ചാനല്‍ ചര്‍ച്ചയില്‍ ഇന്‍ഡ്യ സഖ്യത്തെ ഇന്‍ഡി സഖ്യമെന്ന് പറഞ്ഞ് ബി.ജെ.പി നേതാവ് വി.പി. ശ്രീപദ്മനാഭന്‍; 'ബി.ജെ.പി സഖ്യത്തെ മലയാളത്തില്‍ പറഞ്ഞാല്‍ അശ്ലീലമാകും, എന്നെക്കൊണ്ട് പറയിക്കരുത്; അത് വേണോ വേണ്ടയോ എന്ന് അദ്ദേഹം തീരുമാനിച്ചാല്‍ മതി; പ്രകോപിതനായി സന്ദീപ് വാര്യരുടെ മറുപടി

ചാനല്‍ ചര്‍ച്ചയില്‍ ഇന്‍ഡ്യ സഖ്യത്തെ ഇന്‍ഡി സഖ്യമെന്ന് പറഞ്ഞ് ബി.ജെ.പി നേതാവ് വി.പി. ശ്രീപദ്മനാഭന്‍

Update: 2026-01-05 05:39 GMT

പാലക്കാട്: മാതൃഭൂമി ന്യൂസ് ചാനലിന്റെ ചര്‍ച്ചയില്‍ ഇന്‍ഡ്യ സഖ്യത്തിന്റെ പേര് വക്രീകരിച്ച് പറഞ്ഞ ബിജെപി പ്രതിനിധി വി പി ശ്രീപദ്മനാഭനെതിരെ കടന്നാക്രമിച്ചു കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. മുന്നണിയുടെ പേര് പറഞ്ഞ് രോഷാകുലനായി കോണ്‍ഗ്രസ് നേതാവ്. ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ മുന്നണിയെ മലയാളത്തില്‍ വിളിച്ചാല്‍ അത് അശ്ലീലമായി മാറുമെന്നും അത് വേണോ വേണ്ടയോ എന്ന് അദ്ദേഹം തീരുമാനിച്ചാല്‍ മതിയെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

'അദ്ദേഹം ഇന്‍ഡി മുന്നണി എന്ന് പറഞ്ഞാല്‍ അദ്ദേഹത്തിന്റെ മുന്നണിയെ ഞാന്‍ എന്ത് വിളിക്കണം മലയാളത്തില്‍ ഒരു അസഭ്യമായും അത് മാറും. അത് വേണോ വേണ്ടയോ എന്ന് അദ്ദേഹം തീരുമാനിച്ചാല്‍ മതി. അതല്ലെങ്കില്‍ അദ്ദേഹത്തെ ഞാന്‍ ബി.ജെ പാര്‍ട്ടിയുടെ പ്രതിനിധി എന്ന് ഈ ചര്‍ച്ച കഴിയുന്നത് വരെ വിളിക്കും. കാരണം കുട്ടികള്‍ അടക്കം കേള്‍ക്കുന്ന ചര്‍ച്ചയാണ്, ആ നിലവാരത്തിലേക്ക് അത് കൊണ്ടുപോകേണ്ട.

മേലാല്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ വന്ന് ആ രീതിയിലുള്ള ഭാഷ പറഞ്ഞാല്‍ തിരിച്ച് നിങ്ങളുടെ പാര്‍ട്ടിയുടെ പേരും വക്രീകരിച്ചു കൊണ്ട് പറയും, നിങ്ങളുടെ മുന്നണിയുടെ പേരും മലയാളത്തില്‍ ഒരു അശ്ലീല പദം ഉപയോഗിച്ചുകൊണ്ട് ഞാന്‍ പറയും. അത് കേള്‍ക്കേണ്ടി വരും. ഈ തോന്നിവാസം പറയുന്ന മുഴുവന്‍ ബി.ജെ.പി നേതാക്കന്മാര്‍ക്കുമുള്ള മുന്നറിയിപ്പാണിത്' -സന്ദീപ് വാര്യര്‍ പറഞ്ഞു.

വി.ഡി. സതീശനെതിരായ 'പുനര്‍ജനി' കേസിനെ കുറിച്ച ചാനല്‍ ചര്‍ച്ചക്കിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഇന്‍ഡ്യ മുന്നണിയെ പരിഹസിച്ച് ബി.ജെ.പി നേതാക്കള്‍ വിളിക്കുന്ന പേരാണ് 'ഇന്‍ഡി' മുന്നണി എന്നത്. ഇതേരീതിയില്‍ ബി.ജെ.പിയുടെ എന്‍.ഡി.എ മുന്നണിയെയും തിരിച്ചുവിളിക്കുമെന്നാണ് സന്ദീപ് വാര്യര്‍ മുന്നറിയിപ്പ് നല്‍കിയത്.

വി.ഡി. സതീശനെതിരെ ചാനലില്‍ പറയുന്നതല്ലാതെ ഇതുവരെ സി.പി.എം ഒരു പരാതി പോലും രേഖാമൂലം കൊടുത്തിട്ടില്ലെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജിനോട് സന്ദീപ് വാര്യര്‍ പറഞ്ഞു. 'എല്‍.ഡി.എഫ് ഗവണ്‍മെന്റ് ഭരിക്കുമ്പോള്‍ പോലും സി.പി.എം ഒരു പരാതി കൊടുത്തിട്ടില്ല. എന്നിട്ട് ചാനല്‍ ചര്‍ച്ചയില്‍ വന്ന് പരാതിയുണ്ടെന്ന് പറഞ്ഞിട്ടെന്താ കാര്യം പരാതി ഒരു അരപ്പായ കടലാസില്‍ എഴുതി കൊടുക്കണ്ടേ നിങ്ങള്‍ ചെയ്തിട്ടില്ല.

വി.ഡി. സതീശനെതിരെ ഇതില്‍ ആകെ പറയാവുന്നത് പ്രോട്ടോക്കോള്‍ ലംഘനമാണ്. കേരളത്തിലെ നിയമസഭാ സ്പീക്കര്‍ക്ക് വേണമെങ്കില്‍ ഒന്ന് ശാസിക്കാം. കേന്ദ്ര സര്‍ക്കാരിന് പരമാവധി ചെയ്യാന്‍ പറ്റുന്നത് അടുത്ത തവണ വിദേശത്ത് പോകുമ്പോള്‍ കൂടുതല്‍ കര്‍ശനമായിട്ട് ഇദ്ദേഹത്തിന്റെ യാത്രകള്‍ പരിശോധിക്കുകയും ഇനി മേലില്‍ ഇങ്ങനെ ചെയ്യരുതെന്ന് പറയുകയുമാണ്. ഇത് മാത്രമേ ചെയ്യാന്‍ വകുപ്പുള്ളൂ.

ഇതില്‍ അഴിമതി നടന്നു എന്ന് തെളിയിക്കാന്‍ വിജിലന്‍സിന് കഴിഞ്ഞിട്ടില്ല. നയാ പൈസയുടെ അഴിമതി നടന്നിട്ടില്ല എന്നുള്ള റിപ്പോര്‍ട്ടാണ് കൊടുത്തിട്ടുള്ളത്. വിഡി സതീശന്റെ ബാങ്ക് അക്കൗണ്ട് വഴി നയാ പൈസയുടെ ഇടപാട് നടന്നിട്ടില്ല എന്ന് എല്ലാവര്‍ക്കും അറിയാം. സി.പി.എം സര്‍ക്കാരിന്റെ കീഴിലുള്ള വിജിലന്‍സ് അല്ലേ അന്വേഷിച്ചത് എന്തേ നിങ്ങള്‍ തെളിവ് കൊടുത്തില്ല നിങ്ങളുടെ അന്വേഷണ ഏജന്‍സി പറഞ്ഞത് അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കാന്‍ വകുപ്പില്ല എന്നാണ്' -സന്ദീപ് വാര്യര്‍ പറഞ്ഞു.

Tags:    

Similar News