പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് ക്ഷണിച്ചെന്ന നടിയുടെ ആരോപണം; ഗര്‍ഭം അലസിപ്പിക്കാന്‍ യുവതിയെ നിര്‍ബന്ധിക്കുന്ന ശബ്ദസന്ദേശവും സഹപ്രവര്‍ത്തകയ്ക്ക് അയച്ച ചാറ്റുകളും പുറത്ത്; രാജിവച്ചെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ നിഷേധിച്ച് വാര്‍ത്താസമ്മേളനം; നേതൃത്വത്തിലുള്ള ആരും രാജി ആവശ്യപ്പെട്ടില്ലെന്നും അവകാശവാദം; ഒടുവില്‍ നാടകീയമായി രാജി പ്രഖ്യാപിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

ഒടുവില്‍ നാടകീയമായി രാജി പ്രഖ്യാപിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

Update: 2025-08-21 08:17 GMT

അടൂര്‍: കടുത്ത ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന നേതാക്കള്‍ കൈവിട്ടതോടെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം നാടകീയമായി രാജിവെച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. വിഡി സതീശനും രമേശ് ചെന്നിത്തലയുമുള്‍പ്പെടെ രാഹുലിനെ തള്ളിയാണ് രംഗത്തെത്തിയത്. എന്നാല്‍ ഹൈക്കമാന്റോ, സംസ്ഥാന നേതൃത്വത്തിലുള്ള ആരും തന്നോട് രാജി ആവശ്യപ്പെട്ടിലെന്ന് വിശദീകരിച്ച രാഹുല്‍ വാര്‍ത്താ സമ്മേളനത്തിന് ഒടുവില്‍ നാടകീയമായി രാജി പ്രഖ്യാപിക്കുകയായിരുന്നു. രാഹുലിനെതിരെ നേരത്തെ എഐസിസിയ്ക്ക് പരാതി ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന നേതൃത്വത്തോട് നടപടിയെടുക്കാനാണ് എഐസിസി ആവശ്യപ്പെട്ടത്.

പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് ക്ഷണിച്ചെന്നും അശ്ലീലസന്ദേശങ്ങള്‍ അയച്ചെന്നുമുള്ള നടി റിനി ആന്‍ ജോര്‍ജിന്റെ വെളിപ്പെടുത്തലിനും ഗര്‍ഭം അലസിപ്പിക്കാന്‍ യുവതിയെ നിര്‍ബന്ധിക്കുന്ന ശബ്ദസന്ദേശവും സഹപ്രവര്‍ത്തകയ്ക്ക് അയച്ച ചാറ്റുകളും പുറത്തുവന്നതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവയ്ക്കുമെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അടൂരിലെ വീട്ടില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ രാജിവച്ചെന്ന കാര്യം രാഹുല്‍ മാങ്കൂട്ടത്തില്‍ നിഷേധിച്ചിരുന്നു.

മാധ്യമ പ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിനിടെ തന്നോട് ആരും രാജി ആവശ്യപ്പെട്ടിട്ടില്ലെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത്. പുറത്തുവന്ന ചാറ്റുകളും ശബ്ദ സന്ദേശങ്ങളും ഇന്നത്തെ കാലത്ത് ആര്‍ക്കും വ്യാജമായി സൃഷ്ടിക്കാനാകുന്നതാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചൂണ്ടിക്കാട്ടി. യുവനടി ആരുടെയും പേര് പറഞ്ഞിട്ടില്ല. തന്നേപ്പറ്റിയാണ് പറഞ്ഞതെന്ന് വിശ്വസിക്കുന്നില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

തനിക്കെതിരെ ആരോപണം ഉന്നയിച്ച യുവനടി എന്റെ അടുത്ത സുഹൃത്താണ്. ഇപ്പോഴും സൗഹൃദം തുടരുന്നുണ്ട്. അവര്‍ എന്നെ കുറിച്ചാണ് പറഞ്ഞതെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഈ രാജ്യത്തിന്റെ നിയമത്തിന് വിരുദ്ധമായി ഒരു കാര്യവും ചെയ്തിട്ടില്ല. നിയമവിരുദ്ധമായി എന്തെങ്കിലും പ്രവര്‍ത്തിച്ചതായി ആരും പരാതി നല്‍കിയിട്ടില്ല. പരാതി ഉണ്ടാകുന്ന പക്ഷം അത് തെളിയിക്കാന്‍ നിയമപോരാട്ടത്തിന് തയ്യാറാണ്.

അത്തരത്തില്‍ ആരെങ്കിലും പരാതി പറഞ്ഞിട്ടുണ്ടോ. ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിച്ചു എന്നൊരു പരാതി ആരെങ്കിലും കൊടുത്തിട്ടുണ്ടോ. ശബ്ദസന്ദേശങ്ങള്‍ ഉണ്ടാക്കാന്‍ ഇന്നത്തെ കാലത്ത് ആര്‍ക്കും കഴിയും. കോണ്‍ഗ്രസിന്റെ അനുഭാവിയായ വ്യക്തി എന്റെ പേര് പറഞ്ഞോ. നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനല്ലേ ഞാന്‍ ഇവിടെ നില്‍ക്കുന്നത്. ഏതെങ്കിലും പോലീസ് സ്റ്റേഷനില്‍ എനിക്കെതിരെ പരാതിയുണ്ടോ. ഹണി ഭാസ്‌കരന് തെളിയിക്കാന്‍ സാധിക്കുമോ. രണ്ടുപേര്‍ സംസാരിക്കുന്നത് തെറ്റാണെങ്കില്‍ അവര്‍ ചെയ്തതും തെറ്റാണ്. ഹണി ഭാസ്‌കരന് ആക്ഷേപമുണ്ടെങ്കില്‍ അവരത് തെളിയിക്കട്ടെ എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിന് ഒടുവില്‍ നാടകീയമായി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കുന്നുവെന്ന് രാഹുല്‍ അറിയിക്കുകയായിരുന്നു.

വിഷയത്തില്‍ ധാര്‍മികതയുടെ പുറത്താണ് രാജിവെക്കുന്നതെന്ന് രാഹുല്‍ വ്യക്തമാക്കി. പാര്‍ട്ടി പ്രവര്‍ത്തകര്‍ സര്‍ക്കാരിനെതിരായി നിലപാടെടുക്കുന്ന സമയത്ത് ഇത്തരം വിഷയങ്ങളില്‍ ന്യായീകരിക്കേണ്ടി വരുന്ന പ്രതിസന്ധി സൃഷ്ടിക്കുന്നില്ല. അതുകൊണ്ട് രാജിവെക്കുകയാണ്. കുറ്റം ചെയ്തതുകൊണ്ടല്ല രാജിവെക്കുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അദ്ദേഹം മറുപടി പറയണമെന്ന് പാര്‍ട്ടിയില്‍ ആവശ്യം ഉയര്‍ന്നിരുന്നു. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്ന് മാറിനില്‍ക്കണമെന്ന ആവശ്യവും ശക്തമായിരുന്നു. അന്വേഷണവിധേയമായി രാഹുലിനോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെടുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളില്‍നിന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷ സംഘടനകള്‍ ഉയര്‍ത്തിയത്. പത്തനംതിട്ടയിലെ രാഹുലിന്റെ വീട്ടിലേക്ക് ഡിവൈഎഫ്‌ഐ പ്രതിഷേധം സംഘടിപ്പിച്ചു. വീട്ടിലേക്ക് തള്ളിക്കയറിയാണ് പ്രതിഷേധം. വയനാട്ടിലും പാലക്കാടും പ്രതിഷേധ മാര്‍ച്ചുകള്‍ നടക്കുകയാണ്. എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ പാലക്കാട് മാര്‍ച്ച് നടത്തി. പെണ്ണുപിടിയനായ സംസ്ഥാന പ്രസിഡന്റല്ല സംഘടനയ്ക്കുളളതെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണമെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയില്‍ വനിതാ നേതാവ് ഉയര്‍ത്തിയ ആവശ്യം.

യുവനടിയുടെ വെളിപ്പെടുത്തലിനു പിന്നാലെ ആലപ്പുഴയില്‍ നിന്നുളള സംസ്ഥാന ഭാരവാഹി ആര്‍വി സ്‌നേഹയാണ് യൂത്ത് കോണ്‍ഗ്രസ് വാട്‌സാപ്പ് ഗ്രൂപ്പില്‍ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ആദ്യം സംസ്ഥാന പ്രസിഡന്റിനെ പ്രതിരോധിക്കാന്‍ ചിലര്‍ ശ്രമിച്ചെങ്കിലും ഭാരവാഹികളില്‍ ഭൂരിഭാഗവും സ്‌നേഹയ്ക്ക് പിന്തുണയര്‍പ്പിച്ചതോടെ പ്രതിരോധങ്ങള്‍ ദുര്‍ബലമായി. തൊണ്ടയില്‍ പുഴുത്തതെല്ലാം നമുക്ക് വിഴുങ്ങാനുളളതല്ല. ഏത് പ്രോമിസിങ് യുവനേതാവായാലും തൊണ്ടയില്‍ പുഴുത്തത് കാര്‍ക്കിച്ചു തുപ്പിണം എന്നായിരുന്നു രാഹുലിന്റെ പേര് പറയാതെ മറ്റൊരു യുവനേതാവ് ജിന്റോ ജോണിന്റെ വിമര്‍ശനം.

താരപരിവേഷത്തിന്റെ പാരമ്യത്തില്‍ നിന്ന് ഒറ്റപ്പെടലിന്റെ അനാഥത്വത്തിലേക്കാണ് ഒറ്റ രാത്രി കൊണ്ട് യൂത്ത് കോണ്‍ഗ്രസിലും കോണ്‍ഗ്രസിലും രാഹുല്‍ മാങ്കൂട്ടത്തില്‍ വീണു പോയത്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കും പാലക്കാട് എംഎല്‍എ സ്ഥാനത്തേക്കുമെല്ലാം കൈപിടിച്ചുയര്‍ത്തിയ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കൂടി കൈവിട്ടതോടെ രാഹുലിന്റെ രാഷ്ട്രീയ ഭാവി തന്നെ ഇരുട്ടിലായിരിക്കുകയാണ്.

Tags:    

Similar News