ചാനല്‍ ഡിബേറ്റുകളില്‍ എതിരാളികള്‍ക്ക് ഉരുളക്കുപ്പേരി മറുപടി പറയുന്ന തീപ്പൊരി; ഷാഫിയുടെ കൈപിടിച്ചു യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി; സര്‍ക്കാര് വിരുദ്ധ പോരാട്ടത്തിലെ മുന്നണിപോരാളി ആയപ്പോള്‍ പിണറായിയുടെ കണ്ണില്‍ കരട്; സിപിഎം കുപ്രചരണങ്ങളെ അതിജീവിച്ച് പാലക്കാട്ട് ഉജ്ജ്വല വിജയവും; രാഹുല്‍ ഇനി നിയമസഭയിലെ താരം..!

ചാനല്‍ ഡിബേറ്റുകളില്‍ എതിരാളികള്‍ക്ക് ഉരുളക്കുപ്പേരി മറുപടി പറയുന്ന തീപ്പൊരി

Update: 2024-11-23 06:47 GMT

തിരുവനന്തപുരം: ടെലിവിഷന്‍ ചര്‍ച്ചകളില്‍ ഉരുളക്കുപ്പേരി മറുപടി പറയുന്ന കോണ്‍ഗ്രസ് നേതാക്കളുടെ എണ്ണം കുറവായിരുന്ന കാലത്താണ് പത്തനംതിട്ടയില്‍ നിന്നുള്ള കെ.എസ്.യു നേതാവ് അത്തരം മറുപടികളുമായി കോണ്‍ഗ്രസിന്റെ തീപ്പൊരിയായി മാറിയത്. തുടര്‍ന്നിങ്ങോട്ട് അതിവേഗത്തിലാണ് രാഹുല്‍ കോണ്‍ഗ്രസിലെ താരമായി മാറിയത്. കണിശമായ ഉത്തരങ്ങളിലൂടെ രാഹുല്‍ നിറഞ്ഞു. ഇതോടെ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ പോലും രാഹുല്‍ താരമായി നിന്നു. ആ താരോദമാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം കൊണ്ടുവന്നിരിക്കുന്നത്. ഷാഫി പറമ്പില്‍ എന്ന നേതാവിന്റെ കൈപിടിച്ചാണ് രാഹുല്‍ വിജയിച്ചു കയറുന്നത്.

പാലക്കാട്ടേക്ക് രാഹുലിനെ പാര്‍ട്ടി നിയോഗിച്ചപ്പോള്‍ മുതല്‍ അദ്ദേഹത്തിനെതിരെ പല കോണുകളില്‍ നിന്നും ആക്രമണം നേരിടേണ്ടി വന്നു. കാരണം സിപിഎമ്മിനെതിരെ ശക്തമായി പ്രതികരിക്കുന്ന നേതാവായിരുന്നു രാഹുല്‍ എന്നതാണ് കാരണം. പാലക്കാട്ടേക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ ചാനല്‍ ചര്‍ച്ചകളിലെ സ്ഥിരം കോണ്‍ഗ്രസ് പ്രതിനിധിയായ രാഹുലിനെ ഷാഫി പറമ്പിലിന് പകരമായി പാലക്കാട്ടേക്കയക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം അധികം സമയമെടുത്തില്ല. സമീപകാല ചരിത്രത്തില്‍ തിരഞ്ഞെടുപ്പിനുള്ള തീയ്യതി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം ഒരു സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത് അധികം കണ്ടിട്ടുമില്ല.

ഉടന്‍ വിമത സ്വരം ഉയര്‍ന്നു. ഒറ്റപ്പാലം കാരനായ യുവനേതാവ് പി സരിന്‍ ആരോപണങ്ങളുടെ കെട്ടഴിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ മറുപാളയത്തില്‍ ചേക്കേറി സ്ഥാനാര്‍ഥിയുമായി. ജയിലില്‍ കിടക്കുന്നത് മാത്രമല്ല ത്യാഗമെന്നും പാര്‍ട്ടിക്ക് തെറ്റ് പറ്റിയെങ്കില്‍ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ വിഡി സതീശനും കെ സുധാകരനുമെല്ലാം രാഹുലിനെ പിന്തുണച്ചെത്തി. ആളുകളുടെ ഹൃദയം കീഴടക്കിയ സമരനായകനാണ് രാഹുലെന്ന് സതീശനും പുതിയ തലമുറയുടെ പ്രതീകമാണെന്ന് സുധാകരനും പറഞ്ഞു.

ഇതിനിടെ രാഹുല്‍ സ്ഥാനാര്‍ഥി ആയതോടെ സര്‍ക്കാര്‍ വിരുദ്ധ സമരങ്ങളുടെ പേരില്‍ അദ്ദേഹത്തെ ജയിലില്‍ അടക്കാനുള്ള ശ്രമങ്ങളും പിണറായി സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. നിരവധി കേസുകളാണ് സര്‍ക്കാര്‍ വിരുദ്ധ സമരങ്ങളുടെ പേരില്‍ രാഹുല്‍ നേരിട്ടത്. ഇതേ തുടര്‍ന്ന് ജയില്‍വാസവും അനുഭവിക്കേണ്ടി വന്നു. എന്നാല്‍, ഈ പോരാട്ടങ്ങളുടെയെല്ലാം റിസല്‍ട്ടാണ് പാലക്കാട്ടെ തിരഞ്ഞെടുപ്പു വിജയം.

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ പഠിക്കുമ്പോള്‍ 2006-ല്‍ കെ.എസ്.യു വിലൂടെയാണ് രാഹുല്‍ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. തൊട്ടടുത്ത വര്‍ഷം കെ.എസ്.യുവിന്റെ അടൂര്‍ നിയോജക മണ്ഡലം പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസിന്റെ പെരിങ്ങനാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റുമായി. പിന്നീട് യൂണിവേഴ്സിറ്റി കൗണ്‍സിലര്‍, കെ.എസ്.യു, ജില്ലാ പ്രസിഡന്റ്, എന്‍.എസ്.യു.ഐ, ദേശീയ സെക്രട്ടറി, കെ.എസ്.യു, സംസ്ഥാന ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, കെ.പി.സി.സി, അംഗം, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അങ്ങനെ 18 വര്‍ഷം കൊണ്ട് പാര്‍ട്ടിയിലെ വിവിധ ചുമതലകള്‍, പദവികള്‍.

ഒടുവില്‍ 2023ല്‍ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. അന്ന് ഷാഫി പറമ്പിലിന് പിന്‍ഗാമിയായാണ് രാഹുല്‍ എത്തിയത്. അന്ന് മത്സരത്തില്‍ രണ്ടാം സ്ഥാനത്ത് വന്ന അബിന്‍ വര്‍ക്കിയേക്കാള്‍ 53,398 വോട്ടുകള്‍ നേടിയായിരുന്നു രാഹുലിന്റെ മിന്നുംവിജയം. കെഎസ്.യുവിന്റെ യൂണിറ്റ് മുതല്‍ നാഷണല്‍ കമ്മിറ്റിവരെ പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയ തനിക്കാണോ അടിത്തട്ടിലുളള പ്രവര്‍ത്തന പരിചയമില്ലെന്ന് പറയുന്നതെന്ന് രാഹുല്‍ തന്നെ പലയിടത്തും ചോദിച്ചിട്ടുണ്ട്.

ഇപ്പോഴിതാ അതേവഴിയില്‍ ഷാഫിക്ക് പകരക്കാരനായി രാഹുല്‍ എംഎല്‍എയായി നിയമസഭയിലേക്കും എത്തുന്നത്. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലും ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജിലുമായി വിദ്യാഭ്യാസം. എംജി സര്‍വകലാശാലയില്‍ പിഎച്ച്ഡി ചെയ്യുന്നു. തിരഞ്ഞെടുപ്പില്‍ ആദ്യ മത്സരം. പത്തനംതിട്ട അടൂര്‍ മുണ്ടപ്പള്ളി ആറ്റുവിളാകത്തു വീട്ടില്‍ ബീന ആര്‍.കുറുപ്പിന്റെയും പരേതനായ രാജേന്ദ്രക്കുറുപ്പിന്റെയും മകനാണ്.

മണ്ഡലത്തില്‍ മത്സരിക്കാന്‍ എത്തിയപ്പേള്‍ തന്നെ പാലക്കാട് നഗരത്തിലെ ഫ്ലാറ്റില്‍ പാലുകാച്ചി താമസം ആരംഭിച്ചിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍. കുന്നത്തൂര്‍മേട്ടിലെ ഫ്ലാറ്റിന്റെ പേര് രാഹുല്‍ മാങ്കൂട്ടത്തില്‍, പേരിനൊപ്പം എംഎല്‍എ എന്നുകൂടി എഴുതി ചേര്‍ക്കാന്‍ ഇതോടെ ലഭിക്കും. സിപിഎമ്മിന്റെ കടുത്ത വിമര്‍ശനങ്ങളെ അതിജീവിച്ചാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിച്ചു കയറുന്നത്. മുഖ്യ എതിരാളി സി കൃഷ്ണകുമാറിനേതാക്കല്‍ സിപിഎം ആക്രമിച്ചത് രാഹുലിനെ ആയരുന്നു. ട്രോളി ബാഗ് അടക്കം വിവാദമാക്കി മാറ്റി സിപിഎം. എന്നാല്‍, ഇതിനൊക്കെ ചുട്ട മറുപടി നല്‍കി കൊണ്ടാണ് രാഹുല്‍ വിജയിച്ചു കയറുന്നത്.

ആദ്യഘട്ടത്തില്‍, പതിവുപോലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സി.കൃഷ്ണകുമാറിന്റെ നഗരസഭാ മുന്നേറ്റത്തിന് മുന്നില്‍ രാഹുല്‍ മാങ്കൂട്ടം ഒപ്പമെത്താന്‍ കിതച്ചെങ്കിലും പിന്നീട് ലീഡുയര്‍ത്തുന്ന കാഴ്ചയാണ് കാണുന്നത്. 2021ല്‍ ഫോട്ടോ ഫിനിഷിലൂടെയായിരുന്നു മെട്രോമാന്‍ ഇ.ശ്രീധരനെതിരെ ഷാഫി പറമ്പിലിന്റെ ഹാട്രിക് വിജയം. വോട്ടെണ്ണലിന്റെ ഒമ്പതാം റൗണ്ടില്‍ പോലും കഴിഞ്ഞ തവണ ഷാഫിക്കെതിരേ 9046 വോട്ടിന്റെ ലീഡുയര്‍ത്തന്‍ ഇ.ശ്രീധരന് കഴിഞ്ഞിരുന്നു. പക്ഷെ, നഗരസഭാ പരിധിയില്‍നിന്ന് ഗ്രാമസഭാ പരിധിയിലേക്ക് വോട്ടെണ്ണല്‍ എത്തിയതോടെ ശ്രീധരന്റെ ലീഡ് കുത്തനെ താഴുകയായിരുന്നു. ഒടുവില്‍ 3859 വോട്ടിന്റെ ലീഡില്‍ ഷാഫി വിജയിച്ചുകയറുകയും ചെയ്തു.

ഇത്തവണ രാഹുല്‍ മാങ്കൂട്ടത്തിന്റെ സ്ഥാനാര്‍ഥിത്വം, ഡോ.പി.സരിന്‍ കോണ്‍ഗ്രസ് വിട്ട് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായുള്ള മത്സരം, ബി.ജെ.പി സംസ്ഥാന സമിതി അംഗമായിരുന്ന സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനം, പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കം എന്നിവയെല്ലാം കോണ്‍ഗ്രസിന് തലവേദന ആയിരുന്നുവെങ്കില്‍ ഇതിനെ മറികടക്കുന്നതാണ് വോട്ടിങ് എന്നാണ് രാഹുലിന്റെ മുന്നേറ്റം നല്‍കുന്ന സൂചന.

പിരായിരി പഞ്ചായത്തില്‍ വോട്ടെണ്ണിയപ്പോളാണ് രാഹുലിന്റെ ലീഡ് കുത്തനെ ഉയര്‍ന്നത്. ഇവിടെ മാത്രം 6775 വോട്ട് നേടിയ രാഹുല്‍ കൃഷ്ണകുമാറിനെക്കാള്‍ 4124 വോട്ടുകളുടെ മുന്‍തൂക്കവും പിരായിരിയില്‍ നേടി. ഒന്‍പതാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 10291 വോട്ട് ലീഡിലെത്തി.

Tags:    

Similar News