സ്വന്തം പേരില്‍ ഹോട്ടല്‍ മുറി എടുത്തതിനും പരാതി വൈകിയതിനും വ്യക്തമായ കാരണങ്ങളുണ്ട്; ഒപ്പിടാന്‍ വൈകിയത് കൊണ്ട് കേസ് ഇല്ലാതാകില്ല; സൈബര്‍ ആക്രമണ ഭയം അതിജീവിതയെ തളര്‍ത്തി; ബലാത്സംഗം എന്ന കുറ്റകൃത്യം പ്രഥമദൃഷ്ട്യാ നിലനില്‍ക്കും; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം തള്ളിയ വിധിയിലെ കോടതി നിരീക്ഷണങ്ങള്‍
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം തള്ളിയ വിധിയിലെ കോടതി നിരീക്ഷണങ്ങള്‍
തിരുവല്ല: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ പ്രതിയായ കേസില്‍ ജാമ്യം നിഷേധിച്ച വിധിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നു. പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദമുഖങ്ങളും ജാമ്യാപേക്ഷയിലെ തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജി അരുന്ധതി ദിലീപിന്റെ വിധിയും ഇങ്ങനെയാണ്.
കേസിന്റെ പശ്ചാത്തലം
സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ സ്വാധീനിച്ച്, തിരുവല്ലയിലെ ഹോട്ടലില്‍ മുറി ബുക്ക് ചെയ്യിപ്പിക്കുകയും അവിടെ വെച്ച് ബലാത്സംഗം ചെയ്യുകയും ചെയ്തു എന്നതാണ് ഹര്‍ജിക്കാരനായ (പ്രതി) എം.എല്‍.എയ്‌ക്കെതിരെയുള്ള കേസ്. 2024 ഏപ്രില്‍ 8-നാണ് സംഭവം നടന്നതായി പരാതിയില്‍ പറയുന്നത്. പ്രതിയെ 2026 ജനുവരി 11-ന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
പ്രോസിക്യൂഷന്‍ ഉന്നയിച്ച പ്രധാന ആരോപണങ്ങള്‍
അതിജീവിതയുടെ കലുഷിതമായ ദാമ്പത്യ ജീവിതത്തില്‍ ആശ്വാസം നല്‍കിക്കൊണ്ടാണ് വിശ്വാസം നേടിയെടുത്ത് പ്രതി ബന്ധം സ്ഥാപിച്ചത്. പൊതുജനമധ്യത്തില്‍ തന്നെ തിരിച്ചറിയുമെന്ന കാരണത്താല്‍ റെസ്റ്റോറന്റിലെ കൂടിക്കാഴ്ച ഒഴിവാക്കി അതിജീവിതയുടെ പേരില്‍ തന്നെ ഹോട്ടല്‍ മുറി എടുക്കാന്‍ പ്രതി നിര്‍ബന്ധിച്ചു.: മുറിയില്‍ പ്രവേശിച്ച ഉടന്‍ പ്രതി ഇരയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും, എതിര്‍ത്തപ്പോള്‍ മര്‍ദ്ദിക്കുകയും മുഖത്ത് തുപ്പുകയും ചെയ്തു. വദനരതിക്കും നിര്‍ബന്ധിച്ചു.
പീഡനത്തെത്തുടര്‍ന്ന് അതിജീവിത ഗര്‍ഭിണിയായെങ്കിലും അത് ഗര്‍ഭഛിദ്രത്തില്‍ കലാശിച്ചു. വിവരമറിഞ്ഞ പ്രതി അതിജീവിതയുടെ സഹോദരിയുടെ വിവാഹം മുടക്കുമെന്നും പിതാവിനെ അപായപ്പെടുത്തുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി.
പ്രതിഭാഗത്തിന്റെ വാദങ്ങള്‍
ഇരുവരും തമ്മിലുണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള (Consensual) ബന്ധമായിരുന്നു. അതിജീവിത സ്വന്തം പേരിലാണ് മുറി ബുക്ക് ചെയ്തത് എന്നത് ഇതിന് തെളിവാണ്. പരാതി നല്‍കുന്നതില്‍ അമിതമായ കാലതാമസമുണ്ടായി. ബി.എന്‍.എസ്.എസ് (BNSS) പ്രകാരം മൂന്ന് ദിവസത്തിനുള്ളില്‍ ഇര എഫ്.ഐ.എസില്‍ ഒപ്പിട്ടില്ലെന്നും നിര്‍ബന്ധിത വൈദ്യപരിശോധന നടത്തിയിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു.
വിധി പകര്‍പ്പില്‍ നിന്ന്:
'ഇര താനുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധത്തിലായിരുന്നുവെന്നും അവള്‍ അവിവാഹിതയാണെന്ന ധാരണയിലായിരുന്നു താനെന്നും ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ അമിതമായ താമസം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം സമര്‍പ്പിച്ചു. ഐ.പി.സി സെക്ഷന്‍ 376 പ്രകാരം ഒരു കുറ്റം രജിസ്റ്റര്‍ ചെയ്തതുകൊണ്ടുമാത്രം അത് പ്രതി കുറ്റക്കാരനാണെന്ന് വിശ്വസിക്കാന്‍ തക്ക കാരണമാകുന്നില്ലെന്നും, പ്രത്യേകിച്ച് ആരോപണങ്ങള്‍ അവിശ്വസനീയവും സമകാലികമായ തെളിവുകള്‍ക്ക് വിരുദ്ധവും മെഡിക്കല്‍ അല്ലെങ്കില്‍ ഫോറന്‍സിക് തെളിവുകളുടെ പിന്തുണയില്ലാത്തതുമാകുമ്പോള്‍ ഇത് പ്രസക്തമാണെന്നും അധിക കാരണങ്ങളായി ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. കൂടാതെ, ഇലക്ട്രോണിക് ആശയവിനിമയമായിരുന്ന എഫ്.ഐ.എസില്‍ (എകട) മൂന്ന് ദിവസത്തിനുള്ളില്‍ ഇര ഒപ്പിട്ടില്ലെന്നും, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS), 2023 സെക്ഷന്‍ 184(1) പ്രകാരം വിഭാവനം ചെയ്തിട്ടുള്ള ഇരയുടെ നിര്‍ബന്ധിത വൈദ്യപരിശോധന ഈ കേസില്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം ബോധിപ്പിച്ചു. 11/01/2026 അര്‍ദ്ധരാത്രി 12.30-ന് തന്നെ കസ്റ്റഡിയിലെടുത്തതായും അറസ്റ്റിന്റെ കാരണങ്ങള്‍ ഉടനടി തന്നെ അറിയിച്ചില്ലെന്നും ഹര്‍ജിക്കാരന്‍ സമര്‍പ്പിച്ചു.
തിരുവല്ലയിലെ ഹോട്ടലില്‍' ഇര സ്വന്തം പേരിലാണ് മുറി ബുക്ക് ചെയ്തതെന്നും, ഇത് ഹര്‍ജിക്കാരനെ കാണാന്‍ അവള്‍ സ്വന്തം ഇഷ്ടപ്രകാരം യാത്ര ചെയ്തുവെന്നാണ് കാണിക്കുന്നതെന്നും, ഇത് അവര്‍ തമ്മിലുള്ള ഉഭയസമ്മതപ്രകാരമുള്ള ബന്ധത്തെ സൂചിപ്പിക്കുന്നുവെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ ശക്തമായി വാദിച്ചു.
എതിര്‍വാദം
അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തു. ഹര്‍ജിക്കാരന്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും, ഹര്‍ജിക്കാരന്റെ കസ്റ്റഡിയിലുള്ള ചോദ്യം ചെയ്യല്‍ അവസാനിച്ചതുകൊണ്ട് മാത്രം അന്വേഷണം പൂര്‍ത്തിയായെന്ന് പറയാനാവില്ലെന്നും അദ്ദേഹം ബോധിപ്പിച്ചു. ഹര്‍ജിക്കാരന്‍ ഒരു നിലവിലുള്ള എം.എല്‍.എ (MLA) ആണെന്നും, സാക്ഷികളെ ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാനോ തെളിവുകള്‍ നശിപ്പിക്കാനോ ഉള്ള എല്ലാ സാധ്യതകളുമുണ്ടെന്നും അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ എടുത്തുപറഞ്ഞു. ഈ കേസില്‍ ഇരയ്‌ക്കെതിരെ നിലവില്‍ സൈബര്‍ ആക്രമണം നടക്കുന്നുണ്ടെന്നും, ഹര്‍ജിക്കാരനെ ജാമ്യത്തില്‍ വിട്ടയച്ചാല്‍ ഇരയുടെ ജീവന്‍ അപകടത്തിലാകുമെന്നും ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരന്റെ സമാനമായ മുന്‍കാല ചരിത്രവും അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് പ്രകാരം കേസിന്റെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. ഹര്‍ജിക്കാരന്‍ അന്വേഷണത്തോട് സഹകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. സാക്ഷികളെ ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാനോ ഉള്ള എല്ലാ സാധ്യതയുമുണ്ട്. ഈ കേസിലെ ഇരയ്‌ക്കെതിരെയും, ഹര്‍ജിക്കാരനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മറ്റ് കേസുകളിലെ ഇരകള്‍ക്കെതിരെയും ഹര്‍ജിക്കാരന്റെ പ്രേരണയാല്‍ സൈബര്‍ ആക്രമണം നടക്കുന്നുണ്ട്. ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്താനുള്ള സാധ്യതയുമുണ്ട്. ഹര്‍ജിക്കാരനെ ജാമ്യത്തില്‍ വിടുന്നത് കേസിന്റെ അന്വേഷണത്തെ തടസ്സപ്പെടുത്തുമെന്നും ബോധിപ്പിച്ചു.
കോടതിയുടെ നിരീക്ഷണങ്ങളും കണ്ടെത്തലുകളും
ഹര്‍ജിക്കാരന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി നടത്തിയ പ്രധാന നിരീക്ഷണങ്ങള്‍ താഴെ പറയുന്നവയാണ്:
ഇരയുടെ മൊഴി പരിശോധിക്കുമ്പോള്‍ ഇത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്ന് പ്രഥമദൃഷ്ട്യാ കരുതാനാവില്ല. പരാതി നല്‍കാന്‍ വൈകിയതിനും സ്വന്തം പേരില്‍ മുറി എടുത്തതിനും വ്യക്തമായ കാരണങ്ങള്‍ ഇര എഫ്.ഐ.എസില്‍ നല്‍കിയിട്ടുണ്ട്. സമാനമായ മറ്റ് കേസുകളിലെ ഇരകള്‍ നേരിട്ട സൈബര്‍ ആക്രമണങ്ങള്‍ പരാതിക്കാരിയെ ഭയപ്പെടുത്തിയിരുന്നു.
'എഫ്.ഐ.എസ് (FIS) സൂക്ഷ്മമായി പരിശോധിച്ചതില്‍ നിന്നും, ഒരു റെസ്റ്റോറന്റില്‍ വെച്ച് കൂടിക്കാഴ്ച നടത്തണമെന്ന് ഇര പ്രത്യേകം ആവശ്യപ്പെട്ടിട്ടും ഹര്‍ജിക്കാരന്‍ അവളെ പ്രേരിപ്പിച്ച് ഹോട്ടല്‍ മുറി ബുക്ക് ചെയ്യിപ്പിച്ചതായി വ്യക്തമാകുന്നു. മുറി ബുക്ക് ചെയ്ത ശേഷം ഹര്‍ജിക്കാരനോടൊപ്പം സംസാരിക്കാനായി പുറത്തുപോകാമെന്നാണ് ഇര കരുതിയത്, എന്നാല്‍ മുറിയില്‍ പ്രവേശിച്ച ഉടന്‍ ഹര്‍ജിക്കാരന്‍ അവളെ നേരിട്ട് ബലാത്സംഗം ചെയ്യുകയായിരുന്നു. ഇരയുടെ പ്രസ്താവന ഹര്‍ജിക്കാരന്‍ ആരോപിക്കുന്നത് പോലെ പ്രഥമദൃഷ്ട്യാ ഒരു ഉഭയസമ്മതപ്രകാരമുള്ള (consensual) ബന്ധത്തെ ഒരിടത്തും സൂചിപ്പിക്കുന്നില്ല. ഹര്‍ജിക്കാരനെതിരെയുള്ള ആരോപണങ്ങള്‍ ഗൗരവകരവും കഠിനവുമാണ്. ലഭ്യമായ രേഖകളില്‍ നിന്നും, ബലാത്സംഗം എന്ന കുറ്റകൃത്യത്തിന് ആവശ്യമായ ഘടകങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നുണ്ടെന്ന് എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഇര സ്വന്തം പേരില്‍ മുറി ബുക്ക് ചെയ്തതിനെക്കുറിച്ചും എഫ്.ഐ.ആര്‍ (FIR) രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതിനെക്കുറിച്ചുമുള്ള ഹര്‍ജിക്കാരന്റെ വാദങ്ങള്‍ക്ക് ഇര എഫ്.ഐ.എസില്‍ കൃത്യമായ കാരണങ്ങള്‍ വിവരിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.'
ബി.എന്‍.എസ്.എസ് വ്യവസ്ഥകള്‍: ഇലക്ട്രോണിക് രേഖയില്‍ മൂന്ന് ദിവസത്തിനുള്ളില്‍ ഒപ്പിട്ടില്ല എന്നതുകൊണ്ട് മാത്രം കേസ് ഇല്ലാതാകുന്നില്ല. അത്തരം വീഴ്ചകള്‍ക്കുള്ള പ്രത്യാഘാതങ്ങള്‍ നിയമത്തില്‍ പ്രത്യേകമായി പറയുന്നില്ല.
പ്രതി ഒരു ജനപ്രതിനിധിയായതിനാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും വലിയ സാധ്യതയുണ്ട്. നിലവില്‍ ഇരയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ബുള്ളിയിംഗ് ഇതിന് തെളിവാണ്.
