ദ്വാരപാലകരിലും മറ്റുമുളള സ്വര്‍ണ്ണം കുറഞ്ഞ് ചെമ്പു തെളിഞ്ഞുവെന്ന് രേഖപ്പെടുത്തിയ തന്ത്രി; ആ കുറിപ്പിനെ അവഗണിച്ച് ചെമ്പ് മാത്രമാക്കിയ മുരാരി ബാബു; എന്തുകൊണ്ട് 9 ദേവസ്വം ഉദ്യോഗസ്ഥര്‍ പ്രതികളായി? ഉദ്യോഗസ്ഥവീഴ്ചയും ഗൂഢാലോചനയും അക്കമിട്ട് നിരത്തുന്ന വിജിലന്‍സ് റിപ്പോര്‍ട്ട്; ശബരിമലയില്‍ അന്വേഷണം വേഗതയിലാക്കും

Update: 2025-10-13 03:07 GMT

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച സംഘം തന്ത്രി കണ്ഠരര് രാജീവരെ കുടുക്കാന്‍ ശ്രമം നടത്തിയതായി ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തന്ത്രി മഹസറില്‍ ഒപ്പിട്ടിട്ടില്ലെങ്കിലും പേര് എഴുതിച്ചേര്‍ക്കുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍. പാളികള്‍ കൊണ്ടുപോകരുതെന്നും അതില്‍ സ്വര്‍ണമുണ്ടായിരുന്നുവെന്നും ഉള്ള തടസ്സവാദം തന്ത്രി ഉന്നയിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മുരാരി ബാബു നല്‍കിയ കത്തും ടി കത്തില്‍ ഉള്ളടക്കം ചെയ്തിരിക്കുന്ന ശബരിമല തന്ത്രയുടെ അഭിപ്രായ കുറിപ്പും പരിശോധിച്ചതില്‍ ദ്വാരപാലകരിലും തെക്കും വടക്കും മൂലകളും പൊതിഞ്ഞിട്ടുള്ള ചെമ്പു തകിടുകളിലും പൂശിയിട്ടുള്ള സ്വര്‍ണ്ണം കുറഞ്ഞ് ചെമ്പ് തെളിഞ്ഞതിനാല്‍ പുതുതായി സ്വര്‍ണ്ണം പൂശി വൃത്തിയാക്കി അനുവദിക്കാമെന്ന് തന്ത്രി അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ അഭിപ്രായ കുറിപ്പില്‍ പറഞ്ഞിരിക്കുന്നതില്‍ നിന്നും വ്യത്യസ്തമായി മുരാരി ബാബു അതിനെ ചെമ്പാക്കി മാറ്റിയെന്നും രേഖപ്പെടുത്തുന്നുവെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടിലുണ്ട്.

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പപാളിയിലെയും കട്ടിളപ്പടികളിലെയും സ്വര്‍ണം 2019ല്‍ കവര്‍ന്ന സംഭവത്തിലെ ഉദ്യോഗസ്ഥവീഴ്ചയും ഗൂഢാലോചനയും അക്കമിട്ട് നിരത്തുന്നതാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. ദേവസ്വം ബോര്‍ഡിനെ ചതിച്ച് അന്യായ ലാഭം ഉണ്ടാക്കണം എന്ന് ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ഉദ്ദേശ്യമുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ഒമ്പത് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തത്. ഡെപ്യൂട്ടി ദേവസ്വം കമീഷണറും ഗുരുതര വീഴ്ചവരുത്തിയതായി റിപ്പോര്‍ട്ടിലുണ്ട്. ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം വിജിലന്‍സ് റിപ്പോര്‍ട്ടിനെ ഗൗരവത്തില്‍ എടുക്കുന്നുണ്ട്. അന്വേഷണം അതിവേഗം മുമ്പോട്ട് കൊണ്ടു പോകാനാണ് തീരുമാനം.


പ്രതിചേര്‍ത്ത ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍

മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു - ശില്‍പ്പപാളികള്‍ സ്വര്‍ണം പൊതിഞ്ഞതാണെന്ന് അറിഞ്ഞിട്ടും മുരാരി ബാബു 2019ല്‍ അവ ചെമ്പ് തകിടുകളാണെന്ന് മഹസറില്‍ എഴുതി. 2024ല്‍ വീണ്ടും സ്വര്‍ണപ്പാളികള്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് നേരിട്ട് നല്‍കാന്‍ ശ്രമിച്ചു. ചങ്ങനാശേരി സ്വദേശി. കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം.

മുന്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി എസ് ജയശ്രീ (2020ല്‍ വിരമിച്ചു) - 2019ല്‍ ബോര്‍ഡ് തീരുമാനം മറികടന്ന് ശില്‍പ്പപാളികള്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് കൈമാറാന്‍ ഉത്തരവിട്ടു. ആലപ്പുഴ ചെന്നിത്തല സ്വദേശിനി. കോണ്‍ഗ്രസ് അനുകൂല സംഘടനയായ തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയിസ് ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകയായിരുന്നു.

മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാര്‍ (2022ല്‍ വിരമിച്ചു) - ശില്‍പ്പപാളി ചെമ്പ് തകിടുകള്‍ എന്നെഴുതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് കൊടുത്തുവിടാന്‍ ശുപാര്‍ശ നല്‍കി. മഹസറില്‍ ചെമ്പ് തകിടുകള്‍ എന്ന് മാത്രം എഴുതി. മഹസര്‍ എഴുതുന്‌പോള്‍ സ്ഥലത്തില്ലാതിരുന്ന ഉദ്യോഗസ്ഥര്‍ ഉണ്ടെന്ന് രേഖപ്പെടുത്തി. ഇളക്കിയെടുത്ത ശില്‍പ്പപാളികള്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് നേരിട്ട് കൊടുക്കുന്നുവെന്ന് മഹസര്‍ എഴുതി പോറ്റിയുടെ രണ്ട് സുഹൃത്തുക്കളുടെ കൈവശം കൊടുത്തു.

മുന്‍ തിരുവാഭരണം കമീഷണര്‍ കെ എസ് ബൈജു (2019ല്‍ വിരമിച്ചു)- ദ്വാരപാലക ശില്‍പ്പപാളികള്‍ ഇളക്കിക്കൊടുക്കുന്ന സമയം സ്ഥലത്തെത്തി മേല്‍നോട്ടം വഹിച്ചില്ല. ഓഫീസ് സ്മിത്തിനേയോ മറ്റ് ഉദ്യോഗസ്ഥരെയോ നിയോഗിച്ചില്ല.

അസിസ്റ്റന്റ് എന്‍ജിനിയര്‍ കെ സുനില്‍കുമാര്‍ - ചെമ്പ് പാളി എന്ന് രേഖപ്പെടുത്തിയ മഹസറില്‍ സാക്ഷിയായി ഒപ്പിട്ടു. നിലവില്‍ ശബരിമലയിലെ അസിസ്റ്റന്റ് എന്‍ജിനിയര്‍.

അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാര്‍ (2024ല്‍ വിരമിച്ചു) - ചെമ്പ് പാളി എന്ന് രേഖപ്പെടുത്തിയ മഹസറില്‍ സാക്ഷിയായി ഒപ്പിട്ടു. ശില്‍പ്പപാളികള്‍ തിരികെ കൊണ്ടുവന്നപ്പോള്‍ തൂക്കം നോക്കിയില്ല.

മുന്‍ തിരുവാഭരണം കമീഷണര്‍ ആര്‍ ജി രാധാകൃഷ്ണന്‍ (2021ല്‍ വിരമിച്ചു)- ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷനില്‍ എത്തി ശില്‍പ്പപാളികളുടെ തൂക്കം എടുത്തപ്പോള്‍ മഹസറുമായി ഒത്തുനോക്കിയില്ല. സ്വര്‍ണം പൂശിയ ശേഷവും ശില്‍പ്പപാളികള്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കൈയില്‍കൊടുത്തുവിട്ടു. ശബരിമലയില്‍ ഇത് പുനഃസ്ഥാപിക്കുമ്പോള്‍ ഹാജരായില്ല. പരിശോധിക്കാന്‍ സ്മിത്തിനെയും അയച്ചില്ല.

മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ വി എസ് രാജേന്ദ്രപ്രസാദ് (2024ല്‍ വിരമിച്ചു)- ശില്‍പ്പപാളി പുനഃസ്ഥാപിക്കുമ്പോള്‍ തൂക്കം നോക്കാതെ മഹസര്‍ തയ്യാറാക്കി. ശില്‍പ്പത്തിനൊപ്പം സ്ഥാപിക്കാന്‍ കൊണ്ടുവന്ന പീഠത്തിന്റെ വിവരങ്ങള്‍ മഹസറില്‍ ചേര്‍ത്തില്ല.

മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ രാജേന്ദ്രന്‍ നായര്‍ (2021ല്‍ വിരമിച്ചു) - ശില്‍പ്പത്തിനൊപ്പം സ്ഥാപിക്കാന്‍ കൊണ്ടുവന്ന പീഠത്തിന്റെ വിവരങ്ങള്‍ മഹസറില്‍ ചേര്‍ത്തില്ല.

ഉണ്ണികൃഷ്ണന്‍ പോറ്റി ബെംഗളൂരു സ്വദേശിയായ വലിയ ഭക്തനാണെന്ന് 2019 മുതലുള്ള ദേവസ്വം ബോര്‍ഡ് രേഖകളില്‍ ഉണ്ടെങ്കിലും ഇദ്ദേഹം ഒരു ഇടനിലക്കാരനായാണ് പ്രവര്‍ത്തിച്ചതെന്ന് ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ശബരിമലയിലെ ഉരുപ്പടി കാഴ്ചവെച്ച് പൂജകള്‍ നടത്തി പണം അടിച്ചുമാറ്റുന്ന ഉണ്ണികൃഷ്ണന്‍ പോറ്റി, സ്‌പോണ്‍സര്‍ഷിപ്പിലൂടെ ലാഭം ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് കണ്ടെത്തല്‍. ഉണ്ണികൃഷ്ണന്‍ പോറ്റി ഒരു ഏജന്റ് മാത്രമാണോ അതോ മറ്റാരുടെയെങ്കിലും ഉപകരണമായി പ്രവര്‍ത്തിക്കുകയാണോ എന്നത് സംബന്ധിച്ചുള്ള അന്വേഷണവും പുരോഗമിക്കുന്നുണ്ടെന്നാണ് വിവരം.

Tags:    

Similar News