യെലഹങ്ക വിഷയം സിപിഎം രാഷ്ട്രീയ ആയുധമാക്കവേ അതിവേഗ ഇടപെടലുമായി കെ സി വേണുഗോപാല്‍; സിദ്ധരാമയ്യയെയും ഡി.കെയെയും വിളിച്ച് ഉടനടി പരിഹാരത്തിന് നിര്‍ദേശം; ബുള്‍ഡോസര്‍ ഉപയോഗിച്ചുള്ള പൊളിച്ചുനീക്കലിലെ ഇരകള്‍ക്ക് 180 ഫ്‌ലാറ്റുകള്‍ ബൈപ്പനഹള്ളിയില്‍ നല്‍കും; വൈകീട്ടോടെ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപനം നടത്തും

യെലഹങ്ക വിഷയം സിപിഎം രാഷ്ട്രീയ ആയുധമാക്കവേ അതിവേഗ ഇടപെടലുമായി കെ സി വേണുഗോപാല്‍

Update: 2025-12-29 06:48 GMT

ബെംഗളൂരു: ബെംഗളൂരു യെലഹങ്കയിലെ ഇരുനൂറോളം വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു നീക്കിയ സംഭവത്തിലെ ഇരകള്‍ക്ക് അതിവേഗ പുരനധിവാസം ഒരുക്കാന്‍ കര്‍ണാടക സര്‍ക്കാര്‍. യെലഹങ്കയിലെ കുടുംബങ്ങളെ താല്‍ക്കാലികമായി പുനരധിവസിപ്പിക്കും. സര്‍ക്കാര്‍ അധികൃതരുടെ നേതൃത്വത്തില്‍ സൂക്ഷ്മ പരിശോധന ആരംഭിച്ചു. രാജീവ് ഗാന്ധി ഹൗസിങ് സ്‌കീമില്‍ 180ഫ്‌ലാറ്റുകള്‍ ബൈപ്പനഹള്ളിയില്‍ നല്‍കാനാണ് തീരുമാനം.

ആധാര്‍, റേഷന്‍ കാര്‍ഡ് അടക്കമുള്ള യഥാര്‍ഥ രേഖകള്‍ ഉള്ളവര്‍ക്ക് മാത്രമായിരിക്കും വീടുകള്‍ നല്‍കുക. രാജീവ് ഗാന്ധി ഹൗസിങ് സ്‌കീം ഉദ്യോഗസ്ഥര്‍ ഇന്നലെ കോളനിയില്‍ എത്തി രേഖകള്‍ പരിശോധിച്ചിരുന്നു. ബൈപ്പനഹള്ളിയില്‍ നിര്‍മാണം പൂര്‍ത്തിയായ 1200ഫ്‌ലാറ്റുകളില്‍ 180 എണ്ണം ആണ് നല്‍കുക. ചര്‍ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യ വൈകിട്ടോടെ പ്രഖ്യാപനം നടത്തിയേക്കും.

ബംഗളൂരുവിലെ യെലഹങ്കിലെ കോഗിലു ലേയ്ഔട്ടിലെ വിവാദമായ കുടിയൊഴിപ്പിക്കല്‍ നടപടിയില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ ഇടപെടലാണ് നിര്‍ണായകമായ.്. വിഷത്തില്‍ സിപിഎം മുതലെടുപ്പിന് രംഗത്തുവന്നതോടെ കെ സി വേണുഗോപാല്‍ അതിവേഗം ഇടപെട്ട് രംഗത്തുവന്നു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറുമായും വേണുഗോപാല്‍ സംസാരിച്ചതിന് പിന്നാലെ ധൃതഗതിയിലുള്ള ഇടപെടലുമായി കര്‍ണാടക സര്‍ക്കാര്‍.

കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് അടിയന്തര പുനരധിവാസത്തിന് ദ്രുതഗതിയിലുള്ള ഇടപെടലാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നടത്തിയത് . കഴിഞ്ഞ ദിവസം ശിവകുമാറുമായി സംസാരിച്ചതിന് പിന്നാലെ കഴിഞ്ഞദിവസം പ്രവര്‍ത്തകസമിതി യോഗത്തിനായി ഡല്‍ഹിയിലെത്തിയ സിദ്ധരാമയ്യയുമായി വേണുഗോപാല്‍ നേരില്‍കണ്ട് ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു.

കുടിയൊഴിപ്പിക്കപ്പെട്ട എല്ലാവരെയും പുനരധി വസിപ്പിക്കും എന്ന് കര്‍ണാടക സര്‍ക്കാര്‍ കെസി വേണുഗോപാലിന് ഉറപ്പ് നല്‍കി. അനധികൃതമായ കയ്യേറ്റമാണ് ഒഴിപ്പിക്കുന്നതെങ്കിലും മനുഷ്യാവകാശങ്ങള്‍ക്കും മാനുഷിക പരിഗണനകള്‍ക്കും മുന്‍ഗണന നല്‍കിക്കൊണ്ടാണ് ഇത്തരം നടപടി സ്വീകരിക്കേണ്ടതെന്ന് വേണുഗോപാല്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കര്‍ണാടക ഭവന കാര്യ മന്ത്രി സമീര്‍ അഹമ്മദുമായി ഫോണില്‍ സംസാരിച്ചു .ദുരിതബാധിതരെ അടിയന്തരമായി നേരില്‍ സന്ദര്‍ശിക്കാനും അവര്‍ക്ക് ആവശ്യമായ അടിയന്തര സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കി നല്‍കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.

മുഖ്യമന്ത്രിയുമായും ഉപമുഖ്യമന്ത്രിയുമായും കൂടിയാലോചിച്ച് കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് പകരം താമസ സൗകര്യം തന്നെ സജ്ജീകരിക്കുന്നതിനും അവിടേക്ക് അവര്‍ക്ക് മാറി താമസിക്കുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും നടത്തണമെന്ന് മന്ത്രിയോട് വേണുഗോപാല്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് മന്ത്രി ഇന്നലെ നേരില്‍ പോയി ദുരിതബാധിതരെ സന്ദര്‍ശിക്കുകയും അവര്‍ക്ക് ആവശ്യമായ പാര്‍പ്പിടസൗകര്യങ്ങള്‍ സജ്ജീകരിച്ചുവരികയാണെന്നും അറിയിച്ചു.

ഇതിന് പിന്നാലെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉന്നതതല യോഗം വിളിക്കുകയും, ബിബിഎംപി കമ്മീഷണര്‍ക്ക് കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് അടിയന്തര സഹായം എത്തിക്കാനുള്ള ഉത്തരവ് നല്‍കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ഇന്ന് മുഖ്യമന്ത്രി ബാംഗ്ലൂരില്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിനുശേഷം കുടിയിറക്കപ്പെട്ടവര്‍ക്ക് പകരം താമസസൗകര്യങ്ങള്‍ ഇന്ന് തന്നെ ഏര്‍പ്പാടാക്കി നല്‍കാനാണ് നീക്കം. ഭവന കാര്യമന്ത്രി സമീര്‍ അഹമ്മദ് ഖാന്‍ നേരിട്ടാകും ദുരിത ബാധിതരെ പുതിയ ഭവനങ്ങളില്‍ എത്തിക്കുക.

185 കുടുംബങ്ങള്‍ക്ക് ഇന്ന് പുതിയ താമസസ്ഥലത്തേക്ക് മാറാനാകുമെന്നാണ് കരുതുന്നത്. ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റിയാണ് യെലഹങ്ക കൊഗിലു ഫക്കീര്‍ കോളനിയിലെയും വസീം ലേഔട്ടിലേയും മുന്നൂറിലേറെ വീടുകള്‍ മുന്നറിയിപ്പില്ലാതെ പൊളിച്ചുമാറ്റിയത്. ഖരമാലിന്യ സംസ്‌കരണത്തിനുളള ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് ഉദ്യോഗസ്ഥരും പൊലീസ് മാര്‍ഷലും ചേര്‍ന്ന് മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് വീടുകള്‍ പൊളിച്ചുമാറ്റുകയായിരുന്നു.

Tags:    

Similar News