'ആഗോള ശക്തിയായി ഇന്ത്യ വികസിക്കുന്നതില്‍ ചിലര്‍ അസന്തുഷ്ടരാണ്; എല്ലാവരുടെയും ബോസിന് ഇന്ത്യയുടെ പുരോഗതി അംഗീകരിക്കാനാവുന്നില്ല; ഒരു ശക്തിക്കും ഇന്ത്യയുടെ വളര്‍ച്ച തടയാനാവില്ല': ട്രംപിന്റെ തീരുവ ഭീഷണിയെ രൂക്ഷമായി വിമര്‍ശിച്ച് രാജ്‌നാഥ് സിംഗ്
ട്രംപിന്റെ തീരുവ ഭീഷണിയെ രൂക്ഷമായി വിമര്‍ശിച്ച് രാജ്‌നാഥ് സിംഗ്
ന്യൂഡല്‍ഹി: ഭാരതം ആഗോള ശക്തിയായി മാറുന്നതില്‍ ചിലര്‍ സന്തുഷ്ടരല്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഒരു 'സര്‍വ്വാധികാരി'ക്ക് ഇന്ത്യയുടെ ഉയര്‍ച്ച ഇഷ്ടപ്പെടുന്നില്ല. മേക്ക് ഇന്‍ ഇന്ത്യ ഉത്പന്നങ്ങള്‍ക്ക് വില ഉയര്‍ത്താനാണ് ചിലരുടെ ശ്രമമെന്നും രാജ്‌നാഥ് സിംഗ് കുറ്റപ്പെടുത്തി. ഒരു ശക്തിക്കും ഇന്ത്യയുടെ വളര്‍ച്ച തടയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ഇറക്കുമതി തീരുവ അമ്പത് ശതമാനമായി വര്‍ദ്ധിപ്പിച്ച യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നടപടിയെ വിമര്‍ശിക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്.
ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യ വളരുന്നതില്‍ യുഎസിന് അതൃപ്തിയുണ്ട്. ഇന്ത്യ വികസിക്കുന്നതില്‍ സന്തുഷ്ടരല്ലാത്ത ചിലരുണ്ട്. ഇന്ത്യയില്‍ നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ നിര്‍മിക്കുന്ന ഉത്പന്നങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വിലയേറിയതാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. അങ്ങനെ വില വര്‍ദ്ധിക്കുമ്പോള്‍ ലോകം അവ വാങ്ങുന്നത് അവസാനിപ്പിക്കുന്നു. ഇന്ത്യ വേഗത്തില്‍ മുന്നേറുകയാണ്. പൂര്‍ണ ആത്മവിശ്വാസത്തോടെയാണ് ഞാന്‍ പറയുന്നത്. ലോകത്തിലെ മറ്റൊരു ശക്തിക്കും ഇന്ത്യയുടെ ശക്തിയെയും വളര്‍ച്ചയെയും തളര്‍ത്താന്‍ സാധിക്കില്ല.
'സബ്‌കെ ബോസ് തോ ഹം ഹേ' (എല്ലാവരുടെയും ബോസ് ഞാനാണ്), പിന്നെങ്ങനെയാണ് ഇന്ത്യ ഇത്ര വേഗത്തില്‍ മുന്നേറുന്നത്? ട്രംപിനെ പരിഹസിച്ചുക്കൊണ്ട് അദ്ദേഹം പറഞ്ഞു.
നിലവിലെ സാഹചര്യങ്ങളൊന്നും പ്രതിരോധ കയറ്റുമതിയെ ബാധിച്ചിട്ടില്ല. അതേസമയം തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിരോധ മേഖലയെ സംബന്ധിച്ചിടത്തോളം 24,000 കോടിയിലധികം പ്രതിരോധ വസ്തുക്കള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ഇതാണ് ഭാരതത്തിന്റെ ശക്തി. ഇതാണ് പുതിയ ഭാരതത്തിന്റെ പുതിയ പ്രതിരോധ മേഖലയെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
അതേസമയം, ഇന്ത്യക്ക് 50 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിയ ട്രംപിന്റെ നീക്കത്തിന് തിരിച്ചടി നല്‍കാന്‍ ആലോചിക്കുകയാണ് ഇന്ത്യ. അലുമിനിയം, സ്റ്റീല്‍, തുണിത്തരങ്ങള്‍ തുടങ്ങിയവയ്ക്ക് പകരം തീരുവ ഈടാക്കാനാണ് ആലോചന. റഷ്യ - യുഎസ് ചര്‍ച്ചകളില്‍ ഇന്ത്യയ്‌ക്കെതിരെ പിഴ ചുമത്തിയ വിഷയവും ഉയര്‍ന്നു വരാനാണ് സാധ്യതയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ചയാണ് ഇന്ത്യയ്ക്കുമേല്‍ 50 ശതമാനം തീരുവ ഏര്‍പ്പെടുത്താനുള്ള ട്രംപിന്റെ ഉത്തരവ് വന്നത്. നാല് ദിവസത്തിനിപ്പുറവും ഇത് പിന്‍വലിക്കണമെന്ന ആവശ്യവുമായി ഇന്ത്യ അമേരിക്കന്‍ ഭരണകൂടത്തെ സമീപിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ട്രംപിനെ വിളിക്കാനും തയ്യാറായിട്ടില്ല.
അമേരിക്കന്‍ നീക്കത്തെ നേരിടും എന്ന സന്ദേശമാണ് ഇതിലൂടെ ഇന്ത്യ നല്‍കുന്നത്. എന്നാല്‍ ഇതുമാത്രം മതിയാകില്ല എന്ന വികാരം ബിജെപിയിലും ആര്‍എസ്എസിലും ശക്തമാകുകയാണ്. അമേരിക്കന്‍ ഉല്പന്നങ്ങള്‍ക്കും ഇന്ത്യ പകരം തീരുവ പ്രഖ്യാപിക്കണം എന്ന നിര്‍ദ്ദേശം ശക്തമാണ്. അമേരിക്കയില്‍ നിന്നുള്ള അലുമിനിയം, സ്റ്റീല്‍ എന്നിവയ്ക്ക് 50 ശതമാനത്തിന് മുകളില്‍ തീരുവ ഏര്‍പ്പെടുത്താനുള്ള ശുപാര്‍ശ കേന്ദ്ര മന്ത്രിസഭ ചര്‍ച്ച ചെയ്‌തേക്കും.
ലോകവ്യാപാര കരാറിന്റെ ലംഘനമാണ് അമേരിക്ക നടത്തിയതെന്ന് ചൂണ്ടിക്കാട്ടി ഇതിനകം ഇന്ത്യ പരാതി നല്കിയിട്ടുണ്ട് എന്നാണ് സൂചന. അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന തുണിത്തരങ്ങള്‍ക്കും തീരുവ കുത്തനെ ഉയര്‍ത്താനുള്ള നിര്‍ദേശവും പരിഗണനയിലാണ്.