റാപ്പിഡ് റെയില്‍ലിന് തത്വത്തില്‍ അനുമതി നല്‍കുന്നത് വെറും തെരഞ്ഞെടുപ്പു സ്റ്റണ്ട് മാത്രം! പദ്ധതിക്ക് സില്‍വര്‍ ലൈനിന്റെ മൂന്നിരട്ടി ചെലവ്; പ്രതീക്ഷിക്കുന്നത് 1.92 ലക്ഷം കോടി; തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികളും ഉള്‍പ്പെടുന്നത് ചെലവുയര്‍ത്തുന്നു
റാപ്പിഡ് റെയില്‍ലിന് തത്വത്തില്‍ അനുമതി നല്‍കുന്നത് വെറും തെരഞ്ഞെടുപ്പു സ്റ്റണ്ട് മാത്രം! പദ്ധതിക്ക് സില്‍വര്‍ ലൈനിന്റെ മൂന്നിരട്ടി ചെലവ്; പ്രതീക്ഷിക്കുന്നത് 1.92 ലക്ഷം കോടി; തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികളും ഉള്‍പ്പെടുന്നത് ചെലവുയര്‍ത്തുന്നു
തിരുവനന്തപുരം: ഇ ശ്രീധരനെ പരിസഹിച്ചു കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച റാപ്പിഡ് റെയില്‍ പദ്ധതിയുടെ നടത്തിപ്പ് മുന്നോട്ടു പോകുമോ എന്നതില്‍ ആശങ്ക. പദ്ധതിക്ക് തത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും വന്‍ ചെലവ് വരുമെന്നത് കൊണ്ട് തന്നെ ഈ പദ്ധതി സാധ്യമാകുമോ എന്ന ചോദ്യം ഉയരുന്നുണ്ട്.
സില്‍വര്‍ ലൈനിനുപകരം സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്ന റീജണല്‍ റാപ്പിഡ് ട്രാന്‍സിസ്റ്റ് സിസ്റ്റത്തിന് മൂന്നിരട്ടി അധിക ചെലവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 63,941 കോടി രൂപയാണ് സില്‍വര്‍ലൈനിന് കേരള റെയില്‍ ഡിവലപ്മെന്റ് കോര്‍പ്പറേഷന്‍ (കെ-റെയില്‍) കണക്കാക്കിയിരുന്നത്. എന്നാല്‍, നിര്‍ദിഷ്ട റാപ്പിഡ് റെയിലിനും തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതിക്കുമായി 1,92,780 കോടി ചെലവുവരുമെന്ന് ഗതാഗതവകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നു.
മെട്രോ പദ്ധതികള്‍ക്കായി 10,000 കോടി രൂപ ചെലവുവരുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കണക്കിലെടുക്കുമ്പോള്‍ 1.82 കോടി രൂപയെങ്കിലും റാപ്പിഡ് റെയിലിന് വേണ്ടിവരും. മന്ത്രിസഭാ തീരുമാനപ്രകാരമാണ് പദ്ധതി നടത്തിപ്പിന് ഗതാ ഗതവകുപ്പ് ഉത്തരവ് ഇറക്കിയത്. സ്ഥലദൗര്‍ലഭ്യം കണക്കിലെടു ത്ത് റാപ്പിഡ് റെയിലിന് ഉയരപ്പാതയാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതാണ് പദ്ധതിച്ചെലവ് ഉയര്‍ത്തിയത്.
പദ്ധതിച്ചെലവിന്റെ 60 ശതമാനം വായ്പയായി കണ്ടെത്തും. ശേഷിക്കുന്ന 40 ശതമാനം സംസ്ഥാനവും കേന്ദ്രവും തുല്യമായി പങ്കിടണം. പദ്ധതി അനുകൂല നിലപാട് ഇതുവരെ കേന്ദ്രം എടുത്തിട്ടില്ല. ഡല്‍ഹി മീററ്റ് റാപ്പിഡ് റെയില്‍ മാതൃകയാക്കിയാണ് സംസ്ഥാനസര്‍ക്കാരും നീങ്ങുന്നത്.
12 വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് ഉത്തരവില്‍ പറയുന്നു. തിരുവനന്തപുരം, കോഴിക്കോട് മെട്രോ റെയിലുകളുമായി ബന്ധിപ്പിക്കാനാകും. ഭാവിയില്‍ അയല്‍ സംസ്ഥാനങ്ങളിലേക്കും റാപ്പിഡ് റെയില്‍ ബന്ധിപ്പിക്കാം. പാലക്കാടുനിന്ന് കോയമ്പത്തൂരേക്കും തിരുവനന്തപുരത്തുനിന്നും കന്യാകുമാരിയിലേക്കും പാത നീട്ടാം.
588 കിലോമീറ്റര്‍ പാതയെ ട്രാവന്‍കൂര്‍ ലൈന്‍ (തിരുവനന്തപുരം -തൃശ്ശൂര്‍ 284 കി.മീ.), മലബാര്‍ ലൈന്‍ (തൃശ്ശൂര്‍-കോഴിക്കോട്), കണ്ണൂര്‍ ലൈന്‍ (കോഴിക്കോട്-കണ്ണൂര്‍), കാസര്‍കോട് ലൈന്‍ (കണ്ണൂര്‍-കാസര്‍കോട്) എന്നിങ്ങനെ നാലായി തിരിച്ചാണ് നിര്‍മാണം. ഇതില്‍ 284 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ട്രാവന്‍ കൂര്‍ ലൈന്‍ 2033-ല്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.
അതിനിടെ കേരളത്തില്‍ അതിവേഗ റെയില്‍പാത തുടങ്ങുന്നതിനായുള്ള ഡിപിആര്‍ തയ്യാറാക്കാന്‍ എന്നവകാശപ്പെട്ട് ഇ.ശ്രീധരന്‍ ഓഫീസ് തുറന്നിരുന്നു. പൊന്നാനിയിലാണ് ശ്രീധരന്‍ സ്വന്തം നിലയ്ക്ക് ഓഫീസ് തുറന്നത്. ഭാര്യ രാധ നിലവിളക്ക് കൊളുത്തിയാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഡിപിആര്‍ തയ്യാറാക്കാന്‍ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ശ്രീധരന്റെ അവകാശവാദം. എന്നാല്‍ റെയില്‍വേയുടെ ഭാഗത്ത് നിന്നോ മന്ത്രിയുടെ ഭാഗത്ത് നിന്നോ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.
സ്റ്റേഷനുകളായി നിശ്ചയിച്ച സ്ഥലങ്ങളില്‍ പരിശോധനകള്‍ നടത്തും. ശേഷമായിരിക്കും സര്‍വേ നടപടികള്‍. നാട്ടുകാരെ ബോധ്യപ്പെടുത്തിയാകും ഈ നടപടികള്‍. തുടര്‍ന്നാകും ഭൂമി ഏറ്റെടുക്കല്‍ നടപടികളെന്നും ശ്രീധരന്‍ പറഞ്ഞു. പദ്ധതി സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് വരുന്നതിന് കാലതാമസം എടുക്കുന്നത് കൊണ്ടാണ് തങ്ങള്‍ നേരത്തെ തന്നെ ഇതിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങുന്നതെന്നാണ് ശ്രീധരന്റെ വാദം.
സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് തിരുവനന്തപുരം-കണ്ണൂര്‍ അര്‍ധ അതിവേഗ റെയില്‍പ്പാതയാണ് ശ്രീധരന്‍ മുന്നോട്ട് വെക്കുന്നത്. ഇതിന് തൊട്ടുപിന്നാലെ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള മറ്റൊരു അതിവേഗ പാത പദ്ധതി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
