'ലാപ്‌ടോപ്പ് എടുക്കാന്‍ വീട്ടിലേക്ക് കൊണ്ടുപോവുകയാണ്'; പോലീസ് വാഹനത്തില്‍ നിന്ന് അലറി വിളിച്ച് രാഹുല്‍ ഈശ്വര്‍; തെളിവു ശേഖരണത്തിനായി വീട്ടിലെത്തിച്ചപ്പോള്‍ 'രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമായി വീഡിയോ ചെയ്യുന്നത് നിര്‍ത്തണം എന്നാണ് ആവശ്യപ്പെട്ടത്, നിര്‍ത്തില്ല' എന്ന് മാധ്യമങ്ങളോട് രാഹുല്‍ ഈശ്വര്‍; കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി സന്ദീപ് വാര്യരും

'ലാപ്‌ടോപ്പ് എടുക്കാന്‍ വീട്ടിലേക്ക് കൊണ്ടുപോവുകയാണ്

Update: 2025-12-01 06:29 GMT

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നല്‍കിയ യുവതിയെ അധിക്ഷേപിച്ച സംഭവത്തില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറുമായി പോലീസിന്റെ തെളിവെടുപ്പു തുടരുന്നു. രാഹുല്‍ ഈശ്വറിന്റെ ലാപ്‌ടോപ്പ് കണ്ടെത്താന്‍ വേണ്ടി പൗഡിക്കോണത്തുള്ള രാഹുലിന്റെ വീട്ടില്‍ പോലീസെത്തി. പോലീസ് വാഹനത്തില്‍ വെച്ചു തന്നെ 'ലാപ്‌ടോപ്പ് എടുക്കാന്‍ വീട്ടിലേക്ക് കൊണ്ടുപോവുകയാണ്' എന്ന് രാഹുല്‍ അലറി വിളിച്ചു കൊണ്ട് പറഞ്ഞു.

വീട്ടിലെത്തിച്ചപ്പോള്‍ മാധ്യങ്ങളോടായും രാഹുല്‍ സംസാരിച്ചു. 'രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമായി വീഡിയോ ചെയ്യുന്നത് നിര്‍ത്തണം എന്നാണ് ആവശ്യപ്പെട്ടത്, എന്നാല്‍ വീഡിയോ ചെയ്യുന്നത് നിര്‍ത്തില്ല' എന്ന് അദ്ദേഹം പറഞ്ഞു. തെളിവെടുപ്പു പൂര്‍ത്തിയാക്കിയ ശേഷം രാഹുലിനെ കോടതിയില്‍ ഹാജറാക്കും. രാഹുല്‍ ഇന്നു തന്നെ ജാമ്യാപേക്ഷ നല്‍കുമെന്നാണ് സൂചനകള്‍.

കഴിഞ്ഞ ദിവസം പോലീസ് രാഹുലിനെ കസ്റ്റഡിയില്‍ എടുക്കാന്‍ പൗഡികോണത്തെ വീട്ടിലെത്തിയപ്പോള്‍ ലാപ്‌ടോപ്പ് ഓഫീസിലാണെന്നായിരുന്നു രാഹുല്‍ പറഞ്ഞിരുന്നത്. രാഹുല്‍ വീഡിയോ ചിത്രീകരിക്കുന്നതിന് ഇടയിലായിരുന്നു പോലീസ് എത്തിയത്. എങ്ങോട്ടാണ് തന്നെ കൊണ്ടുപോകുന്നതെന്നും ഏഴ് മണിക്കുള്ള ചര്‍ച്ചയ്ക്ക് മുമ്പ് എത്താന്‍ സാധിക്കുമോ എന്നും രാഹുല്‍ ചോദിക്കുന്നത് വീഡിയോയില്‍ കാണാം.

തുടര്‍ന്ന് രാഹുല്‍ മുറിയിലെത്തി ലാപ്‌ടോപ് ഒളിപ്പിക്കുകയും ഇക്കാര്യം വീഡിയോയില്‍ പറയുകയും ചെയ്യുന്നുണ്ട്. 'പോലീസ് ലാപ്‌ടോപ് ചോദിച്ചിട്ടുണ്ട്. ഇപ്പോള്‍ തന്നെ എടുത്ത് മാറ്റട്ടെ. ഞാന്‍ തിരിച്ചെത്തിയില്ലെങ്കില്‍ വീഡിയോ അപ്ലോഡ് ചെയ്യും. ചുമ്മാ പേടിപ്പിക്കാന്‍ നോക്കുകയാണ്. എന്നെ അറസ്റ്റ് ചെയ്യുമോ എന്ന് സംശയമുണ്ട്. നമുക്ക് കാണാം', എന്നാണ് വീഡിയോയില്‍ രാഹുല്‍ ഈശ്വര്‍ പറയുന്നത്.

തുടര്‍ന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്ത രാഹുലിനെ പോലീസ് മണിക്കൂറുകളോളം ചോദ്യംചെയ്യുകയും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. രാഹുല്‍ നേരത്തെ ചിത്രീകരിച്ച വീഡിയോ ഇതിനിടയില്‍ പുറത്തുവരികയും ലാപ്‌ടോപ് വീട്ടില്‍ത്തന്നെയാണ് ഉള്ളതെന്ന് വ്യക്തമാകുകയും ചെയ്തു. തുടര്‍ന്നാണ് ഒളിപ്പിച്ച ലാപ്‌ടോപ് കസ്റ്റഡിയിലെടുക്കുന്നതിനായി പോലീസ് രാഹുലുമായി വീട്ടിലെത്തിയത്.

തന്നെ പ്രതിയാക്കി സൈബര്‍ അതിക്രമ പരാതി നല്‍കിയതില്‍ കോണ്‍ഗ്രസ് നേതാവ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി സന്ദീപ് വാര്യരും. കേസിലെ നാലാം പ്രതിയായി സന്ദീപ് ശാസ്തമംഗലം അജിത് കുമാര്‍ വഴി മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നാണ് വിവരം. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരേ പരാതി നല്‍കിയ യുവതിക്കെതിരേ വ്യാപകമായ സൈബറാക്രമണം നേരിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ശക്തമായ നടപടിയാണ് പോലീസ് സ്വീകരിച്ചുവരുന്നത്. യുവതിക്കെതിരേ സൈബറാക്രമണം നടത്തുന്ന പ്രൊഫൈലുകള്‍ സൈബര്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്.

കഴിഞ്ഞദിവസം അഞ്ചുപേര്‍ക്കെതിരേ കേസെടുത്തിരുന്നു. അതില്‍ നാലാം പ്രതിയാണ് സന്ദീപ് വാര്യര്‍. കേസില്‍ അഞ്ചാം പ്രതിയാണ് രാഹുല്‍ ഈശ്വര്‍. യുവതിയെ തിരിച്ചറിയാന്‍കഴിയുന്നതരം പരാമര്‍ശം യുറ്റിയൂബ് വീഡിയോയിലൂടെ നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് രാഹുല്‍ ഈശ്വറിനെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ചെയ്തത്. സന്ദീപ് വാരിയര്‍ തന്റെ സാമൂഹികമാധ്യമ പേജില്‍ ഉള്‍പ്പെടുത്തിയിരുന്ന പരാമര്‍ശം ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ പോസ്റ്റ്.

എന്നാല്‍, പരാതിക്കാരിയുടെ ഐഡന്റിറ്റി വെളിപ്പെടുന്നതരത്തില്‍ ഒരു പരാമര്‍ശവും തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന സന്ദീപ് വാരിയര്‍ ഫെയ്സ്ബുക്കിലൂടെ പിന്നീട് വിശദീകരിച്ചു. പരാതിക്കാരിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയത് ഡിവൈഎഫ്ഐ ആണെന്നും ആരോപിച്ചു. അതിജീവിതയ്‌ക്കെതിരായ രഞ്ജിത പുളിക്കന്റെയും ദീപാ ജോസഫിന്റെയും ഫെയ്സ്ബുക്ക് കുറിപ്പുകളാണ് അവരെ പ്രതികളാക്കുന്നതിന് കാരണമായത്. അതിജീവിതയെ തിരിച്ചറിയുന്നവിധത്തില്‍ പരാമര്‍ശം നടത്തി, സ്ത്രീത്വത്തെ അപമാനിച്ചു എന്നീ കുറ്റങ്ങളും ഐടി നിയമത്തിലെ വകുപ്പുകളും ഉള്‍പ്പെടുത്തിയാണ് കേസ്.

മുന്നറിയിപ്പൊന്നും ഇല്ലാതെയായിരുന്നു കഴിഞ്ഞ ദിവസം രാഹുല്‍ ഈശ്വറിനെ വീട്ടില്‍ എത്തി പോലീസ് കസ്റ്റഡയില്‍ എടുത്തത്. സമാനമായ സാഹചര്യം മുന്നില്‍ കണ്ടാണ് സന്ദീപ് വാര്യരും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മുമ്പോട്ട് പോകുന്നത്. കോടതിയില്‍നിന്ന് പ്രതികൂല നടപടി ഉണ്ടായാല്‍ സന്ദീപ് വാര്യരേയും അറസ്റ്റ് ചെയ്‌തേക്കാം. ഇലക്ട്രോണിക് ഡിവൈസ് അടക്കമുള്ളവ പിടിച്ചെടുക്കാനും സാധ്യതയുണ്ട്.

Tags:    

Similar News