തെരുവുനായ കടിച്ചത് പുരികത്ത്; വാക്സിന്‍ മുഴുവന്‍ എടുത്തിട്ടും വീട്ടമ്മ പേ വിഷബാധയേറ്റ് മരിച്ചു; പത്തനംതിട്ട ജില്ലയില്‍ ഇത് മൂന്നാമത്തെ സംഭവം; പ്രതിരോധ വാക്സിന്റെ ഗുണനിലവാരമോ കടിയേറ്റ സ്ഥാനമോ കുഴപ്പമുണ്ടാക്കിയത്? ആരോഗ്യവകുപ്പ് വീണ്ടും പ്രതിസന്ധിയില്‍
ആരോഗ്യവകുപ്പ് വീണ്ടും പ്രതിസന്ധിയില്‍
പത്തനംതിട്ട: തെരുവുനായ കടിച്ച വീട്ടമ്മ പേവിഷ പ്രതിരോധ വാക്സിനെടുത്തിട്ടും മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് പ്രതിക്കൂട്ടില്‍. വീട്ടമ്മയുടെ മരണം പേവിഷബാധയേറ്റാണെന്ന് സ്ഥിരീകരിച്ചു. ഓമല്ലൂര്‍ മണ്ണാറമല കളര്‍നില്‍ക്കുന്നതില്‍ കെ. മോഹനന്റെ ഭാര്യ കൃഷ്ണമ്മ (57)യുടെ മരണമാണ് പേവിഷ ബാധയെന്ന റിപ്പോര്‍ട്ട് വന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചിന് കൃഷ്ണമ്മയെ പുത്തന്‍പീടിക ഭാഗത്തു വച്ച് തെരുവുനായ കടിച്ചിരുന്നു.
വലതു കണ്ണിന്റെ പുരികത്താണ് കടിയേറ്റത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും നായ കടിച്ചിരുന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്ന് അന്നുമുതല്‍ വാക്സിനേഷന്‍ കൃത്യമായി പൂര്‍ത്തിയാക്കിയിരുന്നു. മൂന്നു ദിവസം മുമ്പ് പനി ബാധിച്ചതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കേ വെള്ളിയാഴ്ചയാണ് കൃഷ്ണമ്മ മരിച്ചത്. പേവിഷ ബാധയുണ്ടായിട്ടുണ്ടോ എന്നറിയാന്‍ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ടാണ് ഇന്നലെ പുറത്തു വന്നത്.
അന്ന് കൃഷ്ണമ്മയെ കടിച്ച നായ മറ്റ് 13 പേരെ കൂടി കടിച്ചിരുന്നു. ഈ നായയെ പിന്നീട് ചത്ത നിലയിലും കണ്ടെത്തി. നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതോടെ കടിയേറ്റവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ജില്ലയിലെ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പേ വിഷ ബാധയ്ക്കുള്ള വാക്സിനെടുത്ത ശേഷം നടക്കുന്ന മൂന്നാമത്തെ മരണമാണ് കൃഷ്ണമ്മയുടേത്. ഇതിനു മുന്‍പ് രണ്ട് വിദ്യാര്‍ഥികളാണ് സമാനമായ സാഹചര്യത്തില്‍ മരിച്ചത്.
മുഖത്തും തലയിലും കടിയേറ്റാല്‍ വാക്സിനെടുത്താലും അപകടകരമായ സാഹചര്യമാണെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്യുകയാണ് പതിവ്. വാക്സിന്റെ വിശ്വാസ്യതക്കുറവല്ലെന്നും വിഷബാധ വേഗത്തില്‍ വ്യാപിക്കുന്നതാണ് കാരണമെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. ഐഡിആര്‍ബി വാക്സിന്‍ തന്നെ കടിയേറ്റവര്‍ക്ക് ഉറപ്പാക്കുകയാണ് ചെയ്യുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനിടയില്‍ വാക്സിനെടുത്താലും ആളുകള്‍ മരിക്കുന്നത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
തലയിലും കണ്ണിന്റെ ഭാഗങ്ങളിലും ചുണ്ടിലുമൊക്കെ ആഴത്തില്‍ മുറിവേറ്റാല്‍ വാക്സിനും ഇമ്യൂണോഗ്ലോബുലിനും നല്‍കിയാല്‍പോലും രോഗബാധയ്ക്കു കാരണമാകാറുണ്ട്. പ്രതിരോധ മരുന്നുകള്‍ പ്രവര്‍ത്തിക്കാന്‍ എടുക്കുന്ന സമയത്തേക്കാള്‍ വേഗത്തില്‍ തലച്ചോറിനോടു ചേര്‍ന്ന നാഡികളില്‍ വൈറസ് കയറിപ്പറ്റി തലച്ചോറിനകത്ത് പ്രവേശിച്ചു കഴിഞ്ഞാല്‍ രോഗസാധ്യതയേറുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്.
ആക്രമിക്കാനെത്തുന്ന നായ്ക്കളെ വിരട്ടി ഓടിക്കാനുള്ള ശ്രമത്തിനിടെയാണ് പലര്‍ക്കും മുഖത്തും കടിയേല്‍ക്കുന്നത്. നായ ഓടിക്കാന്‍ വടിയോ കമ്പോ തെരയുമ്പോഴേക്കും. ഇത് ചാടി ആക്രമിക്കുന്ന രീതിയാണ് കണ്ടുവരുന്നത്. ചെറുപ്രായക്കാരായ കുട്ടികള്‍ക്കും പലപ്പോഴും മുഖത്താണ് കടിയേല്‍ക്കുന്നത്.