കെ ആര്‍ മീരയുടെ ദ്രാക്ഷാദി കഷായം പോസ്റ്റ് വായിച്ച് ചിരിച്ച് ചിരിച്ച് ഇല്ലാതായി; കേസ് പേടിച്ച് നിലപാട് മാറ്റിയതിന് അഭിനന്ദനം; ഇതുപുരുഷ വിജയം; താന്‍ ലൈംഗിക അതിക്രമ അനുകൂലിയാണെങ്കില്‍, മീര ഗ്രീഷ്മാനുകൂലിയും കഷായ അനുകൂലിയുമാണെന്നും രാഹുല്‍ ഈശ്വര്‍

കെ ആര്‍ മീര നിലപാട് മാറ്റിയത് പുരുഷ വിജയമെന്ന് രാഹുല്‍ ഈശ്വര്‍

Update: 2025-02-05 12:05 GMT

തിരുവനന്തപുരം: കോഴിക്കോട് നടന്ന സാഹിത്യോത്സവത്തില്‍ കെ.ആര്‍ മീര നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ രാഹുല്‍ ഈശ്വര്‍ പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ എഴുത്തുകാരി നിലപാട് മാറ്റിയിരുന്നു. ടോക്സിക് ആയി പെരുമാറുന്ന പുരുഷന്‍മാര്‍ക്ക് കഷായം കൊടുക്കേണ്ടി വരും എന്നു പറഞ്ഞത് ആയുര്‍വേദ മരുന്നുകളാണ് എന്നാണ് മീര രാഹുലിന് പരോക്ഷ മറുപടി നല്‍കി കൊണ്ട് പോസ്റ്റിട്ടത്.

കേസിനെ പേടിച്ച് എഴുത്തുകാരി കെ ആര്‍ മീര നിലപാട് മാറ്റിയതിനെ അഭിനന്ദിക്കുകയാണെന്നും, ഇത് പുരുഷ വിജയമാണെന്നും രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു. കെആര്‍ മീരയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിച്ച് ചിരിച്ച് ചിരിച്ച് ഇല്ലാതായെന്നും, സത്യസന്ധതയില്ലാതെയാണ് അവര്‍ സംസാരിക്കുന്നതെന്നും രാഹുല്‍ ഈശ്വര്‍ ഫെയ്‌സ്ബുക്കിലെ വീഡിയോ പോസ്റ്റില്‍ പറഞ്ഞു.

'ഒരു വാക്ക് പിഴവ് വന്നുപോയതിനെ അംഗീകരിക്കുന്നു എന്ന് വേണമെങ്കില്‍ മേഡത്തിന് പറയാം, അല്ലെങ്കില്‍ ഒന്നും പറയാതെ മിണ്ടാതിരുന്നുകൂടേ.. കള്ളം പറയാനായി ഒരു മടിയും തോന്നുന്നില്ലേ?.. ഞാന്‍ ഭീഷണിപ്പെടുത്തുന്നു എന്നാണ് മാഡം പറയുന്നത്. എന്നാല്‍ ഞാന്‍ നിങ്ങളെ ഭീഷണിപ്പെടുത്തിയതല്ല, പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഞാന്‍ ഫെമിനിസ്റ്റുകളെപ്പോലെ ഭീഷണിപ്പെടുത്താറില്ല, ചെയ്യുമെന്ന് പറഞ്ഞാല്‍ ഉറപ്പായും ചെയ്തിരിക്കും.

നടന്‍ ദിലീപ് അഗ്‌നിശുദ്ധി വരുത്തി തിരിച്ചുവരുമെന്ന് എനിക്ക് ഉറപ്പാണ്. ദിലീപ്, സിദ്ദിഖ്, എല്‍ദോസ് കുന്നപ്പിള്ളി, വിജയ് ബാബു എന്നിവരുടെ കാര്യത്തിലെല്ലാം ഞാന്‍ പറഞ്ഞത് ശെരിയായി വന്നിട്ടേ ഉള്ളൂ.. ഇവര്‍ക്കെതിരെ എല്ലാം വന്നത് വ്യാജ പരാതികളാണ്. ഞാന്‍ ലൈംഗിക അതിക്രമ അനുകൂലിയാണെങ്കില്‍, നിങ്ങള്‍ ഗ്രീഷ്മാനുകൂലിയും കഷായ അനുകൂലിയുമാണ്. ഏതോ അഡ്വക്കേറ്റ് പറഞ്ഞതനുസരിച്ചാണെന്ന് തോന്നുന്നു ഈ പോസ്റ്റൊക്കെ ഇടുന്നത്. കേസ് വരുമെന്ന ഭയം മാഡത്തിന് വന്നതില്‍ വളരെ സന്തോഷമുണ്ട്.

മാഡത്തിനെപ്പോലെ എസി മുറിയിലിരുന്ന് ആക്ടിവിസ്റ്റായ ആളല്ല ഞാന്‍. ഇത് ഓരോ പുരുഷന്റെയും വിജയമാണ്. ഇനി ഷാരോണിനെപ്പറ്റി അസഭ്യം പറയാന്‍ തീവ്ര ഫെമിനിസ്റ്റ് നിലപാടുള്ളവര്‍ ഒന്നുകൂടി ഒന്ന് ആലോചിക്കണം'- രാഹുല്‍ ഈശ്വര്‍ പറഞ്ഞു.


Full View


കാമുകന്‍മാര്‍ ടോക്സിക് റിലേഷന്‍ തുടര്‍ന്നാല്‍ 'കഷായം കൊടുക്കേണ്ടി വരും' എന്ന് കെ ആര്‍ മീര സാഹിത്യോത്സവത്തില്‍ തമാശമട്ടില്‍ പറഞ്ഞതാണ് വിവാദമായത്. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലാണ് രാഹുല്‍ പരാതി നല്‍കിയത്. ബി.എന്‍.എസ് 352,353,196 ഐ.ടി ആക്ട് 67 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പരാതി നല്‍കിയിരിക്കുന്നത്. മീരയുടെ പ്രസ്താവന കൊലപാതകത്തെ ന്യായീകരിക്കുന്നതാണെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. തന്റെ പുതിയ കുറിപ്പില്‍ പ്രസ്താവനയെ ന്യായീകരിക്കുകയാണ് കെ.ആര്‍ മീര. ടോക്സിക് ആയി പെരുമാറുന്ന പുരുഷന്‍മാര്‍ക്ക് കഷായം കൊടുക്കേണ്ടി വരും എന്നു പറഞ്ഞത് ആയുര്‍വേദ മരുന്നുകളാണ് എന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റ്. ഇത്തരക്കാര്‍ക്കു കഷായങ്ങളോ ആധുനിക ചികില്‍സാശാസ്ത്രപ്രകാരമുള്ള വൈദ്യസഹായമോ അത്യാവശ്യമാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നതായും കെ.ആര്‍ മീര കുറിച്ചു.

'ടോക്സിക് ആയി പെരുമാറുന്ന പുരുഷന്‍മാര്‍ക്ക് കഷായം കൊടുക്കേണ്ടി വരും എന്നു പറഞ്ഞാല്‍, മാനസമിത്രം ഗുളിക ചേര്‍ത്ത ദ്രാക്ഷാദി കഷായം, ബ്രഹ്‌മിദ്രാക്ഷാദി കഷായം തുടങ്ങിയവ ഗുണംചെയ്തേക്കുമെന്നാണ്' ഇതാണ് കെ.ആര്‍ മീരയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലുള്ളത്. രാഹുല്‍ ഈശ്വറിനെ പരോക്ഷമായി വിമര്‍ശിച്ചുള്ള പോസ്റ്റില്‍ താന്‍ ചര്‍ച്ചയില്‍ പറഞ്ഞ വാക്കുകള്‍ അടര്‍ത്തിയെടുത്താണ് ലൈംഗികാതിക്രമ അനുകൂലി പരാതിപ്പെടുന്നത് എന്നാണ് പറയുന്നത്. എന്റെ സംഭാഷണത്തിലെ ഏതു വാക്കാണു പരാതിക്കാരനു ലൈംഗികതാപ്രേരകമായത് എന്നു വ്യക്തമാക്കിയിട്ടില്ല. എന്റെ വാക്കുകള്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഇടയില്‍ സ്പര്‍ധയും കലാപവും ലഹളയും ഉണ്ടാക്കുമെന്ന വാദം അടിസ്ഥാനരഹിതമാണ്. എന്റെ വാക്കുകള്‍ കേട്ടു കേരളത്തിലെവിടെയെങ്കിലും സ്ത്രീകളും പുരുഷന്‍മാരും ഗ്രൂപ്പു തിരിഞ്ഞു ലഹളയുണ്ടാക്കിയതായി റിപ്പോര്‍ട്ടുകളൊന്നും ഇല്ല എന്നും കുറിപ്പിലുണ്ട്.


Tags:    

Similar News