അധിക സ്വര്‍ണം ഒരു പെണ്‍കുട്ടിയുടെ വിവാഹ ആവശ്യത്തിന് ഉപയോഗിക്കാന്‍ അനുമതി തേടി പത്മകുമാറിന് കത്തയച്ച ഉണ്ണികൃഷ്ണന്‍ പോറ്റി; ആ ഇമെയില്‍ ഞെട്ടിക്കുന്നതെന്ന് നിരീക്ഷിച്ച് ഹൈക്കോടതി; 2019ലെ മഹസറും സ്വര്‍ണ്ണ മോഷണത്തിന് തെളിവ്; ഹൈക്കോടതി ഉത്തരവിലുള്ളതും മോഷണ സാധ്യത

Update: 2025-10-06 16:09 GMT

കൊച്ചി: ആ സ്വര്‍ണ്ണ കവര്‍ച്ച ഹൈക്കോടതിയും സ്ഥിരീകരിച്ചു. ഒപ്പം മഹസറിലെ ക്രമക്കേടും. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് എഡിജിപിയെ അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്. ഞെട്ടിക്കുന്ന പലതും ഹൈക്കോടതി കണ്ടെത്തി. ദ്വാരപാലക ശില്‍പ്പത്തില്‍ സ്വര്‍ണ്ണം പൂശിയെന്നും അതില്‍ മിച്ചമുള്ളത് ഒരു പെണ്‍കുട്ടിയുടെ വിവാഹത്തിന് ഉപയോഗിക്കണമെന്നുമായിരുന്നു ആ മെയില്‍. ഈ മെയിലില്‍ ദേവസ്വം സെക്രട്ടറിയും കുറിപ്പിച്ചു. ദേവസ്വം ബോര്‍ഡിന്റെ നിലപാട് ഇക്കാര്യത്തില്‍ അറിയാനായിരുന്നു ഇത്. മുമ്പ് സ്വര്‍ണ്ണം പൂശിയതിന്റെ വിവരങ്ങള്‍ മഹസറില്‍ ഇല്ല. ഇതും ക്രമക്കേടിന് തെളിവായി ഹൈക്കോടതി നിരീക്ഷിച്ചു. സ്‌ട്രോങ് റൂമിലെ മുദ്രവച്ച ദ്വാരപാലക ശില്‍പ്പവും അന്വേഷണ സംഘം പരിശോധിക്കും. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മെയിലിലെ വിശദാംശങ്ങള്‍ ഞെട്ടിക്കുന്നതാണെന്നും ഹൈക്കോടതി നിരീക്ഷിക്കുന്നുണ്ട്.

2019 ഡിസംബറില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം പ്രസിഡന്റിന് അയച്ച രണ്ട് ഇ മെയില്‍ സന്ദേശങ്ങളിലെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അധിക സ്വര്‍ണം ഒരു പെണ്‍കുട്ടിയുടെ വിവാഹ ആവശ്യത്തിന് ഉപയോഗിക്കാന്‍ അനുമതി തേടിയാണ് ഇ മെയില്‍ അയച്ചത്. 2019 ഡിസംബറിലാണ് മെയില്‍ അയച്ചിരിക്കുന്നത്. ദേവസ്വം വിജിലന്‍സിന്റേതാണ് കണ്ടെത്തല്‍. 2019 ഡിസംബര്‍ 9 നും 17 നുമായാണ് ഇ മെയില്‍ സന്ദേശങ്ങള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി മെയില്‍ അയച്ചിരിക്കുന്നത്. സംഭവത്തില്‍ ഹൈക്കോടതി ആശങ്ക അറിയിച്ചു. കോടതി വിധിയില്‍ ഈ ഇമെയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2019ലെ മഹസര്‍ രേഖകള്‍ പോലും ദുരൂഹമാണെന്ന് കോടതി നിരീക്ഷിച്ചു. സ്വര്‍ണ്ണം പൂശിയതിന്റെ വിശദാംശം മഹസറില്‍ ഇല്ല. സ്വര്‍ണപ്പാളിയെ മഹസറില്‍ ചെമ്പാക്കിയത് ക്രമക്കേടിലെ വ്യക്തമായ സൂചനയെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

സ്വര്‍ണ്ണം പൂശിയ തകിടുകളെ ചെമ്പ് തകിടുകള്‍ എന്ന് മാത്രമാണ് 2019ലെ മഹസര്‍ രേഖകളില്‍ പരാമര്‍ശിച്ചത്. നേരത്തെ സ്വര്‍ണ്ണം പൂശിയതിന്റെ വിശദാംശങ്ങള്‍ ഒന്നുമില്ല. ഇത് അസാധാരണമാണെന്നും ക്രമക്കേടുകള്‍ വ്യക്തമായി സൂചിപ്പിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. ക്രമക്കേടുകളില്‍ സമഗ്രവും വിശദവുമായി അന്വേഷണം ആവശ്യമാണെന്ന് നിരീക്ഷിച്ച കോടതി, 2019 ന് മുമ്പും ശേഷവുമുള്ള ദ്വാരപാലക സ്വര്‍ണ്ണപ്പാളിയുടെ ചിത്രങ്ങളടക്കം ഒത്തുനോക്കാനായി ദേവസ്വം വിജിലന്‍സിന് അനുമതി നല്‍കി. സ്‌ട്രോങ് റൂമിലെ മുദ്ര വച്ച ദ്വാരപാലക പാളികളും പരിശോധിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് കോടതിയുടെ നിര്‍ദേശം.

ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടിന് ഒട്ടേറെ ആളുകള്‍ ഇമെയില്‍ അയക്കുമെന്നും അത് സ്വാഭാവികമാണെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ നേരത്തെ പ്രതികരിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇമെയില്‍ തന്റെ ശ്രദ്ധയില്‍ വന്നിട്ടില്ലെന്നും എല്ലാം അന്വേഷണത്തില്‍ തെളിയട്ടെയെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ല. അന്വേഷണത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. 2019 ജൂലായ് മാസത്തിലാണ് സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറുന്നത്.ഇതിന് ഒരുമാസം മുമ്പ് പോറ്റി യാഹൂ അക്കൗണ്ടില്‍ നിന്ന് എ പത്മകുമാറിന് അയച്ച ഇ മെയില്‍ സന്ദേശം ദേവസ്വം വിജിലന്‍സ് കണ്ടെത്തി. ഇതില്‍ സ്വര്‍ണത്തിന്റെ വിവരങ്ങള്‍ ചോദിക്കുന്നുണ്ട്. പിന്നാലെ സ്വര്‍ണപാളികള്‍ ബോര്‍ഡ് പോറ്റിക്ക് കൈമാറുകയായിരുന്നു.ചട്ടവിരുദ്ധമായി പുറത്തേക്ക് കൊണ്ടുപോകാന്‍ പോറ്റിക്ക് അനുമതി നല്‍കിയതിലും പരിശോധന നടത്താതെ തിരികെ കൊണ്ടുവന്നതിലും അടിമുടി ദുരൂഹതയയെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. ഇതിനൊപ്പമാണ് അധിക സ്വര്‍ണ്ണമുണ്ടെന്ന് അറിയിച്ചതും.

ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ ഉദ്യോഗസ്ഥ വീഴ്ച്ചയ്ക്ക് തെളിവുകള്‍ നിരത്തിയാണ് ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. 2019ല്‍ ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണ്ണപ്പാളി, ചെമ്പു പാളി എന്ന് റിപ്പോര്‍ട്ട് നല്‍കിയത് ഉദ്യോഗസ്ഥരെന്നാണ് റിപ്പോര്‍ട്ട്. അന്നത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആയിരുന്ന മുരാരി ബാബു, തിരുവാഭരണ കമ്മീഷണര്‍ കെ എസ് ബൈജു ,എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് എന്നിവര്‍ക്കെതിരെയാണ് കണ്ടെത്തല്‍. മുരാരി ബാബു 2024 ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കയ്യില്‍ സ്വര്‍ണ്ണപ്പാളി നവീകരണത്തിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇത് ദേവസ്വം ബോര്‍ഡ് നിരാകരിച്ചുവെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2024ല്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആയിരുന്നു മുരാരി ബാബു. 2023ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധപ്പെട്ട നെയ് തേങ്ങ അഭിഷേകവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെയാണ് 2024ല്‍ മുരാരി ബാബു കത്ത് നല്‍കിയത്.

ശബരിമല ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണപ്പാളിയില്‍ കവര്‍ച്ച നടന്നെന്ന് ഇടക്കാല റിപ്പോര്‍ട്ടില്‍ ദേവസ്വം വിജിലന്‍സ് സ്ഥിരീകരിച്ചിരുന്നു. സ്വര്‍ണം പൂശാന്‍ താത്പര്യമറിയിച്ച് 2019 ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം ബോര്‍ഡിന് അയച്ച ഇ- മെയില്‍ സന്ദേശമടക്കമുള്ള വിവരങ്ങള്‍ ദേവസ്വം വിജിലന്‍സ് സെക്യൂരിറ്റി ഓഫിസര്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു. 2019-ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കിയ സ്വര്‍ണ്ണപ്പാളിയല്ല തിരികെ എത്തിച്ചതെന്ന് ഫോട്ടോ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. തിരികെ എത്തിച്ച സ്വര്‍ണ്ണപ്പാളികളുടെ കാലപ്പഴക്ക നിര്‍ണ്ണയ പരിശോധന നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വര്‍ണപ്പാളി വിവാദത്തില്‍ ഹൈക്കോടതി ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാകും വിഷയം അന്വേഷിക്കുക. ഗൂഢാലോചനയ്ക്ക് പിന്നില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി മാത്രമല്ലെന്നും, ഉദ്യോഗസ്ഥരുമുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു. സൈബര്‍ വിദഗ്ധര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണസംഘത്തിന്റെ ഭാഗമാകും. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം.

Tags:    

Similar News