രാഹുലിനൊപ്പം പരസ്യമായി എത്തിയ കോണ്‍ഗ്രസുകാര്‍ക്ക് എതിരെ ഒരു നടപടിയും വരില്ല; പാലക്കാട്ടെ എംഎല്‍എയ്ക്ക് പാര്‍ട്ടിക്കാര്‍ തന്നെ സംരക്ഷണം ഒരുക്കും; ഇനി ആരും ആ വിവാദം ആളിക്കത്തിക്കില്ല; ചര്‍ച്ചകള്‍ ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുമെന്ന് നിലപാട്; വിഡി സതീശന്‍ ഒറ്റപ്പെടുന്നുവോ? ഇനിയും സഭയില്‍ മാങ്കൂട്ടത്തില്‍ എത്തുമോ?

Update: 2025-09-25 04:26 GMT

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഒറ്റപ്പെടുന്നുവോ? കോണ്‍ഗ്രസ് തന്നെ പാലക്കാട് എംഎല്‍എയ്ക്ക് സംരക്ഷണമൊരുക്കും. രാഹുലിനൊപ്പം പരസ്യമായി എത്തിയ കോണ്‍ഗ്രസുകാര്‍ക്ക് എതിരെ നടപടിയും വരില്ല. എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നിലപാട് മയപ്പെടുത്തി പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ രംഗത്ത് വന്നത് കെപിസിസിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ്. രാഹുല്‍ വിഷയം അവസാനിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം എന്നാണ് സൂചന. വിഷയം ആളികത്തിക്കുന്നത് കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇതാണ് പാലക്കാട് ഡിസിസിയുടെ പുതിയ നിലപാടിന് കാരണം. രാഹുല്‍ മാങ്കൂട്ടത്തിലിനെ സസ്പെന്റ് ചെയ്തത് അച്ചടക്ക നടപടി മാത്രമാണെന്നും അദ്ദേഹത്തെ ഒറ്റപ്പെടുത്തേണ്ടതില്ലെന്നും തങ്കപ്പന്‍ പറഞ്ഞു.'രാഹുല്‍ മാങ്കൂട്ടത്തിലിനെ കാണുമ്പോള്‍ വഴിമാറിപ്പോകേണ്ടതില്ല. അങ്ങനെ ആരും ചെയ്യില്ല. പാലക്കാട്ടെ ജനങ്ങളുടെ കാര്യം നോക്കാനാണ് രാഹുല്‍ മണ്ഡലത്തില്‍ എത്തിയത്. രാഹുല്‍ വരുന്നില്ലെന്നായിരുന്നല്ലോ പരാതി. ഇപ്പോള്‍ വന്നല്ലോ'- തങ്കപ്പന്‍ ചോദിച്ചു.

ലൈംഗിക ആരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ കഴിഞ്ഞ ദിവസമാണ് തന്റെ മണ്ഡലമായ പാലക്കാട്ടേക്ക് എത്തിയത്. വിവാദമുണ്ടായതിന് ശേഷം ആദ്യമായിട്ടാണ് രാഹുല്‍ മണ്ഡലത്തിലെത്തിയത്. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളെയെല്ലാം വിളിച്ചറിയിച്ച ശേഷമാണ് രാഹുല്‍ എത്തിയതെന്നാണ് വിവരം. 38 ദിവസത്തിന് ശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടെത്തിയത്. പാലക്കാട്ടെ പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ മരണവീട്ടിലേക്കാണ് നേരെ പോയത്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രാഹുല്‍ മണ്ഡലത്തില്‍ സജീവമാകണമെന്ന് പല നേതാക്കളും അഭിപ്രായപ്പെട്ടിരുന്നു.

രാഹുല്‍ മണ്ഡലത്തില്‍ വരുന്നതിനോട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും എതിരഭിപ്രായം പറഞ്ഞിട്ടില്ല. ആരോപണങ്ങള്‍ ഒരുപാടുണ്ടായെങ്കിലും ഒരു സ്ത്രീ പോലും പരാതി നല്‍കിയിട്ടില്ലെന്നും അതിനാല്‍ രാഹുല്‍ മാറിനില്‍ക്കേണ്ട ആവശ്യമില്ലെന്നുമാണ് പല നേതാക്കളും പറയുന്നത്. എന്നാല്‍ ആരോപണങ്ങള്‍ രാഹുല്‍ നിഷേധിക്കാത്തതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ത്തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ തല്‍കാലം ഇതൊന്നും ചര്‍ച്ചയാക്കില്ല. രാഹുലിനെതിരായ അന്വേഷണത്തില്‍ പോലീസിന് തെളിവൊന്നും കിട്ടാത്ത സാഹചര്യത്തിലാണ് ഇത്. ഇനി നിയമസഭയില്‍ രാഹുല്‍ വരണമോ എന്നതിലും കോണ്‍ഗ്രസ് ഉടന്‍ തീരുമാനം എടുക്കും.

വാദങ്ങള്‍ക്കൊടുവില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടെ എം എല്‍ എ ഓഫീസിലെത്തിയിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് 4. 15 ന് മൂന്ന് പ്രവര്‍ത്തകര്‍ക്കൊപ്പം എം എല്‍ എ ബോര്‍ഡ് വെയ്ക്കാത്ത സ്വകാര്യ കാറിലാണ് എം എല്‍ എ എത്തിയത്. സ്ഥലത്ത് 20 ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാത്രമാണ് ഉണ്ടായിരുന്നത്. തടയുമെന്നറിയിച്ച ബി ജെ പി പ്രവര്‍ത്തകരാരും സ്ഥലത്തുണ്ടായിരുന്നില്ല. ഓഫീസിലുണ്ടായിരുന്ന പ്രവര്‍ത്തകര്‍ കെട്ടിപ്പിടിച്ചും ഷാളണിയിച്ചും രാഹുലിനെ സ്വീകരിച്ചു. എം എല്‍ എ ഓഫീസിലെ സ്വന്തം കസേരയിലിരുന്ന ശേഷം രണ്ട് പരാതികളും പരിശോധിച്ചു. പ്രവര്‍ത്തകരോട് കുശലം ചോദിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരെ കണ്ടു. ഇപ്പോള്‍ ഒന്നും പറയാനില്ലെന്നും എല്ലാം വിശദമായി പിന്നീട് അറിയിക്കാമെന്നും മാധ്യമ പ്രവര്‍ത്തകരോട് രാഹുല്‍ പറഞ്ഞു. വരും ദിവസങ്ങളിലും മണ്ഡലത്തില്‍ തന്നെയുണ്ടാവുമെന്നും മറ്റൊരു ചോദ്യത്തിനുത്തരമായി പറഞ്ഞു. പ്രതിഷേധങ്ങളെ ഭയപ്പെടുന്നില്ലെന്നും അത് നടക്കട്ടെയെന്നും രാഹുല്‍ പ്രതികരിച്ചു.

ലൈംഗികാരോപണമുയര്‍ന്നതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കിടെ 38 ദിവസത്തിന് ശേഷമായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് എത്തിയത്. രാവിലെ ചില സ്വകാര്യ സന്ദര്‍ശനങ്ങള്‍ക്ക് ശേഷമാണ് പാലക്കാട് എം എല്‍ എ ഓഫീസിലേക്ക് എത്തിയത്. രാവിലെ പാലക്കാട് എത്തിയപ്പോള്‍ വാഹനത്തില്‍ എം എല്‍ എ ബോര്‍ഡ് ഉണ്ടായിരുന്നെങ്കിലും പിന്നീട് കടുത്ത പ്രതിഷേധ സാധ്യത മുന്നില്‍ കണ്ട് വാഹനത്തില്‍ നിന്ന് നെയിം ബോര്‍ഡ് മാറ്റിയിരുന്നു. രാഹുല്‍ എം എല്‍ എ ഓഫീസിലെത്തുന്ന സാഹചര്യത്തില്‍ രാവിലെ ബി ജെ പിയും ഡിവൈഎഫ്‌ഐയും ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. എം എല്‍ എ ഓഫീസിന് രാവിലെ മുതല്‍ കനത്ത പോലീസ് കാവലും ഏര്‍പ്പെടുത്തിയിരുന്നു

Tags:    

Similar News