ശബരിമല പ്രക്ഷോഭ വേദിയാക്കുന്നതിനോട് യോജിപ്പില്ല; ശബരിമലയിലെത്തുന്ന ഭക്തരെ ബുദ്ധിമുട്ടിലാക്കുന്ന മണ്ടന്‍ തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്ന് രമേശ് ചെന്നിത്തല; പന്തളത്ത് ഹൈന്ദവ സംഘടനകളുടെ യോഗം 26ന്; സിപിഎമ്മും സിപിഐയും എതിര്; സ്‌പോട്ട് ബുക്കിംഗ് പിന്‍വലിക്കും

ശബരിമലയിലെ സ്‌പോട്ട് ബുക്കിംഗ് വിഷയത്തില്‍ ഹൈന്ദവ സംഘടനകളുടെ സംയുക്ത യോഗം ഒക്ടോബര്‍ 26ന് പന്തളത്ത് ചേരും.

Update: 2024-10-13 04:58 GMT

ഇലന്തൂര്‍: ശബരിമല പ്രക്ഷോഭവേദിയാക്കുന്നതിനോട് യോജിപ്പില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നും ശബരിമലയിലെത്തുന്ന ഭക്തരെ ബുദ്ധിമുട്ടിലാക്കുന്ന മണ്ടന്‍ തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമലയിലെ സ്‌പോട്ട് ബുക്കിംഗ് വിഷയത്തില്‍ ഹൈന്ദവ സംഘടനകളുടെ സംയുക്ത യോഗം ഒക്ടോബര്‍ 26ന് പന്തളത്ത് ചേരും. തീര്‍ത്ഥാടനത്തില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും അനാസ്ഥ കാട്ടുന്നു എന്നാണ് സംഘടനകളുടെ ആരോപണം.

വിഷയത്തില്‍ സമരപരിപാടികള്‍, ബോധവല്‍ക്കരണം എന്നിവ നടത്താനാണ് തീരുമാനം. ആചാര സംരക്ഷണ സമിതി, അയ്യപ്പസേവാസംഘം, അയ്യപ്പസേവാസമാജം ഉള്‍പ്പെടെ വിവിധ ഹൈന്ദവ സംഘടന നേതാക്കളാണ് ചര്‍ച്ച ചെയ്ത് ഇക്കാര്യം തീരുമാനിച്ചത്. അതിനിടെ ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് കൂടി വേണമെന്ന ആവശ്യവുമായി സിപിഐയും രംഗത്തുണ്ട്. ബിജെപിക്ക് രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരം ഒരുക്കരുതെന്ന് ബിനോയ് വിശ്വം ആവശ്യപ്െട്ടു. സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയും ആശ്യപ്പെട്ടു. ഓണ്‍ലൈന്‍ ബുക്കിങ് ഇല്ലാതെ ശബരിമലയിലേക്ക് പോകുമെന്നും തടഞ്ഞാല്‍ പ്രതിഷേധിക്കുമെന്നുമാണ് ബിജെപിയുടെ മുന്നറിയിപ്പ്. ഇളവില്‍ മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കട്ടെയെന്നാണ് ദേവസ്വം ബോര്‍ഡ് നിലപാട്. സിപിഐ നിലപാട് കാരണം സ്‌പോട്ട് ബുക്കിംഗ് നടത്തേണ്ട സാഹചര്യമുണ്ടാകും.

ഇതിനിടെയാണ് ശബരിമലയിലെ നിയന്ത്രണം കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ചര്‍ച്ചയാക്കുന്നത്. ഇപ്പോള്‍ തന്നെ ധാരാളം നിയന്ത്രണങ്ങള്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെര്‍ച്ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്യാന്‍ കഴിയാത്തവര്‍ക്കും ദര്‍ശനത്തിന് അവസരമുണ്ടാക്കണം. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ഇതിനൊപ്പമാണ് സിപിഐയും നിലകൊള്ളുന്നത്. വിശ്വാസത്തിന്റെ പേരില്‍ ബിജെപിക്ക് രാഷ്ട്രീയ മുതലെടുപ്പിന് വീണ്ടുമൊരു അവസരം നല്‍കരുതെന്നാണ് സിപിഐ നിലപാട്. സര്‍ക്കാരിന് കടുംപിടുത്തമാണെന്ന് പ്രചരിപ്പിച്ച് ദൈവത്തിന്റെ പേരില്‍ ബിജെപി സംഘര്‍ഷം ഉണ്ടാക്കും. വെര്‍ച്ച്യുല്‍ ക്യുവിനൊപ്പം സ്‌പോട് ബുക്കിംഗും വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ് ഇടതു മുന്നണിയിലെ ഘടകകക്ഷി.

യുഡിഎഫും ബിജെപിയും ഹൈന്ദവ സംഘടനകളുമെല്ലാം ശക്തമായ പ്രതിഷേധിക്കുന്ന സാഹചര്യത്തില്‍ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയും തിരുത്തലിനായുള്ള ഇടപെടല്‍ പരസ്യമാക്കി. ആവശ്യം പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയെ അറിയിച്ചു. യുവതീപ്രവേശന വിവാദത്തെ ഓര്‍മ്മിപ്പിക്കും വിധം വൈകാരികമായാണ് ബിജെപി പ്രശ്‌നത്തെ ഏറ്റെടുക്കുന്നത്. ദേവസ്വം ബോര്‍ഡാവട്ടെ കടുത്ത വെട്ടിലാണ്. പ്രതിഷേധങ്ങള്‍ ശക്തിപ്പെടുമ്പോഴും തിരുത്ത് ഔദ്യോഗികമായി പ്രഖ്യാപിക്കേണ്ടത് മുഖ്യമന്ത്രിയാണ്. സ്ഥിതിഗതികള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടും അംഗങ്ങളും അടുത്ത ദിവസം മുഖ്യമന്ത്രിയെ അറിയിക്കും. സിപിഎം സംസ്ഥാന കമ്മിറ്റിയും ഇടപെടും.

ശബരിമല ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ മാത്രമാക്കാനുള്ള തീരുമാനത്തിനെതിരെ ബിജെപി. ബുക്കിങ് ഇല്ലാതെ തന്നെ പ്രവേശിക്കുമെന്നും തടഞ്ഞാല്‍ ശബരിമലയില്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്‌പോട്ട് ബുക്കിംഗ് വഴി ദര്‍ശനം നടത്താന്‍ സര്‍ക്കാര്‍ അനുവദിച്ചില്ലെങ്കില്‍ തീര്‍ത്ഥാടകര്‍ക്കൊപ്പം തങ്ങളുണ്ടാകുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

സ്‌പോട്ട് ബുക്കിങ്ങ് അനുവദിക്കില്ലെന്ന ദേവസ്വം ബോര്‍ഡ് നിലപാട് ശബരിമലയെ വീണ്ടും സംഘര്‍ഷഭരിതമാക്കാനുള്ള ഇടത് സര്‍ക്കാരിന്റെ ആസൂത്രിത നീക്കമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍ വി ബാബു പ്രതികരിച്ചു. കഴിഞ്ഞ വര്‍ഷത്തേതുപോലെ ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് ദര്‍ശനം നടത്താനാവാതെ മടങ്ങിപ്പോകേണ്ട അവസ്ഥ ഇത്തവണയും ഉണ്ടാകും. ദേവസ്വം ബോര്‍ഡിന്റേയും സര്‍ക്കാരിന്റെയും തീരുമാനം ഭക്തരില്‍ അടിച്ചേല്‍പിച്ചാല്‍ ഹൈന്ദവ സംഘടനകള്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്ത് വരുമെന്നും ആര്‍ വി ബാബു അറിയിച്ചു.

Tags:    

Similar News