തടസ്സങ്ങള്‍ നീങ്ങി; ഒളിവുജീവിതം അവസാനിപ്പിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍; തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ വോട്ട് ചെയ്യാന്‍ പാലക്കാട്ടെത്തി; സമ്മതിദാനാവകാശം വിനിയോഗിച്ചത് കുന്നത്തൂര്‍മേട് സൗത്ത് സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെ ബൂത്ത് നമ്പര്‍ രണ്ടില്‍; കോടതി തീരുമാനിക്കും സത്യം ജയിക്കുമെന്ന് രാഹുല്‍; എംഎല്‍എ ആയ ശേഷമുള്ള രാഹുലിന്റെ ആദ്യ തദ്ദേശ തിരഞ്ഞെടുപ്പ്

ഒളിവുജീവിതം അവസാനിപ്പിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

Update: 2025-12-11 11:27 GMT

പാലക്കാട്: ഒളിവു ജീവിതം അവസാനിപ്പിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ട് വോട്ട് ചെയ്യാന്‍ എത്തി. മുന്‍കൂര്‍ ജാമ്യം കിട്ടിയതോടെയാണ് പാലക്കാട് എംഎല്‍എ ഒളിവുജീവിതം അവസാനിപ്പിച്ചത്. ബലാത്സംഗക്കേസില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

പാലക്കാട് നഗരസഭയിലെ കുന്നത്തൂര്‍മേട് സൗത്തിലെ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെ ബൂത്ത് നമ്പര്‍ രണ്ടിലാണ് രാഹുല്‍ വോട്ട് ചെയ്തത്. അദ്ദേഹം താമസിക്കുന്ന ഫ്ലാറ്റ് ഈ വാര്‍ഡിലാണ് സ്ഥിതിചെയ്യുന്നത്. ഇത് കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണ്. എംഎല്‍എ ആയതിനു ശേഷമുള്ള രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ആദ്യ തദ്ദേശ തിരഞ്ഞെടുപ്പാണിത്. കോടതി തീരുമാനിക്കും, സത്യം ജയിക്കുമെന്ന് മാത്രമാണ് രാഹുല്‍ പ്രതികരിച്ചത്.

ബെംഗളൂരുവില്‍ താമസിക്കുന്ന 23 വയസ്സുകാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസില്‍ മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചതോടെയാണ് രാഹുല്‍ മണ്ഡലത്തില്‍ നിന്നും ഒളിവില്‍ പോയത്. പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എസ്.നസീറയാണ് രാഹുലിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരായി ഒപ്പിടണം. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്. അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യം ലഭിച്ചതോടെ ദിവസങ്ങളായി ഒളിവിലായിരുന്ന രാഹുലിന് ഇപ്പോള്‍ കേരളത്തിലേക്ക് എത്താന്‍ സാധിക്കും. ഈ കേസില്‍ ജാമ്യാപേക്ഷയില്‍ വാദം നടക്കാനിരിക്കുന്നതേയുള്ളു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ രാഹുല്‍ പാലക്കാട് സജീവമായിരുന്നു.

ആദ്യം രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസില്‍ കഴിഞ്ഞ ദിവസം രാഹുലിന്റെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി കേസ് വീണ്ടും 15നാണ് പരിഗണിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ രാഹുലിന് ഒരു കാരണവശാലും ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.

Tags:    

Similar News