'ജിലേബിയും സമൂസയും ആരോഗ്യത്തിന് ഹാനികരം'! പുകവലിയ്ക്ക് സമാനമായ മുന്നറിയിപ്പ് പ്രദര്‍ശിപ്പിച്ച് വില്‍പ്പന നടത്തണം; ലഡ്ഡു, വട പാവ്, പക്കോഡ എന്നിവയും സൂക്ഷ്മ പരിശോധനയില്‍; ലഘുഭക്ഷണങ്ങളിലെ എണ്ണയും കൊഴുപ്പും പഞ്ചസാരയും അപകടകരമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ലഘുഭക്ഷണങ്ങളിലെ എണ്ണയും കൊഴുപ്പും പഞ്ചസാരയും അപകടകരമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

Update: 2025-07-14 10:03 GMT

നാഗ്പൂര്‍: ജിലേബിയും സമൂസയും പുകവലി പോലെ തന്നെ ആരോഗ്യത്തിന് ഹാനികരമാണെന്ന മുന്നറിയിപ്പ് പ്രദര്‍ശിപ്പിച്ച് വില്‍പ്പന നടത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ജങ്ക് ഫുഡിനെ പുകയില പോലെ കാണുന്നതിനുള്ള ആദ്യപടിയാണിതെന്നും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച് മുന്നറിയിപ്പുകള്‍ നല്‍കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ എയിംസ് ഉള്‍പ്പെടെയുള്ള എല്ലാ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളോടും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. സാധാരണ ലഘുഭക്ഷണങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന കൊഴുപ്പിന്റെയും പഞ്ചസാരയുടെയും അളവും അപകടവും വ്യക്തമാക്കുന്ന ആകര്‍ഷകമായ പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്.

സിഗരറ്റിനെതിരായ മുന്നറിയിപ്പു പോലെ സമൂസക്കും ജിലേബിക്കും ആരോഗ്യകരമായ ദോഷവശങ്ങള്‍ വ്യക്തമാക്കി മുന്നറിയിപ്പ് നല്‍കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്. അമിത ഓയിലും പഞ്ചസാരയും അടങ്ങിയ ഭക്ഷണം പുകയിലയ്ക്ക് സമാനമായ അപകടം വരുത്തിവെക്കുമെന്ന ഡോക്ടര്‍മാരുടെ മുന്നറിയിപ്പുകള്‍ക്കിടയിലാണ് ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്. ലഘുഭക്ഷണങ്ങളിലെ എണ്ണയും കൊഴുപ്പും പഞ്ചസാരയും സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കാനും നിര്‍ദേശമുണ്ട്. ഇവയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഫാറ്റിന്റെയും പഞ്ചസാരയുടെയും അളവ് കടുംനിറമുള്ള പോസ്റ്ററില്‍ നല്‍കണം.

ജിലേബി, സമൂസ എന്നീ ലഘുഭക്ഷണങ്ങള്‍ക്ക് പുറമേ ലഡ്ഡു, വടാ പാവ്, പക്കോഡ എന്നിവയെല്ലാം സൂക്ഷ്മ പരിശോധനയിലാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. സിഗരറ്റ് മുന്നറിയിപ്പുകള്‍ പോലെ ഭക്ഷണ ലേബലിംഗും ഗൗരവമുള്ളതായി മാറുന്നതിന്റെ തുടക്കമാണിതെന്ന് കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ നാഗ്പൂര്‍ ചാപ്റ്റര്‍ പ്രസിഡന്റ് അമര്‍ അമാലെ പറഞ്ഞു. എയിംസ് നാഗ്പൂര്‍ അധികൃതര്‍ മന്ത്രാലയത്തിന്റെ ഈ നിര്‍ദ്ദേശം സ്ഥിരീകരിച്ചിട്ടുണ്ട്. കാന്റീനുകളിലും പൊതു സ്ഥലങ്ങളിലും ഉടന്‍തന്നെ ഈ മുന്നറിയിപ്പുകള്‍ പ്രദര്‍ശിപ്പിക്കും.

പഞ്ചസാരയും ട്രാന്‍സ് ഫാറ്റും പുതിയ പുകയിലയാണ്. ആളുകള്‍ക്ക് അവര്‍ എന്താണ് കഴിക്കുന്നത് എന്നറിയാനുള്ള് അവകാശമുണ്ട്. രാജ്യത്തെ ജനങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന പൊണ്ണത്തടി ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളിലേക്കാണ് സര്‍ക്കാര്‍ ശ്രദ്ധ ക്ഷണിക്കുന്നത്. 2050-ഓടെ 44.9 കോടിയിലധികം ഇന്ത്യക്കാര്‍ക്ക് അമിതഭാരമോ പൊണ്ണത്തടിയോ ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ പ്രവചനം. അങ്ങനെയെങ്കില്‍ ഇന്ത്യയെ ഇക്കാര്യത്തില്‍ യുഎസിന് പിന്നില്‍ രണ്ടാം സ്ഥാനത്തേക്ക് എത്തിക്കും. നിലവില്‍, നഗരങ്ങല്‍ അഞ്ച് മുതിര്‍ന്നവരില്‍ ഒരാള്‍ക്ക് അമിതഭാരമുണ്ട്. മോശം ഭക്ഷണക്രമവും കുറഞ്ഞ ശാരീരിക രീതികളും കാരണം കുട്ടികളിലും പൊണ്ണത്തടി വര്‍ദ്ധിക്കുന്നത് ആശങ്കയുണ്ടാക്കുകയാണ്.

ഇത് ഭക്ഷണ നിരോധനമല്ലെന്നും ആരോഗ്യ സംരക്ഷണം ലക്ഷ്യമുള്ള അവബോധം സൃഷ്ടിക്കലാണെന്നും മുതിര്‍ന്ന ഡയബറ്റോളജിസ്റ്റ് സുനില്‍ ഗുപ്ത പ്രതികരിച്ചു. ഒരു ഗുലാബ് ജാമുനില്‍ അഞ്ച് ടീസ്പൂണ്‍ പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് ആളുകള്‍ അറിയുമ്പോള്‍, അവര്‍ വീണ്ടും അത് കഴിക്കുന്നതിന് മുമ്പ് ഒരുപക്ഷേ രണ്ടുതവണ ആലോചിക്കും. പ്രമേഹം, ഹൃദയ രോഗങ്ങള്‍, രക്തസമ്മര്‍ദ്ദം തുടങ്ങിയ സാംക്രമികേതര രോഗങ്ങള്‍ക്കെതിരായ വിശാലമായ പോരാട്ടത്തിന്റെ ഭാഗമായാണ് ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും ഇതിനെ കാണുന്നത്.

ഈ രോഗങ്ങളില്‍ പലതും ഭക്ഷണക്രമവുമായി ബന്ധപ്പെട്ടതാണ്. നിരോധനങ്ങളിലൂടെയല്ല, മറിച്ച് ബോധവല്‍ക്കരണത്തിലൂടെയാണ് ഇത്തരം കാര്യങ്ങള്‍ വിജയിക്കുക. 'ബുദ്ധിപൂര്‍വ്വം ഭക്ഷണം കഴിക്കുക, നിങ്ങളോട് ഭാവിയിലെ നിങ്ങള്‍ തന്നെ നന്ദി പറയും' എന്ന് ഓര്‍മിപ്പിക്കുന്ന ബോര്‍ഡുകള്‍ ജനങ്ങളെ മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News