ഭ്രൂണത്തിന്റെ ഡിഎന്‍എ പരിശോധന നടത്താന്‍ യുവതി തയ്യാറായെങ്കിലും രാഹുല്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ഇതുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് യുവതി പോലീസിനെ അറിയിച്ചു; പിന്നാലെ അറസ്റ്റ്! സാമ്പത്തിക-മാനസിക സമ്മര്‍ദ്ദം; ഇത് മാങ്കൂട്ടത്തിലിനെ പൂട്ടും പരാതി; കാനഡയില്‍ നിന്നുള്ള മൊഴി ഇങ്ങനെ

Update: 2026-01-11 02:08 GMT

പത്തനംതിട്ട: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ അതീവ ഗുരുതരമായ ആരോപണങ്ങളെത്തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്തത് മൊഴിയിലെ കരുത്തില്‍. മൂന്നാമത്തെ ബലാത്സംഗ പരാതിയിലാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്. പത്തനംതിട്ട സ്വദേശിനിയായ യുവതി ഇ-മെയില്‍ വഴി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, പാലക്കാട്ടെ കെപിഎം റീജ്യന്‍സി ഹോട്ടലില്‍ നിന്ന് രാത്രി 12.30-ഓടെയാണ് പ്രത്യേക അന്വേഷണ സംഘം അദ്ദേഹത്തെ പിടികൂടിയത്. ആദ്യ പരാതിയ്ക്ക് സമാനാണ് ഇപ്പോഴത്തെ പരാതിയും. കാനഡയില്‍ നിന്നാണ് മൊഴി പോലീസിന് കിട്ടിയത്.

വനിതാ പോലീസടക്കം എട്ടംഗ സംഘമാണ് അതീവ രഹസ്യമായി ഹോട്ടലിലെത്തി രാഹുലിനെ കസ്റ്റഡിയിലെടുത്തത്. ഹോട്ടല്‍ ജീവനക്കാരുടെ ഫോണുകള്‍ പിടിച്ചെടുത്ത ശേഷമായിരുന്നു പരിശോധന. നിലവില്‍ പത്തനംതിട്ട എആര്‍ ക്യാമ്പിലെത്തിച്ച രാഹുലിനെ ചോദ്യം ചെയ്തു വരികയാണ്.

രാഹുലിനെതിരെ നിലവില്‍ മൂന്ന് ബലാത്സംഗ കേസുകളാണുള്ളത്. ആദ്യ കേസില്‍ ഹൈക്കോടതി അറസ്റ്റ് തടയുകയും രണ്ടാമത്തെ കേസില്‍ വിചാരണ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പുതിയ പരാതിയില്‍ അതീവ ഗുരുതരമായ വകുപ്പുകള്‍ ഉള്‍പ്പെട്ടതിനാല്‍ എംഎല്‍എയുടെ അറസ്റ്റ് രാഷ്ട്രീയ-നിയമ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

യുവതി ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ ഇവയാണ്:

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട രാഹുല്‍, വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് യുവതി മൊഴി നല്‍കി. ഹോട്ടല്‍ മുറിയില്‍ വെച്ച് ക്രൂരമായ ലൈംഗിക ആക്രമണമാണ് നേരിട്ടതെന്നും മുഖത്തടിക്കുകയും തുപ്പുകയും ശരീരത്തില്‍ മുറിവുകളുണ്ടാക്കുകയും ചെയ്തുവെന്നും യുവതി ആരോപിക്കുന്നു.

പീഡനത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ വിവരം അറിയിച്ചപ്പോള്‍ രാഹുല്‍ അസഭ്യം പറയുകയും കുഞ്ഞ് മറ്റാരുടേതെങ്കിലും ആകുമെന്ന് പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തു. തുടര്‍ന്ന് ഗര്‍ഭഛിദ്രം നടത്താന്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തി. ഈ മാനസിക-ശാരീരിക പീഡനങ്ങള്‍ക്കിടയില്‍ യുവതിയുടെ ഗര്‍ഭം അലസിപ്പോയതായും റിപ്പോര്‍ട്ടിലുണ്ട്.

ഭ്രൂണത്തിന്റെ ഡിഎന്‍എ പരിശോധന നടത്താന്‍ യുവതി തയ്യാറായെങ്കിലും രാഹുല്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു. ഇതുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് യുവതി പോലീസിനെ അറിയിച്ചു.

പാലക്കാട് ഒരു ഫ്‌ലാറ്റ് വാങ്ങി നല്‍കാന്‍ രാഹുല്‍ നിര്‍ബന്ധിച്ചതായും പലപ്പോഴായി വലിയ തുകകള്‍ യുവതിയില്‍ നിന്ന് കൈപ്പറ്റിയതായും പരാതിയിലുണ്ട്. വിലകൂടിയ വാച്ചുകള്‍, വസ്ത്രങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്നിവയും രാഹുലിനായി യുവതി വാങ്ങി നല്‍കി.

പരാതിയുമായി മുന്നോട്ട് പോയാല്‍ കുടുംബത്തെ ഇല്ലാതാക്കുമെന്നും മാതാപിതാക്കളെയും സഹോദരിയെയും അപായപ്പെടുത്തുമെന്നും രാഹുല്‍ ഭീഷണിപ്പെടുത്തിയതായി യുവതി മൊഴി നല്‍കി.

Similar News