മഹാഭാരത കഥയില്‍ നിന്ന് വേറിട്ട് ഭീമന് നായകവേഷം കല്‍പ്പിച്ചുകൊടുത്ത രണ്ടാമൂഴം; എംടിയുടെ ആഗ്രഹം പോലെ ആ ഇതിഹാസ നോവലിനെ സിനിമയാക്കാന്‍ മോഹന്‍ലാല്‍ എത്തുമോ? രാജമൗലി ഉള്‍പ്പെടെ സംവിധായക സ്ഥാനത്ത് അഭ്യൂഹം പലത്; എംടിയുടെ ഓര്‍മ്മ ദിനത്തില്‍ ബിഗ് സ്‌ക്രീന്‍ ചര്‍ച്ച

Update: 2025-12-25 06:24 GMT

കോഴിക്കോട്: മലയാള സാഹിത്യത്തിലെ ഇതിഹാസ തുല്യമായ കൃതി 'രണ്ടാമൂഴം' ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നു. എം.ടി വാസുദേവന്‍ നായരുടെ മകള്‍ അശ്വതി നായരാണ് നിര്‍ണ്ണായക വിവരങ്ങള്‍ പങ്കുവെച്ചത്. 2026-ല്‍ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് അവര്‍ അറിയിച്ചു. തികച്ചും പുതുമയുള്ള ഒരു അവതരണമായിരിക്കും ചിത്രത്തിന്റേതെന്നാണ് സൂചന. എം.ടി തന്നെ തിരക്കഥ ഒരുക്കുന്ന ഈ സിനിമ ഇന്ത്യന്‍ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

പ്രശസ്തരായ താരങ്ങളും അണിയറ പ്രവര്‍ത്തകരും ഭാഗമാകുന്ന ഈ ബിഗ് ബജറ്റ് ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ഒന്നായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ സംവിധായകനെക്കുറിച്ചും മറ്റ് അഭിനേതാക്കളെക്കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടും. രാജമൗലി ഈ ചിത്രം സംവിധാനം ചെയ്യുമെന്നും മോഹന്‍ലാല്‍ അഭിനയിക്കുമെന്നുമെല്ലാം പ്രചരണമുണ്ട്. എന്നാല്‍ ഇതിലെ വിശദാംശങ്ങളൊന്നും അവര്‍ പുറത്തു വിട്ടിട്ടില്ല. എംടി എഴുതി പൂര്‍ത്തിയാക്കിയ വേറെ തിരക്കഥയും ഉണ്ട്. രണ്ടാമൂഴത്തിന് ശേഷം അതും സിനിമയാക്കാനുള്ള നടപടികളിലേക്ക് കടക്കും.

മുന്‍പ് ഈ പ്രോജക്റ്റുമായി ബന്ധപ്പെട്ട് ചില നിയമതടസ്സങ്ങളും തര്‍ക്കങ്ങളും നിലനിന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ തടസ്സങ്ങളെല്ലാം നീങ്ങി, തികച്ചും പുതുമയുള്ള രീതിയിലാണ് ചിത്രം വിഭാവനം ചെയ്തിരിക്കുന്നത്. ഭീമന്റെ കാഴ്ചപ്പാടിലൂടെ മഹാഭാരത കഥ പറയുന്ന ഈ ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. എം.ടിയുടെ കൃതികളെ ആസ്പദമാക്കി ഒരുക്കിയ 'മനോരഥങ്ങള്‍' എന്ന ആന്തോളജി പരമ്പരയ്ക്ക് ശേഷം അശ്വതി നായര്‍ ഈ വലിയ പ്രോജക്റ്റിലും സജീവമായി പിന്നിലുണ്ട്.

രണ്ടാമൂഴം, എംടിയെന്ന വിഖ്യാത സാഹിത്യകാരന്റെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളിലൊന്ന്. മഹാഭാരത കഥയില്‍ നിന്ന് വേറിട്ട് ഭീമന് നായകവേഷം കല്‍പ്പിച്ചുകൊടുത്ത രണ്ടാമൂഴം. അത് സിനിമയായി കാണണമെന്ന് അത്രമേല്‍ ആഗ്രഹിച്ചിരുന്നു എംടി. എന്നാല്‍ അത് സംഭവിച്ചില്ല. ഒരുപാട് സംവിധായകര്‍ ആഗ്രഹിച്ച ആ തിരക്കഥ സിനിമയാക്കാന്‍ സംവിധായകന്‍ വിഎ ശ്രീകുമാര്‍ ശ്രമിച്ചു. വലിയ തര്‍ക്കത്തിലും വിവാദത്തിലും കോടതി വ്യവഹാരത്തിലുമാണ് അതവസാനിച്ചത്. അതിന് ശേഷം തിരിച്ചുവാങ്ങിയ തിരക്കഥ മറ്റൊരാളെ ഏല്‍പ്പിക്കാനുള്ള വ്യഗ്രതയിലായിരുന്നു അവസാനകാലം.

ഹരിഹരനെയായിരുന്നു സംവിധായകനായി ആദ്യം എംടി മനസില്‍ കണ്ടത്. അപ്പോള്‍ ഭീമനായി മോഹന്‍ലാലിന്റെ പേര് പറഞ്ഞുകേട്ടിരുന്നു. സംവിധായകര്‍ മാത്രമല്ല, തെന്നിന്ത്യയിലെ പ്രമുഖ നിര്‍മാതാക്കളും രണ്ടാമൂഴം ഏറ്റെടുക്കാന്‍ തയ്യാറാണ് എന്നതുകൊണ്ട് തന്നെ സിനിമ അധികം വൈകാതെ യാഥാര്‍ഥ്യമാകും. മോഹന്‍ലാലിനെ ഭീമനായി കാണാനാണ് എംടി ആഗ്രഹിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Tags:    

Similar News