സമസ്തയുടെ ആവശ്യത്തിന് വഴങ്ങാത മദ്രസയുടെ സമയം ക്രമീകരിക്കട്ടെയെന്ന നിലപാടില്‍ ശിവന്‍കുട്ടി; വിദ്യാഭ്യാസ മന്ത്രിയുടെ കര്‍ശന നിലപാടിനെതിരെ സമസ്ത; സ്‌കൂള്‍ സമയമാറ്റത്തിനെതിരെ പ്രത്യക്ഷ സമരവുമായി രംഗത്ത്; സര്‍ക്കാറിന് തിരിച്ചടിയായി കാന്തപുരത്തിന്റെ എതിര്‍പ്പ്
സമസ്തയുടെ ആവശ്യത്തിന് വഴങ്ങാത മദ്രസയുടെ സമയം മാറ്റുകയാണ് വേണ്ടതെന്ന നിലപാടില്‍ ശിവന്‍കുട്ടി
കോഴിക്കോട്: സ്‌കൂള്‍ സമയമാറ്റത്തിനെതിരെ സമരത്തിനിറങ്ങുന്ന സമസ്തക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. സമസ്തയുമായി ചര്‍ച്ചയ്ക്കില്ല. കോടതി പറഞ്ഞിട്ടാണ് സമയമാറ്റം. അതിനാല്‍ എതിര്‍പ്പുണ്ടെങ്കില്‍ കോടതിയെയാണ് സമീപിക്കേണ്ടത്. മത സംഘടനകള്‍ വിദ്യാഭ്യാസ രംഗത്ത് അനാവശ്യമായി ഇടപെടുന്നത് അംഗീകരിക്കാനാകില്ലെന്നും വിദ്യാഭ്യാസ മന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.
'സര്‍ക്കാര്‍ ഒരു തീരുമാനം എടുക്കുമ്പോള്‍ എല്ലാ കുട്ടികളെയും ബാധിക്കുന്ന തരത്തിലേ എടുക്കാന്‍ പറ്റുകയുള്ളു. ഏതെങ്കിലും ഒരുവിഭാഗത്തിന് വേണ്ടി പരീക്ഷ മാറ്റിവയ്ക്കുക, ക്ലാസ് ടൈം മാറ്റിവയ്ക്കുക, പ്രത്യേകം അവധി നല്‍കുകയെന്നത് തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സര്‍ക്കാരിന് ചെയ്യാനാവില്ല. ഈ ആവശ്യം ജനാധിപത്യ വിരുദ്ധമാണ്. ഇത് സര്‍ക്കാരിനെ വെല്ലുവിളിക്കുന്ന സമ്പ്രദായമാണെന്നും ഭീഷണിക്ക് മുന്നില്‍ വഴങ്ങില്ലെന്നും മന്ത്രി പറഞ്ഞു.
സ്‌കൂളിലെ സമയക്രമത്തിനുസരിച്ച് അവര്‍ സമയം ക്രമീകരിക്കുകയാണ് ചെയ്യേണ്ടത്. ഇത്തരത്തില്‍ ഒരോ സംഘടനകള്‍ ആവശ്യപ്പെട്ടാല്‍ സ്‌കൂള്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ല. ഈ വിഷയത്തില്‍ എന്ത് ചര്‍ച്ച നടത്താനിരിക്കുന്നു. ഓരോരുത്തരും അവരുടെ മതവും ജാതിയും വിശ്വാസങ്ങളും പൊതുസമൂഹത്തെ ബാധിക്കുന്ന തരത്തിലേക്ക് കൊണ്ടുവന്നാല്‍ ആതൊന്നും അംഗീകരിക്കാന്‍ പറ്റില്ലെന്നായിരുന്നു ശിവന്‍കുട്ടിയുടെ നിലപാട്.
ഈ നിലപാടിനെതിരെ സമസ്ത പ്രതിഷേധവുമായി രംഗത്തെത്തി. സ്‌കൂള്‍ സമയമാറ്റത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരത്തിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. ഓഗസ്റ്റ് അഞ്ചിന് എല്ലാ ജില്ലാ കലക്ടറേറ്റുകള്‍ക്കു മുന്‍പിലും സെപ്റ്റംബര്‍ 30ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്‍പിലും ധര്‍ണ നടത്തും. സമസ്തയുടെ മദ്രസാപഠനം നിയന്ത്രിക്കുന്ന മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്റെ കീഴില്‍ കോഴിക്കോട്ട് ടൗണ്‍ ഹാളില്‍ ചേര്‍ന്ന സമരപ്രഖ്യാപന കണ്‍വന്‍ഷനിലാണ് തീരുമാനം. മദ്രസാതല പ്രതിഷേധം മുതല്‍ സെക്രട്ടേറിയറ്റിനു മുന്നിലേക്ക് വരെ പ്രതിഷേധ പരിപാടികള്‍ നടത്തുമെന്ന് സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസല്യാര്‍ അറിയിച്ചു.
ജൂലൈ 20നു മുന്‍പ് എല്ലാ ജില്ലകളിലും ജില്ലാതല പ്രതിഷേധ കണ്‍വന്‍ഷന്‍ നടത്തും. ജൂലൈ 25നു മുന്‍പ് റേഞ്ച്തല കണ്‍വന്‍ഷനുകളും സെപ്റ്റംബര്‍ 30നു മുന്‍പായി മദ്രസാതലത്തിലും പ്രതിഷേധ കണ്‍വന്‍ഷനുകള്‍ നടത്താനാണ് തീരുമാനം. ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന മുന്നറിയിപ്പും സമസ്ത നല്‍കി. മദ്രസാപഠനത്തെ ബാധിക്കാതെ തന്നെ സ്‌കൂള്‍ സമയം നീട്ടാന്‍ സാധിക്കുമെന്നും, അതിനായി സര്‍ക്കാര്‍ സമസ്തയുമായി ചര്‍ച്ച നടത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.
അതേസമയം, സമസ്തയ്‌ക്കൊപ്പം ചേര്‍ന്ന പ്രത്യക്ഷ സമരത്തിന് ഇല്ലെന്നാണ് ലീഗ് നിലപാടെങ്കിലും സമസ്തക്ക് പിന്തുണ നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സമരത്തെ ലീഗ് പിന്തുണച്ചേക്കും. സ്‌കൂള്‍ സമയമാറ്റത്തില്‍ എല്ലാ മതപണ്ഡിതരുമായി കൂടിയാലോചിച്ച് ലീഗ് വ്യക്തമായ തീരുമാനത്തില്‍ എത്തുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാം പ്രതികരിച്ചു.
എട്ടു മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠനസമയം അര മണിക്കൂര്‍ കൂടി വര്‍ധിപ്പിച്ച് കഴിഞ്ഞ മാസമാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടത്. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 15 മിനിറ്റും ഉച്ചയ്ക്ക് ശേഷം 15 മിനിറ്റുമാണ് ഇതിലൂടെ വര്‍ധിച്ചത്. രാവിലെ 9.45 മുതല്‍ വൈകിട്ട് 4.15 വരെയാണ് പുതിയ പ്രവൃത്തിസമയം. സ്‌കൂള്‍ സമയം കൂട്ടിയതില്‍ പുനരാലോചന വേണമെന്ന സമസ്തയുടെ ആവശ്യം തള്ളിയായിരുന്നു ഈ ഉത്തരവ്.
തീരുമാനം മാറ്റുന്നത് പ്രായോഗികമല്ലെന്ന നിലപാടാണ് വിദ്യാഭ്യാസ വകുപ്പിന്റേത്. 220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സ്‌കൂള്‍ സമയത്തില്‍ മാറ്റം വരുത്തിയത്. വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് ഹൈസ്‌കൂളില്‍ 1,100 മണിക്കൂര്‍ പഠന സമയം വേണം. സര്‍ക്കാര്‍ നിയോഗിച്ച അഞ്ചംഗ സമിതിയാണ് ഹൈസ്‌കൂളില്‍ അര മണിക്കൂര്‍ അധിക സമയം നിര്‍ദേശിച്ചത്. സമയം പുനഃക്രമീകരിക്കാന്‍ ഹൈക്കോടതിയും ആവശ്യപ്പെട്ടു. സമയമാറ്റം പുനഃപരിശോധിക്കണമെങ്കില്‍ കോടതിയുടെ അനുമതി വേണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്.