കേരളത്തിലേക്കുള്ള ആദ്യ വരവില്‍ തുടക്കാരന്‍ എ എസ് പി പുലിവാല് പിടിച്ചത് കൂത്തുപറമ്പിലെ വെടിയുതിര്‍ക്കലില്‍; തീവ്രവാദികളെ മടയില്‍ കയറി നേരിട്ട ഐബി കരുത്തുള്ള രണ്ടാം വരവ് നയതന്ത്രമായി; യൂണിവേഴ്‌സിറ്റിയിലെ രണ്ടാം നിലയിലേക്ക് സമരക്കാരെ കൈപടിച്ചു കയറ്റിയ പോലീസ്! വീണാല്‍ പാളുമെന്നതിനാലോ ഈ കൈസഹായം? എസ് എഫ് ഐയെ റവാഡയുടെ പോലീസ് നോവിപ്പിക്കാതെ വിടുമ്പോള്‍
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി ആസ്ഥാനത്തേക്കുള്ള പ്രധാന ഗേറ്റ് പോലീസ് അടച്ചു. ആ ഗേറ്റ് തുറക്കണമെങ്കില്‍ മതിലൂടെ നുഴഞ്ഞു കയറി രണ്ടാം നിലയിലൂടെ താഴേക്ക് വരണം. അതിന് വേണ്ടി ചില എസ് എഫ് ഐക്കര്‍ മതിലിലൂടെ നൂങ്ങി കയറി. ഇതുകണ്ട് മുകളില്‍ നിന്ന പോലീസ് കൈകൊടുത്ത് അവരെ പിടിച്ചു കയറ്റി. അങ്ങനെ പോലീസ് കരുതലില്‍ അവര്‍ മുകള്‍ നിലയില്‍ സുരക്ഷിതരായെത്തി. കേരളത്തിന്റെ സമര ചരിത്രത്തിലൊന്നും ഇത്തരമൊരു രംഗം ഉണ്ടായിട്ടില്ല. പോലീസ് പിടിച്ചു കയറ്റാതെ അവര്‍ വഴുതി താഴേക്ക് വീണാല്‍ അതിന്റെ പഴി മുഴുവന്‍ പോലീസ് കേള്‍ക്കേണ്ടി വരുമായിരുന്നു. അത് എല്ലാ അര്‍ത്ഥത്തിലും പോലീസ് ഒഴിവാക്കുകയായിരുന്ന കേരളാ സര്‍വ്വകലാശാലയില്‍. ഇതിനൊപ്പം എല്ലാ തലത്തിലും അക്രമസാക്തമായിട്ടും പോലീസ് സംയമനം പാലിച്ചു. അങ്ങനെ വലിയൊരു പോലീസ് ആക്ഷന്‍ ഒഴിവാക്കി. അഞ്ചു ദിവസം മുമ്പാണ് കേരള പോലീസിന് പുതിയ മേധാവിയെ കിട്ടിയത്. ഐബിയില്‍ സ്‌പെഷ്യല്‍ ഡയറക്ടറായിരുന്ന റവാഡ ചന്ദ്രശേഖര്‍ വിമാനത്തില്‍ എത്തിയാണ് പോലീസ് മേധാവിയായത്. കേരളത്തില്‍ ഇടതുഭരണം അതുകൊണ്ട് തന്നെ പ്രശ്‌ന രഹിതമാകുമെന്ന് റവാഡ കരുതിയിരിക്കണം. പക്ഷേ ഈ തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ എസ് എഫ് ഐ എല്ലാ അര്‍ത്ഥത്തിലും പോരിനിറങ്ങുകയാണ്. ഗവര്‍ണര്‍ക്കെതിരായ വിദ്യാര്‍ത്ഥി സമരം അതിന്റെ എല്ലാ സീമകളും ലംഘിക്കുമെന്നും വ്യക്തമായി. ഈ സാഹചര്യത്തില്‍ റവഡയുടെ പോലീസിന് കൂടുതല്‍ സംയമനം ആവശ്യമായി വരും. കാരണം കൂത്തുപറമ്പിലെ വില്ലനാണ് സിപിഎമ്മിലെ ചിലര്‍ക്കെങ്കിലും റവാഡ. അന്ന് തലശ്ശേരി എ എസ് പിയായിരുന്നു റാവഡ. രണ്ടു ദിവസം മുമ്പ് ചുമതലയേറ്റ യുവാവ്. അതുകൊണ്ട് തന്നെ കൂത്തുപറമ്പില്‍ റവാഡയ്ക്ക് പങ്കില്ലെന്ന് വ്യക്തമായി പറഞ്ഞാണ് സിപിഎം പോലീസ് മേധാവി കസേരയിലേക്കുള്ള റവാഡയുടെ വരവിനെ ന്യായീകരിച്ചത്. ആ സിപിഎം കരുതല്‍ കേരളാ സര്‍വ്വകലാശാലയില്‍ പോലീസു തിരിച്ചു കാട്ടിയെന്ന വിലയിരുത്തലും ശക്തമാണ്. ഏതായാലും പോലീസിന്റെ സംയമനം മാത്രമാണ് കേരളാ യൂണിവേഴ്‌സിറ്റിയില്‍ കാര്യങ്ങള്‍ കലാപത്തിലേക്ക് എത്തിക്കാത്തതെന്നത് വ്യക്തമാണ്.
കൂത്തുപറമ്പില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വെടിവെച്ചുകൊന്നത് യുഡിഎഫ് ഭരണത്തിലാണെന്നത് ആരും മറക്കേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു. റവാഡ ചന്ദ്രശേഖര്‍ അല്ല ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കൊന്നത്. സംഭവം നടക്കുന്നതിന് രണ്ടുദിവസം മുന്‍പാണ് അദ്ദേഹം കണ്ണൂരിലെത്തുന്നത്. അദ്ദേഹത്തിന് കണ്ണൂരിന്റെയോ തലശ്ശേരിയുടെയോ ഭൂമിശാസ്ത്രം അറിയുമായിരുന്നില്ല. കേസില്‍ കോടതി റവാഡയെ കുറ്റവിമുക്തനാക്കിയതാണെന്നും ഗോവിന്ദന്‍ പറഞ്ഞു. പോലീസ് മേധാവി നിയമനം മെറിറ്റ് അടിസ്ഥാനത്തിലാണ്. റവാഡ ചന്ദ്രശേഖറിന് ക്ലീന്‍ചിറ്റ് കൊടുക്കേണ്ട കാര്യം സിപിഎമ്മിനില്ല. ഇതുമായിബന്ധപ്പെട്ട കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാലിന്റെ പരാമര്‍ശം മറുപടി അര്‍ഹിക്കുന്നില്ലെന്നും ഗോവിന്ദന്‍ പറഞ്ഞിരുന്നു. കേരളാ യൂണിവേഴ്‌സിറ്റിയിലും റവാഡയുടെ പോലീസിനെ രക്ഷിക്കാന്‍ ഗോവിന്ദന്‍ എത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ആ ഇടപെടല്‍. മുഖ്യമന്ത്രി പറഞ്ഞിട്ടാണ് പോലീസ് മേധാവിയായ റവാഡയെ ഒരാഴ്ച മുമ്പ് ഗോവിന്ദന്‍ ന്യായീകരിച്ചത്. കേരളത്തില്‍ത്തന്നെ ഒട്ടേറെ വര്‍ഷത്തെ പ്രവര്‍ത്തനപരിചയമുള്ള പോലീസ് ഉദ്യോഗസ്ഥനാണ് റവാഡ എ. ചന്ദ്രശേഖര്‍. സംസ്ഥാനത്തെ നിര്‍ണായകമായ പല കേസുകളിലും അദ്ദേഹത്തിന്റെ കൈയൊപ്പുണ്ട്. 1991-ലെ കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം കേന്ദ്ര ഇന്റലിജന്‍സ് സ്പെഷ്യല്‍ ഡയറക്ടര്‍ ചുമതല ഉള്‍പ്പെടെ വഹിച്ചിട്ടുണ്ട്.
കേരള ചരിത്രത്തിലെ മായ്ക്കാനാവാത്ത മുറിപ്പാടാണ് 1994 നവംബര്‍ 25-ലെ കൂത്തുപറമ്പ് വെടിവെപ്പ്. അഞ്ച് ഡിവൈഎഫ്ഐക്കാര്‍ കൊല്ലപ്പെടുകയും പുഷ്പന്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ആ സംഭവം സിപിഎമ്മിന്റെ ചരിത്രത്തിലെ എക്കാലത്തെയും പൊള്ളുന്ന ഓര്‍മയാണ്. അതിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായിരുന്നു അടുത്തകാലത്ത് മരിച്ച പുഷ്പന്‍. മൂന്നു പതിറ്റാണ്ടു നീണ്ട കിടപ്പുജീവിതത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 28-ന് അദ്ദേഹം വിടവാങ്ങി. വെടിയേറ്റ് കഴുത്തിന് താഴെ തളര്‍ന്ന ശരീരവുമായി 30 കൊല്ലം ജീവിച്ച അദ്ദേഹം തോക്കിനെ തോല്‍പ്പിച്ച പോരാളിയായാണ് വിലയിരുത്തപ്പെടുന്നത്. റവാഡ ചന്ദ്രശേഖര്‍ തലശ്ശേരി എ.എസ്.പി. ആയിരിക്കേയാണ് കൂത്തുപറമ്പ് വെടിവെപ്പുണ്ടായത്. സ്വാശ്രയ വിദ്യാഭ്യാസ പ്രശ്നവുമായി ബന്ധപ്പെട്ട് മന്ത്രി എം.വി. രാഘവനെ കരിങ്കൊടി കാണിക്കാന്‍ കൂത്തുപറമ്പിലെത്തിയതായിരുന്നു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. കൂത്തുപറമ്പില്‍ അര്‍ബന്‍ സഹകരണ ബാങ്ക് സായാഹ്നശാഖ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു രാഘവന്‍. ഇരമ്പിയെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ലാത്തിവീശി. തുടര്‍ന്ന് കല്ലേറും സംഘര്‍ഷവുമുണ്ടായി. കണ്ണീര്‍വാതക ഷെല്ലുകളടക്കം പ്രയോഗിച്ചിട്ടും പ്രതിഷേധം നിലയ്ക്കാതായതോടെ പോലീസ് നിറയൊഴിച്ചു. അന്ന് അവിടെ പോലീസിന്റെ നേതൃത്വം റവാഡയ്ക്കായിരുന്നു. അഞ്ചുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. എഎസ്പിയായി നിയമിതനായി പിറ്റേന്നുതന്നെയായിരുന്നു ഇത്. ഇതോടെ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം കയ്പ്പുനിറഞ്ഞതായി.
കേസില്‍ റവാഡയെയും പ്രതിചേര്‍ത്ത് കൊലക്കുറ്റം ചുമത്തി. പിന്നീട് 2012-ല്‍ ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു. കൊല നടത്താനുള്ള വ്യക്തിവൈരാഗ്യമുണ്ടായിരുന്നില്ലെന്നും കൃത്യനിര്‍വഹണത്തിലായിരുന്നെന്നും നിരീക്ഷിച്ചാണ് കോടതി മറ്റു പ്രതികളെ ഉള്‍പ്പെടെ കുറ്റവിമുക്തരാക്കിയത്. തുടര്‍ന്ന് കേന്ദ്ര സര്‍വീസിലേക്ക് നിയമിക്കപ്പെട്ടു. അങ്ങനെ സിപിഎമ്മുമായി നേരിട്ട് ഏറ്റുമുട്ടല്‍ നടത്തിയ അദ്ദേഹം, സിപിഎം സര്‍ക്കാരിന്റെ കാലത്തുതന്നെ പോലീസ് മേധാവി സ്ഥാനത്തേക്ക് വന്നു. റവാഡയോട് സിപിഎമ്മിന് അനിഷ്ടമില്ല എന്ന ഒരു പ്രഖ്യാപനം കൂടിയായി അതിനെ വ്യാഖ്യാനിക്കപ്പെട്ടു. എന്നാല്‍, കൂത്തുപറമ്പ് വെടിവെപ്പിന്റെയും രക്തസാക്ഷിത്വത്തിന്റെയും പൊള്ളുന്ന സ്മരണകള്‍ ഇപ്പോളും സിപിഎം പ്രവര്‍ത്തകരില്‍ ഉണ്ട് എന്നതാണ് സത്യം. അതുകൊണ്ടുതന്നെ പോലീസ് മേധാവിയായിരിക്കെ സിപിഎമ്മനെതിരേയോ ഡിവൈഎഫ്‌ഐയ്‌ക്കെതിരേയോ എസ് എഫ് ഐക്കെതിരേയോ കടുത്ത നടപടികള്‍ പോലീസ് എടുത്താല്‍ അതിന്റെ പഴി റവാഡയില്‍ എത്തുമെന്ന് ഉറപ്പാണ്. ഇതിന് കണ്ണൂരിലെ ലോബി തക്കം പാര്‍ത്തിരിപ്പുണ്ട്. ഈ സാഹചര്യത്തില്‍ എല്ലാമാണ് കേരളാ സര്‍വ്വകലാശാലയിലെ പോലീസിന്റെ 'കൈ കൊടുക്കല്‍' നയതന്ത്രം ചര്‍ച്ചകളിലേക്ക് എത്തുന്നത്.
സഹകരണ മന്ത്രിയായിരുന്ന എം.വി.രാഘവനെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി പ്രതിഷേധിച്ചു. വഴി തടഞ്ഞ ഡിവൈഎഫ്‌ഐക്കാരെ പിരിച്ചുവിടുന്നതിന് വെടിവയ്ക്കാന്‍ അന്ന് കണ്ണൂര്‍ എസ്.പിയായിരുന്ന റവാഡ എ.ചന്ദ്രശേഖര്‍ ഐപിഎസ് ഉത്തരവിട്ടത് ഹൈദരാബാദില്‍ ഐപിഎസ് പരിശീലനം പൂര്‍ത്തിയാക്കി കേരളത്തിലെത്തിയതിന്റെ പിറ്റേന്നാണ് ഇത്. കൊലക്കുറ്റം ചുമത്തപ്പെട്ടെങ്കിലും ഓദ്യോഗിക കൃത്യനിര്‍വഹണത്തിലായിരുന്ന പൊലീസുകാര്‍ക്ക് കൊല നടത്താനുള്ള വ്യക്തിവൈരാഗ്യമില്ലായിരുന്നുവെന്ന് നിരീക്ഷിച്ച ഹൈക്കോടതി 2012 ല്‍ റവാഡയുള്‍പ്പടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കി. പ്രതികള്‍ വെടിവയ്ക്കാന്‍ ഉത്തരവിട്ടെന്ന പരാതിക്ക് തെളിവില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പിന്നീട് ഐബിയിലെത്തിയതോടെ റവാഡയുടെ കരിയറില്‍ ശ്രദ്ധേയമായ മാറ്റങ്ങളുണ്ടായി. മുംബൈയില്‍ അഡിഷനല്‍ ഡയറക്ടറായി തുടങ്ങിയ റവാഡ പ്രവര്‍ത്തന മികവും കാര്യക്ഷമതയും കൊണ്ട് സ്‌പെഷല്‍ ഡയറക്ടറായി ഉയര്‍ന്നു. 1991 ബാച്ച് കേരള കേഡര്‍ ഐപിഎസ് ഓഫിസറായ റവാഡ ചന്ദ്രശേഖര്‍ അടുത്തിടെ കാബിനറ്റ് സെക്രട്ടറിയേറ്റിലെ സുരക്ഷാ വിഭാഗം സെക്രട്ടറിയായും നിയമിക്കപ്പെട്ടിരുന്നു.
1991 ബാച്ച് ഉദ്യോഗസ്ഥനായ റവാഡയ്ക്ക് 2026 വരെയാണ് സര്‍വീസ് ഉള്ളത്. പൊലീസ് മേധാവിയായാല്‍ ഒരു വര്‍ഷം കൂടി അധികം സര്‍വീസ് ലഭിക്കും. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ (ഐബി) സ്പെഷല്‍ ഡയറക്ടറായിരുന്ന റവാഡ ചന്ദ്രശേഖര്‍, ഐബി മേധാവി തപന്‍കുമാര്‍ ദേഖ വിരമിക്കുമ്പോള്‍ ആ സ്ഥാനത്തേക്ക് എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ തപന്‍കുമാറിന് കേന്ദ്രം ഒരു വര്‍ഷം കൂടി കാലാവധി നീട്ടി നല്‍കിയതോടെയാണ് റവാഡ കേരളത്തിലേക്കു മടങ്ങാന്‍ താല്‍പര്യപ്പെട്ടത്.