ജാതി അധിക്ഷേപം ഉന്നയിച്ച സിപിഎം ഏരിയ കമ്മറ്റി ഓഫീസ് സെക്രട്ടറിയ്ക്ക് ചുമതല നഷ്ടം; സിപിഎം തിരുവല്ല ഏരിയ കമ്മിറ്റി സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററും ഓഫീസ് സെക്രട്ടറി ചുമതലയും വഹിച്ചിരുന്ന രമ്യ ബാലന്‍ നേതൃത്വത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്

രമ്യ ബാലന്‍ നേതൃത്വത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്

Update: 2025-04-22 16:07 GMT

തിരുവല്ല: ജാതി അധിക്ഷേപത്തില്‍ പരാതി പറഞ്ഞതിന്റെ പേരില്‍ ചുമതലയില്‍ നിന്നും നീക്കം ചെയ്യപ്പെട്ട സിപിഎം തിരുവല്ല ഏരിയ കമ്മിറ്റി സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററും ഓഫീസ് സെക്രട്ടറി ചുമതലയും വഹിച്ചിരുന്ന രമ്യ ബാലന്‍ നേതൃത്വത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. ഏരിയ കമ്മിറ്റി ഓഫീസില്‍ വച്ച് മഹിളാ അസോസിയേഷന്‍ നേതാവ് ഹൈമ എസ് പിള്ളയില്‍ നിന്നും ജാതീയ അധിക്ഷേപം നേരിട്ടു എന്ന് പാര്‍ട്ടി ഘടകത്തില്‍ പരാതി നല്‍കിയ രമ്യ ബാലനെ സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്തതിന് പിന്നാലെയാണ് പരസ്യ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

മൂന്നാഴ്ച മുമ്പ് സിപിഎം തിരുവല്ല ഏരിയ കമ്മിറ്റി ഓഫീസില്‍ വച്ചായിരുന്നു രമ്യ ബാലനെ ഹൈമ എസ് പിള്ള ജാതി പറഞ്ഞ് അധിക്ഷേപിച്ചുവെന്ന് പരാതി ഉയര്‍ന്നത്. ഇതേ തുടര്‍ന്ന് ഏരിയ സെക്രട്ടറി ബിനില്‍കുമാറിന് രേഖാമൂലം രമ്യ പരാതി നല്‍കിയിരുന്നു. ജില്ലാ സെക്രട്ടറിയെ ഫോണില്‍ വിളിച്ച് തന്റെ പരാതി അറിയിച്ചു. രണ്ടാഴ്ച മുമ്പ് വിളിച്ചു വിളിച്ചു ചേര്‍ത്ത ഏരിയ കമ്മിറ്റിയില്‍ ഈ വിഷയം ചര്‍ച്ചയ്ക്ക് വന്നെങ്കിലും രമ്യയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുവാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായില്ല എന്നതാണ് പരാതി.

മാധ്യമങ്ങളോട് പ്രതികരിച്ചതിന്റെ പേരില്‍ തനിക്കെതിരെ നടപടിയും ഹൈമയ്ക്കെതിരെ അനുകൂല നിലപാടുമാണ് പാര്‍ട്ടി സ്വീകരിച്ചത് എന്ന് രമ്യ പറയുന്നു. കഴിഞ്ഞ ഒരാഴ്ചക്കാലമായി നടന്നു വന്നിരുന്ന ബാലസംഘത്തിന്റെ ക്യാമ്പിന് ശേഷം കഴിഞ്ഞ ദിവസം ഓഫീസില്‍ ജോലിക്കായി എത്തിയ തന്നോട് ജോലിയില്‍ പ്രവേശിക്കേണ്ട എന്ന് ഏരിയ സെക്രട്ടറി ബിനില്‍ കുമാര്‍ പറഞ്ഞു എന്ന് രമ്യ ബാലന്‍ പ്രതികരിച്ചു. പ്രാഥമിക അംഗത്വത്തില്‍ നിന്നും പാര്‍ട്ടി തന്നെ പുറത്താക്കിയാലും സാധാരണ പ്രവര്‍ത്തകയായി പാര്‍ട്ടിയില്‍ തന്നെ തുടരും എന്നതാണ് രമ്യ ബാലന്റെ നിലവിലെ നിലപാട്.

Tags:    

Similar News