ആര്‍ എസ് എസ് നേതാവിന്റെ അടുത്തേക്ക് എഡിജിപിയുമായി പോകുന്നത് ക്രിമിനല്‍ കുറ്റമോ? മൊഴി നല്‍കാന്‍ എത്താന്‍ സംഘ പ്രചാരകന് പോലീസ് നല്‍കിയ നോട്ടീസ് ചര്‍ച്ചകളില്‍; ജയകുമാര്‍ അന്വേഷണവുമായി സഹകരിക്കുമോ? നാഗ്പൂര്‍ തീരുമാനം നിര്‍ണ്ണായകം

സാധാരണ ക്രിമിനല്‍ കേസിലെ പ്രതികളേയും സാക്ഷികളേയുമാണ് നോട്ടീസ് നല്‍കി പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുക

Update: 2024-09-25 06:26 GMT

തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെ സ്വന്തം കാറില്‍ ആര്‍എസ് എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയെ കാണാന്‍ കൊണ്ടു പോയാല്‍ അത് ക്രിമിനല്‍ കുറ്റമാകുമോ? അജിത് കുമാറിന്റെ സഹപാഠിയും ആര്‍ എസ് എസ് പ്രചാരകനായ എ ജയകുമാറിന് പോലീസില്‍ നിന്നും മൊഴി എടുക്കലിന് ഹാജരാകാന്‍ കിട്ടിയ നോട്ടീസാണ് ഈ ചോദ്യം സജീവമാക്കുന്നത്. സാധാരണ ക്രിമിനല്‍ കേസിലെ പ്രതികളേയും സാക്ഷികളേയുമാണ് നോട്ടീസ് നല്‍കി പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുക. എന്നാല്‍ ആര്‍ എസ് എസ് - എഡിജിപി കൂടിക്കാഴ്ചയുടെ പേരില്‍ ജയകുമാറിന് പോലീസ് നോട്ടീസ് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

കേരളത്തിലെ ആര്‍ എസ് എസ് നേതാക്കളില്‍ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ജയകുമാര്‍. പല നിര്‍ണ്ണായക ഉത്തരവാദിത്തങ്ങളും ജയകുമാര്‍ ഏറ്റെടുത്തിട്ടുണ്ട്. അതില്‍ പ്രധാനമായിരുന്നു നിയമസഭയിലേക്കുള്ള ബിജെപിയുടെ അക്കൗണ്ട് തുറക്കല്‍. 2016ല്‍ നേമത്ത് നിന്നും ഒ രാജഗോപാല്‍ ജയിച്ച് നിയമസഭയിലെത്തുമ്പോള്‍ നിര്‍ണ്ണായക ഉത്തരവാദിത്തങ്ങള്‍ ജയകുമാറിനുണ്ടായിരുന്നു. ജയകുമാറിന്റെ ഏകോപനവും വിജയത്തില്‍ നിര്‍ണ്ണായകമായി. ഇതേ ജയകുമാറിന് തൃശൂരിലെ ലോക്സഭയിലെ ബിജെപി വിജയത്തിലും പങ്കുണ്ടോ എന്ന ചര്‍ച്ചയാണ് രാഷ്ട്രീയമായി അജിത് കുമാര്‍ വിവാദം ഉയര്‍ത്തിയത്. ഇതിന് പല രാഷ്ട്രീയ മാനങ്ങളുണ്ട്. എന്നാല്‍ അജിത് കുമാറിനെ ആര്‍ എസ് എസ് നേതാവിന്റെ അടുത്തു കൊണ്ടു പോയ ആളിനെ പോലീസിനെ ഏത് അര്‍ത്ഥത്തില്‍ മൊഴി എടുക്കാന്‍ വിളിപ്പിക്കുമെന്നതാണ് ഉയരുന്ന ചോദ്യം.

പോലീസിനും സര്‍ക്കാരിനും ഇക്കാര്യത്തില്‍ ആഭ്യന്തര അന്വേഷണം നടത്താം. ഇടതു നയ ലംഘനാരോപണത്തിന്റെ പേരില്‍ എഡിജിപി അജിത് കുമാറിനോടും വിശദീകരണം തേടാം. അതിന് അപ്പുറത്തേക്ക് ജയകുമാറില്‍ നേരിട്ട് അന്വേഷണം എങ്ങനെ എത്തുമെന്നതാണ് ഉയരുന്ന ചോദ്യം. അജിത് കുമാറിനൊപ്പം കോവളത്ത് ആര്‍ എസ് എസ് നേതാവ് രാം മാധവിനെ കണ്ടുവെന്ന് പറയുന്നവരേയും മൊഴി എടുക്കാന്‍ വിളിപ്പിച്ചേക്കും. ഇതില്‍ ാെരാള്‍ മുഖ്യമന്ത്രിയുടെ ബന്ധു കൂടിയാണ്. ഇത്തരത്തില്‍ ഈ വിവാദം മുഖ്യമന്ത്രിയിലേക്ക് എത്തിക്കാനുള്ള തന്ത്രമായും മൊഴി എടുക്കലിനെ വിലയിരുത്തുന്നവരുണ്ട്. ഏതായാലും ജയകുമാറിനെ മൊഴി എടുക്കാന്‍ വിളിപ്പിച്ചതില്‍ ആര്‍ എസ് എസ് നിലപാട് നിര്‍ണ്ണായകമാകും.

നിലവില്‍ ദക്ഷിണേന്ത്യയുടെ ചുമതലയുള്ള ആര്‍ എസ് എസ് പ്രചാരകനാണ് ജയകുമാര്‍. ജയകുമാറിനോട് അന്വേഷണവുമായി സഹകരിക്കേണ്ടതില്ലെന്ന നിര്‍ദ്ദേശം ആര്‍ എസ് എസ് നല്‍കാനും സാധ്യതയുണ്ട്. ബിജെപി കേന്ദ്ര നേതൃത്വത്തിന് മുന്നിലും വിഷയം എത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഇതെല്ലാം അറിയിക്കും. ജയകുമാറിനെ ലക്ഷ്യമിടുന്നതിന് പിന്നില്‍ ചില രാഷ്ട്രീയ ഗൂഡാലോചനയുണ്ടെന്നാണ് പരിവാറുകാരുടെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ മൊഴി നല്‍കാന്‍ എത്തണമെന്ന നോട്ടീസിന്റെ നിയമ പ്രശ്‌നങ്ങളും പരിശോധിക്കും.

നേമത്ത് രാജഗോപാലിനെ ജയിപ്പിച്ചെടുത്ത അണ്ടര്‍ ഗ്രൗണ്ട് നീക്കങ്ങളുടെ ചാലക ശക്തിയായ ജയകുമാറിന്റെ വീട് കൈമനത്താണ്. തന്റെ സഹപാഠിക്കൊപ്പമാണ് ആര്‍ എസ് എസ് നേതാവുമായുള്ള കൂടിക്കാഴ്ചയ്ക്ക് പോയതെന്ന് അജിത് കുമാര്‍ മുഖ്യമന്ത്രിയെ വിശദീകരിച്ചുവെന്നാണ് സൂചന. അജിത് കുമാറിന്റെ വീട്ടിന് അടുത്താണ് ജയകുമാറിന്റേയും കുടുംബ വീട്. കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഭാര്യ സഹോദരി ഭര്‍ത്താവ് കൈമനം പ്രഭാകരന്റെ അനുജനാണ് ജയകുമാര്‍. തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിലെ പഠനം ശേഷം എബിവിപിയിലൂടെ എത്തിയത് ആര്‍ എസ് എസ് പ്രചാരക പദവിയിലാണ്. ജയകുമാറിന്റെ പ്രവര്‍ത്തനം മണ്ഡലം കേരളത്തിന് പുറത്തായിരുന്നു.

പരിവാറുകാരുടെ ശാസ്ത്ര പ്രസ്ഥാനമായ വിജ്ഞാന്‍ ഭാരതിയുടെ എല്ലാമെല്ലാമായിരുന്നു ജയകുമാര്‍. പ്രധാനമന്ത്രി നരേന്ദ്ര; മോദിയുമായി ആത്മ ബന്ധമുള്ള ഈ തിരുവനന്തപുരത്തുകാരന്‍ ഐ എസ് ആര്‍ ഓയുടെ അടക്കം നിര്‍ണ്ണായക നയരൂപീകരണത്തില്‍ പങ്കാളിയാണ്. ബിജെപി അധികാരത്തില്‍ എത്തിയ ശേഷം കേന്ദ്ര ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളില്‍ വലിയ സ്വാധീനം ജയകുമാറിനുണ്ട്. കേരളത്തിലെ ബിജെപിയുടെ ഭാവി പ്രസിഡന്റായും ജയകുമാറിനെ കാണുന്നവരുണ്ട്. കുറച്ചു കാലം മുമ്പാണ് വിജ്ഞാന്‍ ഭാരതിയുടെ ചുമതലകള്‍ വിട്ട് ദക്ഷിണേന്ത്യയില്‍ ആര്‍ എസ് എസിനെ വളര്‍ത്തുകയെന്ന ചുമതലയിലെ മുഖ്യ പങ്കാളിയായി ജയകുമാര്‍ മാറിയത്. നേമത്തെ രാജഗോപാലിന്റെ വിജയത്തിന് ശേഷമായിരുന്നു ഇത്.

പഠനത്തില്‍ മിടുക്കനായ ജയകുമാര്‍ എഞ്ചിനിയറിങ് കോളേജില്‍ വച്ച് എബിവിപിയില്‍ സജീവമായി. തുടര്‍ന്ന് പ്രചാരകനായി. കേരളത്തില്‍ ശാസ്ത്ര കൂട്ടയായ സ്വദേശി സയന്‍സ് മൂവ് മെന്റിന് തുടക്കമിട്ടു. പിന്നീട് തട്ടകം ബാഗളുരുവിലേക്ക് മാറ്റി. ഇതോടെ ആര്‍എസ്എസ് ശാസ്ത്ര സാങ്കേതിക വിഭാഗമായ വിജ്ഞാന്‍ ഭാരതിയുടെ ജനറല്‍ സെക്രട്ടറി പദത്തിലുമെത്തി. പതിയെ പ്രവര്‍ത്തന കേന്ദ്രം നാഗ്പൂരിലേക്കും. ആര്‍ എസ് എസിന്റെ ഉന്നത നേതൃത്വവുമായി ഇതോടെ കൂടുതല്‍ അടുത്തു. പിന്നെ ഡല്‍ഹിയില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരുമായി അടുത്ത സൗഹൃദം.

നേമത്തെ രാജഗോപാലിന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച രഹസ്യ കരങ്ങളില്‍ പ്രധാനിയാണ് ജയകുമാര്‍. ജയകുമാറിന്റെ സഹോദരന്‍ കൈമനം പ്രഭാകരന്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ജീവനക്കാരനായിരുന്നു. വിആര്‍എസ് വാങ്ങി പിന്നീട് മുഴുവന്‍ സമയ കോണ്‍ഗ്രസ് നേതാവായി. തിരുവഞ്ചൂര്‍ മന്ത്രിയായിരുന്ന സമയത്ത് ഭരണതലത്തിലും പ്രഭാകരന് സ്വാധീനം ഏറെയായിരുന്നു.

Tags:    

Similar News