കുന്തം കുടചക്രം വാക്കുകള്‍ ഭരണഘടനയെ അപമാനിക്കുന്നത് തന്നെ; പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണം; റഫര്‍ റിപ്പോര്‍ട്ട് കൊടുത്ത പോലീസിനെ വിമര്‍ശിച്ച് ഹൈക്കോടതി; വിവാദ മല്ലപ്പള്ളി പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാനു തിരിച്ചടി; ജസ്റ്റീസ് ബച്ചു കുര്യന്റേത് ഗുരുതര പരാമര്‍ശങ്ങള്‍
കൊച്ചി: വിവാദ മല്ലപ്പള്ളി പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാനു തിരിച്ചടി. കേസില്‍ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാന ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. മന്ത്രിസ്ഥാനത്ത് നിന്നും സജി ചെറിയാന്‍ രാജിവച്ചിരുന്നു. പിന്നീട് പോലീസ് റഫര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് കീഴ് കോടതി എഴുതി തള്ളി. ഇതോടെ മന്ത്രിയായി. ഇത്തരമൊരു കേസിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ തുടരന്വേഷണത്തിനാണ് ഉത്തരവ്. ഇത് പിണറായി സര്‍ക്കാരിന് വലിയ തിരിച്ചടിയാണ്.
ഭരണഘടനയെ അപമാനിക്കാനുള്ള ഉദ്ദേശമില്ലെന്ന സജി ചെറിയാന്റെ വാദം ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. മജിസ്ട്രേറ്റ് തീരുമാനമെടുത്തത് സാക്ഷിമൊഴികള്‍ പരിഗണിക്കാതെയെന്ന വാദത്തില്‍ ദൃശ്യങ്ങളിലൂടെ സജി ചെറിയാന്റെ പ്രസ്താവന വ്യക്തമാണെന്ന് ഹൈക്കോടതി പറഞ്ഞു. വിവാദമായ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. അഭിഭാഷകനായ ബൈജു എം നോയല്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വിധി പറഞ്ഞത്. കുന്തം കുടചക്രം എന്ന വാക്ക് ഉപയോഗിച്ചത് പരിശോധിക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
പ്രസംഗത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് ഉത്തരവിട്ടതോടെ സജി ചെറിയാന് വേണ്ടും രാജിവയ്ക്കേണ്ട സാഹചര്യം ഉണ്ടാവുകയാണ്. ഇത് ഉണ്ടാകുമോ എന്നതാണ് അറിയേണ്ടത്. അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കിയ അന്തിമ റിപ്പാര്‍ട്ട് റദ്ദാക്കുകയും അത് സ്വീകരിച്ച മജിസ്ട്രേറ്റ് ഉത്തരവും റദ്ദാക്കി. അന്വേഷണത്തില്‍ പാളിച്ചകള്‍ ഉണ്ടായി. സിസിടിവി ദൃശ്യങ്ങളും ഓഡിയോ ക്ലിപ്പുകളും പരിശോധിച്ചില്ലെന്നും അന്വേഷണം ക്രൈം ബ്രാഞ്ച് നടത്തണമെന്നും കോടതി പറഞ്ഞു. ഫോറന്‍സിക് റിപ്പോര്‍ട്ട് വരുന്നതിനു മുന്‍പേ അന്വേഷണ ഉദ്യോഗസ്ഥന്‍ ഫൈനല്‍ റിപ്പാര്‍ട്ട് സമര്‍പ്പിച്ചു.
എന്ത് സാഹചര്യത്തിലാണ് കുന്തം, കൂടചക്രം എന്നുള്ള വാക്ക് ഉപയോഗിച്ചതെന്ന് പരിശോധിക്കണം. സത്യസന്ധനായ ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കുന്നുവെന്ന് ഉറപ്പാക്കണം. പ്രസംഗം കേട്ടവരുടെ മനസ്സില്‍ ഭരണഘടനക്കെതിരെ അവമതിപ്പ് ഉണ്ടാക്കിയോ എന്നും അറിയേണ്ടതാണ്. സാക്ഷികളായ മാധ്യമ പ്രവര്‍ത്തകരുടെ മൊഴി എടുക്കാത്തതും തെറ്റാണ്. അന്വേഷണം ധൃതി പിടിച്ചാണ് പൂര്‍ത്തീകരിച്ചത്. അന്വേഷണം കാല താമസം ഇല്ലാതെ തീര്‍പ്പാക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
ഭരണഘടനയെ ആക്ഷേപിച്ചു പ്രസംഗിച്ചുവെന്ന ആരോപണം നിലനില്‍ക്കുന്നതല്ല എന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ ഭരണസ്വാധീനം ഉപയോഗിച്ച് സജി ചെറിയാന്‍ കേസ് അട്ടിമറിച്ചുവെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. പൊലീസിന്റെ കേസ് ഡയറി ഹാജരാക്കാന്‍ കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഭരണഘടനയെ അധിക്ഷേപിച്ചുവെന്നതിനെ പ്രത്യക്ഷത്തില്‍ തെളിവുണ്ടെന്ന് ഹൈക്കോടതി പറയുന്നു. റഫര്‍ റിപ്പോര്‍ട്ട് തിടുക്കത്തിലുള്ളതായി എന്നാല്‍ കോടതിയുടെ കണ്ടെത്തല്‍.
പ്രസംഗം വളച്ചൊടിച്ചുവെന്നും ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പൊതുപ്രവര്‍ത്തകനാണ് താനെന്നുമാണു സജി ചെറിയാന്റെ വിശദീകരണം. ഭരണഘടനയെ സംരക്ഷിക്കണമെന്നാണ് നിലപാട്. ഭരണഘടനാ മൂല്യങ്ങള്‍ക്കു ശാക്തീകരണം ആവശ്യമാണെന്നും അതാണ് പ്രസംഗത്തില്‍ സൂചിപ്പിച്ചതെന്നും അദ്ദേഹം നിലപാടെടുത്തിരുന്നു.