സാമ്പത്തികലാഭത്തിനുവേണ്ടി സ്വര്‍ണം പൊതിഞ്ഞ യഥാര്‍ഥ ദ്വാര പാലക ശില്പങ്ങള്‍ 2019ല്‍ സ്പോണ്‍സര്‍ വില്പന നടത്തിയോയെന്ന് സംശയിക്കാം; ദേവസ്വം ഉദ്യോഗസ്ഥര്‍ പോറ്റിയുമായി ചേര്‍ന്ന് ക്ഷേത്രത്തിന്റെ പരിശുദ്ധിയെപ്പോലും വഞ്ചിക്കുന്ന നടപടി സ്വീകരിച്ചു; ഹൈക്കോടതിയില്‍ 'ചെമ്പു' തെളിഞ്ഞു! മോഷണ എഫ് ഐ ആര്‍ വരും

Update: 2025-10-07 01:57 GMT

കൊച്ചി: ശബരിമലയിലെ സ്വര്‍ണ്ണ മോഷണം ഹൈക്കോടതി സ്ഥിരീകരിച്ചു. ശബരിമലയില്‍നിന്ന് 2019ല്‍ അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയ അത്രയും സ്വര്‍ണം ദ്വാരപാലക ശില്പത്തിനൊപ്പം തിരിച്ചെത്തിയില്ലെന്നു വ്യക്തമാണെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് ചൂണ്ടിക്കാട്ടിയതോടെ ഇനി അറിയേണ്ടത് ആരാണ് കവര്‍ച്ചക്കാരന്‍ എന്നു മാത്രം. വിഷയത്തില്‍ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ച ജസ്റ്റീസുമാരായ വി. രാജ വിജയരാഘവന്‍, കെ.വി.ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് എച്ച്. വെങ്കിടേഷിനെ എസ്‌ഐടിയുടെ തലവനായി നിയമിച്ചു. അസിസ്റ്റന്റ് ഡയറക്ടര്‍ (അഡ്മിനിസ്‌ട്രേഷന്‍) എസ്. ശശിധരന്‍ അന്വേഷണത്തിനു നേതൃത്വം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. എന്നാല്‍ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷമാകും എഫ് ഐ ആര്‍ വരിക. ജാമ്യമില്ലാ കുറ്റങ്ങളും ചുമത്തും. അങ്ങനെ എങ്കില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറസ്റ്റു ചെയ്യേണ്ടി വരും.

1998-99ല്‍ ശ്രീകോവില്‍ ഉള്‍പ്പെടെ സ്വര്‍ണം പൊതിഞ്ഞതിന്റെ തരംതിരിച്ചുള്ള വിവരങ്ങള്‍ സ്പോണ്‍സറായ യുണൈറ്റഡ് ബ്രൂവറീസിന്റെ ഫിനാന്‍സ് മാനേജര്‍ അയച്ച കത്തില്‍ വ്യക്തമാണ്. ആകെ 30.3 കിലോ സ്വര്‍ണമാണ് അന്ന് ഉപയോഗിച്ചത്. ദ്വാരപാലക ശില്പങ്ങള്‍ക്ക് 1.5 കിലോ വേണ്ടിവന്നു. എന്നാല്‍, 2019ല്‍ ചെന്നൈയിലെത്തിച്ചു സ്വര്‍ണം പൂശിയപ്പോള്‍ 394 ഗ്രാം മാത്രമാണ് ഉപയോഗിച്ചത്. സാമ്പത്തികലാഭത്തിനുവേണ്ടി സ്വര്‍ണം പൊതിഞ്ഞ യഥാര്‍ഥ ദ്വാര പാലക ശില്പങ്ങള്‍ 2019ല്‍ സ്പോണ്‍സര്‍ വില്പന നടത്തിയോയെന്നും സംശയിക്കാമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് പരിശോധിച്ച കോടതി വിലയിരുത്തി. അതീവ ഗൗരവമുള്ള പരാമര്‍ശമാണ് ഇത്. തുക്കത്തിലെ കുറവ് കാരണമാണ് ഈ നിരീക്ഷണം കോടതി നടത്തുന്നത്. എഡിജിപിയുടെ അന്വേഷണം നിര്‍ണ്ണായകമാകും. വിവിധ പോലീസ് സ്റ്റേഷനുകളില്‍നിന്നുള്ള ഇന്‍സ്‌പെക്ടര്‍മാരും അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരും ഉള്‍പ്പെടെയുള്ള സംസ്ഥാന പോലീസിലെ ഉദ്യോഗസ്ഥര്‍ അന്വേഷണത്തിന് സഹായം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

വിഷയം ഗൗരവമുള്ളതായതിനാല്‍ പോലീസ് എല്ലാ വശങ്ങളും പരിശോധിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. ഒരു മാസത്തിനകം അന്വേഷണറിപ്പോര്‍ട്ട് നല്‍കണം. അന്വേഷണവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നും ഉത്തരവില്‍ പറയുന്നു. മൂന്ന് ദശാബ്ദമായുള്ള നടപടികള്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണപരിധിയില്‍ വരണമെന്നും കോടതി നിര്‍ദേശിച്ചു. നിലവില്‍ നടക്കുന്ന വിജിലന്‍സിന്റെ ഇടക്കാല അന്വേഷണറിപ്പോര്‍ട്ട് വിജിലന്‍സ് ഓഫീസര്‍ നേരിട്ടെത്തി കോടതിയില്‍ ഹാജരാക്കി. ഇതു പരിശോധിച്ചാണ് കോടതിയുടെ നിര്‍ദേശം. സംഭവം ഗുരുതരമായ വിഷയമാണെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി മാത്രമാണോ ഇതില്‍ ഉള്‍പ്പെട്ടതെന്നു പരിശോധിക്കണമെന്നും ഉദ്യോഗസ്ഥ തല ഗൂഢാലോചന ഉണ്ടായിട്ടുണ്ടോയന്ന് കണ്ടെത്തണമെന്നും കോടതി നിര്‍ദേശിച്ചു. കോടതി നിര്‍ദേശിച്ച അന്വേഷണ ഉദ്യോഗസ്ഥരെ അന്വേഷണസംഘത്തിലേക്ക് വിട്ടുനല്‍കാന്‍ കഴിയുമോയെന്ന് വെള്ളിയാഴ്ചയ്ക്കകം സര്‍ക്കാര്‍ കോടതിയെ അറിയിക്കണം. ഇത് സര്‍ക്കാര്‍ സമ്മതിക്കും.

2019ല്‍ ചെമ്പുപാളികളാണ് കൊടുത്തുവിട്ടതെന്ന് മഹസറില്‍ ഉദ്യോഗസ്ഥര്‍ തെറ്റായി രേഖപ്പെടുത്തിയത് ദുരുദ്ദേശ്യത്തോടെയാണ്. അധികൃതരുടെ പങ്ക് ഉള്‍പ്പെടെ സമഗ്രമായി അന്വേഷിക്കണം. സ്വര്‍ണം പൂശാന്‍ ചുമതലപ്പെടുത്തിയ സ്മാര്‍ട്ട് ക്രിയേഷന്‍സ് 2024ല്‍ ദേവസ്വത്തിനയച്ച കത്തില്‍, ദ്വാരപാലക ശില്പങ്ങള്‍ പോറ്റിയുടെ പക്കല്‍ നേരിട്ട് കൊടുത്തുവിടാനാണു പറയുന്നത്. ഈ നടപടി അദ്ഭുതപ്പെടുത്തുന്നു. മോഷണത്തിന്റെയും വിശ്വാസവഞ്ചനയുടെയും ക്രിമിനല്‍ ദുരുപയോഗത്തിന്റെയും എല്ലാ സാധ്യതകളുമാണ് വെളിപ്പെടുത്തുന്നതെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സ്വര്‍ണം പൂശുന്ന ജോലി ഏറ്റെടുത്ത ഉണ്ണികൃഷ്ണന്‍ പോറ്റി അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയശേഷം തന്റെ കൈവശം സ്വര്‍ണം ബാക്കിയുണ്ടെന്ന് കാണിച്ചുകൊണ്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് ഒരു ഇ-മെയില്‍ അയച്ചതായി വിജിലന്‍സ് കോടതിയെ അറിയിച്ചു.

പരിചയമുള്ളതോ ബന്ധമുള്ളതോ ആയ ഒരു പെണ്‍കുട്ടിയുടെ വിവാഹത്തിന് ഈ സ്വര്‍ണം ഉപയോഗിക്കാന്‍ കഴിയുമോയെന്ന് പോറ്റി ഇ-മെയിലില്‍ ചോദിച്ചതായി ആരോപണമുയര്‍ന്നു. ഈ സാഹചര്യത്തിലാണു കോടതി പ്രത്യേകമായി ഈ വിഷയം അന്വേഷിക്കാന്‍ നിര്‍ദേശിച്ചത്. ദ്വാരപാലക വിഗ്രഹങ്ങളെയും 2019ല്‍ എടുത്ത ഫോട്ടോഗ്രാഫുകളെയും താരതമ്യം ചെയ്യുന്നതിനായി ശബരിമലയിലെ സ്‌ട്രോംഗ് റൂം തുറക്കാനും എല്ലാ പൊരുത്തക്കേടുകളും ശരിയായി പരിശോധിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കോടതി വിജിലന്‍സ് ഉദ്യോഗസ്ഥന് അനുമതി നല്‍കിയിട്ടുണ്ട്. വിജയ് മല്യയുടെ നേതൃത്വത്തിലുളള യുബി ഗ്രൂപ്പിന്റെ ഫിനാന്‍സ് മാനേജര്‍ 2008-ല്‍ ദേവസ്വംബോര്‍ഡിന് അയച്ച കത്തില്‍ ദ്വാരപാലകശില്പങ്ങള്‍ക്കും സ്വര്‍ണപ്പാളി സ്ഥാപിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്. 1.564 കിലോ സ്വര്‍ണം ഇതിനായി ഉപയോഗിച്ചെന്നും പറയുന്നുണ്ട്. ശ്രീകോവിലിനടക്കം ആകെ 30.29 കിലോഗ്രാമാണ് ഉപയോഗിച്ചതെന്നും വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, 2019-ല്‍ സ്വര്‍ണപ്പാളികള്‍ സ്വര്‍ണംപൂശുന്നതിനായി ചെന്നൈയിലേയ്ക്ക് കൊണ്ടുപോയപ്പോള്‍ ദേവസ്വം മഹസറില്‍ ചെമ്പാണെന്നാണ് രേഖപ്പെടുത്തിയത്. ഉണ്ണികൃഷ്ണന്‍പോറ്റിയുടെ കൈവശമാണ് അന്നിത് കൊടുത്തുവിട്ടത്.

സ്വര്‍ണം പൂശിയശേഷം കുറച്ച് ബാക്കിയുണ്ടെന്നും ഇത് നിര്‍ധനപെണ്‍കുട്ടിയുടെ വിവാഹത്തിന് ഉപയോഗിക്കാനാകുമോയെന്നും കാണിച്ച് ഉണ്ണികൃഷ്ണന്‍പോറ്റി 2019 ഡിസംബര്‍ ഒന്‍പതിന് അന്നത്തെ ദേവസ്വം പ്രസിഡന്റിന് ഇ മെയില്‍ അയച്ചിട്ടുണ്ട്. പോറ്റിയുടെ കൈവശം ബാക്കി സ്വര്‍ണം ഉണ്ടായിരുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു. ദേവസ്വം ഉദ്യോഗസ്ഥര്‍ പോറ്റിയുമായി ചേര്‍ന്ന് ക്ഷേത്രത്തിന്റെ പരിശുദ്ധിയെപ്പോലും വഞ്ചിക്കുന്ന നടപടി സ്വീകരിച്ചതായി കരുതേണ്ടിവരുമെന്നും കോടതി പറഞ്ഞു.

എസ്. ശശിധരന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍

തൃശ്ശൂര്‍ പോലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ എസ്. ശശിധരനാണ് അന്വേഷണച്ചുമതല. വാകത്താനം സിഐ അനീഷ്, കയ്പമംഗലം സിഐ ബിജു രാധാകൃഷ്ണന്‍, തിരുവനന്തപുരം തൈക്കാട് സൈബര്‍ പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ സുനില്‍കുമാര്‍ എന്നിവരാണ് അംഗങ്ങള്‍.

Tags:    

Similar News