ശബരിമല സ്വര്‍ണക്കൊളള; ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ നിന്ന് തനിക്ക് യാതൊരുവിധ സാമ്പത്തിക നേട്ടവും ഉണ്ടായിട്ടില്ല; അനധികൃതമായി ഒരു രൂപ പോലും സമ്പാദിച്ചിട്ടില്ലെന്ന് മുരാരി ബാബുവിന്റെ മൊഴി; മൊഴി പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ ഇഡി, വീണ്ടും ചോദ്യം ചെയ്യും; കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ ഇഡി
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്ത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന്റെ മൊഴി പുറത്ത്. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ നിന്ന് തനിക്ക് യാതൊരുവിധ സാമ്പത്തിക നേട്ടവും ഉണ്ടായിട്ടില്ലെന്നും അനധികൃതമായി ഒരു രൂപപോലും സമ്പാദിച്ചിട്ടില്ലെന്നുമാണ് മുരാരി ബാബു മൊഴി നല്‍കിയിരിക്കുന്നത്. സ്വത്തുക്കളുമായി ബന്ധപ്പെട്ട എന്ത് രേഖകളും ഹാജരാക്കാന്‍ തയ്യാറാണെന്നും അദ്ദേഹം ഉദ്യോഗസ്ഥരെ അറിയിച്ചു. പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം ലഭിച്ച മുരാരി ബാബു ഇന്നലെ രാവിലെ 10നാണ് കടവന്ത്രയിലെ ഇഡി ഓഫീസില്‍ ഹാജരായത്.
അതേസമയം കേസില്‍ മുരാരി ബാബുവിനെ ഇ ഡി വീണ്ടും ചോദ്യം ചെയ്യും. മുരാരി ബാബുവിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹതയുണ്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. 2019- 2015 കാലയളവില്‍ മുരാരി ബാബുവിന്റെ സ്വത്തുക്കളില്‍ വന്‍ വര്‍ധനവുണ്ടായെന്ന് ഇ ഡി കണ്ടെത്തി. 2021-ല്‍ വീട് നിര്‍മ്മിച്ചതില്‍ അടക്കം അന്വേഷണമുണ്ടാകും. ശബരിമലയിലേയും മറ്റ് ക്രമക്കേടുകളില്‍ നിന്നും മുരാരി ബാബു പണം സമ്പാദിച്ചു എന്ന നിഗമനത്തിലാണ് ഇ ഡി.
മുരാരി ബാബുവിന് സ്വത്തുക്കള്‍ സംബന്ധിച്ച് കൃത്യമായ മറുപടി ഇല്ലെന്നും ഇ ഡി വ്യക്തമാക്കി. ഇന്നലെ ഏഴ് മണിക്കൂറോളമാണ് മുരാരി ബാബുവിനെ ഇ ഡി ചോദ്യംചെയ്തത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി മുരാരി ബാബുവിന് സാമ്പത്തിക ഇടപാടുകള്‍ ഉളളതായും ഇ ഡിയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
സ്വര്‍ണക്കൊള്ള കേസിലെ പങ്ക്, സാമ്പത്തിക ഇടപാടുകളില്‍ ബന്ധമുള്ളവര്‍ എന്നിവയെക്കുറിച്ചാണ് ഇഡി പ്രധാനമായും അന്വേഷിച്ചതെന്നാണ് സൂചന.കേസില്‍ കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതിനുള്ള നീക്കത്തിലാണ് ഇഡി. മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറിനും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസ് നല്‍കിയിട്ടുണ്ട്. ജനുവരി 29ന് ജാമ്യം ലഭിച്ച എസ് ശ്രീകുമാര്‍ ഈയാഴ്ച ഹാജരാകണമെന്ന് നോട്ടീസില്‍ നിര്‍ദ്ദേശിക്കുന്നു. എസ്‌ഐടി കേസില്‍ ജാമ്യം നേടിയവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചശേഷം മറ്റ് പ്രതികളിലേക്കും കടക്കാനാണ് ഇഡിയുടെ നീക്കം.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയിലെ രണ്ടു കേസുകളിലും ഇടക്കാല കുറ്റപത്രം ഉടന്‍ നല്‍കാന്‍ എസ്‌ഐടി. ഇതിന്റെ കരട് തയ്യാറാക്കിയിട്ടുണ്ട്. സര്‍ക്കാരില്‍ നിന്ന് പ്രോസിക്യൂഷന്‍ അനുമതി നേടിയ ശേഷമായിരിക്കും കോടതിയില്‍ സമര്‍പ്പിക്കുക. അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം നല്‍കാത്തതിനാല്‍ പ്രതികള്‍ക്കെല്ലാം സ്വാഭാവിക ജാമ്യം കിട്ടുന്ന സാഹചര്യമാണിപ്പോള്‍. കുറ്റപത്രം വൈകുന്നതില്‍ പ്രതിപക്ഷം ആരോപണം കടുപ്പിക്കുകയും ചെയ്തു.
എസ്ഐടി സാക്ഷിപ്പട്ടിക തയ്യാറാക്കി. പാളികള്‍ ഏറ്റുവാങ്ങിയ അനന്തസുബ്രമണ്യവും രമേശ് റാവുവും സ്വര്‍ണ്ണം ബെല്ലാരിയില്‍ എത്തിച്ച കല്‍പ്പേഷും കേസിലെ സാക്ഷികളാണ്. എഫ്ഐആറില്‍ പ്രതികളായ മറ്റ് മുന്‍ ഉദ്യോഗസ്ഥരും സാക്ഷികളാകും. ഇടക്കാല കുറ്റപത്രത്തിന്റെ കരട് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് അയക്കും. നിയമോപദേശത്തിന് ശേഷമായിരിക്കും തുടര്‍നടപടികള്‍. വി.എസ്.എസ്.സിയില്‍ നിന്നുള്ള ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ചാല്‍ അതു കൂടി കുറ്റപത്രത്തിനൊപ്പം ഉള്‍പ്പെടുത്തും. ശബരിമലയില്‍ നിന്ന് എത്രത്തോളം സ്വര്‍ണം കൊള്ളയടിച്ചെന്ന് ഈ റിപ്പോര്‍ട്ട് ലഭിച്ചാലേ ഉറപ്പിക്കാനാവൂ.
സ്വര്‍ണക്കൊള്ള കേസില്‍ ശബരിമല മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് അയച്ചിരുന്നു. ഈ ആഴ്ച്ച തന്നെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇ ഡി നിര്‍ദേശം നല്‍കിയിരിക്കുന്നത്. സ്വര്‍ണക്കൊള്ള കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇ ഡി നടപടി. ഇക്കഴിഞ്ഞ ജനുവരി 29നായിരുന്നു ശ്രീകുമാറിന് ജാമ്യം ലഭിച്ചത്. കൊല്ലം വിജിലന്‍സ് കോടതിയായിരുന്നു ജാമ്യം അനുവദിച്ചത്. ദ്വാരപാലക കേസില്‍ മാത്രമാണ് ശ്രീകുമാര്‍ പ്രതി. കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 43-ാം ദിവസമാണ് ജാമ്യം ലഭിച്ചത്. ജാമ്യം ലഭിച്ചതോടെ ശ്രീകുമാര്‍ ജയില്‍ മോചിതനായിയുന്നു.
