കൈപിടിച്ച് ഉയര്‍ത്തിയ സതീശനെ അറിയിക്കാതെ നിലമ്പൂരില്‍ അന്‍വറുമായി അര്‍ധരാത്രിയിലെ കൂടിക്കാഴ്ച; കോണ്‍ഗ്രസ് നേതൃത്വം വിവരം അറിഞ്ഞത് ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ; അന്ന് ചര്‍ച്ചയായത് രാഹുലിന്റെ അതിരുവിട്ട അനുനയനീക്കം; ഒതായിയിലെ വീട്ടിലെത്തിയത് 'രഹസ്യങ്ങള്‍' പുറത്താകുമെന്ന ഭീതിയിലോ? സ്ത്രീവിഷയത്തിലെ 'പുറത്താകല്‍' ചര്‍ച്ചയാകുന്നു

സ്ത്രീവിഷയത്തിലെ 'പുറത്താകല്‍' ചര്‍ച്ചയാകുന്നു

Update: 2025-08-21 13:16 GMT

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കും പിന്നാലെ നിയമസഭ അംഗമായും രാഹുല്‍ മാങ്കൂട്ടത്തിലെന്ന യുവ രാഷ്ട്രീയ നേതാവിന്റെ അതിവേഗ വളര്‍ച്ച, അതിനെക്കാള്‍ വേഗത്തില്‍ വീഴ്ചയും. കൈപിടിച്ച് ഉയര്‍ത്തിയവര്‍ക്ക് പോലും മാനക്കേടായി മറ്റ് പോംവഴിയില്ലാതെ രാജിയിലേക്ക്. ശരവേഗത്തിലുള്ള വളര്‍ച്ചയില്‍ താങ്ങും തണലുമായവര്‍ പോലും രാഹുലിനെ രക്ഷിക്കാന്‍ കഴിയാതെ നിസ്സഹായരായി. മൂടിവയ്ക്കാന്‍ തീവ്രശ്രമം നടത്തിയിട്ടും സ്മാര്‍ട്ട് ഫോണ്‍ കാലത്തെ ചാറ്റ് രഹസ്യങ്ങള്‍ തെളിവായി പുറത്തുവന്നതോടെ പാര്‍ട്ടിക്കുതന്നെ ബാധ്യതയാകുമെന്ന് തിരിച്ചറിഞ്ഞ് ചോദിച്ചുവാങ്ങിയ രാജി. തല കുമ്പിട്ട് പടിയിറക്കം.

മൂന്നാഴ്ച മുമ്പാണ് രാഹുലിനെതിരായ ആരോപണങ്ങള്‍ സൈബറിടത്തില്‍ പ്രചരിച്ചു തുടങ്ങിയത്. അതിനു പിന്നില്‍ യൂത്ത് കോണ്‍ഗ്രസില്‍ തന്നെയുള്ള ചിലരാണെന്ന ചില കഥകളും പ്രചരിച്ചു. സിപിഎമ്മിനും ബിജെപിക്കുമെതിരെ ഉറച്ച പ്രതിരോധം തീര്‍ക്കുന്ന രാഹുല്‍ ശൈലി ആരോപണം ഉയര്‍ന്നു തുടങ്ങിയപ്പോള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലുണ്ടായില്ല. ആ ആത്മവിശ്വാസക്കുറവ് സംശയം ജനിപ്പിക്കുന്നതായി. ഒടുവില്‍ മുഖം നഷ്ടപ്പെട്ട് നാടകീയമായ രാജി പ്രഖ്യാപനവും.

രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന യുവരാഷ്ട്രീയ നേതാവിന്റെ വീഴ്ചയുടെ തുടക്കം നിലമ്പൂര്‍ തിരഞ്ഞെടുപ്പിന്റെ പ്രചാരണ കോലാഹലങ്ങള്‍ക്കിടെ പി.വി. അന്‍വര്‍ എംഎല്‍എയുമായി നടത്തിയ അര്‍ദ്ധരാത്രിയിലെ രഹസ്യ കൂടിക്കാഴ്ചയായിരുന്നു. അന്‍വറുമായി ഇനി ഒരു ചര്‍ച്ചയുമില്ലെന്ന് വി.ഡി. സതീശന്‍ പരസ്യമായി പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കകമായിരുന്നു ഈ കൂടിക്കാഴ്ച. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ, രാഹുലിനെ സംരക്ഷിക്കാന്‍ സതീശന് പോലും കഴിയാത്ത അവസ്ഥയായി. വലിയ വിമര്‍ശനം ഉയര്‍ന്നതോടെ രാഹുല്‍ തെറ്റുപറ്റിയെന്ന് ഏറ്റുപറഞ്ഞെങ്കിലും, സതീശന്റെ ഗുഡ് ബുക്കില്‍ നിന്ന് അദ്ദേഹം പുറത്തായി. ഈ രാഷ്ട്രീയമായ ഒറ്റപ്പെടലിന് പിന്നാലെയാണ് രാഹുലിനെതിരെ ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നത്. ഒരുകാലത്ത് താങ്ങും തണലുമായി നിന്ന നേതാക്കളുടെ പിന്തുണ നഷ്ടമായതോടെ, ആരോപണങ്ങളില്‍ പിടിച്ചുനില്‍ക്കാനാവാതെ രാഹുലിന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കേണ്ടി വന്നു.

കൂടിക്കാഴ്ച രഹസ്യങ്ങള്‍ ഒളിപ്പിക്കാനോ?

യുഡിഎഫ് പ്രവേശനം വഴിമുട്ടിയതോടെ മത്സരിക്കാന്‍ ഒരുങ്ങിയതോടെ വളരെ അടുപ്പമുള്ള രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, കെ.സുധാകരന്‍ എന്നിവര്‍ ഇടപെട്ടിട്ടു പോലും വഴങ്ങാന്‍ തയാറല്ലാത്ത അന്‍വറുമായി സ്വന്തംനിലയ്ക്കു ചര്‍ച്ച നടത്താന്‍ രാഹുല്‍ പോയത് അതിരുവിട്ട നീക്കമാണെന്നാണ് കോണ്‍ഗ്രസിനുള്ളില്‍ വിമര്‍ശനമുയര്‍ന്നത്. സന്ദര്‍ശകരുടെ ദൃശ്യങ്ങളും ഫോണില്‍ വിളിക്കുന്നവരുടെ ശബ്ദവും റെക്കോര്‍ഡ് ചെയ്ത് തന്റെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കനുസരിച്ച് പുറത്തുവിടുന്ന ശീലം അന്‍വറിനു നേരത്തേയുണ്ടെന്നും രാഹുല്‍ അതില്‍ ചെന്നു വീഴരുതായിരുന്നുവെന്നും നേതാക്കളില്‍ ചിലര്‍ ചൂണ്ടിക്കാട്ടി.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയോ ഷാഫി പറമ്പില്‍ അടക്കം ഒപ്പം നില്‍ക്കുന്നവരെ അറിയിക്കാതെയാണ് രാഹുല്‍ അന്‍വറിനെ കാണാന്‍ പോയത്. കൂടിക്കാഴ്ചയുടെ വിഡിയോ ദൃശ്യങ്ങള്‍ അന്‍വറിന് ഒപ്പമുണ്ടായിരുന്നവര്‍ പുറത്തുവിട്ടപ്പോഴാണു കോണ്‍ഗ്രസ് നേതൃത്വം വിവരമറിഞ്ഞത്. സംഭവത്തിനു പിന്നാലെ രാഹുലിനെ ഫോണില്‍ വിളിച്ച് സതീശന്‍ വിമര്‍ശനം അറിയിച്ചിരുന്നു. അന്‍വറുമായി വ്യക്തിബന്ധമുള്ള താന്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ മനസ്സറിയാനാണു പോയതെന്നാണു പാര്‍ട്ടിക്ക് രാഹുല്‍ നല്‍കിയ വിശദീകരണം. താന്‍ മുന്‍പ് അറസ്റ്റിലായപ്പോള്‍, അതിനെ ശക്തമായി എതിര്‍ത്ത് അന്‍വര്‍ വാര്‍ത്താ സമ്മേളനം നടത്തിയതു മുതല്‍ അടുപ്പമുണ്ട്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ഥിയെ അന്‍വര്‍ പിന്‍വലിച്ചതിന്റെ പേരിലും ഊഷ്മള ബന്ധമുണ്ടെന്നും രാഹുല്‍ വിശദീകരിച്ചു. എന്നാല്‍ അര്‍ധരാത്രിയിലെ സന്ദര്‍ശനത്തിന്റെ യഥാര്‍ഥ ലക്ഷ്യം അതുമാത്രമാണോ എന്ന സംശയം അന്നുതന്നെ നേതാക്കള്‍ക്ക് പോലും തോന്നിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന് കുരുക്കാകുന്ന ഓഡിയോ സന്ദേശങ്ങളും ചാറ്റുകളും പി വി അന്‍വറിന്റെ കൈവശമെത്തിയെന്നും ഇത് പുറത്തുവിടുമോ എന്ന ഭയമാണ് അനുനയ നീക്കത്തിന് പിന്നിലെന്നുമുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.

പരസ്പരം സംസാരിച്ച എല്ലാ കാര്യങ്ങളെല്ലാം മാധ്യമങ്ങളോട് പറയാന്‍ പറ്റില്ല. മുന്നണിയിലെടുക്കുന്നത് സംബന്ധിച്ചോ അന്‍വറിന്റെ ഉപാധികളെക്കുറിച്ചോ ചര്‍ച്ച ചെയ്തില്ലെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. സിപിഎമ്മിനെ തോല്‍പ്പിക്കാനുള്ള അവസരം നഷ്ടപെടുത്തരുതെന്ന് രാഹുല്‍ അന്‍വറിനോട് പറഞ്ഞു. പിണറായിസത്തെ തോല്പിക്കാന്‍ ഒന്നിച്ചു നില്‍ക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. രാഹുലുമായി രാഷ്ട്രീയവും മുന്നണി പ്രവേശനവുമെല്ലാം ചര്‍ച്ച ചെയ്തുവെന്ന് അന്‍വര്‍ പ്രതികരിക്കുകയും ചെയ്തു.

കൂടിക്കാഴ്ച വ്യക്തിപരമായിരുന്നുവെന്നും പാര്‍ട്ടി അതു തെറ്റാണെന്നു പറഞ്ഞാല്‍ തെറ്റാണെന്നുമായിരുന്നു വിവാദങ്ങള്‍ക്ക് പിന്നാലെ രാഹുല്‍ പ്രതികരിച്ചത്. അതിവൈകാരികമായി പ്രതികരിച്ച് പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ നിന്നു വഴി തെറ്റരുതെന്നു അഭ്യര്‍ഥിക്കാനാണ് അന്‍വറിനെ കണ്ടതെന്ന് രാഹുല്‍ പറഞ്ഞു. 'പ്രതിപക്ഷ നേതാവ് വ്യക്തിപരമായി ശകാരിച്ചാലോ ഇല്ലെങ്കിലോ മാധ്യമങ്ങളോട് പറയേണ്ടതില്ലല്ലോ. നേതൃത്വം തെറ്റാണെന്ന് പറഞ്ഞെങ്കില്‍ അത് അംഗീകരിക്കുന്നു. വ്യക്തിപരമായ കൂടിക്കാഴ്ചയാണ് അന്‍വറുമായി നടത്തിയത്. ആരും ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലല്ല കൂടിക്കാഴ്ച. പാര്‍ട്ടി പറഞ്ഞതാണ് ശരി. ആത്യന്തികമായി പാര്‍ട്ടിയാണ് വലുത്. പാര്‍ട്ടിയോട് പറയേണ്ട കാര്യങ്ങള്‍ അവിടെ പറയും. ഈ സര്‍ക്കാര്‍ താഴെ ഇറക്കേണ്ടത് ഓരോ പ്രവര്‍ത്തകന്റേയും ആഗ്രഹമാണ്', രാഹുല്‍ പറഞ്ഞു. യുഡിഎഫിന്റെയോ കോണ്‍ഗ്രസിന്റെയോ നേതൃത്വത്തിന്റെ അറിവോടെയല്ല രാഹുല്‍ മാങ്കൂട്ടത്തില്‍ പി.വി. അന്‍വറിനെ ഒതായിയിലെ വീട്ടില്‍പ്പോയി കണ്ടതെന്നായിരുന്നു സതീശന്‍ പ്രതികരിച്ചത്. സന്ദര്‍ശനം കൂടുതല്‍ വിവാദമാക്കാനില്ലെന്നും മുതിര്‍ന്ന നേതാക്കള്‍ രാഹുലിനെ നേരിട്ടു വിളിച്ച് താക്കീത് ചെയ്ത സാഹചര്യത്തില്‍ ആ വിഷയം അവസാനിച്ചെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുകയും ചെയ്തു.

Tags:    

Similar News