ചട്ടവും നിയമവും പറഞ്ഞ് വരണാധികാരിക്ക് മുന്നില്‍ കത്തിക്കയറിയതോടെ പത്രിക സ്വീകരിച്ച് റിട്ടേണിങ് ഓഫീസര്‍; യുവതിയുമായുളള വാട്‌സാപ് ചാറ്റും ശബ്ദരേഖയും പുറത്തുവന്നത് പാലക്കാട് യുഡിഎഫിന്റെ പോരാളിയായി തെരഞ്ഞെടുപ്പു ഗോദയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നിറഞ്ഞുനില്‍ക്കെ; രാഷ്ട്രീയലക്ഷ്യത്തോടെ ആസൂത്രിത നീക്കമോ? നിയമപരമായി മുന്നോട്ടുപോകുമെന്ന് രാഹുലും

വാട്‌സാപ് ചാറ്റും ശബദരേഖയും പുറത്തുവന്നത് തെരഞ്ഞെടുപ്പു ഗോദയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നിറഞ്ഞുനില്‍ക്കെ

Update: 2025-11-24 12:14 GMT

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ആരോപണങ്ങള്‍ രാഷ്ട്രീയലക്ഷ്യം വെച്ചുള്ളതോ ? വിവാദങ്ങള്‍ പതിയെ കെട്ടടങ്ങി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി പൊതുരംഗത്ത് കൂടുതല്‍ സജീവമാകുന്നതിനിടെയിലാണ് രാഹുലിനെ വെട്ടിലാക്കി വീണ്ടും ലൈം ഗികാരോപണം പുറത്തുവന്നിരിക്കുന്നത്. ഒരുയുവതിയെ ഗര്‍ഭധാരണത്തിനും ഗര്‍ഭഛിദ്രത്തിനും നിര്‍ബന്ധിക്കുന്ന ശബ്ദരേഖയും ചാറ്റുകളുമാണ് പുറത്ത് വന്നത്. ഇതോടെ, സോഷ്യല്‍ മീഡിയയില്‍ സിപിഎം അനുകൂല പ്രൊഫൈലുകളില്‍ രാഹുലിനെ താറടിക്കുന്ന പോസ്റ്റുകള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടുതുടങ്ങി.

തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ, രാഷ്ട്രീയ ലക്ഷ്യത്തോടുള്ള നീക്കങ്ങളാണിതെന്നാണ് കോണ്‍ഗ്രസിനുള്ളിലെ അണികള്‍ക്കിടിയില്‍ ഒരു വിഭാഗത്തിന്റെ നിലപാട്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കായി വീടുകയറി വോട്ടുചോദിക്കുന്നതിനും രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍നിരയിലുണ്ടായിരുന്നു. പാലക്കാട് നഗരസഭ തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് രാഹുലും. എന്നാല്‍ സസ്‌പെന്‍ഷനിലുള്ള നേതാവിന്റെ കളം നിറഞ്ഞുള്ള പ്രവര്‍ത്തനത്തിന് എതിര്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ നിന്നും കോണ്‍ഗ്രസിലെ തന്നെ ചില വിഭാഗങ്ങളില്‍ നിന്നുമുള്ള അതൃപ്തിക്ക് വഴിവെച്ചിട്ടുണ്ട്. ഇത് മറ്റൊരു രൂപത്തില്‍ ഇപ്പോള്‍ പുറത്തുവന്നതാണെന്ന് വാദിക്കുന്നവരുമുണ്ട്.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം രാഹുല്‍, സ്ഥാനാര്‍ഥിയുടെ പോസ്റ്റര്‍ ഒട്ടിക്കാന്‍ ഉള്‍പ്പടെ രംഗത്തിറിങ്ങിയിരുന്നു. ഇതിന്റെ റീല്‍ തന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകളിലുള്‍പ്പടെ രാഹുല്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം പാലക്കാട് മുന്‍സിപാലിറ്റിയില്‍ കോണ്‍ഗ്രസുകാരനായ സ്ഥാനാര്‍ഥിയുടെ പത്രിക തളളിക്കാന്‍ ശ്രമങ്ങള്‍ നടന്നപ്പോള്‍, സജീവമായി ഇടപെട്ട് അതിനെ ചെറുത്തു തോല്‍പ്പിച്ച് യുഡിഎഫ് പ്രവര്‍ത്തകരുടെ ഹീറോയായി മാറി പാലക്കാട് എംഎല്‍എ.

പ്രവര്‍ത്തകര്‍ക്കൊപ്പം നിന്ന് വരണാധികാരിക്ക് മുന്നില്‍ ചട്ടവും നിയമവും പറഞ്ഞ് രാഹുല്‍ വാദിച്ചപ്പോള്‍ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു. പാലക്കാട് നഗരസഭയിലെ 41-ാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.എസ് വിപിന്റെ നോമിനേഷന്‍ തള്ളണമെന്ന് ബിജെപി സംസ്ഥാന ട്രഷറര്‍ കൃഷ്ണകുമാര്‍ ഉന്നയിച്ചപ്പോള്‍ ഇലക്ഷന്‍ കമ്മീഷന്റെ സര്‍ക്കുലര്‍ പ്രകാരം മത്സരിക്കുന്നതിന് യാതൊരു അയോഗ്യതയും ഇല്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ വാദിക്കുകയായിരുന്നു. സംവാദത്തിനു ശേഷം റിട്ടേണിങ് ഓഫീസര്‍ പത്രിക സ്വീകരിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഷനിലാണെങ്കിലും പാലക്കാട് മണ്ഡലത്തില്‍ നിറഞ്ഞു നിന്ന് പാര്‍ട്ടിക്കും മുന്നണിക്കും വേണ്ടി പ്രയത്‌നിക്കുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. നേതൃതലത്തില്‍ തന്നെ എതിര്‍ക്കുന്നവരെ അണികളുടെ ബലത്തില്‍ താരമാകുകയിരുന്നു രാഹുല്‍.അങ്ങനെ എല്ലാ അര്‍ഥത്തിലും, തിളങ്ങി തന്റെ പഴയ ഇമേജ് വീണ്ടെടുക്കുന്നിതിനിടെ ഉയര്‍ന്നുവന്ന ഈ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് വാദിക്കുന്നവരും കുറവല്ല.


രാഹുലിന്റെ കൃത്യസമയത്തുള്ള ഇടപെടലാണ് ഇവിടെ വിജയിച്ചത്. രാഹുലിന്റെ ഇടപെടല്‍ പ്രവര്‍ത്തകരിലും ആവേശമുണ്ടാക്കിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പാലക്കാട് സജീവമാകാനാണ് രാഹുല്‍ ഒരുങ്ങുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രചരണം നടത്തുന്നതില്‍ തെറ്റില്ലെന്ന് വി കെ ശ്രീകണ്ഠന്‍ എംപിയും നേരത്തെ വ്യക്തമാക്കിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടില്ല. സസ്പെന്റ് ചെയ്യുക മാത്രമാണ് ചെയ്തത്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഇപ്പോഴും യുഡിഎഫ് എംഎല്‍എയാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയുടെ ഔദോഗിക പാര്‍ട്ടി ചര്‍ച്ചകളില്‍ പങ്കെടുക്കാറില്ല. യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കായി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രചരണം നടത്തുന്നതില്‍ തെറ്റില്ലെന്നും വി കെ ശ്രീകണ്ഠന്‍ പറഞ്ഞിരുന്നു.

പാലക്കാട് മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക റോളില്‍ തന്നെ രാഹുല്‍ മാങ്കൂട്ടത്തിലുണ്ട്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപന വേദിയില്‍ അടക്കം രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിരുന്നു. പാലക്കാട് കണ്ണാടി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപന വേദിയിലാണ് രാഹുല്‍ പങ്കെടുത്തത്. നേരത്തെ കണ്ണാടിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചയില്‍ രാഹുല്‍ പങ്കെടുത്തിരുന്നു.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുട്ടട ഡിവിഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിനെ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ ശ്രമിച്ച വേളയിലും സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ രംഗത്തുവന്നിരുന്നു. സിപിഎം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്തത്. 24 വയസ്സ് പ്രായമുള്ള, കന്നിയങ്കത്തിനു ഇറങ്ങുന്ന ഒരു കെഎസ്യുക്കാരിയുടെ സ്ഥാനാര്‍ഥിത്വം നിങ്ങള്‍ക്ക് ഇത്രമേല്‍ അസ്വസ്ഥത ഉണ്ടാക്കിയെങ്കില്‍ നിങ്ങളുടെ കൗണ്ട് ഡൗണ്‍ തുടങ്ങി എന്ന് നിങ്ങള്‍ തന്നെ സമ്മതിക്കുന്നു പിണറായിസ്റ്റുകളെ, എന്നാണ് എംഎല്‍എ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

പാലക്കാട് മണ്ഡലത്തില്‍ രാഹുലിനെ തടയുമെന്ന് പ്രഖ്യാപിച്ച സിപിഎമ്മും ബിജെപിയുമെല്ലാം ആ നീക്കം ഉപേക്ഷിച്ചിരിക്കുകയായിരുന്നു. അതിനിടെയാണ് വീണ്ടും വാട്‌സാപ് ചാറ്റും, ഓഡിയോ ക്ലിപ്പും പുറത്തുവന്നത്.


Full View

കേസ് ഇഴയുന്നു; യുവതി മൊഴി നല്‍കിയില്ല

നേരത്തെ സമാനമായ ശബ്ദരേഖകളും ചാറ്റുകളും പുറത്തുവന്നതിനെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍നിന്ന് മാറ്റിനിര്‍ത്തുകയും, ക്രൈംബ്രാഞ്ച് കേസെടുക്കുകയും ചെയ്തിരുന്നു. ഇ-മെയില്‍ വഴി ലഭിച്ച മൂന്നാം കക്ഷികളുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. എന്നാല്‍, യുവതി ഇതുവരെ മൊഴി നല്‍കാനോ പരാതി നല്‍കാനോ തയ്യാറാകാത്തത് കാരണം കേസ് എങ്ങുമെത്താത്ത സ്ഥിതിയിലാണ്.

പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയെ കണ്ടെത്തിയിരുന്നെങ്കിലും അന്ന് അവര്‍ പരാതി നല്‍കാന്‍ തയ്യാറായില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ ചില ഉറപ്പുകള്‍ നല്‍കിയതിനാലാണ് യുവതി മൊഴി നല്‍കാതിരുന്നതെന്നാണ് അന്ന് ഉയര്‍ന്ന ആരോപണങ്ങള്‍. ഇപ്പോള്‍ പുതിയ ശബ്ദരേഖയും ചാറ്റുകളും പുറത്തുവന്നതിന് പിന്നിലെ കാരണം വ്യക്തമല്ല. അന്ന് രാഹുല്‍ നല്‍കിയ ഉറപ്പുകള്‍ ലംഘിക്കപ്പെട്ടതാണോ അതോ ഇരുവരുടെയും സമ്മതമില്ലാതെ മറ്റാരെങ്കിലും ഈ വിവരങ്ങള്‍ പുറത്തുവിട്ടതാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

പുറത്തുവന്ന ശബ്ദരേഖയുടെ ഉള്ളടക്കം ഗുരുതരമായ കുറ്റകൃത്യമാണ് സൂചിപ്പിക്കുന്നത്. യുവതി മൊഴി നല്‍കാന്‍ തയ്യാറായാല്‍, ശബ്ദരേഖയിലുള്ള വ്യക്തി രാഹുല്‍ മാങ്കൂട്ടത്തിലാണ് എന്ന് തെളിഞ്ഞാല്‍, അദ്ദേഹത്തിന് വലിയ നിയമനടപടികളും രാഷ്ട്രീയപരമായ തിരിച്ചടികളും നേരിടേണ്ടി വരും. നിലവിലെ വിവരങ്ങളുടെ ആധികാരികത പോലീസ് അന്വേഷണത്തില്‍ മാത്രമേ സ്ഥിരീകരിക്കാനാകൂ.

രാഹുലിന്റെ മറുപടി

തന്റെ പേരില്‍ ഒരു ശബ്ദരേഖാ പുറത്തുവിടുമ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ എന്തുകൊണ്ടാണ് തന്നോട് ചോദിക്കാത്തതെന്നും അത് ശരിയായ മാധ്യമ പ്രവര്‍ത്തനം അല്ലെന്നും രാഹുല്‍ വാദിച്ചു. തന്റെ ഭാഗത്ത് നിന്നുള്ള പ്രതികരണം ആദ്യമേ പറഞ്ഞിരുന്നു. അന്വേഷണം മുന്നോട്ട് പോകുകയാണ്. തനിക്ക് അതില്‍ ഇടപെടണം എന്നു തോന്നുമ്പോള്‍ ഇടപെടും. നിയമപരമായി മുന്നോട്ട് പോകും. രാജ്യത്തെ നിയമത്തിനെതിരായി ഒന്നും ചെയ്തിട്ടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

'രാജ്യത്തെ നിയമത്തിനെതിരായി ഈ ദിവസം വരെ ഒന്നും ചെയ്തിട്ടില്ല. നിയമപരമായി മുന്നോട്ട് പോകാന്‍ എനിക്ക് അവകാശമുണ്ട്. അതുമായി മുന്നോട്ട് പോകും. അന്വേഷണം നടക്കുകയാണ്. നിയമപോരാട്ടം എപ്പോള്‍ വേണമെന്ന് ഞാന്‍ തീരുമാനിക്കും. മാധ്യമങ്ങള്‍ ഒരേ കാര്യം തിരിച്ചും മറിച്ചും കൊടുക്കുന്നു. എന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തേണ്ടത് കോടതിയിലാണ്. അവിടെ അത് ബോധ്യപ്പെടുത്തും. മാധ്യമങ്ങളുടെ കോടതിയില്‍ അത് വിശദീകരിക്കേണ്ട കാര്യമില്ല', രാഹുല്‍ മാങ്കൂട്ടത്തില്‍

എന്നാല്‍ ഓഡിയോയും ചാറ്റും നിങ്ങളുടേതല്ലേ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയില്ല. തന്റെ ശബ്ദരേഖ ആണോ എന്ന് കൃത്യസമയത്ത് പറയാമെന്ന് മാത്രം മറുപടി. അന്വേഷണം നടക്കുകയല്ലേ എന്നും പൊലീസിന് സ്വയം കേസെടുക്കാന്‍ കഴിയുമെങ്കില്‍ കേസെടുക്കട്ടെ എന്നും രാഹുല്‍ പ്രതികരണം.

Tags:    

Similar News