ചികിത്സയ്ക്കുള്ള പണത്തിനായി ആ അമ്മയും കാത്തുനിന്നില്ല; ആത്മഹത്യ ചെയ്ത സാബു തോമസിന്റെ മാതാവ് അന്തരിച്ചു; നിക്ഷേപതുക കുടുംബത്തിന് തിരികെ നല്‍കി വിവാദത്തില്‍ നിന്നും തലയൂരാന്‍ സഹകരണ സൊസൈറ്റിയുടെ നീക്കം; തിരികെ നല്‍കിയത് 14,59,940 രൂപ
ആത്മഹത്യ ചെയ്ത സാബു തോമസിന്റെ മാതാവ് അന്തരിച്ചു
തൊടുപുഴ: ചികിത്സയ്ക്കുള്ള പണത്തിനായി കാത്തു നില്‍ക്കാതെ മകന് പിന്നാലെ ആ അമ്മയും മടങ്ങി. അമ്മയുടെയും ഭാര്യയുടെയും ചികിത്സ ആവശ്യങ്ങള്‍ക്ക് വേണ്ടി നിക്ഷേപത്തുക തിരികെ ആവശ്യപ്പെട്ടിട്ടും നല്‍കാതിരുന്നതോടെ കട്ടപ്പനയില്‍ സഹകരണ സൊസൈറ്റിക്കു മുന്‍പില്‍ ആത്മഹത്യ ചെയ്ത നിക്ഷേപകന്‍ സാബു തോമസിന്റെ മാതാവ് അന്തരിച്ചു. കട്ടപ്പന പള്ളിക്കല മുളങ്ങാശേരില്‍ ത്രേസ്യാമ്മ(90) ആണ് മരിച്ചത്. ഒന്നര വര്‍ഷമായി സ്ട്രോക്ക് വന്നു കിടപ്പിലായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളാണ് മരണകാരണം. സംസ്‌കാരം ഇന്നു വൈകിട്ട് നാലിന് സെന്റ് ജോര്‍ജ് പള്ളിയില്‍.
അമ്മയുടെയും ഭാര്യയുടെയും ചികിത്സാ ആവശ്യങ്ങള്‍ക്കു വേണ്ടിയായിരുന്നു നിക്ഷേപിച്ച പണം തിരികെ ചോദിച്ച് സാബു ബാങ്കിനെ സമീപിച്ചത്. അമ്മയെും അച്ഛനെയും വീട്ടില്‍ തനിച്ചാക്കിയിട്ടാണ് പലപ്പോഴും ബാങ്കില്‍ പണമാവശ്യപ്പെട്ട് പോയിരുന്നതെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവേ സാബുവിന്റെ ഭാര്യ മേരിക്കുട്ടി വ്യക്തമാക്കിയിരുന്നു. സാബുവിന്റെ അച്ഛനും വാര്‍ധക്യ സഹജമായ രോഗങ്ങള്‍ അനുഭവിക്കുന്നയാളാണ്. അതേസമയം, നിക്ഷേപത്തുകയായ 15 ലക്ഷം തിരികെ നല്‍കി വിവാദങ്ങളില്‍ നിന്നും തലയൂരാനാണ് സഹകരണ സൊസൈറ്റിയുടെ നീക്കം. 14,59,940 രൂപയാണ് കുടുംബത്തിന് തിരികെ നല്‍കിയിരിക്കുന്നത്.
ഈ പണം തിരികെ ചോദിച്ചപ്പോള്‍ സാബുവിനെ ഉദ്യോഗസ്ഥര്‍ അപമാനിക്കുകയായിരുന്നു. ഇതില്‍ മനംനൊന്താണ് സാബു ജീവനൊടുക്കിയത്. ഈ തുക നേരത്തെ നല്‍കിയിരുന്നെങ്കില്‍ സാബുവിന് ജീവന്‍ നഷ്ടപ്പെടുകയില്ലായിരുന്നു. ഡിസംബര്‍ 20 നാണ് സാബു തോമസ് ജീവനൊടുക്കിയത്. നിക്ഷേപതുകയില്‍ നിന്ന് 2 ലക്ഷം രൂപ സാബു ആവശ്യപ്പെട്ടിരുന്നു. ഇന്നലെയാണ് ബാങ്ക് അധികൃതര്‍ പണം കൈമാറിയിരിക്കുന്നത്.
അതേ സമയം കട്ടപ്പന റൂറല്‍ ഡിവലപ്മെന്റ് സൊസൈറ്റിയുടെ മുന്നില്‍ ആത്മഹത്യചെയ്ത നിക്ഷേപകന്‍ സാബുവിനെ അധിക്ഷേപിച്ച് എം.എം.മണി രംഗത്ത് എത്തിയതില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. സാബുവിന്റെ ആത്മഹത്യ സിപിഎമ്മിന്റെ തലയില്‍ വെയ്ക്കേണ്ടെന്നും അദ്ദേഹത്തിന് വല്ല മാനസികപ്രശ്നവുമുണ്ടായിരുന്നോ എന്ന കാര്യം പരിശോധിക്കണമെന്നുമാണ് എം.എം മണി പറഞ്ഞത്.
കട്ടപ്പനയില്‍ സംഘടിപ്പിച്ച നയവിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.എം മണി. 'വഴിയേ പോയ വയ്യാവേലി ഞങ്ങളുടെ തലയില്‍ കെട്ടിവെയ്ക്കാന്‍ ഒരുത്തനും ശ്രമിക്കേണ്ട. സാബുവിന്റെ മരണത്തില്‍ ഞങ്ങള്‍ക്ക് ഖേദമുണ്ട്. അദ്ദേഹം ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവും ബാങ്ക് ഭരണസമിതിയുടെ പ്വര്‍ത്തനത്തില്‍ നിന്നോ പ്രസിഡന്റ് വി.ആര്‍.സജിയുടെയോ ഭാഗത്തുനിന്നോ ഉണ്ടായിട്ടില്ല. സിപിഎമ്മിനോ എല്‍ഡിഎഫിനോ സാബുവിന്റെ ആത്മഹത്യയില്‍ പങ്കില്ല. ബി.ജെ.പി.യും കോണ്‍ഗ്രസും ഞങ്ങളെ മെക്കിട്ട് കേറാന്‍ വരേണ്ട. ഇനിയും ആ കുടുംബത്തിന് സഹായങ്ങള്‍ ചെയ്യാന്‍ ബാങ്കും സിപിഎമ്മും സന്നദ്ധമാണ്. അതുകൊണ്ട് ഈ പാപം ഞങ്ങളുടെ തലയില്‍ കെട്ടിവെയ്ക്കണ്ട. അദ്ദേഹത്തിന് വല്ല മാനസികപ്രശ്നവുമുണ്ടോ, അതിന് വല്ല ചികിത്സയും നടത്തിയിട്ടുണ്ടോ എന്നെല്ലാം പരിശോധിക്കപ്പെടണം' - എം.എം മണി പറഞ്ഞു.
ഡിസംബര്‍ 20-നായിരുന്നു കട്ടപ്പന മുളങ്ങാശേരില്‍ സാബു തോമസ് കട്ടപ്പന റൂറല്‍ ഡിവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നില്‍ തൂങ്ങിമരിച്ചത്. ഭാര്യയുടെയും അമ്മയുടേയും ചികിത്സയ്ക്ക് പണം നല്‍കാത്ത ബാങ്ക് ജീവനക്കാരാണ് മരണത്തിന് പിന്നിലെന്ന് സാബുവിന്റെ കുറിപ്പും കണ്ടെടുത്തിരുന്നു.