'കീമില്‍ സര്‍ക്കാരിന് തെറ്റ് പറ്റിയിട്ടില്ല; അടുത്തവര്‍ഷം എല്ലാ കുട്ടികള്‍ക്കും നീതി ഉറപ്പാക്കാന്‍ കഴിയുന്ന തരത്തില്‍ ഫോര്‍മുല നടപ്പാക്കും; ഇപ്പോള്‍ നടക്കുന്നത് തെറ്റായ പ്രചാരണം'; വിദ്യാര്‍ഥികള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയ കീമില്‍ മുഖം രക്ഷിക്കാന്‍ ന്യായീകരണം തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി

'കീമില്‍ സര്‍ക്കാരിന് തെറ്റ് പറ്റിയിട്ടില്ല;

Update: 2025-07-12 05:56 GMT

തിരുവനന്തപുരം: കീമില്‍ സര്‍ക്കാരിന് തെറ്റൊന്നും പറ്റിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ഇപ്പോള്‍ നടക്കുന്നത് തെറ്റായ പ്രചാരണം. എല്ലാ കുട്ടികള്‍ക്കും നീതിയും തുല്യതയും ഉറപ്പുവരുത്താന്‍ കഴിയുന്ന ഫോര്‍മുലയാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. അത് കോടതിയില്‍ സിംഗിള്‍ ബെഞ്ച് അത് റദ്ദ് ചെയ്യുകയുണ്ടായി. അടുത്തവര്‍ഷം എല്ലാ കുട്ടികള്‍ക്കും നീതി ഉറപ്പാക്കാന്‍ കഴിയുന്ന തരത്തില്‍ ഒരു കോടതിക്കും തള്ളാന്‍ കഴിയാത്ത തരത്തില്‍ ഫോര്‍മുല നടപ്പാക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.

2012ലെ പ്രക്രിയ അടിസ്ഥാനപ്പെടുത്തി ലിസ്റ്റ് പ്രഖ്യാപിക്കുകയാണ് ചെയ്തത്. ഇതില്‍ ഇപ്പോള്‍ സംസ്ഥാന ബോര്‍ഡിന്റെറെ കീഴില്‍ പഠിച്ച കുട്ടികള്‍ക്ക് പ്രയാസം ഉണ്ടായിട്ടുണ്ട്. അതിന്റെ കാരണം സംസ്ഥാന സര്‍ക്കാരിന്റേതാണ് എന്ന തരത്തില്‍ തെറ്റായ പ്രചാരണം നടക്കുകയാണ്. സര്‍ക്കാര്‍ എടുത്ത തീരുമാനം നടപ്പാക്കാന്‍ പറ്റിയില്ലല്ലോ എന്ന് മന്ത്രി ചോദിച്ചു.

സംസ്ഥാന സര്‍ക്കാര്‍ ക്യാബിനറ്റ് കൂടി അങ്ങനെ ഒരു തീരുമാനമെടുത്തില്ലായിരുന്നുവെങ്കില്‍ പഴയ ഫോര്‍മുല തന്നെയല്ലേ നടക്കുക. കുട്ടികള്‍ പുറം തള്ളപ്പെട്ടു എന്ന് പറഞ്ഞാല്‍ അതില്‍ അനീതി ഉണ്ടായിട്ടുണ്ട്. എല്ലാ കുട്ടികള്‍ക്കും നീത ഉറപ്പാക്കാന്‍ കഴിയുന്ന തരത്തില്‍ ഫോര്‍മുല തയാറാക്കും. അനീതി പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചത്. ഭൂരിപക്ഷമുള്ള കുട്ടികള്‍ക്ക് നീതി ഉറപ്പാക്കാനുള്ള കാര്യമായതിനാല്‍ എന്‍ട്രന്‍സ് കമ്മിഷണര്‍ അടക്കം മുന്നോട്ടുവെച്ചിട്ടുള്ള നിര്‍ദേശം സര്‍ക്കാരിന് പരിഗണിക്കാന്‍ സാധ്യമാകില്ലായിരുന്നു.

എല്ലാ കുട്ടികള്‍ക്കും നീതിയും തുല്യതയും വേണമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്ന് മന്ത്രി ആര്‍ ബിന്ദു വ്യക്തമാക്കി. ലിസ്റ്റ് പുനഃപ്രസിദ്ധീകരിച്ചതില്‍ കുട്ടികള്‍ പുറന്തളപ്പെട്ടതിന് കാരണം സര്‍ക്കാരാണെന്ന് പ്രചരിപ്പിക്കുന്നത് ഒട്ടും ശരിയല്ലെന്ന് മന്ത്രി പറഞ്ഞു. ആരാ ഉത്തരവാദിയെന്ന് ആലോചിച്ചാല്‍ മതിയെന്നാണ് മന്ത്രി പറയുന്നത്.

കീം ഏകീകരണത്തിനുള്ള പുതിയ ഫോര്‍മുലയിലൂടെ ലക്ഷ്യമിട്ടത് എല്ലാ വിദ്യാര്‍ഥികള്‍ക്കും തുല്യ പരിഗണനയാണെന്നാണ് സര്‍ക്കാര്‍ വാദം. ന. മുന്‍ വര്‍ഷങ്ങളില്‍ എന്‍ജിനിയറിങ് പ്രവേശന പരീക്ഷ മാര്‍ക്ക് സമീകരണ രീതിയില്‍ കേരള സിലബസ് വിദ്യാര്‍ഥികള്‍ക്ക് സിബിഎസ്ഇ വിദ്യാര്‍ഥികളെക്കാള്‍ മാര്‍ക്ക് കുറയുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് നിയോഗിച്ച സമിതി പുതിയ ഏകീകരണ ഫോര്‍മുല നിശ്ചയച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ വര്‍ഷം ആദ്യ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്.

എല്ലാ സിലബസിലെയും വിദ്യാര്‍ഥികള്‍ക്ക് തുല്യരീതിയില്‍ മാര്‍ക്ക് വരുമെന്നതാണ് പുതിയ ഫോര്‍മുലയുടെ പ്രത്യേകത. റദ്ദാക്കിയ പട്ടികയില്‍ കേരള സിലബസില്‍ പഠിച്ചവര്‍ക്ക് മികച്ച റാങ്ക് കൈവരിക്കാനായി. സിബിഎസ്ഇ, ഐസിഎസ്-ഇ സിലബസുകാരും റാങ്കുകള്‍ മുന്‍വര്‍ഷത്തേതുപോലെ നിലനിര്‍ത്തി.

2011ലെ ഉത്തരവ് പ്രകാരമുള്ള സമീകരണ രീതിയില്‍ സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചിരുന്ന മുന്‍തൂക്കം ലക്ഷ്യമിട്ട് ചിലര്‍ കോടതിയെ സമീപിച്ചു. ഫെബ്രുവരി 19ന് പ്രസിദ്ധീകരിച്ച പ്രോസ്പെക്ടസില്‍ സര്‍ക്കാരിന് ഏതു സമയവും മാറ്റം വരുത്താമെന്ന് കൃത്യമായി പറഞ്ഞിരുന്നെങ്കിലും ഈ വാദം കോടതി അംഗീകരിച്ചില്ല. ഇതോടെയാണ് പഴയ ഫോര്‍മുല അനുസരിച്ച് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.

പഴയ ഫോര്‍മുല പ്രകാരം ഹയര്‍സെക്കന്‍ഡറിയിലെ ഫിസിക്‌സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങളിലെ മാര്‍ക്ക് കീമിന്റെ സ്‌കോറും ചേര്‍ത്തായിരുന്നു ഏകീകരണം. ഓരോ പരീക്ഷ ബോര്‍ഡുകളിലും ഫിസിക്‌സ്, കെമിസ്ട്രി, മാത്സ് എന്നിവയില്‍ അതത് വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ നേടിയ മാര്‍ക്ക് മൊത്തത്തില്‍ ശേഖരിക്കും. ഇതില്‍ നിന്ന് ആ ബോര്‍ഡിലെ വിദ്യാര്‍ഥികളുടെ മാര്‍ക്കിന്റെ അന്തരം നിര്‍ണയിക്കുന്നതിന് സ്റ്റാന്‍ഡേര്‍ഡ് ഡീവിയേഷന്‍, ഗ്ലോബല്‍ മീന്‍ എന്നീ മാനകം കണ്ടെത്തും.

ഇതനുസരിച്ച് പ്രത്യേക സമവാക്യം അടിസ്ഥാനമാക്കി പ്ലസ് ടു മാര്‍ക്ക് ഏകീകരിക്കും. മറ്റു ബോര്‍ഡുകളെ അപേക്ഷിച്ച് കേരള സിലബസിലുള്ള കുട്ടികളുടെ മാര്‍ക്കിന്റെ അന്തരത്തിലെ തോത് ഉയര്‍ന്ന നിലയിലായിരിക്കും. അതുകൊണ്ട് തന്നെ കേരള സിലബിസിലുള്ള കുട്ടികള്‍ക്ക് പ്ലസ് ടു മാര്‍ക്ക് പരിഗണിക്കുമ്പോള്‍ സിബിഎസ്ഇ വിദ്യാര്‍ഥികളെക്കാള്‍ മാര്‍ക്ക് കുറയും. മൂന്നു വിഷയങ്ങളുടെയും മാര്‍ക്ക് തുല്യ അനുപാതത്തില്‍ (1:1:1) പരിഗണിച്ചായിരുന്നു ഏകീകരണം.

പുതിയ ഫോര്‍മുല അനുസരിച്ച് ഫിസിക്‌സ്, കെമിസ്ട്രി, മാത്സ് എന്നിവയുടെ മാര്‍ക്കാണ് ഏകീകരണത്തിന് പരിഗണിക്കുന്നത്. ഈ വിഷയങ്ങളില്‍ ഓരോ പരീക്ഷാ ബോര്‍ഡിലെയും ഉയര്‍ന്ന മാര്‍ക്ക് കണ്ടെത്തി ഇത് നൂറിലാക്കും. അതായത് ഒരു ബോര്‍ഡിലെ ഉയര്‍ന്ന മാര്‍ക്ക് 95 ആണെന്നിരിക്കെ വിദ്യാര്‍ഥിക്ക് ബന്ധപ്പെട്ട വിഷയത്തില്‍ 70 മാര്‍ക്ക് ലഭിച്ചാല്‍ അതിനെ നൂറായി കണ്‍വേര്‍ട്ട് ചെയ്യും. ഇതുവഴി 70 മാര്‍ക്ക് 73.68 ആകും. (70÷95)ഃ100=73.68. എന്‍ജിനീയറിങ് റാങ്ക് പട്ടികക്ക് പരിഗണിക്കുന്ന മൂന്ന് വിഷയങ്ങളുടെയും മാര്‍ക്ക് ഇങ്ങനെ ഏകീകരിക്കും.

ഏകീകരണത്തിലൂടെ മാത്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങള്‍ക്ക് ലഭിക്കുന്ന മാര്‍ക്ക് 5:3:2 അനുപാതത്തിലാണ് റാങ്ക് പട്ടികയില്‍ പരിഗണിക്കുന്നത്. ഇതു വഴി മാത്സില്‍ ഉയര്‍ന്ന മാര്‍ക്ക് കിട്ടുന്ന കുട്ടിക്ക് മുന്‍തൂക്കം ലഭിക്കും. എന്‍ജിനീയറിങില്‍ മാത്സിന് കൂടുതല്‍ പരിഗണന ആവശ്യമായതിനാലാണിത്.

Tags:    

Similar News