മഴ കനത്തു: കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലും നാളെ അവധി; ആകെ 11 ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി; കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി; സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത
കോഴിക്കോട്: കനത്ത മഴ തുടരുന്നതിനാല്‍ കാസര്‍കോട്, മലപ്പുറം, വയനാട്, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍മാര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ സ്കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും മതപഠന സ്ഥാപനങ്ങള്‍ക്കും ട്യൂഷന് സെന്ററുകള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
നാളെ (ജൂണ്‍ 16 തിങ്കളാഴ്ച) കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്കൂളുകള്‍ക്ക് അവധിയാണ്. അങ്കണവാടികള്‍, മദ്റസകള്‍, ട്യൂഷന് സെന്ററുകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കുമെന്ന് കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് അറിയിച്ചു.
കാസര്‍കോട് ജില്ലയില്‍ ജൂണ്‍ 16ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (കങഉ) മുന്നറിയിപ്പ് നല്കിയ സാഹചര്യത്തില്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജനസുരക്ഷയെ മുന്‍നിര്‍ത്തി സ്വീകരിക്കുന്ന മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഈ നടപടി.
ഈ സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലെ കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷന് സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, സ്പെഷ്യല്‍ ക്ലാസുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചതായി ജില്ലാ കലക്ടര്‍ കെ ഇന്‍ബശേഖര്‍ ഐഎഎസ് അറിയിച്ചു.
കണ്ണൂര്‍ ജില്ലയില്‍ ശക്തമായ മഴ കാരണം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ സ്കൂളുകള്‍, അങ്കണവാടികള്‍, മതപഠന സ്ഥാപനങ്ങള്‍, ട്യൂഷന് സെന്ററുകള്‍ എന്നിവയ്ക്ക് നാളെ അവധി പ്രഖ്യാപിച്ചതായി ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന് ഐഎഎസ് അറിയിച്ചു.
വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മതപഠന സ്ഥാപനങ്ങള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസുകള്‍ എന്നിവക്ക് നാളെ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. (റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ക്കും റസിഡന്‍ഷ്യല്‍ കോളേജുകള്‍ക്കും ബാധകമല്ല) വിദ്യാര്‍ഥികള്‍ ജലാശയങ്ങളിലും, പുഴകളിലും മറ്റും ഇറങ്ങരുതെന്നും സുരക്ഷിതരായിരിക്കണമെന്നും ജില്ലാ കലക്ടര്‍ ഡി ആര് മേഘശ്രീ ഐഎഎസ് അറിയിച്ചു.
മലപ്പുറം ജില്ലയില്‍ ജൂണ്‍ 16 ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും അതിതീവ്ര മഴ തുടരുന്നതിനാലും മലപ്പുറം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി ആയിരിക്കും. മദ്റസകള്‍, ട്യൂഷന് സെന്ററുകള്‍, അങ്കണവാടികള്‍ എന്നിവക്കും അവധി ബാധകമാണ്. പരീക്ഷകള്‍ക്കും റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമല്ലെന്നും ജില്ല കലക്ടര്‍ അറിയിച്ചു.
തൃശൂര്‍ ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുന്നതിനാലും മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (ജൂണ്‍ 16) ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, നേഴ്സറികള്‍, ട്യൂഷന് സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കുന്നതല്ലെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് ഐഎഎസ് അറിയിച്ചു.
ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച്ച ( ജൂണ്‍ 16) അവധിയായിരിക്കും. അങ്കണവാടികള്‍ക്കും ട്യൂഷന് സെന്ററുകള്‍ക്കും അവധി ബാധകമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
കനത്ത മഴയും കാറ്റും തുടരുന്നതിനാലും അതിശക്തമായ മഴ സാധ്യതാ മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളതിനാലും കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് ഉത്തരവായി. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
ഇടുക്കി ജില്ലയില്‍ റെഡ് അലേര്‍ട്ടും ശക്തമായ കാറ്റും കാരണം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 16-06-2025 അവധി പ്രഖ്യാപിച്ചു. ഇന്ന് രാത്രിയില്‍ പുറപ്പെടുവിച്ച റെഡ് അലേര്‍ട്ടും ശക്തമായ കാറ്റിനുള്ള സാധ്യതയും കണക്കിലെടുത്ത്, മുന്‍കരുതല്‍ എന്ന നിലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിരിക്കും.
കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
ആലപ്പുഴ: കനത്ത മഴയെ തുടര്‍ന്ന് കുട്ടനാട് താലൂക്ക് പരിധിയിലെ ഏകദേശം എല്ലാ സ്കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട് ഉള്ളതിനാലും മഴ ശക്തമായി തുടരുന്നതിനാലും കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ട്യൂഷന് സെന്ററുകള്‍ക്കും നാളെ ( ജൂണ്‍ 16) അവധി നല്കി ജില്ലാ കളക്ടര്‍ ഉത്തരവായി. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.
മഴ തുടരുന്നതിനാലും വരും ദിവസങ്ങളില്‍ അതിശക്തമായ മഴ മുന്നറിയിപ്പു ലഭിച്ചിരിക്കുന്നതിനാലും ജൂണ്‍ 17 വരെ കോട്ടയം ജില്ലയില്‍ എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങളും നിരോധിച്ച് ഉത്തരവായി.
എറണാകുളം ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍, സുരക്ഷയെ മുന്‍നിര്‍ത്തി ജില്ലയിലെ ഡിടിപിസി യുടെയും, ടൂറിസം വകുപ്പിന്റെയും കീഴിലുള്ള എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള ഇന്നത്തെ പ്രവേശനം നിരോധിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ഒറ്റപ്പെട്ട അതിതീവ്ര മഴക്കും ജൂണ്‍ 15 മുതല്‍ 17 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴക്കുമാണ് സാധ്യത. ഈ ദിവസങ്ങളില്‍ മണിക്കൂറില്‍ പരമാവധി 40-60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുള്ളതായി അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് നിലവില്‍ 5 ക്യാമ്പുകളിലായി 126 പേരെ മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്. ഇന്നലെ രാത്രി മണ്ണിടിച്ചില്‍ ഭീതിയെ തുടര്‍ന്ന് കാസറഗോഡ് ജില്ലയില്‍ 9 കുടുംബങ്ങളിലെ 22 ആള്‍ക്കാരെ പുതിയ ക്യാമ്പ് തുടങ്ങി മാറ്റിപാര്‍പ്പിച്ചു. കാലവര്‍ഷം ശക്തിയാര്‍ജിക്കുന്ന സാഹചര്യത്തില്‍ അധികൃതര്‍ നല്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ആവശ്യമായി വന്നാല്‍ മാറിതാമസിക്കാന്‍ തയ്യാറാകണം.