ഡല്‍ഹിയിലെ അപകടം; സര്‍ക്കാരിന്റെ നിര്‍വികാരതയും റെയില്‍വേയുടെ പരാജയവും ഒരിക്കല്‍ കൂടി തെളിയിക്കുന്നു; സ്റ്റേഷനില്‍ മെച്ചപ്പെട്ട ക്രമീകരണങ്ങള്‍ ഒരുക്കേണ്ടതായിരുന്നുവെന്ന് രാഹുല്‍; മരിച്ചവരുടെ എണ്ണം മറച്ചുവെക്കുന്നുവെന്ന് ഖാര്‍ഗെ

Update: 2025-02-16 06:59 GMT

ന്യൂഡല്‍ഹി: കുംഭമേള തീര്‍ത്ഥാടകര്‍ ഇരച്ചുകയറിയതിനെ തുടര്‍ന്ന് ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായ അപകടത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കേന്ദ്രത്തിനെ വിമര്‍ശിച്ചു രംഗത്ത് വന്നു. അപകടത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ പതിനെട്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

'അങ്ങേയറ്റം ദുഃഖകരവും വേദനാജനകവുമായ വാര്‍ത്തയാണിത്. മരിച്ചവരുടെ കുടുംബാംഗങ്ങളോട് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവര്‍ എത്രയും വേഗത്തില്‍ സുഖംപ്രാപിക്കട്ടെ. ഈ സംഭവത്തില്‍ കൂടി സര്‍ക്കാരിന്റെ നിര്‍വികാരതയും റെയില്‍വേയുടെ പരാജയവും ഒരിക്കല്‍ കൂടി തെളിയിക്കുകയാണ്. പ്രയാഗ് രാജിലേക്ക് പോകുന്ന ഭക്തജനങ്ങളുടെ ബാഹുല്യം കണക്കിലെടുത്ത് സ്റ്റേഷനില്‍ മെച്ചപ്പെട്ട ക്രമീകരണങ്ങള്‍ ഒരുക്കേണ്ടതായിരുന്നു. കെടുകാര്യസ്ഥതയും അനാസ്ഥയും മൂലം ആര്‍ക്കും ജീവന്‍ നഷ്ടപ്പെടാതിരിക്കാന്‍ സര്‍ക്കാരും ഭരണകൂടവും ശ്രദ്ധിക്കണമെന്നും രാഹുല്‍ ഗാന്ധി എക്‌സ് പ്ലാറ്റ് ഫോമില്‍ കുറിച്ചു.

'ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേര്‍ മരിച്ചെന്ന വാര്‍ത്ത അങ്ങേയറ്റം വേദനാജനകമാണ്. അവിടെ നിന്നുള്ള വീഡിയോകള്‍ ഹൃദയഭേദകമാണ്. അപകടത്തില്‍പെട്ട് മരിച്ചവരുടെ എണ്ണമടക്കം മറച്ചുവെക്കാനാണ് മോദിസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് തികച്ചും ലജ്ജാകരവും അപലപനീയവുമാണ്. അപകടത്തില്‍ എത്രപേര്‍ മരിച്ചു, എത്രപേര്‍ക്ക് പരിക്കേറ്റു എന്ന വിവരങ്ങള്‍ എത്രയും പെട്ടെന്ന് തന്നെ പുറത്തുവിടണം. കാണാതായവരെക്കുറിച്ചുള്ള വിവരങ്ങള്‍ എത്രയും പെട്ടെന്ന് തന്നെ ഉറപ്പുവരുത്തണം. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് എത്രയും പെട്ടെന്ന് തന്നെ മതിയായ ചികിത്സ ഉറപ്പുവരുത്തണം. മരിച്ചവരുടെ കുടുംബാഗങ്ങളോട് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു - മല്ലികാര്‍ജുന്‍ ഖാര്‍ഗെ എക്‌സ് പ്ലാറ്റ് ഫോമില്‍ കുറിച്ചു.

ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ശനിയാഴ്ച രാത്രിയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മൂന്നുകുട്ടികളടക്കം 18-ഓളം പേര്‍ മരിച്ചിരുന്നു. മരിച്ചവരില്‍ കൂടുതല്‍പ്പേരും സ്ത്രീകളാണ്. ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. ഇവരെ ഡല്‍ഹിയിലെ എല്‍.എന്‍.ജെ.പി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി പത്തോടെയാണ് സംഭവം.

കുംഭമേളയ്ക്ക് പോകാന്‍ ആളുകള്‍ കൂട്ടത്തോടെയെത്തിയതാണ് അപകടകാരണമെന്നാണ് വിവരം. റെയില്‍വേ സ്റ്റേഷനിലെ 13, 14 നമ്പര്‍ പ്‌ളാറ്റ്‌ഫോമുകളില്‍ പ്രയാഗ് രാജിലേക്കുള്ള പ്രത്യേക തീവണ്ടി വൈകിവന്നതോടെ യാത്രക്കാര്‍ തിക്കും തിരക്കും കൂട്ടുകയായിരുന്നു. തീവണ്ടി വരുന്നതിനുമുന്‍പുതന്നെ ഒട്ടേറെ യാത്രക്കാര്‍ സ്റ്റേഷനിലെത്തിയിരുന്നു.

Tags:    

Similar News