രാഹുല്‍ മാങ്കൂട്ടത്തിലിനെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു; നടപടി ക്രമങ്ങള്‍ പാലിക്കാതെയുള്ള ചട്ടവിരുദ്ധമായ അറസ്റ്റെന്ന് പ്രതിഭാഗത്തിന്റെ വാദം; അതിജീവിതയുടെ ദൃശ്യമുള്ള മൊബൈല്‍ ഫോണ്‍ കണ്ടെത്തണമെന്ന് പോലീസ്; തെളിവു ശേഖരണം ആവശ്യമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു കോടതി; രാഹുലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുക ജനുവരി പതിനാറിന്

ബലാത്സംഗക്കേസില്‍ രാഹുലിനെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു

Update: 2026-01-13 07:19 GMT

പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ട് കോടതി. ജനുവരി പതിനാറിന് ജാമ്യാപേക്ഷ പരിഗണിക്കും. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് പ്രത്യേക അന്വേഷണ സംഘത്തിന് കസ്റ്റഡി അനുമതി നല്‍കിയത്. കസ്റ്റഡി ആവശ്യമില്ലെന്ന് പ്രതിഭാഗം വാദിച്ചിരുന്നെങ്കിലും കോടതി കസ്റ്റഡി അനുമതി നല്‍കുകയായിരുന്നു. ജനുവരി 15ന് വൈകിട്ട് ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

എസ്‌ഐടിയുടെ കസ്റ്റഡി അപേക്ഷയില്‍ പ്രതിഭാഗം എതിര്‍ വാദങ്ങള്‍ ഉന്നയിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് പരാതിക്കാരി നേരിട്ട് പരാതി നല്‍കിയിട്ടില്ലെന്നതടക്കം വാദങ്ങളായിരുന്നു പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചത്. അറസ്റ്റിന്റെ കാരണങ്ങള്‍ പ്രതിയെ ബോധിപ്പിച്ചില്ല. സാക്ഷികള്‍ വേണമെന്ന മിനിമം കാര്യങ്ങള്‍ പോലും പാലിച്ചായിരുന്നില്ല അറസ്റ്റ്. ഇതൊരു രാഷ്ട്രീയ പ്രേരിതമായ കേസാണെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.

രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റ് മെമ്മോയിലും ഇന്‍സ്പെക്ഷന്‍ മെമ്മോയിലും രാഹുല്‍ ഒപ്പിടാന്‍ കൂട്ടാക്കിയില്ലെന്നാണ് എസ്‌ഐടി ചൂണ്ടിക്കാട്ടിയകത്. ഇത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചിരുന്നു. യുവതിയുടെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്തണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അന്വേഷണസംഘം കസ്റ്റഡി അപേക്ഷ നല്‍കിയത്. ഇതിന് അനുകൂലമായി കോടതി തീരുമാനം കൈക്കൊള്ളുകയായിരുന്നു.

അതേസമയം രാഹുല്‍ നിസഹകരിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഗസറ്റഡ് ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷണ സംഘം സാക്ഷ്യപ്പെടുത്തി. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും രാഹുല്‍ ഒപ്പിടാന്‍ വഴങ്ങാത്തതിനെ തുടര്‍ന്നാണ് നടപടി. ഞായറാഴ്ച രാവിലെ 7.30ഓടെയാണ് രാഹുലിനെ പത്തനംതിട്ട എആര്‍ ക്യാമ്പിലെത്തിച്ച് ചോദ്യംചെയ്തത്. ശേഷം അറസ്റ്റ് രേഖപ്പെടുത്തി. രാഹുലിനെതിരായ മൂന്നാമത്തെ ബലാത്സംഗക്കേസിലാണ് അറസ്റ്റ്.

2019 മുതല്‍ കാനഡയില്‍ ജോലി ചെയ്യുന്ന യുവതിയാണ് പരാതിക്കാരി. കസ്റ്റഡിയില്‍ ലഭിച്ചതോടെ രാഹുലുമായി ഉടന്‍ പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പ് ആരംഭിക്കും. പീഡനം നടന്ന പത്തനംതിട്ടയിലെ ഹോട്ടലിലടക്കം രാഹുലിനെ എത്തിച്ച് തെളിവെടുക്കാനാണ് പോലീസിന്റെ തീരുമാനം. അതിജീവിതയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈലും ലാപ്‌ടോപ്പും ഉള്‍പ്പെടെ കണ്ടെത്താനുണ്ട്. ഇതിനായി അടൂരും പാലക്കാടും രാഹുലിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും.

അതിക്രൂരമായ രീതിയില്‍ രാഹുല്‍ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പീഡനത്തിനു പിന്നാലെ ഗര്‍ഭിണിയായെന്ന് അറിയിച്ചപ്പോള്‍ അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്‌തെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. രാഹുല്‍ തന്നെ സാമ്പത്തികമായി ചൂഷണം ചെയ്‌തെന്നും യുവതി ഇമെയില്‍ മുഖേന നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

Tags:    

Similar News