നവീന്‍ ബാബുവിന്റെ വീട്ടില്‍ നുഴഞ്ഞുകയറി റിപ്പോര്‍ട്ടര്‍ ചാനല്‍; നിരന്തര സമ്മര്‍ദ്ദം ചെലുത്തി ഭാര്യ മഞ്ജുഷയില്‍ നിന്നും രണ്ട് വാക്കുകള്‍ തരപ്പെടുത്തി; എക്‌സ്‌ക്ലൂസിവ് വാര്‍ത്തയാക്കും മുമ്പ് വിശദ അഭിമുഖവുമായി സംപ്രേക്ഷണം ചെയ്ത് സ്‌കോര്‍ ചെയ്ത് ഏഷ്യാനെറ്റ് ന്യൂസും; ചാനല്‍ യുദ്ധത്തില്‍ സംഭവിക്കുന്നത്

നവീന്‍ ബാബുവിന്റെ വീട്ടില്‍ നുഴഞ്ഞുകയറി റിപ്പോര്‍ട്ടര്‍ ചാനല്‍

Update: 2024-11-01 11:32 GMT

തിരുവനന്തപുരം: നവീന്‍ ബാബു ആത്മഹത്യ ചെയ്ത കേസ് കേരളത്തില്‍ ഏറെ വിവാദമായി നില്‍ക്കുകയാണ്. പ്രതി പി പി ദിവ്യയെ അറസ്റ്റു ചെയ്ത് ജയിലില്‍ അടച്ചെങ്കിലും ജനരോഷം അടങ്ങിയിട്ടില്ല. ഇതിനിടെയാണ് ചാനലുകള്‍ നവീന്‍ ബാബുവിന്റെ വീട്ടിലെത്തി ഭാര്യയും കോന്നി തഹസില്‍ദാറുമായി മഞ്ജുഷയുമായി സംസാരിച്ച് അഭിമുഖങ്ങള്‍ എടുക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍, ചാനലുകളില്‍ നിന്നും അകലം പാലിക്കുന്ന കുടുംബം ഇന്നലെ മാത്രമാണ് കാര്യമായ പ്രതികരണം നടത്തിയത്.

അതിന് ഇടയാക്കിയത് റിപ്പോര്‍ട്ടര്‍ ചാനലിന്റെ അമിതാവേശമാണ് എന്നാണ് പത്തനംതിട്ടയിലെ മാധ്യമപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്ന കാര്യം. ഇന്നലെ രാവിലെ നവീന്‍ ബാബുവിന്റെ വീട്ടിലെത്തിയ റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രതിനിധികള്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തി മഞ്ജുഷയില്‍ നിന്നും എന്തെങ്കിലും പ്രതികരണം തേടുകയായിരുന്നു. എന്നാല്‍ അവര്‍ പരമാവധി ഒഴിവാകാന്‍ ശ്രമിച്ചെങ്കിലും നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ രണ്ട് വാക്കുകള്‍ അവര്‍ പറഞ്ഞു. കലക്ടര്‍ നല്‍കിയത് മൊഴി തെറ്റാണെന്നും അതിനോട് യോജിപ്പില്ലെന്നുമാണ് അവര്‍ ചാനലിനോട് പ്രതികരിച്ചത്.

എന്നാല്‍, ഇതിന് ശേഷം റിപ്പോര്‍ട്ടറിന് മാത്രമായി നില്‍കിയത് ട്രാപ്പായി കണക്കാക്കും എന്ന അവസ്ഥ വന്നതോടെ കുടുംബം മറ്റു ചാനലുകളെയും വിവരം അറിയിച്ചു. ഇതോടെ ലൈവ് സംവിധാനങ്ങളോടെ ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയും എത്തി. തുടര്‍ന്ന് ഏഷ്യാനെറ്റിനോട് വിശദമായി സംസാരിച്ചു. ഈ അഭിമുഖത്തിലാണ് വിശദമായി മഞ്ജുഷ മനസ്സു തുറന്ന് സംസാരിച്ചത്.

എഡിഎം കുറ്റസമ്മതം നടത്തിയെന്ന കണ്ണൂര്‍ ജില്ലാ കളക്ടറുടെ മൊഴി തള്ളുകയാണ് അവര്‍ ചാനല്‍ അഭിമുഖത്തില്‍ ചെയ്തത്. സഹപ്രവര്‍ത്തകരോട് സൗഹാര്‍ദ്ദപരമായി ഒരിക്കലും പെരുമാറാത്ത കളക്ടറോട് നവീന്‍ ഒന്നും തുറന്ന് പറയില്ലെന്ന് ഉറപ്പാണെന്നും മഞ്ജുഷ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ കളക്ടറുടെ വാക്കുകള്‍ വിശ്വസിക്കുന്നില്ലെന്ന് മഞ്ജുഷ പറഞ്ഞു. കളക്ടര്‍ വീട്ടിലേക്ക് വരേണ്ടെന്ന് തീരുമാനിച്ചത് താനാണെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും മഞ്ജുഷ പറഞ്ഞു.

ജീവനക്കാരോട് സൗഹൃദപരമായി പെരുമാറാത്ത ആളാണ് കണ്ണൂര്‍ കളക്ടര്‍. അതിനാല്‍ തന്നെ കളക്ടര്‍ പറഞ്ഞത് കണ്ണൂര്‍ കളക്ടറേറ്റിലേ ആരും വിശ്വസിക്കില്ല. അത്തരത്തില്‍ നവീന്‍ ഒരു കാര്യവും തുറന്നുപറയാന്‍ യാതൊരു സാധ്യതയുമില്ല. അത് പൂര്‍ണമായിട്ടും അറിയാം. കളക്ടറുമായി ഒരു തരത്തിലുള്ള ആത്മബന്ധവും നവീന്‍ ബാബുവിനില്ല. അതിനാല്‍ തന്നെ കളക്ടറുടെ വാക്കുകള്‍ വിശ്വസിക്കുന്നില്ല. കളക്ടര്‍ വീട്ടിലേക്ക് വരേണ്ടതില്ലെന്ന് താന്‍ തന്നെ എടുത്ത തീരുമാനമാണ്. അദ്ദേഹം വീട്ടിലേക്ക് വരുന്നതില്‍ താത്പര്യമില്ല. മരണത്തില്‍ നീതി ലഭിക്കുന്നതിനായി നിയമപരമായ എല്ലാ സാധ്യതകളും തേടുമെന്നും മഞ്ജുഷ പറഞ്ഞു.

യാത്രയയപ്പ് ദിവസം കളക്ടറോട് നവീന്‍ ബാബു സംസാരിച്ചുവെന്നും ചില കാര്യങ്ങള്‍ പറഞ്ഞിരുന്നുവെന്നമാണ് കണ്ണൂര്‍ കളക്ടര്‍ പൊലീസിനോട് പറഞ്ഞത്. കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ കോടതിവിധിയില്‍ പരാമര്‍ശിക്കുന്ന മൊഴി ശരിയാണെന്നായിരുന്നു കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത്. തെറ്റ് പറ്റിയെന്ന് എഡിഎം നവീന്‍ ബാബു പറഞ്ഞിട്ടുണ്ടെന്നും തന്റെ മൊഴി പൂര്‍ണ്ണമായി പുറത്തുവന്നിട്ടില്ലെന്നും അരുണ്‍ കെ വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കളക്ടറുടെ ഈ മൊഴി തള്ളിക്കൊണ്ടാണ് നവീന്റെ ഭാര്യ മഞ്ജുഷ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്.

ഏഷ്യാനെറ്റുമായി നവീന്റെ ഭാര്യ വിശദമായി സംസാരിച്ചോടെ റിപ്പോര്‍ട്ടറിന്റെ എക്‌സ്‌ക്ലൂസിവ് ചീറ്റിപ്പോയി. അനാവശ്യമായി കുടുംബത്തെ സമ്മര്‍ദ്ദം ചെലുത്തിയാണ് അഭിമുഖം എടുത്തതെന്ന പൊതുവികാരമാണ് പത്തനംതിട്ടയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കും ഉണ്ടായത്. ഞങ്ങല്‍ക്ക് തന്നെ അഭിമുഖം സംപ്രേക്ഷണം ചെയ്യുന്നതിന് മുന്ന് മറ്റു ചാനലുകള്‍ക്ക് അഭിമുഖം നല്‍കിയതിലെ നീരസമായിരുന്നു റിപ്പോര്‍ട്ടറിന്. എന്നാല്‍, ഏതാനും ദിവസം മുമ്പ് റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രതിനിധി ടി വി പ്രസാദ് പരുഷമായി സംസാരിച്ചത് അടക്കം വിവാദമായിരുന്നു.

മഞ്ജുഷ കാര്യങ്ങള്‍ പറയുന്നതിനിടെയാണ് ഇടയ്ക്ക് കയറി അലോസരപ്പെടുത്തുന്ന ചോദ്യങ്ങള്‍ ടി.വി. പ്രസാദ് ഉന്നയിച്ചത്. ആത്മഹത്യയാണെങ്കില്‍ ആത്മഹത്യാക്കുറിപ്പ് കാണണ്ടേ? ക്വാര്‍ട്ടേഴ്‌സിന്റെ കതക് തുറന്ന് കിടന്നതില്‍ സംശയം ഇല്ലേ തുടങ്ങിയ ചോദ്യങ്ങള്‍ ആക്രമിക്കുന്ന തരത്തില്‍ പ്രസാദ് ഉന്നയിച്ചതോടെ മഞ്ജുഷ പതറി. കണ്ണുകള്‍ നിറഞ്ഞു. വീട്ടിനുള്ളിലുണ്ടായിരുന്ന പെണ്‍മക്കള്‍ അമ്മയെ തിരികെ വിളിച്ചു. മഞ്ജുഷ ബൈറ്റ് നല്‍കുന്നത് വേഗം അവസാനിപ്പിക്കുകയും ചെയ്തു.


Full View

ഉച്ചയോടെ ദിവ്യയെ അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്ത വന്നു. ഇതിന്റെ പ്രതികരണം തേടി വീണ്ടും മഞ്ജുഷയ്ക്ക് മുന്നിലെത്തിയ മാധ്യമ പ്രവര്‍ത്തകരോട് ആ പയ്യന്നൂര്‍ക്കാരനുണ്ടെങ്കില്‍ ഞാന്‍ വരില്ലെന്നാണ് പറഞ്ഞത്. നവീന്‍ബാബുവിന്റെ മരണത്തിലെ വിവാദം വാര്‍ത്താവിവാദമായി മാറുമ്പോള്‍ ചാനല്‍ മത്സരവും കടുക്കുകയാണ്. ഇത് കുടുംബത്തെ ബാധിക്കുന്ന വിധത്തിലേക്ക് മാറുകയാണെന്ന ആക്ഷേപമാണ് റിപ്പോര്‍ട്ടര്‍ പ്രതിനിധികളുടെ മോശം പെരുമാറ്റത്തോടെ ഉണ്ടാകുന്നത്.

Tags:    

Similar News