'അയ്യേ...അയ്യയ്യേ... എന്തുവാടെ ഇത്?; എന്ന പണ്ണി വെച്ചിരിക്കെ?; ഇത്രയും ക്വാളിറ്റി ഇല്ലാത്ത ഒരു പിക് അടുത്ത കാലത്തൊന്നും ഞാൻ കണ്ടിട്ടില്ല..!!'; ആ നടിക്കൊപ്പമുള്ള സരിനെ കണ്ട് സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ ചർച്ച; പിന്നാലെ കവചമൊരുക്കി ഭാര്യയുടെ കുറിപ്പ്; വ്യാജ ഫോട്ടോയ്‌ക്കെതിരെ സൗമ്യ തുറന്നടിക്കുമ്പോൾ
പാലക്കാട്: സി.പി.എം. നേതാവ് പി. സരിന്‍റെ പേരിൽ നടത്തുന്ന വ്യാജ ഫോട്ടോ പ്രചാരണത്തിനെതിരെ അദ്ദേഹത്തിന്‍റെ ഭാര്യ ഡോ. സൗമ്യ സരിൻ രംഗത്ത് വന്നു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച നടി റിനി ആൻ ജോർജിനൊപ്പം സരിൻ നിൽക്കുന്നതായി ചിത്രീകരിച്ച് എഡിറ്റ് ചെയ്ത ഫോട്ടോയാണ് പ്രചരിക്കുന്നത്. ഈ ഫോട്ടോയുടെ നിലവാരത്തെക്കുറിച്ചാണ് ഡോ. സൗമ്യ സരിൻ രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്.
"ഇത്രയും ക്വാളിറ്റിയില്ലാത്ത ഒരു തല വെട്ടി ഒട്ടിക്കൽ പിക് ഞാൻ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല," ഡോ. സൗമ്യ സരിൻ സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചു. "1996ൽ ഞാൻ കണ്ട 'ഇന്ദ്രപ്രസ്‌ഥം' എന്ന സിനിമയിൽ പോലും ഇതിലും മികച്ച രീതിയിൽ ഇത്തരം എഡിറ്റിംഗ് നടന്നിട്ടുണ്ട്."
നേരെ എഡിറ്റ് ചെയ്യാൻ കഴിവുള്ള ആരും ഇവരുടെ ടീമിൽ ഇല്ലേയെന്നും, അത്യാവശ്യമായി പണി അറിയാവുന്നവരെ റിക്രൂട്ട് ചെയ്യണമെന്നും അവർ പരിഹസിച്ചു. കൂടുതൽ പ്രചാരണങ്ങൾ നടക്കാനിരിക്കുന്നതിനാൽ പ്രൊഫഷണൽ ക്വാളിറ്റി നിലനിർത്തണമെന്നും അവർ കൂട്ടിച്ചേർത്തു. പ്രചരിക്കുന്ന വ്യാജ ഫോട്ടോയുടെ നിലവാരമില്ലായ്മയെയും പ്രചാരണ രീതിയെയും ഡോ. സൗമ്യ സരിൻ അതി രൂക്ഷമായി വിമർശിച്ചു.
പോസ്റ്റിന്റെ പൂർണരൂപം
ഈ ഫോട്ടോ എന്റെ പോസ്റ്റുകൾക്ക് താഴെ തലങ്ങും വിലങ്ങും പോസ്റ്റുന്നവരോടാണ് കേട്ടോ…
അയ്യേ... അയ്യയ്യേ... എന്തുവാടെ?
എന്ന പണ്ണി വെച്ചിരിക്കെ???!
ഇത്രയും ക്വാളിറ്റി ഇല്ലാത്ത ഒരു തല വെട്ടി ഒട്ടിക്കൽ പിക് ഞാൻ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല...
ഇതൊന്നും വൃത്തിക്കും മെനക്കും ചെയ്യാൻ കഴിവുള്ള ആരും അവിടെ ഇല്ലേ?
1996 ഇൽ ഞാൻ കണ്ട ഇന്ദ്രപ്രസ്‌ഥം സിനിമയിൽ പോലും ഇതിലും അടിപൊളി ആയി ഇതൊക്കെ ചെയ്തു വെച്ചിട്ടുണ്ട്...
അത്യാവശ്യമായി ടീമിലേക്ക് പണി അറിയാവുന്ന കുറച്ചു പേരെ റിക്രൂട്ട് ചെയ്യണം...
പെട്ടെന്ന് തന്നെ...പണി കൂടാൻ പോകുകയല്ലേ... അപ്പോ പ്രൊഫഷനൽ ക്വാളിറ്റി കളയാതെ നോക്കണം...
എന്ന്
ഒരു അഭ്യുദയകാംക്ഷി
അതേസമയം, കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗികാപവാദങ്ങള്‍ക്കിടെ, യുവതിയെ ഭീഷണിപ്പെടുത്തുന്നതായി സംശയിക്കുന്ന ഒരു ശബ്ദരേഖ സിപിഎം നേതാവ് ഡോ. പി. സരിന്‍ പുറത്തുവിട്ടു. ഈ ഓഡിയോ ക്ലിപ്പില്‍, 'നിന്നെ കൊന്ന് ഇല്ലാതാക്കാന്‍ എനിക്ക് സെക്കന്റുകള്‍ മതി' എന്ന് പറയുന്നതായി കേള്‍ക്കാം. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ കാണാതായതും ദുരൂഹ സാഹചര്യത്തില്‍ മരിച്ചതുമായ യുവതികളെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്നും ഡോ. സരിന്‍ ആവശ്യപ്പെട്ടു.
ഇതൊരു വലിയ മാഫിയയുടെ പ്രവര്‍ത്തനമായിരിക്കാം എന്നും, ഇതിന്റെ ഭാഗമായി പല യുവതികളും കൊല്ലപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നും ഡോ. സരിന്‍ ആരോപിച്ചു. പുറത്തുവന്ന ഓഡിയോ ക്ലിപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു. 'എത്ര സെക്കന്‍ഡ് വേണം എനിക്ക് നിന്നെ കൊല്ലാന്‍?' എന്ന് രാഹുല്‍ പറയുന്നതായി സംഭാഷണത്തില്‍ വ്യക്തമാണ്. 'ടെന്‍ഷന്‍ മാറാന്‍ വേണ്ടി എന്തെങ്കിലും കലക്കി തന്ന് കൊല്ലാന്‍ ശ്രമിക്കുകയാണോ?' എന്ന് യുവതി ചോദിക്കുമ്പോളാണ് രാഹുല്‍ ഇങ്ങനെ മറുപടി നല്‍കുന്നത്.
സംഭാഷണത്തില്‍, ഗര്‍ഭച്ഛിദ്രം നടത്തിയില്ലെങ്കില്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് രാഹുല്‍ യുവതിയോട് സംസാരിക്കുന്നുണ്ട്. കുഞ്ഞ് ജനിച്ചാല്‍ തന്റെ ജീവിതം തകരുമെന്ന് രാഹുല്‍ പറയുമ്പോള്‍, കുഞ്ഞിനെ സ്വയം വളര്‍ത്താമെന്ന് യുവതി മറുപടി നല്‍കുന്നു. ഗര്‍ഭച്ഛിദ്രത്തിന് തയാറല്ലെന്ന് യുവതി ആവര്‍ത്തിക്കുമ്പോള്‍, രാഹുല്‍ അവരെ അസഭ്യം പറയുന്നതും സംഭാഷണത്തില്‍ വ്യക്തമാണ്. താനൊരു സ്ത്രീയാണെന്ന് പരിഗണിക്കണമെന്നും ഇത് തന്റെ ആദര്‍ശമാണോ എന്നും യുവതി രാഹുലിനോട് ചോദിക്കുന്നു.