ഡോ.എ.ജയതിലകിന്റെ ഭാര്യ ആരാണെന്ന് സര്‍ക്കാരിന് നിശ്ചയമില്ല; കുടുംബാംഗങ്ങളുടെ വിശദാംശങ്ങള്‍ 'ഇല്ലെങ്കിലും' അലവന്‍സുകളും ആനുകൂല്യങ്ങളും അനുവദിച്ചു നല്‍കുന്നു; ജയതിലകിന്റെയും കുടുംബത്തിന്റെയും പേരിലുള്ള സ്വത്ത് വിവരങ്ങളും സര്‍ക്കാര്‍ കൈവശമില്ല; വിവരാവകാശ ചോദ്യങ്ങള്‍ക്ക് പൊതുഭരണ വകുപ്പിന്റെ മറുപടികളില്‍ ദുരൂഹത
ജയതിലകിന്റെയും കുടുംബത്തിന്റെയും സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്താതെ സര്‍ക്കാര്‍
തിരുവനന്തപുരം: ഐഎഎസ് തലപ്പത്തെ കലഹം തുടരുന്നതിനിടെ, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകുമായി ബന്ധപ്പെട്ട വിവരാവകാശ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാതെ പൊതുഭരണവകുപ്പ്. വകുപ്പ് ലഭ്യമാക്കിയ മറുപടികളില്‍ ദുരൂഹത എന്നാണ് ആക്ഷേപം. സര്‍ക്കാര്‍ രേഖയില്‍ കൃത്രിമം കാട്ടിയെന്നാരോപിച്ച് ജയതിലക്, കെ ഗോപാലകൃഷ്ണന്‍ ഐഎഎസ് എന്നിവര്‍ക്ക് എതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ശാരദ മുരളീധരന് എന്‍ പ്രശാന്ത് ഐഎഎസ് വക്കീല്‍ നോട്ടീസ് അയച്ച പശ്ചാത്തലത്തിലാണ് രേഖകള്‍ പ്രസക്തമാകുന്നത്. ജയതിലക് ഐഎഎസിനെ സസ്പെന്‍ഡ് ചെയ്യണമെന്നും വക്കീല്‍ നോട്ടീസില്‍ ആവശ്യം ഉന്നയിച്ചിരുന്നു.
വിവരാവകാശപ്രകാരം നല്‍കിയ ചോദ്യങ്ങള്‍ക്ക് പൊതുഭരണ വകുപ്പ് നല്‍കിയ മറുപടി വിചിത്രമാണ്. രേഖ പ്രകാരം ഡോ. ജയതിലകിന്റെ ഭാര്യ ആരാണെന്ന് സര്‍ക്കാറിന് നിശ്ചയമില്ല എന്നാണ് വെളിവാകുന്നത്. കുടുംബാംഗങ്ങളുടെ പേരില്‍ അലവന്‍സുകളും ആനുകൂല്യങ്ങളും സര്‍ക്കാര്‍ അനുവദിച്ച് നല്‍കാറുണ്ട് എന്നതും വിചിത്രമാണ്. ചികിത്സാ ചെലവുകള്‍, വിദ്യാഭ്യാസ ചെലവുകള്‍, LTC ( അവധി യാത്ര അലവന്‍സ്) എന്നിവ അഖിലേന്ത്യാ സര്‍വ്വീസ് ഉദ്യോഗസ്ഥനായ ഡോ. ജയതിലക് എല്ലാ മാസവും കൈപ്പറ്റുന്നുണ്ട്. എന്നാല്‍ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വിവരാവകാശ പ്രകാരം നല്‍കിയ മറുപടിയില്‍ പറയുന്നത് ഡോ. ജയതിലക് എന്ന ഐ. എ. എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആരെന്നോ കുടുംബാംഗങ്ങള്‍ ആരൊക്കെയാണെന്നോ സര്‍ക്കാരിന്റെ പക്കല്‍ രേഖയില്ല എന്നാണ്.
ഐഎഎസ് ഉദ്യോഗസ്ഥ കൂടിയായ ആദ്യഭാര്യ ഇഷിതാ റോയിയുമായി ബന്ധം പിരിഞ്ഞ ശേഷം ജയതിലക് സൗദ നഹാസിനെ 2017 ല്‍ വിവാഹം കഴിച്ചു. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് ഇരിക്കുമ്പോഴായിരുന്നു രണ്ടാം വിവാഹം. രണ്ടാം ഭാര്യയുടെ ഉടമസ്ഥതയിലുള്ള 'പെര്‍ഫക്ട് ഹോളിഡേസ് ' എന്ന ട്രാവല്‍ കമ്പനിക്ക് അനധികൃതമായി 4.5 കോടി രൂപ നല്‍കിയതിനും അവരുടെ ആദ്യവിവാഹത്തിലെ പുത്രി ആസ്ര നഹാസിനെ സ്‌പൈസസ് ബോര്‍ഡില്‍ തന്നെ നിയമവിരുദ്ധമായി ഉയര്‍ന്ന തസ്തികയില്‍ നിയമിച്ചതിനും സി. ബി. ഐ. അന്വേഷണം ശുപാര്‍ശ ചെയ്തിരുന്നു.
എല്‍. ടി. സി. ആനുകൂല്യം കൈപ്പറ്റി കുടുംബാംഗങ്ങളുടെ ഉല്ലാസയാത്രയുള്‍പ്പെടെ സര്‍ക്കാര്‍ ചെലവില്‍ നടത്തുകയും ലക്ഷങ്ങള്‍ കൈപ്പറ്റുകയും ചെയ്‌തെങ്കിലും ഡോ.ജയതിലകും ആദ്യഭാര്യ ഇഷിതാ റോയും എല്‍ ടി സി ആനുകൂല്യം കൈപ്പറ്റി യാത്ര ചെയ്തതിന്റെ യാതൊരു വിവരവും സര്‍ക്കാറിന്റെ പക്കല്‍ ഇല്ല എന്ന വിചിത്രമായ മറുപടിയാണ് വിവരാവകാശ പ്രകാരം നല്‍കിയിരിക്കുന്നത്.
ഡോ. ജയതിലകും മുന്‍ ഭാര്യയും എല്‍ടിസി തുടങ്ങിയ പല ആനുകൂല്യങ്ങളും കൈപ്പറ്റിയതില്‍ ഗുരുതരമായ നിയമലംഘനം ഉണ്ടെന്നാണ് സെക്രട്ടേറിയറ്റ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഡോ. ജയതിലകിന്റെയും ഇഷിതാ റോയിയുടെയും മക്കളുടെയും വിദേശയാത്ര ടിക്കറ്റുകള്‍ സ്വകാര്യ കോണ്‍ട്രാക്ടറെ കൊണ്ട് 'സ്‌പോണ്‍സര്‍' ചെയ്തത് കേന്ദ്ര സര്‍ക്കാര്‍ അന്വേഷിച്ച് വരികയാണ്. ഇഷിതാ റോയി കേന്ദ്ര സര്‍വ്വീസില്‍ ഇരിക്കെ നടത്തിയ ഈ അഴിമതിയില്‍ വകുപ്പ് തല നടപടി നേരിട്ട് അവരുടെ പ്രൊമോഷന്‍ കഴിഞ്ഞ നാല് വര്‍ഷമായി തടഞ്ഞിരിക്കുകയാണ്. 23 ലക്ഷം രൂപയോളം RUSA ഫണ്ട് അഴിമതി നടത്തിയതായും കുടുംബസമേതം ഇന്ത്യയിലും വിദേശത്തും യാത്ര ചെയ്യാന്‍ സര്‍ക്കാര്‍ ഫണ്ട് ദുര്‍വിയോഗം ചെയ്തതുമായി ബന്ധപ്പെട്ട് കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പ് ശുപാര്‍ശ ചെയ്ത പ്രകാരം പ്രധാനമന്ത്രിയുടെ ഓഫീസ് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തതാണ്. ഇഷിത റോയ് കേന്ദ്രസര്‍ക്കാറില്‍ ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുമ്പോള്‍ നടത്തിയ അഴിമതി പുറത്ത് വന്നത് അവര്‍ തിരിച്ച് കേരള കേഡറില്‍ വന്ന ശേഷമാണ്.
ജയതിലകിന്റെയും കുടുംബത്തിന്റെയും പേരിലുള്ള സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടപ്പോഴാണ് ഏറ്റവും അദ്ഭുതപ്പെടുത്തുന്ന മറുപടി. ഐഎഎസ് ഉദ്യോഗസ്ഥര്‍ സമര്‍പ്പിക്കുന്ന സ്വത്ത് വിവരങ്ങള്‍ കേരള സര്‍ക്കാറിന്റെ കൈവശമില്ല എന്ന മറുപടിയാണ് വിവരാവകാശ പ്രകാരം കിട്ടിയിരിക്കുന്നത്. നിയമ പ്രകാരം എല്ലാ വര്‍ഷവും ഉദ്യോഗസ്ഥര്‍ സ്വത്ത് വിവരം സര്‍ക്കാറില്‍ സമര്‍പ്പിക്കണമെന്നും അവ പ്രസിദ്ധീകരിക്കണമെന്നും നിയമം ഉണ്ട്. ഡോ. ജയതിലക് തെറ്റായ വിവരങ്ങള്‍ സര്‍ക്കാറില്‍ സമര്‍പ്പിച്ചു എന്ന സംശയം ബലപ്പെടുത്തുന്നതാണ് ഈ ഒളിച്ചുകളി.
ഐഎഎസ് തലപ്പത്തെ ചേരിപ്പോര് കോടതിയിലേക്ക്
ഐ എ എസ് തലപ്പത്തെ ചേരിപ്പോരില്‍ സര്‍ക്കാര്‍ നടപടി തുടരുന്നതിനിടെ ചീഫ് സെക്രട്ടറിയും അഡീഷണല്‍ സെക്രട്ടറിക്കും അടക്കമുള്ളവര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് സസ്‌പെന്‍ഷനില്‍ കഴിയുന്ന എന്‍ പ്രശാന്ത് ഐ എ എസ്. ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, അഡീഷണല്‍ സെക്രട്ടറി എ ജയതിലക്, കെ ഗോപാലകൃഷ്ണന്‍ ഐ എ എസ്, എന്നിവര്‍ക്കും മാതൃഭൂമി ദിനപത്രത്തിനുമാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
സര്‍ക്കാര്‍ രേഖയില്‍ കൃത്രിമം കാട്ടിയവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. നടപടി എടുത്തില്ലെങ്കില്‍ കോടതി മുഖാന്തരം ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുമെന്നും നോട്ടീസില്‍ പറയുന്നു. വിഷയത്തില്‍ നടപടിയുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും എന്‍ പ്രശാന്ത് വ്യക്തമാക്കുന്നു
കൂടുതല്‍ തെളിവുകള്‍ നശിപ്പിക്കുന്നത് തടയാന്‍ ജയതിലകിനെയും ഗോപാലകൃഷ്ണനെയും ഉടന്‍ സസ്പെന്‍ഡ് ചെയ്യണമെന്നും ഇവര്‍ പരസ്യമായി മാപ്പു പറയണമെന്നും വിശദമായ അന്വേഷണം വേണമെന്നും നോട്ടിസില്‍ ആവശ്യപ്പെട്ടു. ഉന്നതിയിലെ ഫയലുകള്‍ കാണാതായതുമായി ബന്ധപ്പെട്ട് താന്‍ നല്‍കിയ പരാതിയില്‍ നടപടിയെടുക്കാത്തതിന് ചീഫ് സെക്രട്ടറി പരസ്യമായി മാപ്പ് പറയണമെന്നാണ് നോട്ടീസിലെ ആവശ്യം.
തനിക്കെതിരെ വ്യാജരേഖ നിര്‍മിച്ചെന്നതടക്കം ആരോപിച്ചാണ് ജയതിലകിനും ഗോപാലകൃഷ്ണനും നോട്ടീസ് അയച്ചിരിക്കുന്നത്. ഉന്നതിയിലെ സി ഇ ഒ പദവി ഒഴിഞ്ഞ ശേഷം എന് പ്രശാന്ത് ഫയലുകള്‍ കൈമാറിയില്ലെന്ന് ചൂണ്ടിക്കാട്ടി കെ ഗോപാലകൃഷ്ണന്റെ രണ്ട് കത്തുകള്‍ പുറത്ത് വന്നിരുന്നു. രണ്ട് കത്തുകളും ഗോപാലകൃഷ്ണനും ജയതിലകും ചേര്‍ന്ന് വ്യാജമായി തയ്യാറാക്കിയതാണെന്നാണ് പ്രശാന്തിന്റെ ആരോപണം. ഇതിന്‍മേല്‍ നടപടി ആവശ്യപ്പെട്ട് നേരത്തെ പ്രശാന്ത് ,ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും നടപടി ഒന്നും ഉണ്ടായിട്ടില്ല.
ജയതിലക് ഉള്‍പ്പെടെയുള്ളവര്‍ സര്‍ക്കാര്‍ രേഖകളില്‍ തുടര്‍ച്ചയായി കൃത്രിമം കാട്ടിയെന്നും ഇക്കാര്യം ചീഫ് സെക്രട്ടറിയെ അറിയിച്ചിട്ടും നടപടി ഒന്നും ഉണ്ടായിട്ടില്ലെന്നും നോട്ടിസില്‍ പറയുന്നു. മറുപടി ഇല്ലാത്ത പക്ഷം നിയമപോരാട്ടമാണ് പ്രശാന്ത് ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കി. അഭിഭാഷകനായ രാഘുല്‍ സുധീഷ് മുഖേനയാണ് നോട്ടിസ് അയച്ചിരിക്കുന്നത്. രേഖകള്‍ ചമയ്ക്കല്‍, വ്യാജരേഖ ചമയ്ക്കല്‍, ഔദ്യോഗിക രേഖകളില്‍ കൃത്രിമം കാണിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങി ഗുരുതരമായ ക്രമക്കേടുകളാണ് നോട്ടിസില്‍ ചുമത്തിയിരിക്കുന്നത്.
ഉന്നതിയുടെ സ്ഥാപക സിഇഒ ആയിരുന്ന കാലത്ത് ഫയലുകള്‍ കാണാതായതും ഹാജര്‍ ക്രമക്കേടുകളും ആരോപിച്ച് എ.ജയതിലക് തയാറാക്കിയ എക്സ്പാര്‍ട്ടെ അന്വേഷണ റിപ്പോര്‍ട്ട് പ്രശാന്തിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്നു നോട്ടിസില്‍ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടു കത്തുകള്‍ അടിസ്ഥാനമാക്കിയാണ് ജയതിലക് റിപ്പോര്‍ട്ട് തയാറാക്കിയത്. ഈ കത്തുകള്‍ കെട്ടിച്ചമച്ചതാണെന്നും സര്‍ക്കാരിന്റെ ഇ-ഓഫിസ് സംവിധാനത്തിലേക്ക് അപ്ലോഡ് ചെയ്തിട്ടുള്ളതാണെന്നും നോട്ടിസില്‍ ആരോപിക്കുന്നു.
ആറാം മാസവും ഏഴാം മാസവും തയ്യാറാക്കിയതായി തീയതിയിട്ടിരിക്കുന്ന രണ്ട് കത്തുകളും ഓഫീസ് ഫയലില്‍ അപ്ലോഡ് ചെയ്തത് എട്ടാം മാസത്തിലാണ് എന്ന് വ്യക്തമാകുന്ന രേഖകള്‍ പുറത്തുവന്നിരുന്നു. ഈ രണ്ട് ദുരൂഹ കത്തുകളും അപ്ലോഡ് ചെയ്തത് ഡോക്ടര്‍ ജയതിലകിന്റെ ഓഫീസില്‍ നിന്നായിരുന്നു. ഡോക്ടര്‍ ജയതിലക് ധനകാര്യവകുപ്പിലേക്ക് സ്ഥലം മാറുന്നതിന്റെ രണ്ടാഴ്ച ആഴ്ച മുമ്പായിരുന്നു ഇത്. ഈ കത്തുകള്‍ വെച്ചായിരുന്നു ഉന്നതിയിലെ ഫയലുകള്‍ എന്‍ പ്രശാന്ത് കൈമാറിയില്ലെന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
സര്‍ക്കാര്‍ രേഖയില്‍ കൃത്രിമം, ക്രിമിനല്‍ ഗൂഢാലോചന എന്നീ ആരോപണങ്ങളും വക്കീല്‍ നോട്ടീസില്‍ ഉന്നയിച്ചിട്ടുണ്ട്. ഗുരുതര കുറ്റം അറിയിച്ചിട്ടും ചീഫ് സെക്രട്ടറി നടപടി എടുത്തിട്ടില്ല. ചീഫ് സെക്രട്ടറിയെ ഉള്‍പ്പെടെ പ്രതിയാക്കി കേസെടുക്കണമെന്നാവശ്യപ്പെടുമെന്നും എന്‍ പ്രശാന്ത് വ്യക്തമാക്കി. വ്യാജ രേഖയുണ്ടാക്കിയ ജയതിലക് ഇപ്പോഴും സര്‍വീസില്‍. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് നവംബര്‍ 14 ന് പരാതി നല്‍കിയിരുന്നു. നടപടി ഇല്ലാത്തതിനെത്തുടര്‍ന്നാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
വാട്‌സാപ് ഗ്രൂപ്പ് വിവാദത്തില്‍ തെളിവ് നശിപ്പിച്ചതിനും അനാവശ്യ ഇടപെടല്‍ നടത്തിയതിനും ഗോപാലകൃഷ്ണനെതിരെ പൊലീസ് ഡയറക്ടര്‍ ജനറല്‍ നേരത്തെ കുറ്റം ചുമത്തിയിട്ടുണ്ട്. ഈ വിഷയത്തില്‍ പൊലീസില്‍ തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരാതി നല്‍കിയതിനു ഗോപാലകൃഷ്ണനെതിരെ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നും നോട്ടിസില്‍ പറയുന്നു.
2024 നവംബര്‍ 14-ന് ചീഫ് സെക്രട്ടറിയെ ഈ കുറ്റകൃത്യങ്ങളെക്കുറിച്ച് ഔപചാരികമായി അറിയിച്ചെങ്കിലും, സര്‍ക്കാര്‍ രേഖകളില്‍ കുറ്റവാളികള്‍ തുടര്‍ച്ചയായി കൃത്രിമം കാണിക്കുന്നത് അനുവദിച്ചുകൊണ്ട് നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് നോട്ടിസ് ചൂണ്ടിക്കാട്ടുന്നു. പ്രശാന്ത് ആരോപണം ഉന്നയിച്ചതിനു പിന്നാലെ ജയതിലകിനെതിരെ മറ്റ് നിരവധി കീഴുദ്യോഗസ്ഥരും സമാനമായ ആരോപണവുമായി രംഗത്തെത്തിയതായും നോട്ടിസില്‍ ചൂണ്ടിക്കാട്ടുന്നു.