'പൂച്ചാണ്ടി കാണിച്ച് പേടിപ്പിക്കേണ്ട, മുന്നോട്ടു തന്നെ പോകും'; കേന്ദ്രമന്ത്രി സ്ഥാനത്ത്നിന്ന് ഒഴിവാക്കി പകരം സി. സദാനന്ദന്‍ എംപിയെ മന്ത്രിയാക്കണം; അത് കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രമാകും; സിനിമയിൽ തുടരാനും കൂടുതൽ സമ്പാദിക്കാനുമാണ് താല്പര്യം; സുരേഷ് ഗോപിയുടെ പ്രതികരണം ചർച്ചകളിൽ
കണ്ണൂർ: കലുങ്ക് ചർച്ചകൾക്കെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തന്നെ പൂച്ചാണ്ടി കാണിച്ച് പേടിപ്പിക്കേണ്ടെന്നും, മുന്നോട്ടുപോകുമെന്നും, തന്നെ കേന്ദ്രമന്ത്രി സ്ഥാനത്ത്നിന്ന് ഒഴിവാക്കി പകരം സി സദാനന്ദന്‍ എംപിയെ മന്ത്രിയാക്കണമെന്ന് അദ്ദേഹം പറഞ്ഞു. കലുങ്ക് ചർച്ചകളിൽ ജനാധിപത്യത്തിന്റെ പരിശുദ്ധിയുണ്ടെന്നും, 'പ്രജ' എന്ന വാക്ക് കേൾക്കുമ്പോൾ എന്തിനാണ് പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു.
'തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പറഞ്ഞതാണ്, എനിക്ക് മന്ത്രിയാകാൻ താല്പര്യമില്ലെന്ന്. സിനിമയിൽ തുടരാനും കൂടുതൽ സമ്പാദിക്കാനും ആഗ്രഹിക്കുന്നു. എൻ്റെ കുട്ടികൾ ഇനിയും ഉയരങ്ങളിൽ എത്താനുണ്ട്. വരുമാനത്തെ ആശ്രയിക്കുന്ന കുറച്ച് പേരുണ്ട്, അവരെ സഹായിക്കണമെങ്കിൽ വരുമാനം നിലയ്ക്കരുത്.' താൻ മന്ത്രിയാകുന്നതിനേക്കാൾ സി. സദാനന്ദൻ എം.പിയെ മന്ത്രിയാക്കിയാൽ അത് കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ വഴിത്തിരിവാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം നടത്തിയ കലുങ്ക് ചർച്ചയ്ക്ക് 'സർജിക്കൽ സ്ട്രൈക്ക്' ഉണ്ടാകുമെന്നും, ഇത് ചർച്ചകളിൽ പങ്കെടുക്കുന്ന ജനങ്ങൾക്ക് ഗുണകരമാണെന്നും സുരേഷ് ഗോപി പറഞ്ഞു. ജനസമ്പർക്കത്തിന്റെ പരിശുദ്ധിയാണ് ഇതിലുള്ളത്. അവിടെയിരുന്ന് കേൾക്കുന്നവർക്കും സംസാരിക്കുന്നവർക്കും രാഷ്ട്രീയവും വ്യക്തിപരവുമായ ശുദ്ധിയും മനഃശുദ്ധിയും അനിവാര്യമായിരുന്നു. ഇത് സംഭവിച്ചു തുടങ്ങിയതാണ് എതിരാളികളെ ഭയപ്പെടുത്തുന്നതെന്നും, അതാണ് അവരുടെ വ്യാകുലതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒന്നിനെയും താൻ വെറുതെ വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും സുരേഷ് ഗോപി പ്രതികരിച്ചു. എല്ലാം വളച്ചൊടിക്കുന്ന രീതിയാണ് ഇപ്പോൾ നിലവിലുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സി. സദാനന്ദൻ എം.പി.യെ വിലസാൻ അനുവദിക്കില്ലെന്ന സിപിഎം നേതാവ് എം.വി. ജയരാജന്റെ പരാമർശത്തിനും സുരേഷ് ഗോപി മറുപടി നൽകി. സി. സദാനന്ദന്റെ പാർലമെൻ്റ് അംഗത്വം കണ്ണൂരിലെ ജയരാജൻമാരിൽ അങ്കലാപ്പ് ഉണ്ടാക്കിയെന്നും, കണ്ണൂരിലേക്ക് അധികാരം എത്തിക്കാനുള്ള ആദ്യത്തെ വാതിൽ തുറക്കലാണിതെന്നും അദ്ദേഹം പറഞ്ഞു.
സി. സദാനന്ദൻ എം.പി.യുടെ ഓഫീസ് ഉടൻ ഒരു കേന്ദ്രമന്ത്രിയുടെ ഓഫീസായി മാറട്ടെയെന്നും, തന്നെ ഒഴിവാക്കി സി. സദാനന്ദൻ എം.പി.യെ കേന്ദ്രമന്ത്രിയാക്കിയാൽ സന്തോഷമേയുള്ളൂവെന്നും സുരേഷ് ഗോപി പറഞ്ഞു. കണ്ണൂരിൽ സി. സദാനന്ദൻ എം.പി.യുടെ ഓഫീസ് ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.