അവന്റെ അസുഖം മാറുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു, പക്ഷേ.... അവന്‍ തന്നെയാണ് അതിന് കാരണം; കീമോയും റേഡിയേഷനും കൊണ്ട് ഭേദമാക്കാമായിരുന്നു; ഓപ്പറേഷന്‍ ചെയ്തതാണ് പറ്റിയത്; ഒരു ഫോട്ടോ പോലും കാണത്തക്കതായി വച്ചിട്ടില്ല; മകന്‍ ജിഷ്ണുവിന്റെ ഓര്‍മകളില്‍ വിങ്ങിപ്പൊട്ടി നടന്‍ രാഘവന്‍

മകന്‍ ജിഷ്ണുവിന്റെ ഓര്‍മകളില്‍ വിങ്ങിപ്പൊട്ടി നടന്‍ രാഘവന്‍

Update: 2025-11-25 11:13 GMT

കൊച്ചി: എല്ലാവരോടും സംസാരിച്ച് ഓടി നടന്ന ഒരാള്‍ക്ക് പെട്ടെന്ന് ഒന്നും മിണ്ടാന്‍ പറ്റാതെ വരിക. അയാള്‍ക്ക് മാത്രമല്ല, അയാളുടെ കുടുംബത്തിനും ബന്ധുക്കള്‍ക്കും, ചങ്ങാതിമാര്‍ക്കും ഒക്കെ എന്തൊരു മനോവേദനയായിരിക്കും. മലയാള സിനിമയില്‍, നായകനായും, ഉപനായകനായും, വില്ലനായും ഹ്രസ്വകാലം തിളങ്ങി 2016 ല്‍, 35 ാം വയസില്‍ ഈ ലോകത്തോട് വിടവാങ്ങിയ നടനാണ് ജിഷ്ണു രാഘവന്‍. വേര്‍പിരിഞ്ഞു പോയ മകന്റെ ഓര്‍മകള്‍ അച്ഛന്‍ രാഘവന്‍ ഒരു അഭിമുഖത്തില്‍ പങ്കുവച്ചപ്പോള്‍ കണ്ടിരുന്നവര്‍ കൂടി വേദനയോടെ ആ ഓര്‍മ്മകളിലേക്ക് മടങ്ങിപ്പോയി.

ക്യാന്‍സറിനെ തുടര്‍ന്നായിരുന്നു ജിഷ്ണുവിന്റെ മരണം. കീമോയും റേഡിയേഷനും കൊണ്ട് ഭേദമാക്കാമായിരുന്ന രോഗമായിരുന്നുവെന്നും ഓപ്പറേഷന്‍ ചെയ്തതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് രാഘവന്‍ പറയുന്നത്. മകന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് അദ്ദേഹം വികാരഭരിതനായി. ജിഷ്ണുവിന്റെ രോഗവിവരം അറിഞ്ഞപ്പോള്‍ കുടുംബം ആകെ ഞെട്ടിപ്പോയി. എന്നാല്‍ ചികിത്സാ രീതി തിരഞ്ഞെടുക്കുന്നതില്‍ ജിഷ്ണുവിനും ഭാര്യക്കും സ്വന്തമായ തീരുമാനങ്ങളുണ്ടായിരുന്നുവെന്നും രാഘവന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

'അത് അങ്ങനെയാണ് വരേണ്ടത്. വന്നു, വിട്ടു. അത്രയേയുള്ളൂ. ഞാന്‍ ഒന്നിനേക്കുറിച്ചും വിഷമിക്കില്ല. കാരണം നടക്കേണ്ടത് നടക്കും. രോഗ വിവരം അറിഞ്ഞപ്പോള്‍ ഷോക്ക് ആയിരുന്നു. അത് മാനുഷികമാണ്. കാലം എല്ലാം മാറ്റും, തെളിയും, അവന്റെ അസുഖം മാറുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. പക്ഷെ.... അവന്‍ തന്നെയാണ് അതിന് കാരണം. അവന്‍ അതിന് നിന്നില്ല. അവന്‍ ആരുടെയൊക്കെ വാക്ക് കേട്ട് ബംഗളൂരു പോയി ഓപ്പറേഷന്‍ ചെയ്തു. ഓപ്പറേഷന്‍ ചെയ്തതാണ് പറ്റിയത്. അതാണ് വിധി. അങ്ങനെയേ കണക്കാക്കേണ്ടതുള്ളൂ.

തൊണ്ട മുഴുവന്‍ മുറിച്ചുകളഞ്ഞിട്ട് ആഹാരം ട്യൂബിലൂടെ കൊടുക്കേണ്ട കാര്യമെന്തായിരുന്നു? മരിച്ചാല്‍ പോരെ? എന്തിനാണ് അങ്ങനൊരു ജീവിതം. അവന്‍ സ്വയം ചെയ്തതാണ്. ഓപ്പറേഷന് പോകരുതെന്ന് ഞാനും അവന്റെ അമ്മയും നിര്‍ബന്ധിച്ചതാണ്. അവനും അവന്റെ ഭാര്യയും പോയി ഓപ്പറേഷന്‍ ചെയ്തു. അവരുടെ ഇഷ്ടം ചെയ്തു. അതോടെ കഴിഞ്ഞു. പിന്നെ എന്ത് ചെയ്യാന്‍? ഞങ്ങള്‍ അനുഭവിച്ചു.

രോഗം അതിന്റെ മാക്സിമത്തിലെത്തിയിരുന്നു. പക്ഷെ കീമോയും റേഡിയേഷനും കൊണ്ട് തന്നെ മാറ്റാമെന്ന് ഇവിടുത്തെ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. പക്ഷെ അത് കേട്ടില്ല. കേള്‍ക്കാതെ അവിടെപ്പോയി ഓപ്പറേഷന്‍ ചെയ്തു. എനിക്ക് അതാണ് മനസിലാക്കാന്‍ പറ്റാത്തത്. അവന്റെ ആയുസ് എനിക്ക് തന്നു. അതുകൊണ്ടാണ് ഞാനിപ്പോള്‍ ജീവിച്ചിരിക്കുന്നത്. ഞാന്‍ അതില്‍ വിശ്വസിക്കുന്നു. അവന്‍ എനിക്ക് ആയുസ് നീട്ടി തന്നിട്ട് പോയി.

അവനെ ഓര്‍ക്കത്ത രീതിയില്‍ ഒന്നും ഞാന്‍ വീട്ടില്‍ വച്ചിട്ടില്ല. ഞാനും അവന്റെ അമ്മയും അവനെ ഓര്‍ക്കാറേയില്ല. കാരണം, ഓര്‍ക്കേണ്ട എന്ന് വിചാരിച്ചു. ദുഖമൊന്നുമില്ല. അതൊക്കെ കഴിഞ്ഞു. അവനെക്കുറിച്ച് ഓര്‍മയൊന്നും ഉണ്ടാകാതിരിക്കാന്‍ ഞങ്ങള്‍ അവിടെ ഒന്നും വച്ചിട്ടില്ല. എല്ലാം മറച്ചുവച്ചു. ഒരു ഫോട്ടോ പോലും കാണത്തക്കതായി വച്ചിട്ടില്ല.

പഴയ കുറിപ്പ് വീണ്ടും

അര്‍ബുദത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതെന്ന നിലയില്‍ പ്രചരിക്കുന്ന ലക്ഷ്മിത്തരു, മുള്ളാത്ത എന്നിവയാണ് തന്റെ രോഗം കൂടുതല്‍ വഷളാക്കിയതെന്നും ജിഷ്ണു രാഘവന്‍ തുറന്ന് പറഞ്ഞിരുന്നു. സാധാരണയായി ഹാനികരമല്ലാത്ത ല്യൂക്കോപ്ലാക്കിയ എന്ന രോഗാവസ്ഥ ജിഷ്ണുവിന് ഓറല്‍ ക്യാന്‍സറായി മാറിയിരുന്നു. ഇതേക്കുറിച്ച് രാഘവന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വീണ്ടും വൈറലായി മാറുന്നത്.

'ഒരിക്കല്‍ അണപ്പല്ല് ഉരഞ്ഞ് ജിഷ്ണു മോന്റെ നാവില്‍ ഒരു മുറിവ് ഉണ്ടായി.തിരക്ക് പിടിച്ച ജീവിതത്തിന് ഇടയില്‍ അത് അവന്‍ അത്ര കാര്യമാക്കിയില്ല.വേദന കടുത്തപ്പോളാണ് ഡോക്ടറെ കാണിച്ചത്. മുറിവില്‍ ഫംഗസ് ഉണ്ടായാല്‍ ലുക്കോപ്ലാക്കിയ എന്ന കാന്‍സറിന് വഴിയൊരുക്കും എന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നീട് ഒരിക്കല്‍ നാട്ടില്‍ വന്നപ്പോള്‍ തിരുവനന്തപുരം ആര്‍ സി സിയില്‍ പോയി കാണിച്ചു.അവിടെ എന്റോസ്‌കോപി ചെയ്തുവെങ്കിലും കുഴപ്പമില്ല എന്നാണ് അന്ന് ഡോക്ടര്‍ പറഞ്ഞത്. എന്നാല്‍ കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും തൊണ്ടയില്‍ വേദന വന്നു. എംആര്‍ഐ സ്‌കാനിങ് ചെയ്തപ്പോള്‍ കാന്‍സര്‍ ആണ് എന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചു. ' - എന്നയാരുന്നു രാഘവന്‍ കുറിച്ചത്.

അത്യാവശ്യമായി സര്‍ജ്ജറി വേണം എന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ ആ സമയം ഏറ്റെടുത്ത രണ്ട് സിനിമകളുടെ തിരക്കിലായിരുന്നു ജിഷ്ണു. സര്‍ജ്ജറി കഴിഞ്ഞാല്‍ കുറച്ച് കാലത്തേക്ക് സംസാരിക്കാന്‍ പറ്റില്ല എന്ന് അറിയാവുന്നത് കൊണ്ട് ഡോക്ടര്‍മാരോട് സാവകാശം ചോദിച്ചു. പിന്നീട് ആ സര്‍ജറി നടത്തി, രോഗം മാറി എന്ന് കരുതി ഞങ്ങള്‍ സന്തോഷിച്ച് തുടങ്ങിയപ്പോഴാണ് തൊണ്ടയില്‍ ഒരു മുഴ പോലെ വന്ന് ശ്വാസം എടുക്കാന്‍ പോലും പ്രയാസമാണ് എന്ന അവസ്ഥ വന്നു. വീണ്ടും ഡോക്ടറുടെ അടുത്തേക്ക്. അത് കാന്‍സര്‍ ആണ് എന്ന് സ്ഥിരീകരിച്ചു. പിന്നീടങ്ങോട്ട് നരക ജീവിതമായിരുന്നു ഞങ്ങളുടേത്..

ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച് എല്ലാവരോടും സംസാരിച്ച് ഓടി നടന്ന മകന്‍ പെട്ടന്ന് ഒന്നും മിണ്ടാന്‍ പറ്റാതെ നില്‍ക്കുന്ന അവസ്ഥ ഏതെങ്കിലും അച്ഛന് കണ്ട് നില്‍ക്കാന്‍ കഴിയുമോ... അവന്റെ കൂടെ നിന്ന് അവസാന കാലം വരെയും എന്റെ കുഞ്ഞിനെ ഞാന്‍ തന്നെയാണ് നോക്കിയത്.ഇന്നും അവന്റെ ഓര്‍മ്മകളിലാണ് ഞങ്ങള്‍ ജീവിക്കുന്നത്.

മൂന്നാം തവണയും കാന്‍സര്‍ വന്നപ്പോഴാണ് അമൃത ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മോന്റെ ശരീരം നന്നായി ക്ഷീണിച്ചിരുന്നു. കൈയ്യും കാലും ചലിപ്പിക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു. ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച് എല്ലാവരോടും സംസാരിച്ച് ഓടി നടന്ന മകന്‍ പെട്ടന്ന് ഒന്നും മിണ്ടാന്‍ പറ്റാതെ നില്‍ക്കുന്ന അവസ്ഥ ഏതെങ്കിലും അച്ഛന് കണ്ട് നില്‍ക്കാന്‍ കഴിയുമോ.

അവസാന കാലങ്ങളില്‍ ഇട്ടിരുന്ന ഷര്‍ട്ടിന്റെ ബട്ടന്‍ പോലും തനിച്ച് അഴിക്കാന്‍ പറ്റില്ലായിരുന്നു. ഒരു കാറ്റ് വന്നാല്‍ വേദനിക്കുന്ന ശരീരമായിരുന്നു. ഞങ്ങളെ വേദനിപ്പിക്കേണ്ട എന്ന് കരുതി ഒന്നും പറയില്ല. ഭക്ഷണം കഴിക്കാനും, മൂത്രം എടുത്ത് മാറ്റാനും വേണ്ടി ശരീരത്തില്‍ രണ്ട് തുള ഇട്ടിരുന്നു. വല്ലാത്ത ഒരു അവസ്ഥയായായിരുന്നു അതെന്നും രാഘവന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, വായില്‍ ഏതെങ്കിലും തരത്തില്‍ മുറിവുകള്‍ ഉണ്ടാകുകയാണെങ്കില്‍ ആളുകള്‍ അതേക്കുറിച്ച് ആശങ്കപ്പെടേണ്ടത് ഇല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. നാവ് പല്ലിനോട് തുടര്‍ച്ചയായി ഉരഞ്ഞ് മുറിവുണ്ടാകുന്നത് ക്രോണിക് ഇറിറ്റേഷന്‍ എന്ന അവസ്ഥയിലേക്ക് നയിക്കും. ഇത് വായിലെ ശ്ലേഷ്മകലയെ ദോഷകരമായി ബാധിക്കാം. തുടര്‍ച്ചയായ മുറിവുകള്‍ അല്ലെങ്കില്‍ അള്‍സര്‍ ല്യൂക്കോപ്ലാക്കിയ അല്ലെങ്കില്‍ എറിത്രോപ്ലാക്കിയ പോലുള്ള പ്രീ-കാന്‍സറസ് അവസ്ഥകളിലേക്ക് വഴിവെക്കാം. ഇവയില്‍ നിന്നാണ് ചിലപ്പോള്‍ വായിലെ ക്യാന്‍സര്‍ ഉണ്ടാകുന്നത്.

നാവിന്റെ ഉരച്ചില്‍ മാത്രമായി ക്യാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. പുകയില ഉപയോഗം വായിലെ ക്യാന്‍സറിന്റെ 80%+ കേസുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ഉരച്ചിലിന്റെ റിസ്‌കിനെ ഗണ്യമായി വര്‍ധിപ്പിക്കും. അമിത മദ്യപാനം, പ്രത്യേകിച്ച് പുകവലിയോടൊപ്പം, 2-3 മടങ്ങ് റിസ്‌ക് വര്‍ധിപ്പിക്കുന്നു. നാവിന്റെ ഉരച്ചില്‍ മൂലം ഉണ്ടാകുന്ന മുറിവുകള്‍ 2-3 ആഴ്ചയ്ക്കുള്ളില്‍ സുഖപ്പെടുന്നില്ലെങ്കില്‍ ഡോക്ടറെ കാണിച്ച് മരുന്ന് കഴിക്കേണ്ടതാണ്.

Tags:    

Similar News