ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്നെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ സര്‍ക്കാറിന്റെ പ്രതികാരം; യുവതീ പ്രവേശനത്തെ എതിര്‍ത്തതാണ് കാരണം; സന്നിധാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഭരണ കക്ഷിയിലെ ഉന്നതര്‍ക്കും തന്നോട് രോഷം; നേതാക്കള്‍ക്കൊപ്പം തന്ത്രിക്കും സ്വര്‍ണ്ണക്കൊള്ളയില്‍ പങ്കുണ്ടെന്ന് വരുത്താന്‍ കഥ മെനഞ്ഞു; സര്‍ക്കാരിന് കുരുക്കായി തന്ത്രി കണ്ഠര് രാജീവരുടെ വാദങ്ങള്‍
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്നെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ സര്‍ക്കാറിന്റെ പ്രതികാരം
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സര്‍ക്കാരിനെതിരെ തന്ത്രി കണ്ഠര് രാജീവര്. അറസ്റ്റിന് പിന്നില്‍ സര്‍ക്കാരിന്റെ പ്രതികാരമെന്നാണ് തന്ത്രിയുടെ വാദമാണ് സര്‍ക്കാറിന് തലവേദനയാകുന്നത്. കോടതിയുടെ ജാമ്യ ഉത്തരവിലാണ് തന്ത്രിയുടെ വാദങ്ങളുള്ളത്. യുവതീ പ്രവേശനത്തെ എതിര്‍ത്തതാണ് അറസ്റ്റിന് പിന്നിലെ കാരണമെന്നാണ് തന്ത്രിയുടെ വാദം.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്നെ കുടുക്കിയതാണെന്നും അറസ്റ്റിനു പിന്നില്‍ സര്‍ക്കാരിന്റെ പ്രതികാരമാണെന്നുമാണ് തന്ത്രി കോടതിയില്‍ വാദിച്ചത്. യുവതീ പ്രവേശന സമയത്ത് ആചാര ലംഘനം പാടില്ലെന്ന നിലപാട് എടുക്കുകയും അതിനെ എതിര്‍ക്കുകയും ചെയ്തതാണ് അറസ്റ്റിന് പിന്നിലെ കാരണം. സന്നിധാനത്ത് ഉണ്ടായിരുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് തന്നോട് പ്രതികാരമാണ്. ഭരണ കക്ഷിയിലെ ഉന്നതര്‍ക്കും തന്നോട് രോഷമാണ്. ഭരണ കക്ഷി നേതാക്കള്‍ക്കൊപ്പം തന്ത്രിക്കും സ്വര്‍ണ്ണക്കൊള്ളയില്‍ പങ്കുണ്ടെന്ന് വരുത്താന്‍ കഥ മെനയുകയാണ് ചെയ്തതെന്നുമാണ് ജാമ്യ ഹര്‍ജിയിലെ തന്ത്രിയുടെ വാദങ്ങള്‍.
കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്‍പ കേസിലും തന്ത്രിക്ക് ജാമ്യം ലഭിച്ചിരുന്നു. സ്വാഭാവിക ജാമ്യമല്ല തന്ത്രിക്ക് ലഭിച്ചത്. ഇത് എസ്‌ഐടിക്ക് തിരിച്ചടിയായിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് പ്രോസിക്യൂഷന് തെളിയിക്കാനായില്ല. തന്ത്രിക്ക് താന്ത്രികപരമായ അധികാരങ്ങള്‍ മാത്രമാണുള്ളത് എന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രഥമദൃഷ്ടിയാല്‍ തന്ത്രിക്ക് ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ ഈ ഘട്ടത്തില്‍ തെളിവുകള്‍ ഇല്ലെന്നാണ് കോടതി വിലയിരുത്തല്‍.
ശബരിമല സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് ദ്വാരപാലക പാളികള്‍ കൊണ്ടുപോകാന്‍ തന്ത്രി അനുവാദം നല്‍കിയത് അറ്റകുറ്റപ്പണികള്‍ നടത്താന്‍ വേണ്ടിയാണെന്ന വാദവും കോടതി ശരിവെച്ചു. പാളികള്‍ പോറ്റിയുടെ കൈവശം കൊടുത്തുവിടാന്‍ തന്ത്രി പറഞ്ഞിട്ടില്ലെന്നും കോടതി കണ്ടെത്തി. ദേവസ്വം ബോര്‍ഡ് ആവശ്യപ്പെടുന്ന കാര്യങ്ങള്‍ തന്ത്രി ചെയ്ത് നല്‍കണമെന്നും തന്ത്രി ദേവസ്വം ക്രമങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും കോടതി വീക്ഷിച്ചു. കട്ടിളപ്പാളി കൊണ്ടുപോകാന്‍ ദേവസ്വം ബോര്‍ഡ് തന്ത്രിയുടെ അനുജ്ഞ ആവശ്യപ്പെട്ടിട്ടില്ലെന്നും കോടതി ചൂണ്ടികാട്ടി.
പോറ്റിയും തന്ത്രിയും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്നതിനും തെളിവില്ല. പോറ്റിയുമായി അടുത്ത ബന്ധമില്ലെന്ന തന്ത്രിയുടെ വാദം പ്രതിരോധിക്കാനും പോറ്റിയും തന്ത്രിയും തമ്മിലുള്ള ബന്ധം കണ്ടെത്താനും പ്രത്യേക അന്വേഷണസംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മാത്രമല്ല തന്ത്രിയും പോറ്റിയും ഒരേ കാലയളവില്‍ ശ്രീറാംപുര ക്ഷേത്രത്തില്‍ ഉണ്ടായിരുന്നില്ല. ദേവസ്വം വിജിലന്‍സ് തയ്യാറാക്കിയ രണ്ട് റിപ്പോര്‍ട്ടുകളിലും തന്ത്രിക്കെതിരെ പരാമര്‍ശമില്ലെന്നും കോടതി കണ്ടെത്തി. തന്ത്രിക്ക് ജാമ്യം നല്‍കിയ ഉത്തരവിലാണ് കൊല്ലം വിജിലന്‍സ് കോടതിയുടെ നിര്‍ണായക നിരീക്ഷണങ്ങള്‍. ശബരിമലയിലെ ദ്വാരപാലക ശില്‍പം, കട്ടിളപ്പാളി കേസുകളിലാണ് തന്ത്രിക്ക് ജാമ്യം ലഭിച്ചത്. 41 ദിവസത്തെ റിമാന്‍ഡിന് ശേഷമാണ് തന്ത്രിക്ക് ജാമ്യം ലഭിച്ചത്.
കേസില്‍ ഇതുവരെ അറസ്റ്റിലായ പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യമായിരുന്നു ലഭിച്ചിരുന്നത്. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ കോടതി തന്ത്രിക്ക് ജാമ്യം നല്‍കുകയായിരുന്നു. കേസില്‍ ഇരുഭാഗത്തിന്റെയും വിശദമായ വാദം കേട്ടതിന് പിന്നാലെയായിരുന്നു കൊല്ലം വിജിലന്‍സ് കോടതി വിധി പറഞ്ഞത്. തന്ത്രിക്കെതിരായ കേസില്‍ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടികാട്ടിയായിരുന്നു കോടതി വിധി.
നേരത്തെ ശബരിമലയിലെ വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടതല്ലെന്ന ദേവസ്വം ഉത്തരവ് തള്ളി തന്ത്രി സമാജവും രംഗത്തുവന്നിരുന്നു. തന്ത്ര സമുച്ചയത്തിലെ വ്യവസ്ഥകള്‍ പ്രകാരം വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടതാണ്. തന്ത്രി കണ്ഠര് രാജീവര്‍ക്ക് വാജി വാഹനം നല്‍കിയത് ദേവസ്വം ബോര്‍ഡാണ്. മോഷണം പോയെന്ന് ദേവസ്വം ബോര്‍ഡിന് പരാതിയില്ല. ഇത് തന്ത്രി സമൂഹത്തെ അപമാനിക്കാനുള്ള ശ്രമമാണെന്ന് യോഗക്ഷേമ സഭ പ്രസിഡന്റ് അഡ്വ.പി എന്‍ ഡി നമ്പൂതിരി പറഞ്ഞു.
2012ലെ ദേവസ്വം ബോര്‍ഡ് ഉത്തരവിനെക്കുറിച്ച് അറിയില്ല. ആചാരപരമായ കാര്യങ്ങളില്‍ തീരുമാനം എടുക്കാനോ അങ്ങനെ ഉത്തരവ് ഇറക്കാനോ ദേവസ്വം ബോര്‍ഡിന് അധികാരമില്ല. തന്ത്രിമാരെ ശബരിമലയില്‍ നിന്ന് മാറ്റാന്‍ ഗൂഢാലോചന നടക്കുകയാണെന്നും പുതിയ തന്ത്രിമാരെ കൊണ്ടുവരാനാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു.
തന്ത്രി ഭരണപരമായ കാര്യങ്ങളില്‍ ഇടപെടരുതെന്ന് ദേവസ്വം മാന്വലില്‍ ഉണ്ട്. പിന്നെ എങ്ങനെയാണ് ഇത്തരം കാര്യങ്ങളില്‍ തന്ത്രിക്ക് ഉത്തരവാദിത്തം ഉണ്ടാകുകയെന്ന് തന്ത്രി മണ്ഡലം ജനറല്‍ സെക്രട്ടറി രാധാകൃഷ്ണന്‍ പോറ്റി ചോദിച്ചു. അനുജ്ഞ രേഖാമൂലം ആവശ്യപ്പെട്ടിട്ടില്ലെന്നും അതുകൊണ്ടാണ് രേഖമൂലം കൊടുക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.
