ഇന്ത്യന്‍ സൈന്യത്തിന് നേരെ പാക്ക് സൈബര്‍ ആക്രമണം; വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്യാനുള്ള ഹാക്കര്‍മാരുടെ ശ്രമം തകര്‍ത്ത് ഇന്ത്യന്‍ സേന; രാജസ്ഥാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; പഹല്‍ഗാമിലേത് ഭീകരാക്രമണമായിരുന്നില്ലെന്ന് പോസ്റ്റര്‍ അപ് ലോഡ് ചെയ്തു; സൈനിക സ്‌കൂളുകള്‍ക്ക് നേരെയും ആക്രമണം; വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയെന്ന് അവകാശവാദം
ഇന്ത്യന്‍ സൈറ്റുകള്‍ക്ക് നേരെ പാക്ക് ഹാക്കര്‍മാരുടെ സൈബര്‍ ആക്രമണം
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ചിരിക്കെ, ഇന്ത്യന്‍ സൈന്യത്തിന്റെ വെബ്സൈറ്റുകള്‍ക്ക് നേരെ സൈബര്‍ ആക്രമണം. സൈന്യത്തിന്റെ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്യാന്‍ പാകിസ്ഥാനി ഹാക്കര്‍ നടത്തിയ ശ്രമം ഇന്ത്യന്‍ സേനയുടെ ഡിഫന്‍സ് സൈബര്‍ ഏജന്‍സി ( DCyA ) തകര്‍ത്തു. ഇന്ത്യന്‍ സൈന്യത്തെ ലക്ഷ്യമിട്ട് 'ഐഒകെ ഹാക്കര്‍' എന്ന പാകിസ്ഥാന്‍ ഗ്രൂപ്പ് ആണ് സൈബര്‍ ആക്രമണം നടത്തിയത്.
ശ്രീനഗര്‍ ആര്‍മി പബ്ലിക് സ്‌കൂള്‍, ആര്‍മി വെല്‍ഫെയര്‍ ഹൗസിംഗ് ഓര്‍ഗനൈസേഷന്റെ (എഡബ്ല്യുഎച്ച്ഒ) ഡാറ്റാബേസ്, ഇന്ത്യന്‍ വ്യോമസേനയുടെ പ്ലേസ്‌മെന്റ് പോര്‍ട്ടല്‍ എന്നിവയാണ് ഹാക്ക് ചെയ്യാന്‍ ശ്രമിച്ചത്. നാലു തവണ ഹാക്കിങ് ശ്രമം ഉണ്ടായെന്നാണ് ഇന്റലിജന്‍സ് വിവരം. തുടര്‍ ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്ന വിലയിരുത്തലില്‍ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തിയിട്ടുണ്ട്.
രാജസ്ഥാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റും പാകിസ്ഥാന്‍ ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തിരുന്നു. പഹല്‍ഗാമിലേത് ഭീകരാക്രമണം ആയിരുന്നില്ലെന്ന പോസ്റ്റര്‍ ഹാക്കര്‍മാര്‍ അപ്ലോഡ് ചെയ്തു. വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനും പ്രകോപിപ്പിച്ച് യുദ്ധം ഉണ്ടാക്കാനും ഇന്ത്യന്‍ സര്‍ക്കാര്‍ നടത്തിയ ഓപ്പറേഷനാണെന്നുമാണ് പോസ്റ്ററില്‍ ആരോപിച്ചിരുന്നത്.
'നിങ്ങളാണ് യുദ്ധം തുടങ്ങിയത്. അടുത്ത പോരാട്ടം വെടിയുണ്ട കൊണ്ടായിരിക്കില്ല, മറിച്ച് ഡിജിറ്റല്‍ യുദ്ധമായിരിക്കും. മുന്നറിയിപ്പോ ദയയോ പ്രതീക്ഷിക്കേണ്ട. നിങ്ങളുടെ ഇന്റലിജന്‍സ് ഏജന്‍സികള്‍ വ്യാജമാണ്. നിങ്ങളുടെ സുരക്ഷ വെറും മിഥ്യയാണ്. കൗണ്ട്ഡൗണ്‍ തുടങ്ങി കഴിഞ്ഞു.' പോസ്റ്ററില്‍ പറയുന്നു. പാകിസ്ഥാന്‍ ഹൈക്കര്‍മാര്‍ ഹാക്ക് ചെയ്തയുടന്‍ ഐ ടി വിഭാഗം അക്കൗണ്ട് വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
തന്ത്രപ്രധാനമായ ഡാറ്റകളൊന്നും നഷ്ടമായിട്ടില്ലെന്ന് രാജസ്ഥാന്‍ വിദ്യാഭ്യാസമന്ത്രി പറഞ്ഞു. തിങ്കളാഴ്ച തദ്ദേശ വകുപ്പിന്റെയും ജയ്പൂര്‍ വികസന അതോറിറ്റിയുടേയും വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്തിരുന്നു. ഈ വെബ്സൈറ്റുകള്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യന്‍ സൈനിക സ്‌കൂളുകളുടെ വെബ്‌സൈറ്റുകളും പാക്കിസ്ഥാന്‍ ഹാക്ക് ചെയ്തു. കശ്മീര്‍ പാക്കിസ്ഥാന്റേതാക്കുമെന്ന് അവകാശപ്പെട്ട ഹാക്കര്‍മാര്‍ പാക് പതാകയും സൈനിക സ്‌കൂളുകളുടെ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്.
ശ്രീനഗറിലെ ആര്‍മി പബ്ലിക് സ്‌കൂള്‍ (എപിഎസ്), എപിഎസ് റാണിഖേത്, ആര്‍മി വെല്‍ഫെയര്‍ ഹൗസിങ് ഓര്‍ഗനൈസേഷന്‍ (എഡബ്ല്യുഎച്ച്ഒ) ഡേറ്റാബേസ്, ഇന്ത്യന്‍ എയര്‍ഫോഴ്‌സ് പ്ലേസ്‌മെന്റ് ഓര്‍ഗനൈസേഷന്‍ പോര്‍ട്ടല്‍ എന്നിവയാണ് പാക്കിസ്ഥാന്‍ ഹാക്കേഴ്‌സിന്റെ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നത്.
വെബ്സൈറ്റ് പേജുകളില്‍ 'സൈറ്റ് ഹാക്കഡ്' എന്ന് എഴുതിയ ശേഷം പാക്കിസ്ഥാന്‍ പതാക പ്രദര്‍ശിപ്പിച്ചാണ് ഹാക്കിങ് നടത്തിയിരിക്കുന്നത്. കശ്മീരിനെക്കുറിച്ചുള്ള പ്രകോപനപരമായ സന്ദേശവും ഹാക്ക് ചെയ്യപ്പെട്ട സൈറ്റുകളില്‍ ഉണ്ടായിരുന്നു. ആര്‍മി ഹൗസിങ് സൊസൈറ്റില്‍നിന്നു വ്യക്തിഗത വിവരങ്ങളടക്കം കൈവശപ്പെടുത്തിയെന്നാണ് ഹാക്കര്‍മാരുടെ അവകാശ വാദം.
അതിനിടെ, കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉന്നതതലയോഗം ചേര്‍ന്നു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍, അസം റൈഫിള്‍സ് മേധാവി, എന്‍എസ്ജി മേധാവി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. സുരക്ഷാ സാഹചര്യങ്ങളും തയ്യാറെടുപ്പുകളും ചര്‍ച്ച ചെയ്തു.
അതിനിടെ ആക്രമണത്തിന് ദിവസങ്ങള്‍ക്കു മുന്‍പെ ഭീകരര്‍ പഹല്‍ഗാമില്‍ എത്തിയെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പൊലീസ് പുറത്തുവിട്ട രേഖാചിത്രവുമായി സാമ്യമുള്ള രണ്ടുപേര്‍ നടന്നുപോകുന്ന ദൃശ്യങ്ങള്‍ പൂനെ മലയാളി ശ്രീജിത്ത് രമേശനാണ് പകര്‍ത്തിയത്. ഈ മാസം 18 നാണ് ശ്രീജിത്ത് കശ്മീരിലെത്തിയത്. ദൃശ്യങ്ങള്‍ എന്‍.ഐ.എക്ക് കൈമാറി.
കൂടുതല്‍ ആക്രമണത്തിന് ഭീകരര്‍ ഒരുങ്ങുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് കശ്മീര്‍ താഴ്വര അതീവ ജാഗ്രതയിലാണ്. ചെറു ആയുധങ്ങളുമായി എത്തിയവര്‍ പൊലീസിനെയും റെയില്‍വെ ഉദ്യോഗസ്ഥരെയും ലക്ഷ്യമിടുന്നുണ്ടെന്നാണ് വിവരം. 48 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. താഴ്വരയില്‍ വ്യാപക പരിശോധന തുടരുകയാണ്.
ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത ഹാഷിം മുസ കഴിഞ്ഞവര്‍ഷം സോന്‍മാര്‍ഗില്‍ നടന്ന സെഡ് മോര്‍ ടണല്‍ ആക്രമണത്തിലും പങ്കെടുത്തെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. നിയന്ത്രണ രേഖയില്‍ അഞ്ചാം ദിനവും പാക് പ്രകോപനം തുടര്‍ന്നു. കുപ്വാര, ബാരമുള്ള, അഖ്‌നൂര്‍ സെക്റ്ററുകളില്‍ വെടിവയ്പ്പുണ്ടായി. ഇന്ത്യയും ശക്തമായി തിരിച്ചടിച്ചു.