രാമചന്ദ്രന് വിടചൊല്ലി നാട്; ചങ്ങമ്പുഴ പാര്‍ക്കിലെ പൊതുദര്‍ശനത്തില്‍ അന്തിമോപചാരം അര്‍പ്പിച്ച് ആയിരങ്ങള്‍; 12ന് ഇടപ്പള്ളി ശാന്തികവാടത്തില്‍ സംസ്‌കാരം; സംസ്‌കാരത്തിന് ശേഷം ചങ്ങമ്പുഴ പാര്‍ക്കില്‍ അനുശോചന യോഗവും

Update: 2025-04-25 05:04 GMT

കൊച്ചി: കശ്മീരില്‍ ഭീകരരുടെ വെടിയേറ്റ് വീരമൃത്യു വരിച്ച ഇടപ്പള്ളി സ്വദേശി എന്‍. രാമചന്ദ്രന് വിടചൊല്ലി ആയിരങ്ങള്‍. രാമചന്ദ്രന്റെ മൃതദേഹം ഇന്ന് രാവിലെ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിലേക്ക് കൊണ്ടുവന്നതോടെ നൂറകണക്കിന് ആളുകളാണ് അവസാനമായി സന്ദര്‍ശിച്ച് അന്തിമോപചാരമര്‍പ്പിച്ചത്.

രാവിലെ 7 മണിക്ക് ആരംഭിച്ച പൊതുദര്‍ശനം 9 മണിക്ക് സമാപിച്ചു. വിവിധ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നു. കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍, ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള, മന്ത്രി പി. രാജീവ്, കൊച്ചി മേയര്‍ എം. അനില്‍കുമാര്‍, കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, നടന്‍ ജയസൂര്യ തുടങ്ങിയവര്‍ പൊടുന്നനെ എത്തിയവരിലായിരുന്നു.

കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ എന്നിവരും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തുമെന്ന് അധികൃതര്‍ അറിയിച്ചു. പൊതു ആദരാഞ്ജലികള്‍ക്കുശേഷം, മൃതദേഹം പതിനൊന്നരയോടെ മങ്ങാട്ട് റോഡിലെ വസതിയിലെത്തിക്കും. അന്ത്യകര്‍മ്മങ്ങള്‍ നടത്തുന്നതിനുശേഷം ഉച്ചയ്ക്ക് 12ന് ഇടപ്പള്ളി ശാന്തികവാടം ശ്മശാനത്തില്‍ സംസ്‌കാരം നടത്തും. പിന്നീട് 12.30ന് ചങ്ങമ്പുഴ പാര്‍ക്കില്‍ പൊതു അനുശോചന യോഗം നടക്കും.

ഇന്നലെ രാത്രി മുതല്‍ തന്നെ രാമചന്ദ്രന്റെ വീട് അനുശോചന സാഗരമായി. മന്ത്രി ആര്‍. ബിന്ദു, മുന്‍ മന്ത്രി പി.കെ. ശ്രീമതി, ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്‍, സംവിധായകന്‍ മേജര്‍ രവി തുടങ്ങിയവര്‍ എത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.

രാമചന്ദ്രന്റെ ജ്യേഷ്ഠന്‍ രാജഗോപാല മേനോന്‍ യുഎസില്‍നിന്ന് തിരികെ എത്തിയിട്ടുണ്ട്. പൊതു ദര്‍ശനത്തിന് വയ്ക്കുന്നതിന് മുന്‍പ് തന്നെ അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ എത്തിയിരുന്നു. യുഎസില്‍ ഉള്ള മറ്റൊരു ബന്ധുകൂടി എത്തേണ്ടതിനാലാണ് സംസ്‌കാരം വെള്ളിയാഴ്ചത്തേക്ക് മാറ്റിയത് എന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

കശ്മീരില്‍ വിനോദയാത്രയ്ക്കു പോയ എന്‍. രാമചന്ദ്രന്‍, ചൊവ്വാഴ്ചയാണ് മകളുടെയും കൊച്ചുമക്കളുടെയും മുന്നില്‍വെച്ച് ഭീകരരുടെ വെടിയേറ്റു മരിച്ചത്. ആക്രമണത്തില്‍ രാമചന്ദ്രന്‍ അടക്കം 26 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Tags:    

Similar News