പീഠവും ദ്വാരപാലക ശില്പത്തിലെ സ്വര്‍ണപ്പാളികളും യഥേഷ്ടം കൈകാര്യംചെയ്യാന്‍ ഉണ്ണികൃഷ്ണന് ആര് അധികാരം നല്‍കി? സഹായിയുടെ കൈവശം പീഠങ്ങളുണ്ടായിട്ടും അതു മറച്ചുവെച്ചത് ആരുടെയെങ്കിലും പ്രേരണയിലോ? അന്വേഷണം നിര്‍ണ്ണായകമാകും; ശബരിമലയില്‍ സുതാര്യത അനിവാര്യതയാകുന്നു

Update: 2025-09-30 01:14 GMT

കൊച്ചി: ശബരിമലയിലെ തിരുവാഭരണം രജിസ്റ്റര്‍ ഉള്‍പ്പെടെയുള്ള രേഖകളുടെ പരിശോധനയ്ക്കും അന്വേഷണത്തിനുമായി ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റീസ് കെ.ടി.ശങ്കരനെ നിയമിക്കുന്നത് സുതാര്യത ഉറപ്പാക്കാന്‍. അന്വേഷണത്തിന് രഹസ്യ സ്വഭാവം വേണമെന്നും ഹൈക്കോടതിക്ക് അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവിട്ടു. ശബരിമലയിലെ ആഭരണങ്ങളടക്കം വിലപ്പെട്ട വസ്തുക്കളുടെ കണക്കെടുപ്പ് നടത്താനും പട്ടിക തയാറാക്കാനും ഉത്തരവില്‍ പറയുന്നുണ്ട്. ശബരിമലയില്‍ ദ്വാരപാലക ശില്പങ്ങള്‍ക്ക് സമര്‍പ്പിച്ച സ്വര്‍ണംപൂശിയ താങ്ങുപീഠങ്ങള്‍ കണ്ടെത്തിയെങ്കിലും സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നീക്കങ്ങളില്‍ അടിമുടി ദുരൂഹതയാണ്. ശബരിമലയില്‍ പീഠങ്ങള്‍ നല്‍കിയെന്നും അവിടെനിന്ന് കാണാതായെന്നുമായിരുന്നു ഉണ്ണികൃഷ്ണന്റെ പരാതി. ഈ ദുരൂഹത അടക്കം റിട്ട. ജഡ്ജി ജസ്റ്റീസ് കെ.ടി.ശങ്കരന്‍ പരിശോധിക്കും.

ശ്രീകോവിലിനു മുന്നിലെ സ്വര്‍ണം പൂശിയ ദ്വാരപാലക ശില്പ്പങ്ങളും പീഠങ്ങളും മുന്‍കൂര്‍ അനുമതിയില്ലാതെ ഇളക്കിമാറ്റി അറ്റകുറ്റപണിക്കായി ചെന്നൈക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹര്‍ജിയാണ് ദേവസ്വം ബെഞ്ച് പരിഗണിച്ചത്. ദേവസ്വം ബോര്‍ഡിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു . ദ്വാരപാലക ശില്പപാളി അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയത് ദേവസ്വം മാന്വല്‍ ലംഘിച്ചാണ്. എല്ലാ അറ്റകുറ്റപ്പണിയും ശബരിമലയില്‍തന്നെ നടത്തണമെന്ന നിര്‍ദേശം ലംഘിച്ചു. ദ്വാരപാലക ശില്പങ്ങളും പീഠങ്ങളും തിരിച്ചെത്തിക്കുമ്പോള്‍ ശരിയായ ഭാരം രേഖപ്പെടുത്തിയില്ല. മനപൂര്‍വമാണെങ്കിലും അല്ലെങ്കിലും ഭരണതലത്തില്‍ വീഴ്ചയുണ്ടായി. ഇത് അംഗീകരിക്കാനാകാത്ത വീഴ്ചയാണെന്നും ഉത്തരവില്‍ പറയുന്നു. സ്പോണ്‍സര്‍ 2019ല്‍ ശില്പങ്ങള്‍ അറ്റകുറ്റപ്പണിക്കെത്തിക്കാന്‍ 40 ദിവസം വൈകി. ഇക്കാര്യത്തില്‍ ചീഫ് വിജിലന്‍സ് ഓഫീസര്‍ അന്വേഷണം നടത്തണം.

ദ്വാര പാലക പീഠം കാണാതായത് സംബന്ധിച്ച് നിലവില്‍ നടക്കുന്ന ശബരിമല ചീഫ് വിജിലന്‍സ് ഓഫീസറുടെ അന്വേഷണം തുടരാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിലെ വിവരങ്ങള്‍ അറിയിച്ചതോടെ വര്‍ഷങ്ങളായി തുടരുന്ന ചില അസ്വാഭാവികതകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അന്വേഷണം തുടരാന്‍ ജസ്റ്റീസ് വി. രാജ വിജയരാഘവന്‍, ജസ്റ്റീസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് ഉത്തരവിട്ടത്. ഉദ്യോഗസ്ഥ വീഴ്ചയും ഇതില്‍ പങ്കാളിയായവരെയും സംബന്ധിച്ച് അന്വേഷണം തുടരാന്‍ ശബരിമല ചീഫ് വിജിലന്‍സ് ഓഫീസര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. കാണാതായ പീഠങ്ങള്‍ സ്പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരി മിനിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തതായി കോടതിയില്‍ ഹാജരായ ചീഫ് വിജിലന്‍സ് ഓഫീസര്‍ അറിയിച്ചു. ദ്വാരപാലക പീഠം സ്പോണ്‍സറുടെ കൈവശമാണെന്നത് ഞെട്ടിക്കുന്നുവെന്ന് ഹൈക്കോടതി വ്യക്തമാക്കി.

1999ല്‍ ശ്രീകോവില്‍ മേല്‍ക്കൂരയടക്കം മോടിയാക്കുന്നതിന് എത്ര സ്വര്‍ണം ഉപയോഗിച്ചുവെന്നതും രേഖകളിലില്ലെന്ന് വിജിലന്‍സ് അറിയിച്ചു. ചില കാര്യങ്ങള്‍ രജിസ്റ്ററില്‍ പോലുമില്ലാത്തത് സിസ്റ്റത്തിന്റെ പരാജയവും ഗുരുതര വീഴ്ചയുമാണെന്ന് കോടതി വിമര്‍ശിച്ചു. ആറന്മുള സ്ട്രോങ് റൂമില്‍ സൂക്ഷിക്കുന്ന ശബരിമലയിലെ സ്വര്‍ണം ഉള്‍പ്പെടെയുള്ളവയുടെ സൂക്ഷിപ്പുകാരന്‍ തിരുവാഭരണം കമ്മിഷണറാണ്. വഴിപാടായി കിട്ടുമ്പോഴും വിശേഷദിവസങ്ങളില്‍ പൂജയ്ക്ക് കൊണ്ടുപോകുമ്പോഴും അറ്റകുറ്റപ്പണിക്കു നല്‍കുമ്പോഴും തൂക്കം ഉള്‍പ്പെടെയുള്ളവ മഹസറായി രേഖപ്പെടുത്തി സൂക്ഷിക്കണമെന്നാണ് വ്യവസ്ഥ. ശബരിമലയില്‍ വഴിപാടായി നല്‍കിയ പീഠവും ദ്വാരപാലകശില്പത്തിലെ സ്വര്‍ണപ്പാളികളും യഥേഷ്ടം കൈകാര്യംചെയ്യാന്‍ ഉണ്ണികൃഷ്ണന് ആര് അധികാരം നല്‍കിയെന്നത് ഉയരുന്ന ചോദ്യമാണ്. ഉണ്ണികൃഷ്ണ്‍ പോറ്റിയുടെ സഹായിയുടെ കൈവശം പീഠങ്ങളുണ്ടായിട്ടും അതു മറച്ചുവെച്ചതില്‍ ആരുടെയെങ്കിലും പ്രേരണയുണ്ടോ എന്നും പരിശോധിക്കും.

അതിനിടെ സ്വര്‍ണം പൂശാനായി അടുത്തിടെ ചെന്നൈയിലേക്കു കൊണ്ടുപോയി തിരിക കൊണ്ടുവന്ന ദ്വാരപാലക ശില്‍പ്പങ്ങളും പീഠവും ബന്ധപ്പെട്ട എല്ലാവരുടേയും സാന്നിധ്യത്തില്‍ സന്നിധാനത്ത് സ്ഥാപിക്കാനും കോടതി അനുമതി നല്‍കി. 1999ല്‍ ദ്വാരപാലക ശില്‍പ്പങ്ങളില്‍ പരമ്പരാഗത രീതിയില്‍ സ്വര്‍ണപ്പാളികള്‍ ഘടിപ്പിച്ചതു മുതലുള്ള കാര്യങ്ങള്‍ കോടതി പരാമര്‍ശിച്ചു. 30 പവനിലേറെ സ്വര്‍ണം അതിന് ഉപയോഗിച്ചിട്ടുണ്ടെന്നാണ് കണക്ക്. 2019ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നേതൃത്വത്തിലാണ് ഈ ദ്വാരപാലക ശില്‍പ്പങ്ങള്‍ സ്വര്‍ണംപൂശാനായി കൊണ്ടുപോയത്. എന്നാല്‍ കൊണ്ടു പോയി ഒരു മാസവും 9 ദിവസവും കഴിഞ്ഞാണ് ഇത് ചെന്നൈയില്‍ എത്തിച്ചതെന്ന മുന്‍ നിരീക്ഷണം കോടതി ആവര്‍ത്തിച്ചു. നാലര കിലോയോളം ഭാരം മൊത്തത്തില്‍ കുറഞ്ഞെന്ന കാര്യവും ചൂണ്ടിക്കാട്ടിയ കോടതി ഇക്കാര്യത്തിലുള്ള വിശദ അന്വേഷണം തുടരാനാണ് വിജിലന്‍സിന് നിര്‍ദേശം നല്‍കിയത്.

സ്വര്‍ണം പൂശിയ പാളികള്‍ ഒക്ടോബര്‍ 17ന് പുനസ്ഥാപിക്കും

ശബരിമല ശ്രീ കോവിലിലെ ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശിയ പാളികള്‍ ഒക്ടോബര്‍ 17ന് പുനസ്ഥാപിക്കും. പുനസ്ഥാപിക്കാനായുള്ള താന്ത്രിക അനുമതിയും ഹൈക്കോടതി അനുമതിയും ലഭിച്ചതോടെയാണ് പാളികള്‍ പുനസ്ഥാപിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. തിരുവാഭരണം കമ്മിഷണറുടെ നേതൃത്വത്തില്‍ നടപടി ക്രമങ്ങളെല്ലാം വിഡിയോയില്‍ ചിത്രീകരിച്ചാണ് സ്വര്‍ണം പൂശിയ പാളികള്‍ ചെന്നൈയിലെ സ്ഥാപനത്തിലേക്ക് കേടുപാടുകള്‍ പരിഹരിക്കാനായി കൊണ്ടുപോയത്. അറ്റകുറ്റ പണികള്‍ക്കു ശേഷം സന്നിധാനത്ത് എത്തിച്ച സ്വര്‍ണം പൂശിയ പാളികള്‍ ശബരിമല സന്നിധാനത്തെ സ്‌ട്രോങ്ങ് റൂമില്‍ സൂക്ഷിച്ചിരിക്കുകയാണ്.

തുലാമാസ പൂജകള്‍ക്കായി ഒക്ടോബര്‍ 17ന് നട തുറന്ന ശേഷമാകും സ്വര്‍ണം പൂശിയ പാളികള്‍ ദ്വാരപാലക ശില്‍പങ്ങളില്‍ പുനസ്ഥാപിക്കുന്നത്. ശ്രീകോവിലിന്റെ വാതിലുകളുടെയും കമാനത്തിന്റെയും അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള നടപടികള്‍ക്കും ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്.

Tags:    

Similar News