ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒരുങ്ങി വ്ലാഡിമിര്‍ പുടിന്‍; ഔദ്യോഗികമായി സ്ഥിരീകരിച്ച് റഷ്യന്‍ സര്‍ക്കാര്‍; ഇന്ത്യയില്‍ എത്തുന്നത് മോദിയുടെ ക്ഷണം സ്വീകരിച്ച്; യുക്രെയിനുമായുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം പുടിന്‍ ഇന്ത്യല്‍ എത്തുന്നത് ആദ്യം; ഇന്ത്യ-റഷ്യ ബന്ധം കൂടുതല്‍ ദൃഢമാകുമോ?

Update: 2025-03-28 00:42 GMT

ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് റഷ്യന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചെന്നും സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് വ്യക്തമാക്കി. റഷ്യന്‍ ഇന്റര്‍നാഷണല്‍ അഫയേഴ്സ് കൗണ്‍സില്‍ സംഘടിപ്പിച്ച വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു ലാവ്‌റോവ്.

അതേസമയം, പുടിന്റെ സന്ദര്‍ശന തീയതി സംബന്ധിച്ച വിവരങ്ങള്‍ ഇപ്പോഴത്തേക്ക് പുറത്തുവിട്ടിട്ടില്ല. 2022-ല്‍ യുക്രെയിനുമായുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് പുടിന്‍ ഇന്ത്യയിലേക്ക് വരുന്നത്. കഴിഞ്ഞ വര്‍ഷം ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ജൂലൈയില്‍ പ്രധാനമന്ത്രി മോദി റഷ്യ സന്ദര്‍ശിച്ചിരുന്നു.

താന്‍ അധികാരത്തില്‍ വന്നതിന് ശേഷം ആദ്യ വിദേശ പര്യടനമായി മോദി റഷ്യയെ തിരഞ്ഞെടുത്തതിനു പിന്നാലെ, പുടിന്റെ ഇന്ത്യാ സന്ദര്‍ശനം അതീവ പ്രാധാന്യമേറുന്നതാണ്. 2019-ല്‍ വ്‌ളാഡിവോസ്റ്റോക്കില്‍ നടന്ന സാമ്പത്തിക കോണ്‍ക്ലേവ് ആയിരുന്നു പ്രധാനമന്ത്രി മോദിയുടെ അവസാന റഷ്യന്‍ സന്ദര്‍ശനം. ഇപ്പോള്‍ പുടിന്‍ നേരിട്ടെത്തുന്നത് രണ്ടുരാജ്യങ്ങള്‍ക്കിടയിലെ ബന്ധം കൂടുതല്‍ ആഴപ്പെടുത്താന്‍ ഉള്ള ശ്രമമായി വിലയിരുത്തപ്പെടുന്നു.

രണ്ട് രാജ്യങ്ങളും പ്രതിരോധം, ഊര്‍ജ്ജം, വ്യാപാരം തുടങ്ങിയ മേഖലകളില്‍ സഹകരണം കൂടുതല്‍ വര്‍ദ്ധിപ്പിക്കുമെന്നാണു സൂചന.

Tags:    

Similar News