസിന്‍ ഷാന്‍ കണ്ടത്. ഒരു വര്‍ഷത്തോളമായി റിദാനോട് പ്രതിക്കുണ്ടായിരുന്ന വ്യക്തി വൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് പറഞ്ഞത്. റിദാനെ കൊലപ്പെടുത്താനായി തീരുമാനിച്ച പ്രതി ഇതിനായി കേരളത്തിനു പുറത്തു നിന്നും പിസ്റ്റള്‍ സംഘടിപ്പിച്ചിരുന്നു. റിദാനും പ്രതിയും ചേര്‍ന്ന് വാടകക്കെടുത്ത വാഹനത്തിന്റെ സാമ്പത്തിക ഇടപാട് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് 21 ന് രാത്രി 9 മണിയോടെ പ്രതി റിദാനെ വീട്ടിലെത്തി സ്‌കൂട്ടറില്‍ കയറ്റി റിദാന്റെ വീടിനു സമീപമുള്ള കുന്നിന്‍ മുകളിലെ വിജനമായ സ്ഥലത്തേക്ക് കൂട്ടികൊണ്ടു പോയി. റിദാനെ കൊണ്ട് ഭാര്യയുടെ ഫോണിലേക്ക് വിളിപ്പിച്ച് വീട്ടിലേക്ക് 10.30 ക്ക് എത്തുമെന്ന് അറിയിച്ച ശേഷം പ്രതി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് റിദാനെ വെടിവെച്ചു കൊല്ലുകയായിരുന്നു. ഏഴ് റൗണ്ട് വെടിവെച്ചെങ്കിലും മൂന്ന് എണ്ണമാണ് ശരീരത്തില്‍ തറച്ചത്. ഇതോടെ നിലത്തു വീണ റിദാന്‍ മരിച്ചു എന്നുറപ്പു വരുത്തിയ ശേഷം റിദാന്റെ ഫോണുമെടുത്ത് പ്രതി വീട്ടിലേക്ക് പോവുകയും പോകുന്ന വഴിയില്‍ വെച്ച് മൊബൈല്‍ ഫോണ്‍ സീതി ഹാജി പാലത്തിന് മുകളില്‍ നിന്നും പുഴയിലേക്ക് എറിയുകയായിരുന്നു.

ഇതിനിടയില്‍ റിദാന്റെ ഭാര്യയെ വിളിച്ച് താന്‍ അവിടുന്നു പോന്നു എന്നും റിദാന്‍ കുന്നിന്‍ മുകളില്‍ ഉണ്ടെന്നും പ്രതി വിളിച്ചു പറഞ്ഞു. ഭാര്യ റിദാനെ ഫോണില്‍ പല തവണ വിളിച്ചെങ്കിലും കിട്ടാത്തതിനാല്‍ പ്രതിയെ വിളിച്ച് അന്വേഷിച്ചിരുന്നു. എനിക്കറിയില്ല എന്നു പറഞ്ഞ് പ്രതി ഒഴിഞ്ഞു മാറുകയായിരുന്നു. തുടര്‍ന്ന് രാവിലെ റിദാന്റെ സഹോദരന്‍ കുന്നിന്‍ മുകളില്‍ പോയി നോക്കിയപ്പോഴാണ് റിദാന്‍ മരിച്ചു കിടക്കുന്നത് കണ്ടത്. മറ്റാര്‍ക്കും സംശയം തോന്നാതിരിക്കാന്‍ പ്രതിയും റിദാന്‍ മരിച്ചു കിടക്കുന്ന സ്ഥലം സന്ദര്‍ശിച്ചിരുന്നു. കേസ്സ് രജിസ്റ്റര്‍ ചെയ്ത പൊലീസ് പ്രതിയേയും റിദാന്റെ മറ്റു സുഹൃത്തുക്കളേയും വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. ആദ്യമൊക്കെ എതിര്‍ത്തു നിന്നെങ്കിലും ഒടുവില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. തോക്ക് പ്രതിയുടെ വീടിന്റെ പുറകിലെ വിറകുപുരയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. പ്രതിയെ എടവണ്ണമുണ്ടേങ്ങരയിലെ വീട്ടിലെത്തിച്ചും സംഭവം നടന്ന ചെമ്പകുത്ത് മലയിലെത്തിച്ചും ഷാനിന്റെ പണി തീരാത്ത പുതിയ വീട്ടിലും തെളിവെടുപ്പ് നടത്തി. മുണ്ടേങ്ങരയിലെ വീട്ടില്‍ വിറക്പുരക്കുള്ളില്‍ വിറകിനടയില്‍ പായില്‍ കെട്ടി ഒളിപ്പിച്ച നിലയിലാണ് വെടിവെയ്ക്കാന്‍ ഉപയോഗിച്ച് തോക്ക് സൂക്ഷിച്ചിരുന്നത്. തോക്ക് കണ്ടെടുത്തു. ഷാനിന്റെ പണി തീരാത്ത പുതിയ വീട്ടില്‍ വെച്ചാണ് തിരകള്‍ നിറക്കുന്നതുള്‍പ്പെടെയുള്ള പ്ലാനിംഗ് നടത്തിയതെന്നും പ്രതി മൊഴി നല്‍കി.

കൊലയ്ക്ക് പിന്നില്‍

മമ്പാട്ടെ പ്രവാസി വ്യവസായിയുടെ ബിസിനസ് നോക്കി നടത്തിയിരുന്നത് ഒന്നാംപ്രതി മുഹമ്മദ് ഷാനായിരുന്നു. വ്യവസായിയുടെ സഹായത്തോടെ മുണ്ടേങ്ങരയില്‍ 3000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടു നിര്‍മാണവും ഷാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ മുന്നറിയിപ്പില്ലാതെ ഷാനെ ജോലിയില്‍നിന്ന് പുറത്താക്കി. ഇതോടെ പ്രതി സാമ്പത്തികമായി തകരുകയും വീടു നിര്‍മാണം നിലയ്ക്കുകയുംചെയ്തു. ഇതിനു പിന്നില്‍ റിദാനാണെന്ന് ഷാന്‍ സംശയിച്ചു. ഇതോടെ റിദാനെ കൊല്ലാന്‍ പദ്ധതി തയ്യാറാക്കുകയായിരുന്നു. വാടകക്കെടുത്ത വാഹനത്തിന്റെ സാമ്പത്തിക ഇടപാട് സംസാരിക്കാനുണ്ടെന്നു പറഞ്ഞ് ഏപ്രില്‍ 21-ന് രാത്രി ഒന്‍പതോടെ പ്രതി റിദാനെ വീട്ടിലെത്തി കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് സ്‌കൂട്ടറില്‍ കയറ്റി റിദാന്റെ വീടിനുസമീപമുള്ള കുന്നിന്‍മുകളിലെ വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി വെടിവെച്ചു കൊന്നുവെന്നാണ് പോലീസ് കുറ്റപത്രത്തില്‍ പറയുന്നത്.

പി വി അന്‍വര്‍ പറഞ്ഞത്:

സ്വര്‍ണക്കടത്തിന്റെ ഭാഗമായി നടന്ന കൊലപാതകമാണെന്നാണ് എം.എല്‍.എ.യുടെ പ്രധാന ആരോപണം. എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരേ നടത്തിയ ആരോപണങ്ങളുമായി ബന്ധപ്പെടുത്തിയാണ് എടവണ്ണ റിദാന്‍ ബാസില്‍ കൊലക്കേസിനെയും അന്‍വര്‍ വിലിരുത്തുന്നത്. 'അയാള്‍ക്ക് കൊല്ലാനും കൊല്ലിക്കാനും മടിയില്ലാന്ന് എസ്പി സുജിത് ദാസിന്റെ ഫോണ്‍ കോളില്‍ നിങ്ങള്‍ കേട്ടതല്ലേ. ഒന്നര വര്‍ഷം മുമ്പ് എടവണ്ണയില്‍ റിദാന്‍ എന്ന ചെറുപ്പക്കാരന്‍ തലയ്ക്ക് വെടിയേറ്റ് മരണപ്പെട്ട സംഭവമുണ്ടായി. എന്റെ നാട്ടിലാണ്. ദുരൂഹതയുണ്ടെന്ന് അന്നേ നമ്മള്‍ കേള്‍ക്കുന്നതാണ്. റിദാന്റെ ഭാര്യയെയും കുടുംബത്തെയും ഇന്നലെ ഞാന്‍ കണ്ടിരുന്നു. ഇപ്പോള്‍ ആ കേസില്‍ പ്രതിയാക്കിയിരിക്കുന്ന ഷാന്‍ ഒരിക്കലും അത് ചെയ്യില്ല എന്നാണ് റിദാന്റെ ഭാര്യ പറയുന്നത്. അവര്‍ അത്രയും സ്‌നേഹത്തിലായിരുന്നു. ഷാനിന്റെ ബന്ധുക്കളും പറയുന്നു അയാള്‍ അങ്ങനെ ചെയ്യില്ലാന്ന്.

മരണം നടന്ന് മൂന്നാം ദിവസം വളരെ മോശമായാണ് റിദാന്റെ ഭാര്യയോട് പൊലീസ് സംസാരിച്ചത്. ഷാനുമായി അവിഹിത ബന്ധം ഉണ്ടായിരുന്നു എന്ന് സമ്മതിക്കണം എന്നാണ് പൊലീസ് അവരോട് പറഞ്ഞത്. അവരത് സമ്മതിക്കാത്തുകൊണ്ട് പുതിയൊരു കഥയുണ്ടാക്കി ഷാനിനെ പ്രതിയാക്കി. പിന്നീട് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ വഴി ഇത് അറിയാന്‍ കഴിഞ്ഞു. ഈ മരിച്ചയാള്‍ക്ക് കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും അറിയാം. ഇക്കാര്യം വെളിപ്പെടുത്തുമെന്ന് ഇയാള്‍ പല പൊലീസ് ഉദ്യോഗസ്ഥരോടും പറഞ്ഞിട്ടുമുണ്ട്. അതിനാലാണ് കൊല്ലിച്ചതെന്നാണ് വിവരം. റിദാന്റെ രണ്ട് ഫോണുകളും ഇതുവരെ പൊലീസ് കണ്ടെടുത്തിട്ടില്ല. ഫോണ്‍ ചാലിയാര്‍ പുഴയില്‍ എറിഞ്ഞു എന്ന് ഷാനിനെ കൊണ്ട് സമ്മതിപ്പിച്ചു. പിന്നില്‍ ആരെന്ന് അറിയണമെന്ന് കുടുംബം കേസില്‍ സത്യം പുറത്തുവരാന്‍ സി ബി ഐ. അന്വേഷണം വേണമെന്ന് കൊല്ലപ്പെട്ട റിദാന്‍ ബാസിലിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.

കേസിലെ പ്രതി ഷാന്‍ തന്നെയെന്ന് വിശ്വസിക്കുന്നു. എന്നാല്‍, ആരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് അറിയണം. അന്‍വറിന്റെ ആരോപണത്തോടെ പോലീസില്‍ വിശ്വാസമില്ലാതായെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അന്ന് സംഭവവുമായി ബന്ധപ്പെട്ട് എസ്.പി. ഓഫീസില്‍ പോയിരുന്നു. ഷാന്‍ എന്ന വ്യക്തി ജാമ്യത്തിലിറങ്ങിയാല്‍ 40 ലക്ഷം രൂപ നല്‍കുമെന്നും അത് കിട്ടിയാല്‍ കേസ് ഒത്തുതീര്‍പ്പാക്കുമോ എന്നും അവിടെ നിന്ന് ചോദിച്ചു. എന്നാല്‍, തങ്ങള്‍ അതിന് വഴങ്ങിയില്ലെന്നും കുടുംബം വ്യക്തമാക്കുകയും ചെയ്തിരുന്നു.

റിദാന്‍, അന്‍വര്‍

Tags:    

Similar News