ഡോറയുടെ വസ്തു വില്‍ക്കാനുള്ള നീക്കം അറിഞ്ഞ് ആള്‍മാറാട്ടം; രൂപസാദൃശ്യമുള്ള വസന്തയെ രംഗത്തിറക്കി മെറിന്റെ പേരിലേക്ക് കൈമാറ്റം; ജവഹര്‍ നഗര്‍ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പിന്റെ സൂത്രധാരന്‍ അനന്തപുരി മണികണ്ഠനെന്ന് അറസ്റ്റിലായവരുടെ മൊഴി; കോണ്‍ഗ്രസ് നേതാവ് മുന്‍കൂര്‍ ജാമ്യം തേടിയിട്ടും മൗനം വെടിയാതെ നേതൃത്വം; സബ് റജിസ്ട്രാര്‍ ഓഫിസറടക്കം പ്രതിപ്പട്ടികയില്‍ വരുമെന്ന് സൂചന

ജവഹര്‍ നഗര്‍ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പിന് തുടക്കമിട്ടത് കോണ്‍ഗ്രസ് നേതാവ്

Update: 2025-07-10 12:40 GMT

തിരുവനന്തപുരം: ജവഹര്‍ നഗറില്‍ വ്യാജരേഖ ചമച്ച് യു എസില്‍ സ്ഥിരതാമസമാക്കിയ സ്ത്രീയുടെ വീടും വസ്തുവും തട്ടിയെടുത്ത കേസില്‍ ആരോപണവിധേയനായ വെണ്ടര്‍ അനന്തപുരി മണികണ്ഠന്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടും വിഷയത്തില്‍ മൗനം തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വം. കേസില്‍ പ്രതിചേര്‍ക്കുന്നതിനു രണ്ടുദിവസം മുന്‍പു തന്നെ കോണ്‍ഗ്രസ് നേതാവായ മണികണ്ഠന്‍ ഒളിവില്‍ പോയിരുന്നു. തട്ടിപ്പിനു തയാറാക്കിയ വ്യാജ പ്രമാണത്തിന്റെ കോപ്പി മണികണ്ഠന്റെ ഓഫിസില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ തവണ കോര്‍പറേഷന്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്ക് മത്സരിച്ച ഡിസിസി അംഗം കൂടിയായ മണികണ്ഠനെതിരെ കോണ്‍ഗ്രസ് നടപടിയെടുത്തേക്കുമെന്നാണ് സൂചന.

ഇത്ര ഗുരുതരമായ ആരോപണം ഉയര്‍ന്നിട്ടും കോണ്‍ഗ്രസ് നേതൃത്വം നടപടിയെടുക്കുകയോ, ഒരു വിശദീകരണം നടത്തുകയോ ചെയ്തിട്ടില്ല. അനന്തപുരി മണികണ്ഠന്‍ സബ് രജിസ്ട്രാര്‍ ഓഫീസിലെ ഉദ്യോഗസ്ഥനെ സ്വാധീനിച്ചാണ് റജിസ്‌ട്രേഷന്‍ നടത്തിച്ചത് എന്നാണ് പുറത്തുവരുന്ന വിവരം. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും മുന്‍ മന്ത്രിയുമായ തിരുവനന്തപുരത്തെ പ്രമുഖ നേതാവിന്റെ അനുയായിയായ മണികണ്ഠന്‍ കഴിഞ്ഞ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ആറ്റുകാല്‍ വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു.

അമേരിക്കയിലുള്ള സ്ത്രീയുടെ ഉടമസ്ഥതയില്‍ കവടിയാര്‍ ജവഹര്‍ നഗറിലുണ്ടായിരുന്ന ഒന്നരക്കോടിയോളം രൂപ വിലവരുന്ന വീടും വസ്തുവും വ്യാജരേഖകള്‍ ചമച്ചും ആള്‍മാറാട്ടം നടത്തിയും തട്ടിയെടുത്ത കേസില്‍ രണ്ടുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം പുനലൂര്‍ അയലമണ്‍ ചെന്നപ്പേട്ട മണക്കാട് കോടാലി പച്ച ഓയില്‍പാം പഴയ ഫാക്ടറിക്കു പുറകുവശം പുതു പറമ്പില്‍ വീട്ടില്‍ മെറിന്‍ ജേക്കബ് (27), കരകുളം മരുതൂര്‍ ചീനിവിള പാലയ്ക്കാടു വീട്ടില്‍ വസന്ത(76) എന്നിവരെയാണ് കന്റോണ്‍മെന്റ് അസി.കമ്മിഷണര്‍ സ്റ്റ്യുവര്‍ട്ട് കീലറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഡോറ അസറിയ ക്രിപ്സ് എന്ന സ്ത്രീയുടെ ഉടമസ്ഥതയിലുള്ള വീടും സ്ഥലവും അവരുടെ വളര്‍ത്തുമകളെന്ന വ്യാജേനയാണ് പ്രതി മെറിന്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചത്. പിതാവ് അസറിയയില്‍നിന്ന് പാരമ്പര്യമായി കിട്ടിയ ഭൂമിയാണ് തട്ടിയെടുത്തതെന്ന് ഡോറ അസറിയ ക്രിപ്സ് പരാതിയില്‍ പറയുന്നു. ഭൂമി നോക്കിനടത്താന്‍ ബന്ധുവായ അമര്‍നാഥ് പോളിനെ ഏല്‍പ്പിച്ചിരുന്നു. കഴിഞ്ഞ ജനുവരിയില്‍ കരമടയ്ക്കാന്‍ ഇയാള്‍ വില്ലേജ് ഓഫീസില്‍ എത്തിയപ്പോഴാണ് ഭൂമി മറ്റൊരാളുടെ ഉടമസ്ഥതയിലായെന്ന് അറിഞ്ഞത്.

കോടികള്‍ വിലമതിക്കുന്ന വീടും പുരയിടവും ആള്‍മാറാട്ടം നടത്തി തട്ടിയെടുത്തതില്‍ സൂത്രധാരന്‍ മണികണ്ഠനാണെന്ന് കേസില്‍ അറസ്റ്റിലായ മെറിനും വസന്തയും മൊഴി നല്‍കിയിരുന്നു. പണം വാഗ്ദാനം ചെയ്ത് മണികണ്ഠന്‍ ആള്‍മാറാട്ടം നടത്തണമെന്ന് പറഞ്ഞു. തട്ടിപ്പിന് തുടക്കമിട്ടത് കോണ്‍ഗ്രസ് നേതാവെന്നുമാണ് മെറിന്‍ മൊഴി നല്‍കിയത്. തുടര്‍ന്ന് വെണ്ടര്‍ മണികണ്ഠനെ പ്രതിചേര്‍ക്കുകയായിരുന്നു. മൂന്ന് പേര്‍ക്കു കൂടി സംഭവത്തില്‍ നേരിട്ട് ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. വ്യാജ മുന്‍പ്രമാണമായിട്ടും അത് പരിശോധിക്കാതെ റജിസ്‌ട്രേഷന്‍ നല്‍കിയതിനാല്‍ സബ് റജിസ്ട്രാര്‍ ഓഫിസറും പ്രതിപ്പട്ടികയില്‍ വരും.

മെറിന്‍ ജേക്കബിനു വേണ്ടി വ്യാജ ആധാരം ഉണ്ടാക്കിയത് മണികണ്ഠന്‍ ആണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഡോറയുമായി സാദൃശ്യമുള്ള മരുതൂര്‍ ചീനിവിള പാലയ്ക്കാടു വീട്ടില്‍ വസന്തയെ രംഗത്തെത്തിച്ച് ഡോറയെന്ന പേരില്‍ ആള്‍മാറാട്ടം നടത്തി മെറിന്റെ പേരിലേക്ക് വസ്തു കൈമാറ്റം നടത്തിയ ആദ്യ പ്രമാണം എഴുതിയ അഭിഭാഷകനും പൊലീസ് നിരീക്ഷണത്തിലാണ്. മണികണ്ഠന്‍ നേരത്തേ നടത്തിയ ചില വസ്തു ഇടപാടുകളിലും പൊലീസ് പരിശോധന തുടങ്ങി.

വീട് വാങ്ങുന്നതിനായി വസ്തുവിന്റെ അടുത്തു തന്നെയുള്ള സ്ഥാപന ഉടമ ഡിസംബറില്‍ അമേരിക്കയിലെത്തി വസ്തുവിന്റെ ഉടമ ഡോറ അസറിയ ക്രിപ്‌സുമായി ചര്‍ച്ച നടത്തിയിരുന്നു. ജനുവരിയില്‍ തന്നെ പ്രമാണം എഴുതുന്നതിനു നടപടികളും പൂര്‍ത്തിയാക്കി. അതിനിടയിലാണ് ജനുവരി നാലിന് വ്യാജ പ്രമാണം തയാറാക്കി വളര്‍ത്തുമകള്‍ എന്ന മട്ടില്‍ മെറിന്റെ പേരിലേക്ക് ഭൂമി കൈമാറ്റം നടത്തിയത്. ജനുവരി 17ന് തന്നെ മെറിന്‍ ഇത് ചന്ദ്രസേനന്‍ എന്നയാള്‍ക്ക് വിലയാധാരമായി കൈമാറി. ഈ പ്രമാണം എഴുതിയത് മണികണ്ഠനാണ്. മണികണ്ഠനെ വിശ്വസിച്ചാണ് റജിസ്‌ട്രേഷന്‍ ചെയ്തു കൊടുത്തതെന്നാണ് സബ് റജിസ്ട്രാറുടെ മൊഴി.

ഡോറ അസറിയയുടെ വസ്തുവിന്റെ യഥാര്‍ഥ പ്രമാണം നഗരത്തിലെ ബാങ്ക് ലോക്കറില്‍ സുരക്ഷിതമാണ്. വസ്തു വില്‍ക്കാനുള്ള നീക്കം അറിഞ്ഞാണ് ആള്‍മാറാട്ടം വഴി പെട്ടന്ന് ഇടപാട് നടത്തിയത്. അമേരിക്കയിലുള്ള ഡോറയുമായി നടത്തിയ വിഡിയോ കോള്‍ വഴി പൊലീസ് മൊഴിയെടുത്തു. കേരളത്തില്‍ എത്താന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. രോഗങ്ങള്‍ അലട്ടുന്നതിനാല്‍ ഡോറയുടെ വരവ് വൈകിയേക്കും.

Tags:    

Similar News