പാലക്കാട്ടെ മുറിക്കുള്ളില്‍ നിന്ന് ട്രോളി ബാഗുമായി രാഹുലിനെ ഇറക്കിവിടൂ എന്ന് ബിജെപിക്കാരും സിപിഎമ്മുകാരും വിളിച്ചു പറയുകയാണ്; ഞാനുള്ളത് കോഴിക്കോടാണ്; എന്റെ ട്രോളിബാഗില്‍ പണമില്ല രണ്ടുദിവസത്തെ വസ്ത്രം; കാന്തപുരത്തെ കാണാനെത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ കോഴിക്കോട് ലൈവിലെത്തി; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് പറയാനുള്ളത്

Update: 2024-11-06 01:48 GMT

കോഴിക്കോട്: ഉപതിരഞ്ഞെടുപ്പിനു കള്ളപ്പണം കൊണ്ടുവന്നെന്ന് ആരോപിച്ച് പാലക്കാട്ടെ ഹോട്ടലില്‍ കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച മുറികളില്‍ പൊലീസ് പരിശോധനയ്ക്കു ശ്രമിച്ചതിന് വിവാദത്തില്‍ ഫെയ്‌സ്ബുക്ക് ലൈവുമായി സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. താന്‍ പാലക്കാടല്ല, കോഴിക്കോടാണുള്ളതെന്നു വ്യക്തമാക്കിക്കൊണ്ട് ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയോടെ കോഴിക്കോട് ടൗണ്‍ സ്റ്റേഷന് മുന്നില്‍നിന്നാണു രാഹുല്‍ ലൈവില്‍ എത്തിയത്. '' ഒരുട്രോളി ബാഗ് നിറയെ പണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ പാലക്കാട്ട് ഹോട്ടലിലെത്തിയെന്നാണ് ബിജെപി-സിപിഎം ആരോപണം. പാലക്കാട്ടെ മുറിക്കുള്ളില്‍നിന്ന് ട്രോളിബാഗുമായി രാഹുലിനെ ഇറക്കിവിടൂ എന്ന് ബിജെപിക്കാരും സിപിഎമ്മുകാരും വിളിച്ചുപറയുകയാണ്. ഞാനുള്ളത് കോഴിക്കോടാണ്. എന്റെ ട്രോളിബാഗില്‍ പണമില്ല, രണ്ടുദിവസത്തെ വസ്ത്രമുണ്ട്. നാളെ കാന്തപുരം ഉസ്താദിനെ കാണാനായാണ് കോഴിക്കോട് എത്തിയത്'' രാഹുല്‍ പറഞ്ഞു.

''എല്ലാ കോണ്‍ഗ്രസ് നേതാക്കളും മുറികള്‍ തുറന്നുകൊടുത്തു. ഷാനിമോള്‍ ഉസ്മാന്‍ മാത്രമാണ് മുറി തുറന്ന് കൊടുക്കാതിരുന്നത്. അവര്‍ ഒറ്റയ്ക്കാണ് മുറിയില്‍ താമസിക്കുന്നത്. വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ വരാതെ മുറി തുറക്കില്ലെന്നാണ് അവര്‍ പറഞ്ഞത്. വനിതാ പൊലീസുകാര്‍ വന്നപ്പോള്‍ അവര്‍ മുറി തുറന്നുകൊടുത്തു. മുറി പരിശോധിച്ച ശേഷം ഒന്നും കിട്ടിയില്ല. സിപിഎംബിജെപി കൂട്ടുകെട്ടിന്റെ ഒരു ഉദാഹരണം കൂടി വന്നിരിക്കുകയാണ്. സിപിഎം നേതാക്കന്മാരുടെ മുറി പരിശോധിച്ചെന്ന് അവരും ബിജെപി നേതാക്കന്മാരുടെ മുറി പരിശോധിച്ചെന്ന് ബിജെപിക്കാരും പറയുന്നു. സിപിഎം നേതാക്കന്മാരുടെ മുറി പരിശോധിച്ചതില്‍ എന്താണ് ബിജെപിക്ക് ആക്ഷേപമില്ലാത്തത്, തിരിച്ചും ആക്ഷേപമില്ല. നഗരഹൃദയത്തിലെ ഹോട്ടലില്‍ ട്രോളി ബാഗ് നിറയെ പണവുമായി ഒരാള്‍ക്ക് വരാന്‍ കഴിയുമെങ്കില്‍ പിന്നെ എന്തിനാണ് പൊലീസ്?'' രാഹുല്‍ പറഞ്ഞു.

എന്തിനാണ് ഇങ്ങനെ നാടകം കളിക്കുന്നതെന്നും തോല്‍ക്കാന്‍ പോവുകയാണെന്ന് മനസ്സിലാക്കിയാല്‍ അന്തസ്സായി തോറ്റാല്‍ പോരെയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പിന്നീട് മാധ്യമങ്ങളോടും ചോദിച്ചു. താന്‍ ഇപ്പോള്‍ കോഴിക്കോടാണുള്ളതെന്ന് മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയ അദ്ദേഹം, ഇതിനു പിന്നാലെ കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷന് മുന്നില്‍നിന്ന് ഫെയ്സ്ബുക്ക് ലൈവ് വീഡിയോയും പുറത്തുവിട്ടു. കോണ്‍ഗ്രസിനും തനിക്കുമെതിരെ വ്യാജ ആരോപണങ്ങളാണ് സി.പി.എമ്മും ബി.ജെ.പിയും ഉന്നയിക്കുന്നതെന് രാഹുല്‍ പറഞ്ഞു. ഒരു ട്രോളി ബാഗ് നിറയെ പണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലിലെത്തി എന്നാണ് ആരോപണം. ആ മുറിക്കകത്ത് നിന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇറക്കി വിടൂ എന്ന് സിപിഎം ബിജെപി നേതാക്കള്‍ ആക്രോശിക്കുന്നത് കേട്ടുവെന്നും, ആ ആഗ്രഹം സാധിക്കാനാവാത്തതില്‍ നിരാശയുണ്ടെന്ന് രാഹുല്‍ പരിഹസിച്ചു.

സിപിഎം എംപി എഎ റഹീം പറയുന്നത് കേട്ടു, മുന്‍ എംഎല്‍എ ടിവി രാജേഷ്, എം ലിജിന്‍ എംഎല്‍എ എന്നിവരുടെ മുറിയും പൊലീസ് പരിശോധിച്ചു എന്ന്. കോണ്‍ഗ്രസുകാര്‍ പണം കൊണ്ടുവന്നെന്ന പരാതിയില്‍ പൊലീസ് എന്തിനാണ് സിപിഎം നേതാക്കളുടെ മുറി പരിശോധിക്കുന്നത്. അപ്പോള്‍ താന്‍ പണം നല്‍കി പ്രവര്‍ത്തിക്കുന്നവരാണ് സിപിഎം നേതാക്കളെന്നാണോ റഹീം പറയുന്നതെന്ന് രാഹുല്‍ പരിഹസിച്ചു. ആരും പൊലീസ് പരിശോധിക്കാനെത്തിയപ്പോള്‍ എതിര്‍ത്തില്ല. എല്ലാവരും അന്വേഷണവുമായി സഹകരിച്ചു. പരിശോധന പറ്റില്ലെന്ന് പറഞ്ഞത് ഷാനിമോള്‍ ഉസ്മാന്‍ മാത്രമാണ്. അവര്‍ ഒറ്റക്കാണ് മുറിയില്‍ ഉണ്ടായിരുന്നത്.വനിതാ പൊലീസ് ഇല്ലാതെ പരിശോധിക്കാന്‍ പറ്റില്ലെന്നാണ് ഷാനിമോള്‍ പറഞ്ഞത്. വനിതാ പൊലീസ് ഉദ്യോഗസ്ഥ എത്തിയപ്പോള്‍ അവര്‍ പരിശോധനക്ക് മുറി ഒഴിഞ്ഞ് കൊടുത്തു. മാധ്യമങ്ങളെല്ലാം അവിടെ നോക്കി നില്‍ക്കുന്നുണ്ട്. മുറി പരിശോധിച്ചിട്ട് ഒന്നും കിട്ടിയിട്ടില്ല.

പാലക്കാട് നഗര ഹൃദയത്തിലുള്ള ഹോട്ടലാണ് കെപിഎം. എല്ലാ രാഷ്ട്രീയക്കാരും താമസിക്കുന്ന ഹോട്ടലാണ് അത്. തൊട്ടടുത്ത് പൊലീസ് സ്റ്റേഷനാണ്. പാലക്കാട്ടെ പൊലീസ് ചെക്കിംഗ് മറികടന്ന് ട്രോളി ബാഗില്‍ പണമെത്തിച്ചെങ്കില്‍ പിന്നെ എന്തിനാണ് പൊലീസ്. ബിജെപി നേതാക്കളുടെയും സിപിഎം നേതാക്കളുടേയും മുറി പരിശോധിച്ചതില്‍ അവര്‍ക്ക് പ്രശ്‌നമില്ല. കോണ്‍ഗ്രസ് പണം കൊണ്ടുവന്നുവെന്നാണ് ഇരുകൂട്ടരും പറയുന്നത്. അത് ബിജെപി സിപിഎം കട്ടുകെട്ടാണ്. പാലക്കാട് സി.പി.എമ്മും ബി.ജെ.പിയും ഒറ്റ മുന്നണിയായാണ് മത്സരിക്കുന്നതെന്ന് തെളിയിക്കാന്‍ ഈ ഒറ്റ സംഭവം കൊണ്ട് പറ്റുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

Tags:    

Similar News