വിമാനത്താവളങ്ങള്‍ക്ക് പരമാവധി ഭൂമിയെന്നത് കേന്ദ്ര ഗ്രീന്‍ഫീല്‍ഡ് നയം; 2008 ന് ശേഷം അഞ്ചു വിമാനത്താവളങ്ങള്‍ക്ക് ഏറ്റെടുത്തത് 2000 ഏക്കറിന് മുകളില്‍; ചെറുവള്ളിക്ക് ഇത്രയും ഭൂമി എന്തിന് എന്ന ഹൈക്കോടതി ചോദ്യത്തിന് സര്‍ക്കാാര്‍ മറുപടി നല്‍കിയേക്കും; വിജ്ഞാപനം റദ്ദാക്കിയതോടെ 2029-ല്‍ വിമാനം ഇറങ്ങില്ലെന്ന് ഉറപ്പായി
ഹൈക്കോടതി ചോദ്യത്തിന് സര്‍ക്കാാര്‍ മറുപടി നല്‍കിയേക്കും
കോട്ടയം: ഇത്രയധികം ഭൂമിയെന്തിന് എന്ന ചോദ്യമുന്നയിച്ച് എരുമേലി ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടിനുള്ള ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കുമ്പോഴും 2008 ന് ശേഷം രാജ്യത്ത് നിര്‍മിച്ചതോ അനുമതി ലഭിച്ചതോ ആയ വിമാനത്താവളങ്ങള്‍ക്കുള്ളത് 2000 ഏക്കറിന് മുകളില്‍ ഭൂമിയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ കോടതിയില്‍ മറുപടി നല്‍കുമെങ്കിലും പദ്ധതിക്ക് അന്തിമ അനുമതി നീണ്ടു പോകുമെന്ന് സൂചന.
കേന്ദ്രസര്‍ക്കാരിന്റെ ഗ്രീന്‍ഫീല്‍ഡ് നയം വന്നതിന് ശേഷം രാജ്യത്ത് നിര്‍മിക്കുന്ന വിമാനത്താവളങ്ങള്‍ക്കെല്ലാം ഏറ്റെടുക്കുന്നത് പദ്ധതിക്ക് വേണ്ടതിലും കൂടുതല്‍ ഭൂമിയാണ്. 2008 ലാണ് ഗ്രീന്‍ഫീല്‍ഡ് നയം രൂപീകരിച്ചത്. അതിന് ശേഷം അഞ്ച് വിമാനത്താവളങ്ങള്‍ക്ക് ഏറ്റെടുത്തത് 2000 ഏക്കറിന് മുകളില്‍ ഭൂമിയാണ്. ഇതില്‍ കേരളത്തില്‍ നിന്നുളള കണ്ണൂര്‍ വിമാനത്താവളവും ഉള്‍പ്പെടുന്നു. 2300 ഏക്കര്‍ ഭൂമിയാണ് കണ്ണൂരിന് വേണ്ടി ഏറ്റെടുത്തത്.
ഗോവയിലെ മോപ എയര്‍പോര്‍ട്ടിന് 2271 ഏക്കറും വിശാഖപട്ടണത്തെ ഭോഗാപുരത്ത് 2200 ഏക്കറും നവി മുംബൈയില്‍ 2866 ഏക്കറും തമിഴ്നാട്ടിലെ പരന്തൂരില്‍ 5367 ഏക്കറും വിമാനത്താവളങ്ങള്‍ക്ക് വേണ്ടി ഏറ്റെടുത്തിട്ടുണ്ട്. ഇതിനു പുറമേ ഹൈദരാബാദ് ജിഎംആറിന് 5500 ഏക്കറും ബംഗളൂരുവിന് 4000 ഏക്കറും നോയിഡയ്ക്ക് 7200 ഏക്കറും ഭൂമിയുണ്ട്. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും എല്ലാവിധ സൗകര്യങ്ങളുമൊരുക്കുന്ന വിവിധോദ്ദേശ്യ ടൗണ്‍ഷിപ്പുകള്‍ എന്ന നിലയ്ക്കാണു വിമാനത്താവളങ്ങളെ ഗ്രീന്‍ഫീല്‍ഡ് നയമനുസരിച്ചു വിഭാവനം ചെയ്യുന്നത്.
അതേ സമയം, ശബരിമല വിമാനത്താവളത്തിന് ഭൂമിയേറ്റെടുക്കാനുള്ള പ്രാഥമിക വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കിയതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകാന്‍ ആലോചിക്കുന്നുണ്ടെങ്കിലും വിശദമായ പദ്ധതി റിപ്പോര്‍ട്ടിന്റെ അന്തിമ അനുമതിയടക്കം വൈകാന്‍ പുതിയ സാഹചര്യം ഇടയാക്കും. കഴിഞ്ഞ ജൂലൈയില്‍ സമര്‍പ്പിച്ച ഡിപിആറിന്‍ മേല്‍ കേന്ദ്രവ്യോമയാന മന്ത്രാലയവും സംസ്ഥാന സര്‍ക്കാരുമായി ആശയവിനിമയം തുടരുന്നതിനിടെയാണു ഭൂമിയേറ്റെടുക്കലിനു തടസം നേരിട്ടിരിക്കുന്നത്.
2029 ല്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. അതിനി നടക്കാന്‍ സാധ്യതയില്ല. കോടതി നിര്‍ദേശ പ്രകാരമുള്ള പുതിയ സാമൂഹികാഘാത പഠനത്തില്‍ ഭൂമിയുടെ അളവ് ഉള്‍പ്പെടെ എന്തു മാറ്റം വന്നാലും പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ട് മുതല്‍ ഡിപിആര്‍ വരെയുള്ള രേഖകളില്‍ മാറ്റം വരുത്തണം. ഇക്കാര്യത്തില്‍ തീരുമാനം ആകും വരെ ഡിപിആറിനു കേന്ദ്രം അന്തിമ അനുമതി നല്‍കിയേക്കില്ല.
വിജ്ഞാപനം റദ്ദാക്കി ഹൈക്കോടതി
ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കിയത് സര്‍ക്കാരിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. ചെറുവള്ളി എസ്റ്റേറ്റില്‍ നിന്നും 2570 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ പുറപ്പെടുവിച്ച വിജ്ഞാപനമാണ് ജസ്റ്റിസ് സി. ജയചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്. പദ്ധതിക്കായി ഇത്രയധികം ഭൂമി എന്തിനാണ് ഏറ്റെടുക്കുന്നതെന്ന് വ്യക്തമാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കോടതി നിരീക്ഷിച്ചു.
കോടതിയുടെ പ്രധാന നിരീക്ഷണങ്ങള്‍
ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം ഒരു പദ്ധതിക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ ഭൂമി മാത്രമേ ഏറ്റെടുക്കാവൂ എന്ന് കോടതി ചൂണ്ടിക്കാട്ടി. വലിയ വിമാനങ്ങള്‍ ഇറങ്ങുന്ന വിമാനത്താവളങ്ങള്‍ക്ക് പോലും 1200 ഏക്കര്‍ ഭൂമി മതിയെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിന്റെ ഇരട്ടിയോളം ഭൂമി (2570 ഏക്കര്‍) ഏറ്റെടുക്കുന്നതിന്റെ യുക്തി കോടതി ചോദ്യം ചെയ്തു.
ഭാവി വികസനത്തിനായി ഇത്രയും ഭൂമി വേണമെന്ന സര്‍ക്കാരിന്റെ വാദം കോടതി തള്ളി. വികസന പദ്ധതികളെക്കുറിച്ചോ അതിന് ആവശ്യമായ ഭൂമിയെക്കുറിച്ചോ സോഷ്യല്‍ ഇംപാക്ട് അസസ്മെന്റ് (SIA) റിപ്പോര്‍ട്ടിലോ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിലോ കൃത്യമായ സൂചനകളില്ല.
വിജ്ഞാപനം റദ്ദാക്കിയ കോടതി, പദ്ധതിയുടെ സാമൂഹിക ആഘാതത്തെക്കുറിച്ച് പുതിയ പഠനം നടത്താന്‍ നിര്‍ദ്ദേശിച്ചു. വിമാനത്താവളത്തിന് അത്യാവശ്യമായി വേണ്ട ഏറ്റവും കുറഞ്ഞ ഭൂമി എത്രയാണെന്ന് കണ്ടെത്തണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. ചെറുവള്ളി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ 'ഗോസ്പല്‍ ഫോര്‍ ഏഷ്യ' എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് ഈ വിധി.
സര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ നടപടികളിലെ അവ്യക്തതയും കൃത്യമായ പ്ലാനിംഗിന്റെ കുറവുമാണ് വിജ്ഞാപനം റദ്ദാക്കാന്‍ കാരണമായത്. ഇത് പദ്ധതിയുടെ ഭാവി നടപടികളെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
